കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

Published on 19 June, 2021
കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ
ഗുഡ്മോണിങ് കേരളയിൽ
ഇന്ന് ശ്രീകണ്ഠൻ നായർ ഇടുക്കി അണക്കരയിൽ വീട്ടമ്മ, യുവാവുമായുള്ള തർക്കത്തിനിടെ അയാളുടെ കൈപ്പത്തി വെട്ടിയിട്ടു എന്ന വാർത്ത പറഞ്ഞതും പ്രതിനിധിയുടെ വിശദാംശങ്ങളും കേട്ടു. അതുപോലെ രണ്ട് പെണ്ണുങ്ങളുടെ അടിയടങ്ങിയ വീഡിയോ ഒരാൾ പങ്കുവച്ചതും കണ്ടു . ഒരുത്തിയുടെ കൈയിലെ കട്ടിത്തവികൊണ്ട് മറ്റവൾക്കിട്ട് അടിക്കുന്നു. അടിച്ചടിച്ച് കൂട്ടത്തിലെ ചെറുപ്പക്കാരി വഴിയിൽ മലർന്നു വീഴുന്നു.. മറ്റവർ ചുറ്റും നോക്കി പൊടിയും തൂത്ത് വീട്ടിലേക്ക് പോകുന്നു. 
അതിലും രസം മദ്യലഭ്യതയിൽ ആഹ്ളാദിക്കുന്നവരുടെ ദൃശ്യങ്ങളാണ്. കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന ക്യൂവിൽ പുരുഷപ്രജകൾ. (പെണ്ണുങ്ങൾ ഒന്നു പോലുമില്ല. ഭാഗ്യമാവട്ടെ . ) ഇപ്പക്കിട്ടും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയോടെ വരിയിൽ നിൽക്കുകയാണവർ. ( പെരുവഴിയിൽ ഒരു നാണവുമില്ലാതെ )
കൂട്ടത്തിൽ അതിഭാഗ്യവാൻമാരെന്നപോലെ നെഞ്ചിൽ ചേർത്ത കുപ്പിക്കൂട്ടങ്ങളുമായി ചിലർ. പിന്നെ കുഴഞ്ഞ് കുഴകളൊടിഞ്ഞ് കീഴാംതൂക്കായി കിടക്കുന്നവരുടെ ചിത്രങ്ങൾ.
എല്ലാം സംഭവിച്ചിട്ടുള്ളത് കഴിഞ്ഞ 2 ദിവസങ്ങളിലാണ്.
കള്ള്കച്ചവടം കൊണ്ട് കാശ്പെട്ടികൾ നിറഞ്ഞു കവിയുന്നു എന്നാണ് കേൾവി. 
അടിക്കേസുകളിൽപെട്ടവർ പെണ്ണായാലും ആണായാലും കേസും പറഞ്ഞ് നടക്കുന്നുണ്ടാവും.
കോളജിൽ പോകുന്നത് അടിക്കാനും അടികൊള്ളാനുമാണെന്ന മട്ടിൽ വലിയ നേതാക്കളുടെ വീരസ്യം പറച്ചിലാണ് അടുത്ത രസം. സമരം നടത്തിനടത്തി തൊഴിൽശാലകളൊക്കെ പൂട്ടിക്കെട്ടി നാടുവിട്ടിട്ട് കാലങ്ങളായി. എങ്ങനേലും നാലക്ഷരം പഠിച്ച് എവിടേലും പോയി തൊഴിൽ ചെയ്ത് ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹങ്ങളും കൂടി നശിപ്പിക്കാനാവും ഈ കാട്ടാഗുസ്തിക്കഥകൾ പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും മണ്ണുവാരിയെറിയുന്നത്. ഞാനടിച്ചു നീയടിച്ചു നമ്മളടിച്ചു എന്ന മട്ടിൽ കഥപറച്ചിൽ തുടരുന്നു.
ഇതൊക്കെ എഴുതിയുണ്ടാക്കി കഥകൾ വളർത്തുന്ന മാധ്യമങ്ങളുടെ കാര്യമോർക്കുമ്പോഴും നാണം തോന്നുന്നു. തൊഴിലും കാശുമില്ലാതെ മുന്നോട്ട് എങ്ങനെ ജീവിക്കുമെന്നറിയാതെ രോഗഭയത്താലും മരണഭയത്താലും കഴിയുന്ന മനുഷ്യർക്ക് നേരംപോക്കിനായാണോ ഇതൊക്കെ നിങ്ങൾ നൽകുന്നത്.?
'സൗജന്യങ്ങൾ ആരൊക്കെയോ നൽകുന്നുണ്ട്. ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല 'എന്നു പറഞ്ഞ് കൂലിവേലക്കാർ കൂട്ടമായിത്താമസിക്കുന്നിടത്തെ സ്നേഹിത കഴിഞ്ഞ ദിവസം വന്നു പറഞ്ഞു. ഞങ്ങടെ കാര്യം എവിടെയെങ്കിലും ഒന്നെഴുത് എന്നതായിരുന്നു അവരുടെ ആവശ്യം.
കള്ളിന് ക്യൂ നിൽക്കാൻ പോകുന്നവർ കേൾക്കണം നിങ്ങളുടെ പെണ്ണുങ്ങളുടെ ഗതികേടുകൾ.
മദ്യപാനം ശീലമാക്കിയവർക്ക് അത് മാന്യമായ രീതിയിൽ ലഭിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കിക്കൂടേ....?
കട തുറക്കുമ്പോൾ മുന്നിലുള്ളവനെ തള്ളിയിട്ട് പായുന്ന ആൾക്കൂട്ടത്തെ കണ്ട് ചിരിക്കണോ കരയണോ..?
മദ്യപന്റെ പ്രവൃത്തിയും അവന്റെ വാക്കുകളും വിലകെട്ടതാകുന്നു എന്നാണ് കണ്ടുവരുന്നത്. ബോധമാണ് മറഞ്ഞു പോകുന്നത്. പള്ളനിറച്ചും കുടിച്ച് വെളിവില്ലാതെ നടന്ന് അപഹാസ്യരാകാതെ ഒരു നല്ല കുടിസംസ്കാരം ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. സർക്കാർ മുൻകൈയെടുത്ത് പുതിയ കുടിനയം നടപ്പിൽ വരുത്തണം. 
ആര് ഭരിച്ചാലും മദ്യനിരോധനമൊന്നും ഉണ്ടാവാൻ പോകുന്നില്ല. അതുകൊണ്ട് കെട്ടകാഴ്ചകൾ നിർത്തലാക്കി ആവശ്യക്കാർക്ക് മാന്യമായി വാങ്ങാനുള്ള സംവിധാനങ്ങൾ ഉണ്ടാവുന്നത് നന്നാവും എന്നങ്ങ് തോന്നുകയാണ്.
നമ്മുടെ ആണുങ്ങൾ ഇങ്ങനെ നാണംകെട്ടവരായി വഴിയിൽ നിരക്കുന്നത് കാണാൻ ഒരു ഭംഗിയുമില്ല. 
അതുപോലെ അടിക്കഥകൾ കേട്ട് ഉൽസാഹം കേറി അടിവച്ചടിവെച്ച് മുന്നേറാം എന്ന് കോളജ് പിള്ളേരേ , നിങ്ങളാരും വിചാരിച്ചു കളയരുതേ..!
കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക