നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 17 June, 2021
നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍
അമേരിക്കയില്‍ നിന്നും ഒരു മാസത്തെ ലീവിനു വന്ന എഞ്ചിനീയര്‍ സതീഷ്, തന്റെ ഭാര്യ ലളിതയുടെ കൂടെ, പ്ലസ്ടുവില്‍ പഠിക്കുന്ന മകന്‍ സുരേഷിനെയും കൂട്ടി രാവിലെ തന്നെ എന്റെ ക്ലിനിക്കിലെത്തി. രണ്ടാഴ്ചയ്ക്കു മുമ്പുതന്നെ എന്നെ കാണാന്‍ വേണ്ടി അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നു.
 
'ഗുഡ്‌മോണിംഗ് ഡോക്ടര്‍' അഭിവാദനത്തോടെ സതീഷും കുടുംബവും ക്ലിനിക്കിലേക്കു കയറി വന്നു.
 
പത്താംക്ലാസില്‍ 90 ശതമാനം മാര്‍ക്കോടെ പ്രശസ്ത വിജയമം നേടിയ മകന് പഠനത്തില്‍ തീരെ താല്‍പര്യമില്ല എന്നതാണ് പരാതി. ചീത്തകൂട്ടുകെട്ടില്‍ കുടുങ്ങി പുകവലിയും മദ്യപാനവും തുടങ്ങി. ഇപ്പോള്‍ മയക്കുമരുന്നും ഉപയോഗിക്കാന്‍ തുടങ്ങി.
 
'ഞങ്ങളുടെ മകന്‍ ഭാവിയില്‍ വലിയൊരു ഡോക്ടറോ, എഞ്ചിനീയറോ ആവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞങ്ങളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കില്ലെന്നിപ്പോള്‍ തോന്നുന്നു. ഇവനെ ഈ ദുഷിച്ച ശീലങ്ങളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷിക്കണം ഡോക്ടര്‍. അതിനുവേണ്ടി എത്രരൂപ ചെലവഴിക്കാനും ഞങ്ങള്‍ തയ്യാറാണ്.' അതു പറയുമ്പോള്‍ അയാളുടെ കണ്ണു നിറഞ്ഞുപോയി.
 
'സൈക്കോതെറാപ്പിക്കുശേഷം കുറച്ചുദിവസം ആസക്തിനിവാരണ(De addiction) കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നേക്കാം. എല്ലാം ശരിയാവും' ഞാന്‍ അവരെ സമാധാനിപ്പിച്ചു....
 
കുട്ടികള്‍ വലിയ ആളായി കുടുംബത്തിന്റെ പേരും പെരുമയും വളര്‍ത്തണമെന്നാണ് വലിയൊരു വിഭാഗം അച്ഛനമ്മമാര്‍ ആഗ്രഹിക്കുന്നത്. തന്റെ കുട്ടികള്‍ ഡോക്ടറാവണമെന്നും എ്ഞ്ചിനീയറാവണമെന്നും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. മക്കള്‍ക്ക് ഡോക്ടറോ, എഞ്ചിനീയറോ ആവാനുള്ള ബുദ്ധി സാമര്‍ത്ഥ്യമോ, സാമ്പത്തികശേഷിയോ, അഭിരുചിയോ ഉണ്ടോ? ജാതി മതാടിസ്ഥാനത്തിലുള്ള സംവരണം കൊണ്ട് സാധാരണ ബുദ്ധിയുള്ള ഒരു കുട്ടി ഡോക്ടറോ, എഞ്ചിനീയറോ ആയാല്‍ത്തന്നെ ആ ജോലിയില്‍ ആത്മാര്‍ത്ഥതയും നിപുണതയും പുലര്‍ത്താന്‍ സാധിക്കുമോ? കേവലം ഡോക്ടറും, എഞ്ചിനീയറും മാത്രമാണോ സമൂഹത്തില്‍ അന്തസ്സും ആഭിജാത്യവുമുള്ള ജോലി? ബുദ്ധിശക്തികുറഞ്ഞ കുട്ടികള്‍ക്കു അന്തസ്സുള്ള ജോലി ചെയ്ത് സമൂഹത്തില്‍ പേരെടുക്കാന്‍ സാധിക്കില്ലെ? ഇതുപോലെ പല ചോദ്യങ്ങളും ചിലരെ അലട്ടാറുണ്ട്. ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ ഏറ്റവും പ്രസക്തമായ വിഷയമാണ് നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍?
 
കു്ട്ടികളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രധാനപ്പെട്ട ഘടകങ്ങളാണ് രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍, കൂട്ടുകാര്‍, സമൂഹം, പരിതസ്ഥിതി, സര്‍ക്കാര്‍ എന്നിവ. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട ഒരു പാടു കാര്യങ്ങളുണ്ട്. അവയില്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ച്, ഉറപ്പുവരുത്തിയാല്‍ നിങ്ങളുടെ കുട്ടികള്‍ സമൂഹത്തിന് ഒരഭിമാനമായി വളര്‍ന്നുവരും:
 
1. സ്വഭാവ രൂപീകരണം.
ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണം പില്‍ക്കാല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. നല്ല പെരുമാറ്റരീതികള്‍, ഉന്നത ആദര്‍ശങ്ങള്‍, മനസ്സിനിണങ്ങിയ ഹോബി, നല്ല കൂ്ട്ടുകെട്ട്, ഉത്തമദിനചര്യകള്‍, വീട്ടുകാര്യങ്ങളില്‍ പങ്കുചേരല്‍, അച്ഛനമ്മമാരുടെ സൗഹൃദം, നല്ല ആരോഗ്യശീലങ്ങള്‍ തുടങ്ങിയ പല കാര്യങ്ങള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പങ്കു വഹിക്കുന്നവയാണ്.
 
a) നല്ല പെരുമാറ്റരീതികള്‍. നല്ല പെരുമാറ്റ രീതികള്‍ മറ്റുള്ളവരെ എളുപ്പം ആകര്‍ഷിക്കും. മുതിര്‍ന്നവരോടും കൂട്ടുകാരോടും വയസ്സുകുറഞ്ഞവരോടും എങ്ങിനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കണം. ആതിഥ്യമര്യാദയും അതിഥികളെ സല്‍ക്കരിക്കേണ്ടവിധവും അറിഞ്ഞിരിക്കണം. സമയ സന്ദര്‍ഭമനുസരിച്ച് ആരെ, എങ്ങിനെ അഭിസംബോധന(നമസ്‌കാരം, ഗുഡ്‌മോണിംഗ്) ചെയ്യണമെന്നു കുട്ടികളെ പഠിപ്പിക്കണം. നാണക്കേടുവരുത്തുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കണം(ഉദാ: അതിഥിക്കു പലഹാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ എടുത്തു വായിലിട്ടു ചവച്ചുകൊണ്ട് അതിഥിയുടെ മുമ്പിലേക്കു വരിക). തെറ്റായ പെരുമാറ്റങ്ങളെ ശരിയാക്കി എടുക്കേണ്ടത് മുതിര്‍ന്ന കുടുംബാംഗങ്ങളുടെ കടമയാണ്. എളിമയോടുകൂടിയ പെരുമാറ്റം എല്ലാവരും ഇഷ്ടപ്പെടും.
 
d) ഉന്നത ആദര്‍ശങ്ങള്‍
ഉന്നത ആദര്‍ശങ്ങളും ശ്രേഷ്ഠ ഗുണങ്ങളും എക്കാലത്തും ആളുകള്‍ അഭിനന്ദിക്കാറുണ്ട്. മാതാപിതാക്കളില്‍ നിന്നും മറ്റു കുടുംബാംഗങ്ങളില്‍ നിന്നും നല്ല ആദര്‍ശങ്ങള്‍, കുട്ടികള്‍ക്കു ലഭിക്കാറുണ്ട്. ഉന്നത ആദര്‍ശങ്ങളും നല്ല മാതൃകകളും വീട്ടില്‍ നിന്ന് ആരംഭിക്കണം. മുതിര്‍ന്നവരോടുള്ള ബഹുമാനം, സത്യസന്ധ്ത, പരസ്പര സഹായം, സ്‌നേഹം, ദാനം, ക്ഷമ തുടങ്ങിയവ കുട്ടികള്‍ക്കുണ്ടാവേണ്ട, നല്ല ആദര്‍ശങ്ങളാണ്. മാതാപിതാക്കള്‍, സ്വന്തം മക്കള്‍ക്ക് ഉത്തമമാതൃകകള്‍ കാണിച്ചുകൊടുക്കണം.
 
 
c) മനസ്സിനിണങ്ങിയ ഹോബി. ഗാനാലാപനം, നൃത്തം, ചിത്രരചന, എഴുത്ത്, വായന തുടങ്ങിയ ഹോബികളില്‍ കുട്ടികള്‍ക്കു താല്‍പര്യം വളര്‍ത്തണം. ഒന്നിലധികം ഹോബികളില്‍ നിപുണത നേടുന്നവരുണ്ട്. എങ്കിലും ഏറ്റവും ഇഷ്ടപ്പെടുന്നതും നിപുണത പുലര്‍ത്തുന്നതുമായ ഹോബിയില്‍ പ്രാവീണ്യം നേടാന്‍ ശ്രമിക്കണം. പലപ്പോഴും ഇത്തരം ഹോബികള്‍ പില്‍ക്കാലത്ത് തൊഴിലായും ജീവിതമാര്‍ഗ്ഗമായും, തൊഴിലിനു പുറമെയുള്ള വരുമാന മാര്‍ഗ്ഗമായും മാറാനിടയുണ്ട്. കവിതാപാരായണം, ഗാനാലാപനം, നൃത്തം, തുടങ്ങിയവ കുടുംബാംഗങ്ങള്‍ക്കിടയിലും  കൂട്ടുകാര്‍ക്കിടയിലും സ്‌ക്കൂളിലും മറ്റും അഭ്യസിച്ച് ആത്മവിശ്വാസം വളര്‍ത്താന്‍ കഴിയും. പിന്നീട് മത്സരങ്ങളില്‍ വിജയിക്കാനും ആകാശവാണി, ടെലിവിഷന്‍ എന്നിവയിലെ പരിപാടികളില്‍ അവതരിപ്പിച്ച് പ്രശസ്തി കൈവരിക്കാനും സാധിക്കും. വിശ്രമവേളയിലെ വിനോദം തിരക്കിട്ട ജീവിതത്തില്‍ ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യും.
 
2) നല്ല കൂട്ടുകെട്ട്: കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവരാണ് നല്ല കൂട്ടുകാര്‍. പല തെറ്റായ കാര്യങ്ങളും പഠിക്കുന്നത് ചീത്തകൂട്ടുകെട്ടുകള്‍ വഴിയാണ്. ചീത്ത കൂട്ടുകെട്ടുകളില്‍പ്പെട്ട് പുകവലി, മദ്യപാനം, ലഹരിഉപയോഗം, മോഷണം തുടങ്ങിയ ചീത്തശീലങ്ങള്‍മൂലം ജീവിതത്തില്‍ വഴി പിഴച്ചു പോയ എത്രയോ കുട്ടികളുടെ കഥകളുണ്ട്. അതിനാല്‍ സ്വന്തം മക്കളുടെ കൂട്ടുകാരെപ്പറ്റിയും അവരുടെ സ്വഭാവഗുണങ്ങളെപ്പറ്റിയും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. വല്ലപ്പോഴും അവരെ വീട്ടില്‍ വിളിച്ച് സംസാരിക്കണം. നല്ല സുഹൃത്തുക്കള്‍, ജീവിതത്തില്‍ നല്ല സ്വഭാവ രൂപീകരണത്തില്‍ പങ്കുവഹിക്കുന്നതിനുപുറമെ എല്ലാസുഖദുഃഖങ്ങളിലും പങ്കുചേര്‍ന്ന് ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കും.
 
d) ഉത്തമദിനചര്യങ്ങള്‍: മഹാന്‍മാരായിത്തീര്‍ന്നിട്ടുള്ള പലരും ഉത്തമദിനചര്യകള്‍ പാലിച്ചവരാണ്. അതിനാല്‍ നല്ല സ്വഭാവരൂപീകരണത്തിന് കുട്ടികള്‍ക്കു വേണ്ടി നല്ല ദിനചര്യ തയ്യാറാക്കണം. വളര്‍ച്ചയ്ക്കനുസരിച്ച് ദിനചര്യകള്‍ മാറ്റാവുന്നതാണ്. എത്ര മണിക്ക് എഴുന്നേല്‍ക്കണം, എഴുന്നേറ്റ ഉടനെ എന്തുചെയ്യണം(ഉദാ: പല്ലുതേക്കുക, കക്കൂസില്‍പോകുക, കുളിക്കുക....), എത്രമണിക്കൂര്‍ പഠിക്കണം, എപ്പോള്‍ പ്രഭാതഭക്ഷണം കഴിക്കണം, ഏതു ഡ്രസ് ധരിക്കണം, എത്ര മണിക്കൂര്‍ സ്‌ക്കൂളിലേക്കു പുറപ്പെടണം, എത്ര മണിക്ക് കുടുംബ സദസ്സിലെത്തണം, എത്രമണിക്ക് രാത്രി ഭക്ഷണം കഴിക്കണം, എത്ര മണിക്കൂര്‍ ടെലിവിഷന്‍ കാണണം, എത്രമണിക്ക് കിടന്നുറങ്ങണം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ദിനചര്യയില്‍ ഉള്‍പ്പെടുത്തണം. പഠിക്കാനുള്ള സമയസരണിപോലെ പ്രധാനപ്പെട്ടതാണ് ദിനചര്യകള്‍. അടുക്കും ചിട്ടയും സമയബന്ധിതവുമായ ജീവിതത്തിന് ഉത്തമദിനചര്യകള്‍ വളരെ പ്രയോജനപ്പെടും.
 
e) വീട്ടുകാര്യങ്ങളില്‍ പങ്കുചേരല്‍. വീട്ടുകാര്യങ്ങളില്‍ പങ്കുചേരുന്നത് നല്ല സ്വഭാവമാണ്. പച്ചക്കറി വാങ്ങുക, പലചരക്കുകടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുക, ടെലിഫോണ്‍-വൈദ്യുതി-ഇന്റര്‍നെറ്റ് ബില്ലുകള്‍ അടയ്ക്കുക, ഇന്റര്‍നെറ്റു വഴി യാത്രയ്ക്കുള്ള റിസര്‍വേഷന്‍ ചെയ്യുക, വീട്ടിലെ വരവു ചെലവുകണക്കുകളുണ്ടാക്കാന്‍ മാതാപിതാക്കളെ സഹായിക്കുക തുടങ്ങിയ വീട്ടുജോലികളില്‍ കുട്ടികളെ പങ്കാളികളാക്കണം. കുട്ടികളെ അത്യാവശ്യമുള്ള പാചകകാര്യങ്ങള്‍ പഠിപ്പിക്കണം(ഉദാ: ദോശ ചുടുക, കറി ഉണ്ടാക്കുക, ചോറുണ്ടാക്കുക, സമ്മതി ഉണ്ടാക്കുക). മുതിര്‍ന്നവര്‍ക്ക് അസുഖമുളളപ്പൊഴൊ, ജോലിക്കാര്‍ ഇല്ലാത്തപ്പോഴൊ വേണ്ടിവന്നാല്‍ വീടുതുടച്ചു വൃത്തിയാക്കാനും ഭക്ഷണം പാചകം ചെയ്യാനും സാധിക്കണം. വീട്ടുസാധനങ്ങള്‍ അടുക്കും ചിട്ടയോടെ ക്രമീകരിച്ചു വെക്കുന്നത് നല്ല ശീലമാണ്. കല്യാണത്തിനു ശേഷമോ, ജോലി സംബന്ധമായോ നഗരങ്ങളില്‍ ജീവിക്കേണ്ടിവരുമ്പോള്‍ ഇത്തരം പരിചയസമ്പത്തു വളരെ ഉപകാരപ്പെടും. സ്വന്തം കാലിലില്‍ നില്‍ക്കാനുള്ള തന്റേടവും ആത്മവിശ്വാസവും വര്‍ദ്ധിക്കും.
 
f)അച്ഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദം: അച്ഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദവും പരസ്പര സഹായവും കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ സഹായിക്കും. എപ്പോഴും കലഹിക്കുന്ന രക്ഷിതാക്കളോ, കുടുംബാംഗങ്ങളോ ആണെങ്കില്‍ അതു കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കും. അവരുടെ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
 
g)നല്ല ആരോഗ്യശീലങ്ങള്‍: രാവിലെയും രാത്രി ഉറങ്ങുന്നതിനുമുമ്പും പല്ലുതേക്കുക, എല്ലാ ദിവസവും സോപ്പുതേച്ചു കുളിക്കുക, ഭക്ഷണത്തിനുമുമ്പും ശേഷവും വായും കൈയും കഴുകുക, സോക്‌സും ഉടുപ്പുകളും ദിവസേന മാറ്റി ഉടുക്കുക, പോഷകാംശങ്ങളടങ്ങിയ സമീകൃതാഹാരങ്ങള്‍ കഴിക്കുക, കൃത്യസമയത്ത് ദിവസേന വ്യായാമം ചെയ്യുക, യോഗ-ധ്യാനം-പൂജ എന്നിവ നടത്തുക, കൂട്ടുകാരുടെ കൂടെ കളിക്കുക, രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ ചെയ്യുക, മധുരപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ വായ കഴുകുക, കൃത്യസമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, ആരോഗ്യപരമായി ചിന്തിക്കുക എന്നിവയെല്ലാം നല്ല ആരോഗ്യശീലങ്ങളാണ്. കുട്ടികളെ ഈ ആരോഗ്യശീലങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കണം.
 
(തുടരും..)
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക