Image

മരം മുറി കേസ്; ഇഡി സംസ്ഥാനത്തിന് കത്ത് നല്‍കി

ജോബിന്‍സ് തോമസ് Published on 18 June, 2021
മരം മുറി കേസ്; ഇഡി സംസ്ഥാനത്തിന് കത്ത് നല്‍കി
സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി മരം മുറി വിവാദം കത്തുന്നു. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം ആരംഭിക്കുകയാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കി. വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. 

സംഭവത്തില്‍ കള്ളപ്പണമിടപാട് സംശയിക്കുന്നതായും ഇതിനാല്‍ തങ്ങളുടെ അന്വേഷണം അനിവാര്യമാണെന്നുമാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്ന കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്ത് വനംവകുപ്പ് പരിശോധിച്ച ശേഷം നിയമവകുപ്പിന്റെ അഭിപ്രായത്തിനായി വിട്ടു. 

ബിജെപിക്കെതിരായ കള്ളപ്പണ അന്വേഷണം കേരളസര്‍ക്കാര്‍ നടത്തുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരേധിക്കാന്‍ കേന്ദ്ര ഇടപെടല്‍ മരംമുറി വിഷയത്തില്‍ ഉണ്ടാവണമെന്ന സംസ്ഥാന ബിജെപി നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ , കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ശക്തമായ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. 

ഈ സാഹചര്യത്തിലാണ് മരംമുറിയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്തില്‍ ഇഡി ഈ വിഷയത്തില്‍ ഇടപെടുന്നത്. എന്തായാലും ഈ അന്വേഷണത്തിലൂടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുളള പുതിയ പോര്‍മുഖമായിരിക്കും തുറക്കുക.

കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നവിധത്തില്‍ ഒരു പ്രത്യേക വിഭാഗം പട്ടയഭൂമിയിലെ മരം മുറിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ഗൂഢാലോചന നടത്തി സംസ്ഥാന വ്യാപകമായി പട്ടയ, വനം, റവന്യു , പുറമ്പോക്ക് ഭൂമികളിലെ രാജകീയ മരങ്ങളടക്കമുളളവ മുറിച്ചു മാറ്റിയെന്നാണ് ഈ കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക