അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

Published on 19 June, 2021
അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)
 ജൂണ്‍ പത്തൊമ്പത് വായനാ ദിനം.  കേരളത്തില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കമിട്ട പി. എന്‍, പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 കേരളാ സര്‍ക്കാര്‍ അദ്ദേഹത്തോടുള്ള ആദരസുചകമായി വായനാദിനമായി പ്രഖ്യാപിച്ച്, വായനയെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍, സ്കൂളുകളുംമറ്റും 19 മുതല്‍ 25 വരെയുള്ള ഒരാഴ്ചക്കാലം വായനാ വാരമായിആചരിക്കുന്നു. ഇങ്ങനെ വായനാ ദിനവും, വാരവും ആഘോഷിച്ച്‌വായനയെ പ്രോത്സാഹിപ്പിക്കേണ്ട ഒരവസ്ഥയിലേക്ക് സാക്ഷരകേരളം മാറിയിരിക്കുന്നു. കാരണം പലതായിരിക്കാം. നമ്മുടെ ജീവിതവുംസംസ്കാരവും, സാഹചര്യങ്ങളുംമാറി. സ്വപ്നം കാണാന്‍ മറന്ന മനുഷ്യന്‍ തിരക്കുപിടിച്ച്എന്തിന്റെയെല്ലാമോ പിറകെയുള്ള പാച്ചിലില്‍ അവന്റെ ശീലങ്ങള്‍ മാറിയതറിഞ്ഞില്ല. ഇന്നു വായന പുസ്തകങ്ങളിലല്ല. ഐ-ഫോണിലെ സെബര്‍ ഇടങ്ങളില്‍ഒളിപ്പിച്ചിരിക്കുന്ന വിജ്ഞാനത്തില്‍ അവനവനുവെണ്ടതുമാത്രം തോണ്ടി എടുത്താല്‍മതി. അറിവുതൊട്ടറിയണ്ട, വായിച്ചറിയണ്ട എന്ന നിലയിലായപ്പോള്‍ വായനാശീലവും മാറി.

ഒരോശീലമാറ്റങ്ങളും അവന്റെ സംസ്കാരത്തെയാണ് മാറ്റുന്നത്. സംസ്കാരത്തിന്റെ അടിത്തറ ഭാഷയായിരിക്കെ, ഭാഷ നഷ്ടപ്പെടുന്നവന് എല്ലാം നഷ്ടമാക്കുകയാണ്. ആദ്യം നമുക്ക് കുടിപ്പള്ളിക്കൂടങ്ങളേയും അതിലെ ആശാന്മാരേയും, ആശാട്ടിമാരേയും നഷ്ടമായി. പകരം വന്ന അംഗനവാടികളും, കിന്റര്‍ഗാര്‍ഡനുകളും പുത്തന്‍ സംസ്കാരത്തിന്റെ അക്ഷരമാലകളാണ് പഠിപ്പിച്ചത്. മാറ്റങ്ങള്‍ നല്ലതാകാം. മാറ്റങ്ങളിലൂടെയാണല്ലോ അനാചാരങ്ങള്‍ പലതും നാം തിരിച്ചറിഞ്ഞത്. അതുമൂലം നമുക്കൊത്തിരി മുന്നേറാന്‍ കഴിഞ്ഞു എന്നഭിമാനിക്കാംഎങ്കിലും നമുക്ക് ചിലതെല്ലാം നഷ്ടമായി. ആശാന്‍ പൂഴിമണ്ണില്‍ വിരല്‍ പിടിച്ചെഴിതിക്കുന്ന അക്ഷരവടിവും, വിരല്‍ തുമ്പിലൂടെ ഉള്ളില്‍ പതിയുന്ന അക്ഷരങ്ങളും. ഒപ്പം പഴങ്കഞ്ഞിയും, പോലത്തയും, അത്താഴവും. പകരം ബ്രെക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും കടന്നുവന്നപ്പോള്‍ നാം ആധുനികരായി. വിദേശ ആധിപത്യത്തിന്റെ ബാക്കിപത്രമാണിതൊക്കെ എന്നു പറഞ്ഞുവേണമെങ്കില്‍, നമുക്ക് സ്വയം ന്യായികരിക്കാം. ഏതൊരധിനിവേശക്കാരനും ആ രാജ്യത്തിന്റെ ഭാഷയേയും സംസ്കാരത്തേയുമാണ് ആദ്യം ഇല്ലാഴ്മചെയ്യാന്‍ നോക്കുന്നത്. അവിടെ വിജയിച്ചാല്‍, വരിയുടച്ചവനായി, ജനം എന്നും അവന്റെ നുകത്തിന്‍ കീഴില്‍കഴിയും. ലോകചരിത്രത്തില്‍ഇത്തരം ധാരാളം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്. വെട്ടിപ്പിടിക്കലിന്റേയും, കീഴടക്കലിന്റേയും കഥകള്‍ വിദേശ അധിനിവേശങ്ങളിലേക്ക് മാത്രമായി ചുരുക്കേണ്ടതില്ല. അടുത്ത കാലത്തായി ശക്തിപ്രാപിച്ചുവരുന്ന സ്വദേശിയരായമത തീവ്രവാദികളും അതുതന്നെയാണ് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ ബുദ്ധപ്രതിമകള്‍ ബോംബുവെച്ചു തകര്‍ത്ത് ഒരു മഹത്തായസംസ്കാരത്തെ നിഷ്കാസനം ചെയ്യാന്‍ ശ്രമിക്കുന്ന വര്‍ഗിയവാതികളുടെ മറുവശമല്ലെ ബാബറി മസ്ജിത്ത് തകര്‍ത്ത് ക്ഷേത്രം പണിയുന്ന വര്‍ഗീയവാതികള്‍. എന്തിനേറെ കേരളിയരായ നാം അഭിമാനത്തോടുകൊണ്ടാടുന്ന ഓണത്തെ വാമനജയന്തിയായിവഴിരിരിച്ചു വിടാന്‍ ശ്രമിക്കുന്ന വടക്കന്‍ ഗോസാമിമാരുടെ അന്തര്‍ഗതംമറ്റൊന്നാണോ...? ഇവിടെമുദ്രാവാക്യങ്ങള്‍ മാത്രമേമാറിയുള്ളു മനോഭാവം ഒന്നുതന്നെ. ഇതുരണ്ടുംഒന്നാണന്ന് തിരിച്ചറിയണമെങ്കില്‍കഴ്ച്ചപ്പാടുവേണം.

ഈ കാഴ്ച്ചാട്, അനുഭവങ്ങളില്‍ നിന്നും, വായനയില്‍ നിന്നും ഊരിത്തിരിഞ്ഞുവരേണ്ടതാണ്. എന്നാല്‍ അറിവും വായനയുംതാളിയോല ഗ്രന്ഥങ്ങളില്‍, വരേണ്യന്റെ അറപ്പുരയുടെതടവറില്‍ വെളിച്ചംകൊതിച്ചു നടന്ന കാലത്തായിരിക്കാം വിദേശികള്‍ ഈ രാജ്യത്തെ തങ്ങളുടെ വ്യാപരകേന്ദ്രമാക്കി ആധിപത്യം സ്ഥാപിച്ചത്. പടിഞ്ഞാറന്‍ ആധിപത്യത്തില്‍ ഒന്നിലധികം അന്തര്‍ധാരകള്‍ ഉണ്ടായിരുന്നു. ഒന്ന് ഈസ്റ്റിന്ത്യാകമ്പിനിയായി ഇന്ത്യയുടെ ഭരണത്തിലും സമ്പത്തിലും കണ്ണുവെച്ചപ്പോള്‍, മറ്റൊരു ധാര മിഷനറിമാരായി, ആതുരാലയങ്ങളിലും, വിദ്യാഭ്യാസത്തിലും, മതപ്രബോധനങ്ങളിലും ശ്രദ്ധയൂന്നി ഗ്രാമങ്ങളിലേക്കിറങ്ങി. വേണമെങ്കില്‍ മതപരിവര്‍ത്തനം അവരുടെ മേല്‍ആരൊപിക്കാമെങ്കിലും അതിലുംവലിയ നേട്ടം അവര്‍ പകര്‍ന്ന വിദ്യയില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അധികാരം അവരുടെ കയ്യില്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയില്‍ മൊത്തം രണ്ടു ശതമാനത്തില്‍ താഴെമാത്രമേ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളു എന്ന് ഓര്‍ക്കണം. അവര്‍സ്ഥാപിച്ച ആശുപത്രികളും, സ്കൂളുകളു, അച്ചടിസ്ഥാപനങ്ങളും അക്ഷരത്തിന്റെയും വായനയുടെയും പുത്തന്‍ ലോകം നമുക്കു മുന്നില്‍തുറന്നു. ഈ വിശാലമായലോകത്തില്‍എല്ലാം നേരിട്ടു കണ്ട് അനുഭവങ്ങളിലുടെ തിരിച്ചറിവുകളെ രൂപ്പെടുത്താന്‍ അത്രകണ്ടു സാധ്യമല്ലന്നിരിക്കെ, വായനയുടെ വിശാലമായലോകംവിവിധ ആശയങ്ങളേയും, അനുഭവങ്ങളേയും, സംസ്കാരങ്ങളേയും നമുക്ക് കാണിച്ചുതരുന്നു. ആ സത്യം മനസിലാക്കിയ ആളായിരുന്നു പി..എന്‍. പണിക്കര്‍ എന്നറിയപ്പെടുന്ന പുതുവായില്‍ നാരായണ പണിക്കര്‍.  കേരളാ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവായിഅറിയപ്പെടുന്ന പണിക്കരുസാര്‍, “വായിച്ചുവളരുക’ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ അങ്ങോളംഇങ്ങോളംഓടിനടന്ന്, യുവാക്കളെ നവോത്ഥാനകാലത്തിലേക്ക് നയിച്ചു.

1909 മാര്‍ച്ച് ഒന്നാംതിയ്യതിആലപ്പുഴയില്‍ ജനിച്ച പണിക്കര്‍ 1945 ല്‍ തിരുവതാംകൂര്‍ ഗ്രന്ഥശാലാസംഘം സ്ഥാപിച്ചു, 47 വായനശാലകള്‍ അതില്‍ഉണ്ടായിരുന്നു. പിന്നിട് നാട്ടിലെ ഗ്രാമങ്ങളിലും, പട്ടണങ്ങളിലുമായി ആറായിരത്തോളം ഗ്രന്ഥാലയങ്ങള്‍സ്ഥാപിച്ച് അതൊരു മഹാ പ്രസ്ഥാനമാക്കി.

ലോകത്തില്‍മറ്റാരും ചെയ്തിട്ടില്ലാത്ത ഒരു വലിയ സംരംഭം. 1977ല്‍ രൂപികരിച്ച കാണ്‍ഫെഡിന്റെ (കെ. എ.എന്‍. എഫ്. ഡി) നേതൃത്വത്തില്‍ നടത്തിയപ്രവര്‍ത്തനങ്ങളുടെ ഫലമായി, ഇന്ത്യയിലെ നൂറുശതമാനം സാക്ഷരതനേടിയസംസ്ഥാനമായികേരളംമാറി. അതിന്റെപേരില്‍ യുനസ്‌കോഅദ്ദേഹത്തെ അവാര്‍ഡു നല്‍കിആദരിച്ചു. ഇന്ത്യാഗവ: അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കിആദരിച്ചു. 1995 ജൂണ്‍ 19ന് അദ്ദേഹംമരിച്ചു. എല്ലാവര്‍ഷവും ജൂന്‍ 19, വായനാ ദിനമായിദേശിയമായിത്തന്നെ കൊണ്ടാടിക്കൊണ്ട് രാജ്യവും അദ്ദേഹത്തെ ആദരിക്കുന്നു. പണിക്കര്‍സാറിനെപ്പറ്റി ഇത്രയൊക്കെ പറഞ്ഞു നമുക്കവസാനിപ്പിക്കാമായിരിക്കാം. പക്ഷേ അദ്ദേഹംതുറന്നു തന്ന വെളിച്ചത്തിന്റെ ലോകത്തെപ്പറ്റി എത്ര പറഞ്ഞാലാണ് മതിയാവുക.

ഇന്ന് ജീവിച്ചരിക്കുന്ന മുപ്പതുവയസിനു മുകളിലുള്ളആരെങ്കിലും ഒരു ഗ്രാമീണ ഗ്രന്ഥശാലയില്‍ പോകാത്തവരോ, തീരെ കുറഞ്ഞത് കണ്ടിട്ടെങ്കിലും ഇല്ലാത്തവരോ ഉണ്ടാകുമോ. കേരളത്തില്‍ പുരോഗമന പ്രസ്ഥാനം രൂപപ്പെട്ടത് ഇത്തരം ഗ്രന്ഥശാലകളിലെ വായനയില്‍ നിന്നും, ചര്‍ച്ചകളില്‍ നിന്നും ആണന്ന കാര്യത്തില്‍തര്‍ക്കമില്ല. ഇന്നും സാക്ഷരകേരളത്തിന്റെ അഭിമാനം ഈ വായനശാലകളിലൂടെയാണ്. എന്റെ ഗ്രാമത്തില്‍ അന്നത്തെ ചെറുപ്പക്കാരുടെ ഉത്സഹത്തില്‍ ഉയര്‍ന്ന ഗ്രാമോദ്ധ്യാരണ ഗ്രന്ഥശാല എന്നും എന്റെ ഓര്‍മ്മയുടെ പച്ചപ്പില്‍ഉണ്ട്. അവളുടെയവ്വനകാലത്തെ സുഗന്ധം നുണഞ്ഞ്, അവളെപ്രേമിച്ചു നടന്ന ഒരുകാലം. ചെസും, ക്യാരംസും കളിക്കാന്‍ പഠിച്ചതവിടെ നിന്നാണ്. ഓണക്കാലത്തെ നാടകറിഹേഷ്‌സല്‍ കാണാന്‍ അടച്ചിട്ട മുറിയുടെ ജാനാലയില്‍കൂടി എത്തിനോക്കുന്ന ഒരുകാലം. റിഹേഷ്‌സല്‍ മുറിയിലേക്ക് കടന്നുചെല്ലാനുള്ള പ്രായം ഒന്നും ആയിരുന്നില്ല. മൂത്തജ്യേഷ്ഠന്‍ സ്ത്രിവേഷം കെട്ടിയ സി. എല്‍. ജോസിന്റെ നാടകത്തിലെ അപ്പന്‍ വേഷക്കാരനായ പട്ടംന്തറഗോപാലകൃഷ്ണനും മനസ്സിലേക്കോടിക്കയറുന്നു.

ശരിയായ ഇടത്തില്‍എത്തിപ്പെട്ടിരുന്നെങ്കില്‍ കൊടിയേറ്റം ഗോപിയേക്കാള്‍ അഭിനയചാതുര്യമുള്ള ഒരു നടനായി മാറാന്‍ കഴിവുണ്ടായിരുന്ന അയാള്‍, ജീവിതമേ ഒരു നാടകമായി കണ്ട് മദ്യത്തില്‍ മുങ്ങി, തെരുവില്‍ തന്റെ ജീവിതം അഭിനയിച്ചുതീര്‍ത്തതുംകാണാനിടയായി. ഇതൊക്കെ വായനശാലയുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് വായനാ ദിനവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ ഇതൊക്കെയുണ്ട്. ഒരു നാടിന്റെ കാലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളില്‍ ഈ ഗ്രന്ഥശാലാ പ്രസ്ഥാനം ചെലുത്തിയസ്വാധീനം തിരിച്ചറയാന്‍ ഇനിയുംകാലം വേണ്ടിവരും.

എന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഈ വായനശാലക്ക് നല്ല ഒരു പങ്കുണ്ടെന്ന് പിന്‍, എന്‍, പണിക്കര്‍ സാറിനെ സ്മരിച്ചുകൊണ്ടു തന്നെ സാക്ഷ്യപ്പെടുത്തട്ടെ. ആദ്യം ഓര്‍മ്മയില്‍ നില്‍ക്കുന്ന പുസ്തകം “ഒരു കുടയും കുഞ്ഞുപെങ്ങളും’ ആണ്. ഏഴാം ക്ലാസിലോ, ആറാം ക്ലാസിലോഎന്നറില്ല. സ്കൂളിലെ നോണ്‍ഡിറ്റയ്ല്‍ പുസ്തകയിനത്തിലാണതു പഠിച്ചതെന്നാണോര്‍മ്മ. ആ പുസ്തകം ഒരു പുതിയ അനുഭവമായിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന, ഒരു കുടയ്ക്കിവേണ്ടിയുള്ള ആഗ്രഹവും,

ഒപ്പം എന്റെ കുഞ്ഞുപെങ്ങള്‍ക്കും ഒരു കുടവാങ്ങിക്കൊടുക്കണമെന്നുമുള്ള മോഹവും ആ കഥയിലെ നായകകാഥാപത്രത്തിനൊപ്പം എന്റേതുകൂടിയായി. ഇങ്ങനെ തുറന്ന കഥാലോകം, ഗ്രാമോദ്ധാരണ വായനശാലയിലേക്കുള്ളവഴി തുറക്കലായിരുന്നു. അവിടെ മുട്ടത്തുവര്‍ക്കിയുടെ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങി, അപസര്‍പ്പക നോവലുകളിലേക്ക് വളര്‍ന്നു. എന്നും അപസര്‍പ്പക കഥകള്‍ ചോദിക്കുന്ന പതിനാലുകാരനെ ഒന്നു നോക്കി, ലൈബ്രറേറിയന്‍ ചന്ദ്രശേഖരന്‍ ആചാരി പറഞ്ഞു,

“എന്നും ഇതുമാത്രം വായിച്ചിരുന്നാല്‍ മതിയോ...വേറെ പുസ്തകങ്ങള്‍ എടുത്തുവായിക്ക്’. ചന്ദ്രശേഖരന്‍ ശല്ല്യം ഒഴുവാക്കാന്‍ പറഞ്ഞതോ, അതോവായനയുടെ പരപ്പും ആഴവുംകാണിച്ചുതന്നതോ. തന്നെ എത്രയും പെട്ടന്നൊഴുവാക്കനാള്ള ഒരു തന്ത്രം അതില്‍ ഉണ്ടായിരുന്നു. ചന്ദ്രശേഖരന്റെ കാമുകി പുസ്ത്കം എടുക്കാന്‍ വരുന്ന സമയത്തിനു  മുമ്പേ തന്നെ ഒഴുവാക്കാന്‍ വേണ്ടി, തകഴിയുടേയും, കേശവദേവിന്റേയും, പൊറ്റക്കാടിന്റേയും, ബഷീറിന്റേയും, എം, ടി. വാസുദേവന്‍ നായരുടേയും ഒക്കെ പുസ്തകങ്ങള്‍ തരാന്‍ തുടങ്ങി. എഴുത്തുകാരുടെ പേര് നോക്കിയല്ല വായിച്ചുതുടങ്ങിയത്. പക്ഷേ പിന്നിട് എഴുത്തുകാരുടെ പേരു നോക്കി പുസ്തകങ്ങള്‍ എടുത്തു. അതുംതീര്‍ന്നപ്പോള്‍, ഒരു വാശിപോലെ വായനശാലയിലെഎല്ലാ പുസ്തകങ്ങളുംവായിക്കണം എന്നായി. വിശ്വസാഹിത്യമെന്നും തിരിച്ചറിയാതെയാണ് അന്നാകരീനിനയും, യുദ്ധവും സമധാനവും , കാരമസോവ്‌സഹോദര്‍ന്മാരെയൊക്കെ വായിച്ചത്. പകുതിയും മനസിലായില്ലെങ്കിലും വായിച്ചുതീര്‍ക്കുക എന്നുള്ളതൊരുവാശിയായിരുന്നു. ഏറ്റവുംവലിപ്പമുള്ള പുസ്ത്കങ്ങള്‍ വായിക്കുന്നത് കൂട്ടുകാര്‍ക്കിടയില്‍ ആളാകാനുള്ള ഒരുവഴികൂടിയായിരുന്നു. പക്ഷേ ഒരു പുസ്തകത്തോടു മാത്രം തോറ്റുപോയി. ഒഡീസിവായിച്ചു തീര്‍ക്കാന്‍ കഴിയാതെ മടക്കിക്കൊടുത്തതോര്‍ക്കുന്നു. പിന്നിട് അതുവായിക്കണമെന്നാഗ്രഹിച്ചിട്ടും എന്തുകൊണ്ടോ നടന്നില്ല. ഇതൊക്കെ എന്റെ ഗ്രാമീണ വായനശാലക്കെുറിച്ചുള്ള ഓര്‍മ്മകളാണ്.

ഒരൊ വ്യകതികളുടേയും വ്യക്തിത്വരൂപീകരണത്തിന് വായനയുടെ പങ്ക് വലുതാണെന്ന് ഞാന്‍ കരുതുന്നു. വായന ഇന്ന് ഇ-ബുക്കുകളിലായപ്പോള്‍, അവനവന് ആവശ്യമുള്ളതുമാത്രം തിരഞ്ഞുവായിക്കന്നവരുടെ ഒരുതലമുറവളരുന്നു. പക്ഷേ അവര്‍ക്ക് നഷ്ടപ്പെടുന്ന വിശാലമായ ഒരുലോകംഅവര്‍ തിരിച്ചറിയുന്നില്ല. അറിവുകള്‍ക്കായി അവര്‍ ഗൂഗിളിനെ ആശ്രയിക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നതു രൂപപ്പെടാതുപോയ സ്വന്തംകാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമാണ്. അവര്‍മറ്റാരോ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് പിന്നാലെ പോകുന്നു. സ്വന്തം സുഖവും സന്തോഷവും മാത്രം തേടുന്ന ഏകകോശ ജീവികളാകുന്നു. വിശാലമായ ഈ ലോകത്തില്‍ സഹജീവികള്‍ ഉണ്ടെന്ന്അവര്‍ മറക്കുന്നു. അവിടെമത, രാഷ്ടിയ വര്‍ഗിയത അവരുടെമേല്‍ ആധിപത്യംസ്ഥാപിക്കുന്നു. നാട്ടിലെ ചോര്‍ന്നൊലിച്ച വായനശാലകളും, വായനക്കാരില്ലാത്ത ചിതലെടുത്ത പുസ്തകങ്ങളും അതാണ് നമ്മോടു പറയുന്നത്. ആരാണ് കുറ്റക്കാര്‍.? നമ്മളില്‍ നിന്നും അന്യം നിന്ന വായനയെ വീണ്ടെടുക്കണം. ഈ വായനാ ദിനത്തില്‍ നമുക്ക് നമ്മോടു തന്നെ പറയാനുള്ളത് അതായിരിക്കും. അമേരിക്കയില്‍ ഉള്ള നമുക്ക്‌വായനശാലകള്‍ നടത്തിക്കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ല, എങ്കിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടനകള്‍ നല്ല മലയാളംവായനശാലകള്‍ സ്ഥാപിച്ചിട്ടുള്ളത് എനിക്ക് നേരിട്ടറിയാം. വായനാക്കാര്‍ കുറവാണെങ്കിലും ഭാഷാസ്‌നേഹത്തിന്റെ ഭാഗമായി നടത്തുന്ന ഇത്തരംസേവനങ്ങളേയും മറക്കാതിരിക്കുക.

എന്റെ ഒരനുഭവംകൂടി പറഞ്ഞിതവസാനിപ്പിക്കാം. ന്യൂയോര്‍ക്കില്‍ ഉള്ള കേരളാകള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റായിരിക്കുന്ന സമയത്ത്, വിചാരവേദിയുടെ സഹകരണത്തില്‍ കെ. സി. എ. എന്‍. എ മലയാളം ലൈബ്രറി എന്ന ആശയത്തില്‍ ഏകദേശം അഞ്ഞൂറോളം പുസ്ത്കങ്ങള്‍ സമാഹരിച്ച്, കേരളാസാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന ശ്രീ. പെരുമ്പടവം ശ്രിധരനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. എന്നാല്‍ ആ പുസ്തകങ്ങള്‍ ഒരു ഗ്ലാസലമാരി ഉണ്ടാക്കി സൂക്ഷിക്കാന്‍ പിന്നിടു വന്ന ഭാരവാഹികളൊന്നും ശ്രദ്ധിച്ചില്ല എന്നതുവേദനയോട് ഓര്‍ക്കുന്നു. നമ്മുടെ ഭാഷയിലുടെ നിലനില്‍ക്കേണ്ട സാംസ്കാരത്തെ വരുംതലമുറയ്ക്ക് ചൂണ്ടിക്കാട്ടാനുള്ള ചൂണ്ടു പലകയാണ് പുസ്തകങ്ങള്‍ എന്ന തിരിച്ചറിവ് ഉണ്ടായാല്‍ നന്ന്. ഇവിടെ മലയാളം വായിക്കുന്ന തലമുറ അന്ന്യംനിന്നു പോകും എന്ന ഭയമുണ്ടെങ്കിലും, ഒരു കാലത്ത് ഏതെങ്കിലും ഗവേഷകര്‍ക്കെങ്കിലും ഉപകാരപ്പെടും എന്നു വിചാരിച്ചെങ്കിലും നമ്മുടെ വായനശാലകള്‍ നിലനിര്‍ത്തണം എന്നഗ്രഹിക്കുന്നു. എന്നേപ്പൊലെയുള്ളവര്‍ക്ക് വായിച്ചു വളരുവാന്‍ വേദിയുണ്ടാക്കിയ പി. എന്‍. പണിക്കരുസാറിന് ഈ വായനാ ദിനത്തില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)
Sudhir Panikkaveetil 2021-06-19 13:29:07
വായിക്കാൻ മറന്നുപോയവരെ ഓർമ്മപെടുത്താൻ എന്ന പോലെ ഒരു വാരം. അത് തന്നെ പ്രതീക്ഷ നൽകുന്നു. പല ഭാഷകളും നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മുടെ മലയാളവും ഒരു പക്ഷെ സമീപഭാവിയിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കേരളം ഒരു മിനി ബംഗാൾ ആകുമ്പോൾ മലയാളം അപ്രത്യക്ഷമാകും. വായനക്കാർ ഇല്ലെങ്കിൽ സാഹിത്യവും പുരോഗമിക്കില്ല. അപ്പോഴാണ് വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാർ ഉണ്ടാകുന്നത്. ശ്രീ സാംസി നന്നായി എഴുതി. പിന്നെ ബുദ്ധ പ്രതിമ തകർത്തതും ബാബ്‌റി മസ്ജിദ് തകർത്തതും താരതമ്യം ചെയ്യാമോ? ഒന്ന് മതം അനുശാസിക്കുന്ന കർമ്മവും മറ്റേത് അനധികൃത അധിനിവേശത്തേ ചെറുത്തതുമല്ലേ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഉണ്ടെന്നു വിശ്വസിച്ചിരുന്ന ഒരു അമ്പലം ഏഴാം നൂറ്റാണ്ടിൽ വന്ന ഒരാൾ മതം അനുശാസിക്കുന്നത്കൊണ്ട് നശിപ്പിച്ചുവെന്ന വിശ്വാസം. സത്യം ആർക്കറിയാം.
moidunny abdutty 2021-06-20 02:31:15
Samcy, it is always good to refresh our memory that there is a Vayanadinam on june 19th.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക