സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 17 June, 2021
സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)
ഇന്‍ഡ്യയുടെ പ്രധാന പ്രതിപക്ഷ കക്ഷി എന്ന് സ്വയം അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ് സംബന്ധമായ ഗുരുതരപ്രതിസന്ധിയില്‍ ആണ്. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നില്ല. ജയിക്കുന്നിടങ്ങളില്‍ കാല്‍മാറ്റവും കുതിരക്ക്ച്ചവടവും മൂലം അധികാരം നഷ്ടപ്പെടുന്നു. ഏകദേശം രണ്ട് വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നത് ഒരു ഇടക്കാല അദ്ധ്യക്ഷ ആണ്, സോണിയ ഗാന്ധി. അവരുടെ മേല്‍നോട്ടത്തില്‍ നാളെയുടെ വാഗ്ദാനങ്ങളായ യുവനേതാക്കന്മാര്‍ ഒന്നൊന്നായി പാര്‍ട്ടി വിടുകയാണ്. 

ജൂണ്‍ ഒമ്പതാം തീയതി ആണ് ജിതിന്‍ പ്രസാദ (ഉത്തര്‍പ്രദേശ്) എന്ന മുന്‍ എം.പി.യും മുന്‍ കേന്ദ്രമന്ത്രിയും രാജിവച്ച് ബി.ജെ.പി. യില്‍ ചേര്‍ന്നത്. മറ്റൊരു ടീം രാഹുല്‍ അംഗം ജ്യോതിരാദിത്യസിന്ധ്യയും(മധ്യപ്രദേശ്)ഏതാനും മാസങ്ങള്‍ക്കു മുമ്പ്, ഇതു തന്നെ ചെയ്തു. ഇതിനു മുമ്പ് ഹേമന്ത ബിശ്വ ശര്‍മ്മ(അസം) കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പി.യില്‍ പേരുകയുണ്ടായി. ഇതേ കാലത്തുതന്നെ ജഗന്‍ മോഹന്‍ റെഡ്ഢി(ആന്ധ്രപ്രദേശ്) കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സ്വന്തമായിട്ട് ഒരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. സച്ചിന്‍ പൈലറ്റും(രാജസ്ഥാന്‍) മിലിന്റ് ദിയോറയും(മഹാരാഷ്ട്ര) നവജോദ് സിംങ്ങ് സിദ്ദുവും(പഞ്ചാബ്) തൃപ്തരല്ല. രാജിവച്ച ജിതിന്‍ പ്രസാദയെ കാത്തിരിക്കുന്നത് നിര്‍ണ്ണായമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പാണ്(2022 ആദ്യം). 

സിന്ധ്യയെ കാത്തിരിക്കുന്നത് അടുത്തുതന്നെ നടക്കുവാനിരിക്കുന്ന കേന്ദ്രമന്ത്രിസഭ വികസനവും. ഹേമന്ത ബിസ്വശര്‍മ്മ അടുത്തയിട അസംമുഖ്യമന്ത്രി ആയി. ജഗന്റെഡ്ഢി ആന്ധ്രമുഖ്യമന്ത്രിയും ആയി. കോണ്‍ഗ്രസിനും കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവര്‍ക്കും ഭാവിയില്ലെന്ന് മനസിലാക്കിയിട്ടാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയോടോ അതിന്റെ ആദര്‍ശത്തോടോ ഉള്ള വിയോജിപ്പല്ല ഇവരുടെ രാജിക്ക് കാരണം. പ്രത്യുത പാര്‍ട്ടി നേതൃത്വം ആണ് ഇവരുടെ കണ്ണിലെ കരട്. അധികാരവും വ്യക്തിപരമായ വളര്‍ച്ചയും ഇവരെ പ്രലോഭിപ്പിക്കുന്നു, രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികം ആണ് പ്രത്സാഹിപ്പിക്കുന്നു. 

എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാര്‍ ഇത് മനസിലാക്കാത്തത് ? ഉന്നത നേതാക്കന്മാര്‍ എന്ന് പറയുന്നത് സോണിയ-രാഹുല്‍-പ്രിയങ്ക ഗാന്ധി കുടുംബത്രയങ്ങള്‍ മാത്രം ആണ്! ഈ കുടുംബവാഴ്ച കോണ്‍ഗ്രസ് എന്ന നൂറ്റിമുപ്പതിലേറെ വര്‍ഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയെ നശിപ്പിക്കുകയാണോ? ആണെന്നാണ് ഫലത്തില്‍ കണ്ടുവരുന്നത്. കോണ്‍ഗ്രസിനെ ഛിന്നഭിന്നമാകാതെ ഒരുമിച്ചു നിറുത്തുന്ന ഘടകം ആണ് സോണിയ ഗാന്ധി എന്ന വാദത്തോടെ യോജിക്കുമ്പോള്‍ പോലും ഇന്ന് കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ഈ കുടുംബ മേധാവിത്വം ആണ് പ്രധാന വിഘാതം എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ല. ഗാന്ധി കുടുംബം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ഇല്ല. ഇതാണ് അവസ്ഥ. ഇത് ജനാധിപത്യപരമായ ഒരു അവസ്ഥ അല്ല.

കോണ്‍ഗ്രസ് രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകള്‍ അതിദയനീയമായി  തോറ്റു(2014, 2019). ഇനി മുമ്പോട്ട് ഒരു ഭാവിയും കാണുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്നത് രാജസ്ഥാന്‍, പഞ്ചാബ്, ഛാത്തീസ്ഘട്ട് എന്ന സംസ്ഥാനങ്ങളില്‍ മാത്രം ആണ്. ഝാര്‍ഖണ്ഡിലും തമിഴ്‌നാട്ടിലും അപ്രധാനമായ സഖ്യകക്ഷികളായി ഭരണത്തില്‍ ഉണ്ട്. കേരളനിയമ തെരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തോടെ ദക്ഷിണേന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് തുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തു പോലും ഇല്ല. കര്‍ണ്ണാടക മാത്രമാണ് ഏകപ്രതീക്ഷ. 

ബംഗാളിലും ഉത്തര്‍പ്രദേശിലും ബീഹാറിലും കോണ്‍ഗ്രസിന്റെ നില നാലാം സ്ഥാനത്താണ്. നാലാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തെത്താന്‍ വിഷമം ആണ്. ബംഗാളില്‍ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും പാര്‍ട്ടി നേടിയില്ല എന്നതാണ് ദയനീയമായ യാഥാര്‍ത്ഥ്യം. 2022-ല്‍ വരുവാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 2017-ലെ സഖ്യകഷിയായിരുന്ന സമാജ്വാദി പാര്‍ട്ടി സഖ്യം നിഷേധിച്ചിരിക്കുകയാണ് കോണ്‍ഗ്രസിന്. ഇതാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. എന്നാല്‍ മൊത്തത്തില്‍ 150 ലോക്‌സഭ സീറ്റുകള്‍ വരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ഛത്തീസ്ഘട്ട്, ഗുജറാത്ത്, അസം, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുമായി ബലാബലം ആണ്. 

ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്തിയാല്‍ കോണ്‍ഗ്രസ്സിന് പ്രതീക്ഷയ്ക്ക് വകയുണ്ട്, ലോകസഭ സീറ്റ് നൂറ് കടക്കുവാന്‍. പക്ഷേ, ഈ ഒമ്പത് സംസ്ഥാനങ്ങളില്‍ ഏഴ് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി. ആണ്. രണ്ട് സംസ്ഥാനങ്ങള്‍- രാജസ്ഥാന്‍, ഛത്തീസ്ഘട്ട്-മാത്രം ആണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഇതില്‍ മധ്യപ്രദേശും കര്‍ണ്ണാടകയും കോണ്‍ഗ്രസ് ജയിച്ചതാണ്. പക്ഷേ, ബി.ജെ.പി. കുതിര കച്ചവടത്തിലൂടെയും, കൂറുമാറ്റത്തിലൂടെയും അധികാരം തിരിച്ചു പിടിച്ചു. ഹരിയാനയിലും കോണ്‍ഗ്രസും ബി.ജെ.പി.യും തുല്യ ശക്തികള്‍ ആണ്. പക്ഷേ, ഈ സംസ്ഥാനങ്ങളില്‍ നല്ലൊരു പ്രകടനം കാഴ്ച വയ്ക്കുവാനുള്ള സംഘടന-നേതൃബലം അല്ല ഇന്ന് കോണ്‍ഗ്രസിനുള്ളത്. 

അധികാരത്തിലിരിക്കുന്ന രാജസ്ഥാനും പഞ്ചാബും ഉള്‍പാര്‍ട്ടി അധികാര മത്സരത്തില്‍ ആടി ഉലയുകയാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര മത്സരം മൂര്‍ദ്ധന്യത്തില്‍ ആണ്. ബി.ജെ.പി.യുടെ സഹായത്തോടെ പൈലറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ടതാണ്. പൈലറ്റിന്റെ എം.എല്‍.എ.മാരെ താമസിപ്പിച്ചത് ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയിലെ റിസോര്‍ട്ടുകളില്‍ ആയിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംങ്ങും. സിദ്ദുവും തമ്മിലുള്ള അധികാര മത്സരം മുറുകുകയാണ്. ഇവിടെയൊന്നും ഹൈകമാന്റിന് പാര്‍ട്ടിയെയും ഗവണ്‍മെന്റിനെയും രക്ഷിക്കുവാന്‍ കാര്യമായി ഒന്നും ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നത് ആണ് സോണിയയുടെ പരാജയം.

ഹേമന്ത ബിസ്വശര്‍മ്മയുടെയും ജഗന്‍ റെഡ്ഢിയുടെയും ജ്യോതിരാദിത്യസിന്ധ്യയുടെയും കഥകള്‍ എടുത്താല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ മനസിലാകും. ഹേമന്ത ശര്‍മ്മ അസമിലെ വളര്‍ന്നുവരുന്ന ഒരു കോണ്‍ഗ്രസ് നേതാവ് ആയിരുന്നു. പക്ഷേ ഹൈകമാന്റ് അദ്ദേഹത്തിനു പകരം തരുണ്‍ ഗൊഗോയി എന്ന പഴയ പടക്കുതിരയെ ആണ് പിന്തുണച്ചത്. ശര്‍മ്മ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതും ഇപ്പോള്‍ അസമിലെ ബി.ജെ.പി. മുഖ്യമന്ത്രി ആയതും കൊണ്ട് കഥ തീരുന്നില്ല. ബി.ജെ.പി.യെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വളര്‍ത്തിയതും കോണ്‍ഗ്രസിന്റെ കാലാകാലങ്ങളായിട്ടുള്ള ആധിപത്യം അവിടെ ഇല്ലാതാക്കിയതും ശര്‍മ്മ ആണ്. 

ഗൊഗോയിയുമായിട്ടുള്ള അധികാര മത്സരത്തില്‍ രാഹുല്‍ഗാന്ധിയെ കാണുവാനെത്തുന്ന ശര്‍മ്മക്ക് നല്‍കുന്നതിനേക്കാള്‍ സമയം രാഹുല്‍ വളര്‍ത്തുനായയുമായി കളിക്കുവാനാണ് ചിലവഴിച്ചിരുന്നതെന്ന് ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതുതന്നെ ആയിരുന്നു വൈ.എസ്.രാജശേഖര റെഡ്ഢി എന്ന പ്രമുഖ ആന്ധ്ര കോണ്‍ഗ്രസ് നേതാവിന്റെയും മുഖ്യമന്ത്രിയുടെയും മകന്‍ ജഗന്‍ റെഡ്ഢിയുടെയും കഥ. വൈ.എസ്.ആര്‍. ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട് അകാലമരണം അടഞ്ഞതിനു ശേഷം നമ്പര്‍ ടെന്‍ ജഗപഥില്‍ സോണിയയെ കാണുവാന്‍ എത്തിയ ജഗനും മാതാവിനും(വൈ.എസ്.ആറിന്റെ വിധവ) രണ്ട് ദിവസം കാത്തിരിക്കേണ്ടിവന്നു മുഖം കാണിക്കുവാന്‍. ഇതും ജഗന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. 

വൈ.എസ്.ആര്‍. സോണിയയുടെ നല്ല പുസ്തകത്തില്‍ ആയിരുന്നില്ല എന്നതാണ് കാരണം. സിന്ധഅയയെ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിന്നും കമല്‍നാഥും ദ്വിഗ് വിജയ്‌സിംങ്ങും കൂടെ പുകച്ച് ചാടിക്കുക ആയിരുന്നു. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചു. അതുകൂടാതെ കമല്‍ നാ്ഥും ദ്വിഗ് വിജയ് സിംങ്ങും സ്വന്തം മക്കളെ മധ്യപ്രദേശ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അവരുടെ പിന്തുടര്‍ച്ചക്കാരായി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച് തയ്യാറാക്കുക ആയിരുന്നു. അവസാനം സിന്ധ്യ രാജിവച്ച് കൂടുംബകക്ഷിയായ ബി.ജെ.പി.യില്‍ ചേര്‍ന്നു. സുഹൃത്ത് രാഹുല്‍ നിഷ്‌ക്രിയനായിരുന്നു.

ബി.ജെ.പി.യുടെ ജീവന്മരണ സമരവേദിയായ ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദ എന്ന ബ്രാഹ്മണനിലൂടെ 12 ശതമാനം വരുന്ന ബ്രാഫ്മണ വോട്ടുകള്‍ നേടുകയെന്നതാണ് പാര്‍ട്ടിയുടെ പ്രസാദ എന്ന ശീട്ട് അഥവാ രാഷ്ട്രീയതന്ത്രം. 'ബ്രാഫിന്‍ ചേതന പരിഷത്ത്' എന്ന ഒരു സംഘടനയിലൂടെ പ്രസാദ അദ്ദേഹത്തിന്റെ സമുദായത്തില്‍ സജീവം ആണ്. കോണ്‍ഗ്രസിന് ലഭിച്ച ആഘാതത്തെക്കാള്‍ ബി.ജെ.പി.ക്ക് തന്ത്രപരമായി ലഭിച്ച ഒരു വിജയം ആണ് പ്രസാദ. യോഗി ആദിത്യനാഥ് എന്ന ഠാക്കൂര്‍ മുഖ്യമന്ത്രിയിലൂടെ സൃഷ്ടിച്ച ബ്രാഫിണ്‍ വിരുദ്ധ വികാരത്തിനുള്ള ഒരു പരിഹാരവും കൂടെ ആണ് ഇത്. പ്രസാദയുടെ കുടുംബം മൂന്ന് തലമുറയായി കോണ്‍ഗ്രസുകാരാണ്. ഉത്തര്‍പ്രദേശിലെ ഒരു പ്രമുഖ നാടുവാഴി കുടുംബം ആണ് ഇത്. പ്രസാദയുടെ പിതാവ് ജിതേന്ദ്ര പ്രസാദ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ആയിരുന്നു. 2000-ല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ സോണിയഗാന്ധിക്ക് എതിരെ മത്സരിക്കുവാന്‍ ചങ്കൂറ്റം കാണിച്ചുവെന്ന ഖ്യാതിയും ജിതിന്റെ പിതാവിനുണ്ട്. പക്ഷേ, തോറ്റു പോയി. 

ജിതിന്‍പ്രസാദ ഏറ്റവും ഒടുവില്‍ ഒരു ലോകസഭ തെരഞ്ഞെടുപ്പ് ജയിച്ചത് 2009-ല്‍ ആയിരുന്നു. 2004-ലും അദ്ദേഹം എം.പി. ആയിരുന്നു. 2014 ല്‍ തോറ്റുപോയി. 2017-ല്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റു പോയി. ജിതിന്‍ പ്രസാദ് അത്രമാത്രം ജനപിന്തുണയുള്ള ഒരു മാസ് ലീഡര്‍ അല്ല. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ആഘോഷപൂര്‍വ്വം ആനയിക്കുക വഴി ഒരു കണക്കിന് ബി.ജെ.പി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അതിനുള്ള പരിഭ്രാന്തി ആണ് പ്രകടിപ്പിക്കുന്നത്. കാരണം 2022 ബി.ജെ.പി.ക്ക് 2017 അത്ര എളുപ്പം ആയിരിക്കുകയില്ല. 2024-ന് ഉത്തര്‍പ്രദേശ് വിജയം ഒരു വലിയ ആവശ്യം ആണ്.

കൂറുമാറ്റം അധികാര രാഷ്ട്രീയത്തിന്റെ ഒരു മുഖം ആണ്. പക്ഷേ തുടര്‍ച്ചയായി ഇങ്ങനെ സംഭവിക്കുമ്പോള്‍ ഇതിന്‍ ഇരയായ പാര്‍ട്ടി ഇതിനെ തടയുവാനുള്ള കൗശലവും തന്ത്രവും മെനയേണ്ടതാണ്. പക്ഷേ, കോണ്‍ഗ്രസ്സിന് അതിന് സാധിക്കുന്നില്ല എന്നതാണ് പരിതാപകരം. അധികാരത്തില്‍ നിന്നും പുറത്തുപോയ ഒരു പാര്‍ട്ടിയുടെ നിസഹായാവസ്ഥ ആണ് ഇത് എന്നിരുന്നാലും. ഒരു പരിധി വരെ കോണ്‍ഗ്രസിന്റെ നേതൃരാഹിത്യത്തെയാണ് ഈ സംഭവപരമ്പരകള്‍ എടുത്തു കാണിക്കുന്നത്. പി.സി.ചാക്കോയുടെ രാജി മറ്റൊരു ഉദാഹരണം ആണ്. ഗാന്ധി കുടുംബത്രയം ഇക്കാര്യങ്ങളില്‍ തികച്ചും 'ക്ലൂലെസ് ' ആണ.് ഇരുട്ടില്‍ തപ്പുന്നു. സംസ്ഥാനങ്ങളിലും ദല്‍ഹിയിലും ഗ്രൗണ്ട് ലെവലില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഇവര്‍ക്ക് അറിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിനോദയാത്രയോ വേഷപ്രച്ഛന്ന മത്സരമോ അല്ല. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി മുക്കുവര്‍ക്കൊപ്പം പ്രത്യേകം ആസൂത്രണം ചെയ്ത ചടങ്ങില്‍ കടലില്‍ ചാടിയാലോ അസമില്‍ പ്രിയങ്കഗാന്ധി തേയില നുളളുന്ന സ്ത്രീകളുടെ വേഷം ധരിച്ച് ഫോട്ടോ എടുത്താലോ വോട്ടു കിട്ടുകയില്ല. കേരളവും അസമും അത് തെളിയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് പെട്ടെന്നൊന്നും ഇല്ലാതാവുകയില്ല. അത് ഉള്ളിടത്തോളം കാലം ഗാന്ധി കുടുംബത്രയത്തിന് ഒരു കോട്ടവും തട്ടുകയില്ല. പക്ഷേ, കോണ്‍ഗ്രസ് നിലകൊണ്ട ആശയങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. അത് ഇന്‍ഡ്യക്ക് ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ ക്ഷീണം ചെയ്യും. കോണ്‍ഗ്രസിന് ആശയതകര്‍ച്ച സംഭവിച്ചിരിക്കുന്നു. അല്ലെങ്കില്‍ ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. ബാബൂലാല്‍ പൗരാസ്യ എന്ന ഗോഡ്‌സെ ഭക്തനെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അംഗമാക്കുക വഴി എന്തു സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്.? ഇതുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും വിരുദ്ധാശയം ഉള്ള പാര്‍ട്ടിയിലേക്ക് നേതാക്കന്മാര്‍ പ്രവഹിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പരാജയം ആണ്, പരാധീനതയാണ്, ആദര്‍ശപരമായ പാപ്പരത്വം ആണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ദല്‍ഹി പ്രസ് ക്ലബില്‍ വച്ച് വലതുപക്ഷ ചായ് വുള്ള ഒരു മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ കൂടെക്കൂടെ പറയുമായിരുന്ന ഒരു കാര്യം ഓര്‍മ്മിക്കുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും ആ വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു: 'ഒരു വിദേശി സ്ഥാപിച്ച കോണ്‍ഗ്രസ് മറ്റൊരു വിദേശിയിലൂടെ അന്ത്യം കാണും.' ഇപ്പോള്‍ ഇത് സാവധാനം യാഥാര്‍ത്ഥ്യം ആയിക്കൊണ്ടിരിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യം ആക്കുന്നത് മോദിയുടെയോ അമിത്ഷായുടെയോ 'കോണ്‍ഗ്രസ് മുക്ത ഭാരതം'  എന്ന മുദ്രാവാക്യം അല്ല. കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇതിലും കേന്ദ്രബിന്ദുവായി നില്‍ക്കുന്നത് ആ കുടുംബത്രയം തന്നെ ആണ്. ഗാന്ധി കുടുംബം  കോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ഒരു കടല്‍ക്കിഴവനെപ്പോലെ ആയിമാറിയിരിക്കുന്നു. കുടുംബം ഇല്ലെങ്കില്‍ പാര്‍ട്ടിയില്ല എന്ന സന്ദേശം രഹസ്യമായി നല്‍കുന്നു. രാജിവച്ച് സ്ഥാനങ്ങള്‍ എല്ലാം ഒഴിയുവാന്‍ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ഈ പ്രതിസന്ധിയില്‍ പാര്‍ട്ടി അനുദിനം ക്ഷയിക്കുന്നു. കോണ്‍ഗ്രസ്സ് ഒരു കുടുംബത്തില്‍ ഒതുങ്ങരുത്. കോണ്‍ഗ്രസ് ഇന്നലെകളില്‍ മാത്രം ജീവിക്കരുത്. കോണ്‍ഗ്രസ് ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നല്ലൊരു നാളെക്കായി പ്രവര്‍ത്തിക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക