പന്ത്രണ്ടാം ക്ലാസ് മൂല്ല്യ നിര്‍ണ്ണയം; സിബിഎസ്ഇ, ഐസിഎസ്ഇ മാര്‍ഗ്ഗ രേഖയായി

ജോബിന്‍സ് തോമസ് Published on 17 June, 2021
പന്ത്രണ്ടാം ക്ലാസ് മൂല്ല്യ നിര്‍ണ്ണയം; സിബിഎസ്ഇ, ഐസിഎസ്ഇ മാര്‍ഗ്ഗ രേഖയായി
കോവിഡിനെ തുടര്‍ന്ന് പരീക്ഷകള്‍ നടത്തേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ എങ്ങനെ വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ടാം ക്ലാസിലെ മൂല്ല്യനിര്‍ണ്ണയം നടത്തണമെന്നത് സംബന്ധിച്ച് സിബിഎസ്ഇ മാര്‍ഗ്ഗരേഖ സുപ്രീംകോടതി അംഗീകരിച്ചു. പത്ത് പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സിബിഎസ്ഇ മൂല്ല്യനിര്‍ണ്ണയം നടത്തുക. 

പത്ത് , പതിനൊന്ന് ക്ലാസുകളിലെ പരീക്ഷകളുടെ മാര്‍ക്കിന് 30 % വീതം വെയ്‌റ്റേജും പന്തണ്ടാം ക്ലാസിലെ യൂണിറ്റ്, ടേം , പ്രീ ബോര്‍ഡ് പരീക്ഷകള്‍ക്ക് 40 % വെയ്‌റ്റേജുമാണ് നല്‍കുക. പത്താം ക്ലാസിലെ അഞ്ച് പ്രധാനവിഷയങ്ങളില്‍ ഏറ്റവും മാര്‍ക്കുള്ള മൂന്നു വിഷയങ്ങളുടെ ആവറേജാണ് എടുക്കുക. പതിനൊന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കാണ് എടുക്കുക.

എല്ലാ സ്‌കൂളുകളിലും അഞ്ച് പേരടങ്ങുന്ന റിസള്‍ട്ട് കമ്മിറ്റിയുണ്ടാകും ഇവര്‍ തയ്യാറാക്കുന്ന മാര്‍ക്ക് സിബിഎസ്ഇയുടെ മോഡറേഷന്‍ കമ്മിറ്റി പരിശോധിക്കും അന്തിമഫലത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡിന് ശേഷം നടത്തുന്ന പരീക്ഷ എഴുതാനും അവസരം നല്‍കും.

ഈ സ്‌കീം വഴിയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ എസ്സന്‍ഷ്യല്‍ റിപ്പീറ്റ് അഥവാ കംപാര്‍ട്ട്‌മെന്റ് കാറ്റഗറിയായി പരിഗണിക്കും. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാവും മൂല്ല്യനിര്‍ണ്ണയം നടത്തുകയെന്ന് ഐസിഎസ്ഇ കോടതിയെ അറിയിച്ചു. ഇതും കോടതി അംഗീകരിച്ചു. ജൂലൈ 31 നകം ഫലപ്രഖ്യാപനം നടത്തുമെന്നും ഇരു ബോര്‍ഡുകളും കോടതിയെ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക