ഭാര്യയെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയ ഇന്ത്യൻ വ്യവസായി കുറ്റക്കാരൻ 

Published on 18 June, 2021
ഭാര്യയെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയ ഇന്ത്യൻ വ്യവസായി കുറ്റക്കാരൻ 

ന്യു ജേഴ്‌സി: വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കിയ കേസിൽ, ഇൻഡ്യാനയിലെ നോബിൾസ്‌വില്ലിലുള്ള ഇന്ത്യൻ വ്യവസായി നർസൻ ലിംഗാല (57)  കുറ്റക്കാരനാണെന്ന് ന്യൂജേഴ്‌സിയിലെ ട്രെന്റണിലെ യു.എസ് ഡിസ്ട്രിക്ട് കോർട്ട് ജൂറി   കണ്ടെത്തി. 

ചീഫ് യുഎസ് ജഡ്ജ്  ഫ്രെഡ വുൾഫ്സണിന്റെ മുമ്പാകെ എട്ട് ദിവസം നടത്തിയ  വിചാരണയ്ക്കുശേഷം  മൂന്ന് മണിക്കൂർ  കൊണ്ടാണ് ജൂറി  വിധി പ്രസ്താവിച്ചത്.

50 വർഷത്തെ തടവും  250,000 ഡോളർ  വരെ പിഴയും ലഭിക്കാവുന്ന ചാർജാണ് ഇയാളുടെ പേരിൽ ചുമത്തിയിരിക്കുന്നത്.

ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ലിംഗാലയുടെ കാമുകി സന്ധ്യ റെഡ്ഡി നേരത്തെ  സമ്മതിക്കുകയും അവർക്ക് 63 മാസം തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു 

1995 ൽ  ലിംഗാല വിവാഹം ചെയ്ത സരോജ അൽകാന്തിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇവർക്ക് പ്രായപൂർത്തിയായ രണ്ട് മക്കളുണ്ട്.

വിവാഹമോചന നടപടികളോട്  ലിംഗാല വർഷങ്ങളായി പോരാടുകയാണ്. കൂടുതൽ തുക   ജീവനാംശം നൽകുന്നതും മറ്റും ആണ് ലിംഗാലയെ പ്രകോപിപ്പിച്ചത്.  2017 ൽ  കേസിലെ വാദം കേൾക്കുന്നതിനിടെ, ലിംഗാല തന്റെ വരുമാനവും  എൽഎംഎൻ സൊല്യൂഷനെന്ന സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ മൂല്യവും തെറ്റായി കാണിച്ച് , ജീവനാംശവും കുട്ടികളെ പിന്തുണയ്ക്കുന്ന തുകയും കുറഞ്ഞ അളവിലേ നൽകാൻ സാധിക്കൂ എന്ന്  വാദിച്ചു. നടപടികളിൽ അദ്ദേഹം വിജയിച്ചില്ല.

 ലിംഗാല പിന്നീട് റെഡ്ഡിക്കൊപ്പം ഇന്ത്യാനയിലെ നോബിൾസ്‌വില്ലിലായി താമസം.

ഇതിനിടയിൽ ജയിലിലായ ലിംഗാല അവിടെ വച്ച് സഹ തടവുകാരനോട് വാടക കൊലയാളിയെ കിട്ടുമോ എന്നന്വേഷിച്ചു. അയാൾ അറിയാമെന്നു പറഞ്ഞു പോലീസിനെ അറിയിച്ചു. തുടർന്ന്  പോലീസ് ഉദ്യോഗസ്ഥൻ വാടക കൊലയാളിയായി ലിംഗാലയെ കണ്ടു

2018 ഓഗസ്റ്റ് 18 ന് ന്യൂജേഴ്‌സി ഷോപ്പിംഗ് മാളിന് പുറത്ത് ലിംഗാലയും വാടകക്കൊലയാളിയും നേരിട്ട് കണ്ടുമുട്ടിയതിന്റെയും റെഡ്ടിയുമായി  ചേർന്ന് നടത്തിയ രഹസ്യസംഭാഷങ്ങളുടെയും വീഡിയോ പോലീസ് രഹസ്യവുമായി റെക്കോർഡ് ചെയ്തു. അൽകാന്തിയുടെ വിലാസം, പ്രായം, വീട്ടിലെ ഫോൺ നമ്പർ എന്നിവ ലിംഗാല സംഭാഷണത്തിനിടെ അയാൾക്ക് കൈമാറി . വീടിന്റെ പ്രവേശന കവാടങ്ങളും ലേ ഔട്ടും  വിവരിക്കുകയും ചെയ്തു. അവൾ ജോലി ചെയ്തിരുന്ന കമ്പനിയുടെ പേര്; ജോലിക്ക് പോകുന്ന സമയവും വിശദാംശങ്ങളും എല്ലാം നൽകി.

പ്രതിഫലമായി നൽകേണ്ട തുകയെക്കുറിച്ചും ചർച്ച ചെയ്തതായി രേഖകൾ പറയുന്നു. ജോലിയുടെ സങ്കീർണ്ണതയനുസരിച്ച് 5,000 മുതൽ 10,000 ഡോളർ വരെ ചെലവാകുമെന്ന് കൊലയാളി  പറഞ്ഞത്  ലിംഗാല സമ്മതിക്കുകയും ചെയ്തു.

ആദ്യഗഡു 1000 ഡോളർ അടച്ച്   രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യം നടത്തണമെന്നായിരുന്നു കരാർ. എന്നാൽ, അതിനുമുൻപ്  ലിംഗാലയും  റെഡ്ഡിയും അറസ്റ്റിലായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക