Image

രാജ്യത്ത് മൂന്നാം തരംഗം ഉടന്‍ ;മുന്നറിയിപ്പുമായി എംയിസ് മേധാവി

ജോബിന്‍സ് തോമസ് Published on 19 June, 2021
രാജ്യത്ത് മൂന്നാം തരംഗം ഉടന്‍ ;മുന്നറിയിപ്പുമായി എംയിസ് മേധാവി
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് എംയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ. മുന്നാം തരംഗം ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്‍ലോക്കിംഗിലെ ജനങ്ങളുടെ പെരുമാറ്റത്തേയും അദ്ദേഹം വിമര്‍ശിച്ചു. പ്രതീക്ഷിച്ച പെരുമാറ്റമല്ല ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നത്. ആള്‍ക്കൂട്ടങ്ങളുണ്ടാവുകയും ജനങ്ങള്‍ ഒത്തുചേരുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 

ഒന്നും രണ്ടും തരംഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒന്നും പഠിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നതും ആള്‍ക്കൂട്ടങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്നതും ആശ്രയിച്ചായിരിക്കും കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തിലായിരുന്നു എയിംസ് മേധാവിയുടെ പ്രതികരണം. 

ആദ്യ തരംഗത്തേക്കാള്‍ രൂക്ഷമായിരുന്നു രാജ്യത്ത് രണ്ടം തരംഗം. ചികിത്സാ സൗകര്യങ്ങളുടേയും ഓക്‌സിജന്റേയും ക്ഷാമമായിരുന്നു ഇന്ത്യയില്‍ പ്രധാനപ്രശ്‌നം. മരണനിരക്ക് ഉയരുകയും ചെയ്തു. ഇതിനുശേഷം പ്രതിദിന കോവിഡ് കണക്ക് കുറയാന്‍ തുടങ്ങിയതോടെയാണ് അണ്‍ലോക്ക് പ്രഖ്യാപിച്ചത്. രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. 

രണ്ടാം തരംഗത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാരുകള്‍ അവഗണിച്ചു എന്ന ആരോപണങ്ങള്‍ ഇപ്പോഴും ശക്തമാണ് . ഈ സാഹചര്യത്തിലാണ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവും വന്നിരിക്കുന്നത്. രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക