മരംമുറി ; രാഷ്ട്രീയ നേതൃത്വത്തെ തൊടാതെ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍

ജോബിന്‍സ് തോമസ് Published on 17 June, 2021
മരംമുറി ;  രാഷ്ട്രീയ നേതൃത്വത്തെ തൊടാതെ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍
ഏറെ വിവാദമായ മുട്ടില്‍ മരംമുറിയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറികളില്‍ ഉദ്യോഗസ്ഥരേയും കരാറുകാരേയും കുറ്റപ്പെടുത്തി ക്രൈം ബ്രാഞ്ചിന്റെ എഫ്‌ഐആര്‍. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബറില്‍ ഇറക്കിയ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ ഉത്തരവ് മറയാക്കി പട്ടയ, വനം, പുറമ്പോക്ക് ഭൂമികളില്‍ നിന്നും വന്‍തോതില്‍ മരം മുറിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഉത്തരവിന്റെ മറവില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും രാജകീയ മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് വരുത്തി തീര്‍ത്ത് ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് മരം മുറിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 

മരംമുറിയുമായി ബന്ധപ്പെട്ട് മോഷണം ഗൂഢാലോചന എന്നീ കാര്യങ്ങളില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. മരംമുറി സംബന്ധിച്ച് ഓരോ ദിവസവും കൂടുതല്‍ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന്റെ കണ്‍ട്രോള്‍ റൂമിലേയ്‌ക്കെത്തുന്നത്. 

ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകാനാണ് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലും തീരുമാനമായത്. മരം മുറിച്ചിരിക്കുന്ന ഭൂമിയുടെ പട്ടയത്തിന്റെ സ്വഭാവം. മുറിച്ച മരങ്ങള്‍ കൊണ്ടുപോകാന്‍ വനം-റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതികള്‍ എന്നിവ വരും ദിവസങ്ങളില്‍ പരിശോധിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക