Image

പോക്സോ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു

Published on 18 June, 2021
പോക്സോ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു


കൊച്ചി: പോക്സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിനെ അനുകൂലിച്ച് രംഗത്തെത്തിയതിനു പിന്നാലെ മൂവാറ്റുപുഴ എംഎല്‍എ അഡ്വ. മാത്യു കുഴല്‍നാടനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് വൈകിട്ട് മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയ്ക്ക് സമീപം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു. രാവിലെ ഡിവൈഎഫ്ഐയും മഹിളാ അസോസിയേഷനും നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. മണ്ഡലത്തിലെ പെണ്‍കുട്ടിയ്ക്ക് നീതി ഉറപ്പാക്കേണ്ട എംഎല്‍എ പോക്സോ പ്രതിയ്ക്കായി പരസ്യമായി രംഗത്തെത്തുന്നത് അപമാനകരമാണെന്ന്  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീശ് പറഞ്ഞു. പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനം ജനപ്രതിനിധിയ്ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോക്സോ കേസിലെ പ്രതിയെ സംരക്ഷിച്ചെന്നതാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന് എതിരെയുള്ള കുറ്റം. ഇത് ശരിയായിരിക്കാമെന്നും എന്നാല്‍ കുയെ ഷാന്‍ പീഡിപ്പിച്ചു എന്ന തരത്തിലാണ് പ്രചാരണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ വ്യാഴാഴ്ചയിട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ആദ്യ മൊഴിയില്‍ ഷാനിന്റെ പേരുണ്ടായിരുന്നില്ല. സിപിഎം അനുഭാവിയായ ബന്ധു കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ശേഷം നല്‍കിയ അധികമൊഴിയിലാണ് പേര് പരാമര്‍ശിക്കപ്പെട്ടത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വേട്ടയാടുന്നത് കണ്ടുനില്‍ക്കില്ലെന്നും അതിനാല്‍ വക്കാലത്ത് ഏറ്റെടുക്കുമെന്ന സൂചനയും പോസ്റ്റിലുണ്ട്. അതേസമയം, താന്‍ ഉള്‍പ്പെട്ട അഭിഭാഷക സ്ഥാപനം കേസ് ഏറ്റെടുത്തതിന്റെ ഭാഗമായി തന്റെ പേര് കൂടി ഉള്‍പ്പെട്ടതാണ് എന്നാണ് മാത്യു കുഴല്‍നാടന്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക