അണ്‍ലോക്ക് ; ബസില്‍ അമ്പത് പേര്‍ ; കല്ല്യാണത്തിന് ഇരുപത് പേര്‍

ജോബിന്‍സ് തോമസ് Published on 18 June, 2021
അണ്‍ലോക്ക് ;  ബസില്‍ അമ്പത് പേര്‍ ; കല്ല്യാണത്തിന് ഇരുപത് പേര്‍
കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് മറ്റുദിവസങ്ങളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകളിലെ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും വിഢിത്തങ്ങളാണെന്ന് പറയേണ്ടിവരും. കാരണം അപ്രായോഗികമെന്നോ അല്ലെങ്കില്‍ അനുചിതമെന്നോ തോന്നുന്നവയാണ് ഈ ഇളവുകള്‍. സ്വാകാര്യ ബസുകളുടെ യാത്രകള്‍ സംബന്ധിച്ചുള്ളതാണ് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയാകുന്നതും സോഷ്യല്‍ മീഡിയയില്‍ പരിഹാസ ട്രോളുകള്‍ വാരിക്കൂട്ടുന്നതുമായ ഇളവുകള്‍. 

സ്വകാര്യ ബസുടമകളോട് ഗതാഗതവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത് ഒറ്റ, ഇരട്ട അക്ക നമ്പര്‍ വ്യവസ്ഥയില്‍ സര്‍വ്വീസ് നടത്തിക്കോളാനാണ്. ഇന്ന് ഒറ്റ അക്ക നമ്പര്‍ ബസുകളാണ് നിരത്തിലിറങ്ങേണ്ടത്. അടുത്തയാഴ്ച തിങ്കള്‍ ബുധന്‍ വെളളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുകളും ചൊവ്വ , വ്യാഴം ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പറുകളുള്ള ബസുകള്‍ക്കും സര്‍വ്വീസ് നടത്താം . എന്നാല്‍ ഇതിലെ പ്രായോഗീകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

ഇപ്പോള്‍ ഒരു ഗ്രാമീണ മേഖലയിലേയ്ക്ക് കൂടുതല്‍ ഒറ്റ അക്ക നമ്പര്‍ ബസുകളാണെങ്കില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍  സര്‍വ്വീസ് നടത്തുന്ന ദിവസം ഈ മേഖലയില്‍ യാത്ര ബുദ്ധിമുട്ടാകും. കാരണം കൃത്യം അനുപാതത്തിലായിരിക്കില്ലല്ലോ ഒരോ മേഖലയിലേയ്ക്കും ബസുകളുടെ നമ്പര്‍ ഒറ്റയോ ഇരട്ടയോ എന്ന് നിശ്ചയിച്ചിരിക്കുന്നത്. മാത്രമല്ല പെര്‍മിറ്റുകള്‍ക്ക് ഇതൊരു മാനദണ്ഡമല്ലതാനും.

എന്നാല്‍ ഓരോ മേഖലയില്‍ നേര്‍ പകുതി ബസുകള്‍ എല്ലാ ദിവസവും ഓടട്ടെ എന്ന രീതിയില്‍ സ്ഥലത്തെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താവുന്ന ദിവസങ്ങള്‍ നിശ്ചയിച്ച് നല്‍കിയാല്‍ എല്ലാ മേഖലയിലേയ്ക്കും ആ മേഖലയിലെ തിരക്കനുസരിച്ച് സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുകയും ആളുകള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കുകയും ചെയ്യും. ഇതിനു പകരം തീര്‍ത്തും അശാസ്ത്രീയമായതും സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് ഒട്ടും യോജിക്കാത്തതുമായ ഒറ്റ ഇരട്ട അക്ക സംവിധാനമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരെ ബസുടമകളില്‍ നിന്നടക്കം എതിര്‍പ്പ് ശക്തമാണ്. 

ബസുകളില്‍ ആളുകള്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ചില ബസുകളില്‍ അമ്പതോളം സീറ്റുകളാണ് ഉള്ളത്. വളരെ അടുത്താണ് ആളുകള്‍ ഇരിക്കുന്നത്. വാക്‌സിന്‍ എടുത്തവരും വാക്‌സിന്‍ എടുക്കാത്തവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. സാമൂഹിക അകലം എന്ന ആഗോളതലത്തില്‍ അംഗീകരിച്ച മാതൃക തന്നെ ഇവിടെ ഇല്ലാതാകും. മാത്രമല്ല ബസുകളില്‍ ഇങ്ങനെ അടുത്ത് അമ്പതോളം പോര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നിടത്താണ് വിവാഹമടക്കമുള്ള കാര്യങ്ങള്‍ക്ക് പരമാവധി ഇരുപത് പേര്‍ മാത്രമെ പാടുള്ളു എന്ന നിബന്ധനയുള്ളത്. എങ്കില്‍ കല്ല്യാണം ബസില്‍ വച്ചു നടത്താം അതാവുമ്പം അമ്പത് പേര്‍ക്ക് പങ്കെടുക്കാമല്ലോ എന്നാണ് ട്രോളര്‍മാരും കൂടെ പൊതു ജനവും പറയുന്നത്. 

ബാക്കി ദിവസങ്ങളിലെല്ലാം പരമാവധി ഇളവുകള്‍ നല്‍കിയ ശേഷം ശനി ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലെ ഓചിത്യവും വിമര്‍ശനവിധേയമാകുന്നുണ്ട്. രണ്ട് ദിവസം പൂര്‍ണ്ണമായി അടച്ചിടുന്നതിന്റെ തിരക്ക് ഇതിന്റെ തലേദിവസമായ വെള്ളിയാഴ്ചയും പിറ്റേന്ന് തിങ്കളാഴ്ചയും ഉണ്ടാകും ഇത് നിയന്ത്രിക്കാനും മറ്റ് സംവിധാനങ്ങളില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക