ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ; മോഷ്ടിച്ചതെന്ന് പരാതി

ജോബിന്‍സ് തോമസ് Published on 17 June, 2021
ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ; മോഷ്ടിച്ചതെന്ന് പരാതി
സംസ്ഥാനത്ത് നടന്ന മരംമുറി വിവാദത്തില്‍ ബിജെപി നടത്തിയ ഒരു സമരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നിലായിരുന്നു സമരം നടന്നത്." വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യുക" എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ നിശ്ചിത അകലത്തില്‍ നിരന്നു നിന്നായിരുന്നു സമരം നടത്തിയത്. സമരം കൃത്യമായി നടക്കുകയും ചെയ്തു. 

എന്നാല്‍ ഇതിനിടയില്‍ നിന്ന ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡാണ് സമരം വൈറലാകാന്‍ കാരണം. ഈ വനിതാ പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത് "പെട്രോള്‍ വില സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക , ഡിവൈഎഫ്‌ഐ" എന്നായിരുന്നു. എല്ലാവരും സംസ്ഥാന സര്‍ക്കാരിനെതിരെ പ്ലാക്കാര്‍ഡുമായി നിന്നപ്പോല്‍ ഒരു ബിജെപി പ്രവര്‍ത്തക മാത്രം കേന്ദ്ര സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുമായി നിന്നു. സമരത്തില്‍ ഉണ്ടായിരുന്നവര്‍ ആരും കാണാതിരുന്നതിനാല്‍ ഏറെ നേരം ഇവര്‍ ഈ പ്ലക്കാര്‍ഡുമായി നില്‍ക്കുകയായിരുന്നു. ഇവരും അറിഞ്ഞില്ല താന്‍ സ്വന്തം പോസ്റ്റിലേയ്ക്കാണ് ഗോളടിക്കുന്നതെന്ന്. 

കുറച്ചു കഴിഞ്ഞ് ആരോ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റുപ്രവര്‍ത്തകര്‍ വന്ന് ആദ്യം പ്ലക്കാര്‍ഡില്‍ എഴുതി ഒട്ടിച്ചിരുന്ന പേപ്പര്‍ കീറിക്കളയാന്‍ നോക്കുകയും തുടര്‍ന്ന് ഇത് വാങ്ങി പുറകിലേയ്ക്ക് എറിഞ്ഞു കളയുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇക്കാര്യത്തില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഈ പ്ലക്കാര്‍ഡ് തങ്ങളുടെ പക്കല്‍ നിന്നും മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. 

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ തയ്യാറാക്കിയ ഇരുപതോളം പ്ലക്കാര്‍ഡുകള്‍ നഗരസഭയ്ക്ക് സമീപം സൂക്ഷിച്ചിരുന്നെന്നും ഇതില്‍ നിന്നും മോഷ്ടിച്ചതാണ് ഈ പ്ലക്കാര്‍ഡെന്നും ഇത് കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പോലീസില്‍ പരാതി നല്‍കി കഴിഞ്ഞു. എന്തായാലും സംഭവിച്ചതെന്താണെന്നോ ഈ പ്ലക്കാര്‍ഡ് എവിടെ നിന്നുവന്നെന്നോ ഇതുവരെ ബിജെപിയ്ക്ക് മനസ്സിലായിട്ടില്ല. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ; മോഷ്ടിച്ചതെന്ന് പരാതി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക