Image

മരം മുറി ; മുഖ്യമന്ത്രിക്കെതിരെ സതീശന്‍

ജോബിന്‍സ് തോമസ് Published on 17 June, 2021
മരം മുറി ;  മുഖ്യമന്ത്രിക്കെതിരെ സതീശന്‍
സംസ്ഥാനത്ത് നടന്ന വിവാദ മരംമുറിയില്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രതിപക്ഷം. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. വിവാദ ഉത്തരവിനെ മുഖ്യമന്ത്രിയടക്കം ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം പ്രതിപക്ഷം ശക്തമായ സമര പരിപാടികളിലേയ്ക്ക് കടക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 

വനംകൊളളയുടെ ഭയാനകദൃശ്യമാണ് വയനാട്ടില്‍ കണ്ടതെന്നും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ സമാനമായ മരംകൊള്ള നടന്നെന്നും കര്‍ഷകരെ മറയാക്കി വന്‍കിടമാഫിയകള്‍ക്ക് സഹായം ചെയ്യുകയായിരുന്നു സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. വയനാട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു  സതീശന്‍. 

ഒരു വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് നടപടിയെടുത്തെന്ന് എങ്ങനെ പറയാനാവുമെന്നും ഉത്തരവിന് പിന്നില്‍ ഒരു സദ്ദുദ്ദേശ്യവുമില്ലെന്നും പാവപ്പെട്ട പട്ടികജാതി -പട്ടിക വര്‍ഗ്ഗക്കാരെ കബളിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഒത്താശയോടെ മരം മുറിച്ച് കടത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

കാനം രാജേന്ദ്രനേയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. വനംകൊള്ളക്കാരെ കച്ചവടക്കാരായി മാത്രം ചിത്രീകരിക്കാനാണ് കാനം ശ്രമിക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. ഉത്തരവ് പിന്‍വലിച്ച ശേഷവും വയനാട്ടില്‍ മരംമുറി നടന്നെന്നും ഉത്തരവില്‍ മന്ത്രിസഭാംഗങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിനും ഉത്തരവാദിത്വം ഉണ്ടെന്നും കര്‍ഷകരെ മുന്‍ നിര്‍ത്തി ഈ സര്‍ക്കാര്‍ വനം കൊള്ളക്കാരെ സംരക്ഷിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക