Image

പിണറായിക്ക് മറുപടിയുമായി സുധാകരന്‍

ജോബിന്‍സ് തോമസ് Published on 19 June, 2021
പിണറായിക്ക് മറുപടിയുമായി സുധാകരന്‍
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം സുധാകരന്‍ നിഷേധിച്ചു. താന്‍ ഇങ്ങനെ പദ്ധതിയിട്ടുവെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞ ആളുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തതെന്നും സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രിയെ ബ്രണ്ണന്‍ കോളേജില്‍ വച്ചു മര്‍ദ്ദിച്ചെന്ന കാര്യം പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പിലാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ലേഖകന്‍ ചതിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. പിആര്‍ ഏജന്‍സിയുടെ കൂട്ടില്‍ നിന്നും പുറത്തുവന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേതാണെന്നും സുധാകരന്‍ ആരോപിച്ചു.

തനിക്കല്ല മുഖ്യമന്ത്രിക്കാണ് വിദേശ കറന്‍സി ഇടപാടെന്നും ഭരണത്തിന്റെ സര്‍വ്വസന്നാഹങ്ങളുമായാണ് മുഖ്യമന്ത്രി കള്ളക്കടത്ത് നടത്തിയതെന്നും സ്വപ്‌ന സുരേഷിനെ നാല് വര്‍ഷം കൂടെ കൊണ്ടുനടന്ന പിണറായിയാണ് ഇപ്പോള്‍ സ്വപ്‌ന ആരാണെന്ന് ചോദിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്നും തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും സുധാകരന്‍ വെല്ലുവിളിച്ചു. ചിഞ്ഞളിഞ്ഞ വിദ്വേഷമുള്ള മനസ്സല്ല തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടെതെന്നും സുധാകരന്‍ പറഞ്ഞു. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങിത്തിന്നാനാണോ എന്നു ചോദിച്ച സുധാകരന്‍ തോക്കുള്ള പിണറായിയാണോ തോക്കില്ലാത്ത താനാണോ മാഫിയ എന്നും ചോദിച്ചു. 

തനിക്ക് മണല്‍മാഫിയകളുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിക്കട്ടെയും അവരുടെ കൈയ്യിലാണല്ലോ ഭരണമെന്നും സുധാകരന്‍ ചോദിച്ചു. സ്‌കൂള്‍ ഫണ്ടിലും രക്ഷസാക്ഷി ഫണ്ടിലും താന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പിണറായി അന്വേഷിക്കേണ്ടെന്നും അത് പാര്‍ട്ടി അന്വേഷിച്ചോളുമെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപി ബന്ധം തനിക്കല്ല പിണറായിക്കാണെന്നും പിണറായിയുടെ ആദ്യ തെരഞ്ഞെടുപ്പുമുതല്‍ ബിജെപിയുടെ ആനുകൂല്ല്യം പിണറായി സ്വീകരിക്കുന്നുണ്ടെന്നും ബിജെപി ബന്ധം സിപിഎമ്മിനാണെന്നും സുധാകരന്‍ ആരോപിച്ചു. 

ഇടയ്ക്ക് മാധ്യമപ്രവര്‍ത്തകരോടും സുധാകരന്‍ കയര്‍ത്തു. എകെജി സെന്ററില്‍ നിന്നും വാട്‌സപ്പിലയക്കുന്ന ചോദ്യങ്ങള്‍ തന്നോട് ചോദിക്കേണ്ടെന്നും നിങ്ങള്‍ക്ക് ശമ്പളം തരുന്നത് എകെജി സെന്ററില്‍ നിന്നാണോ എന്നുമായിരുന്നു കോപത്തോടെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 

1977 ല്‍ പിരിച്ചുവിട്ട ബീഡിതൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത തനിക്കെതിരെ പിണറായി വിജയന്‍ വാളോങ്ങിയെന്നും കഴുത്തിന് കൊള്ളേണ്ട വെട്ട് താന്‍ കൈ കൊണ്ട് തടഞ്ഞതാണ് കൈയ്യിലെ പാടെന്നും സുധാകരനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ കണ്ടോത്ത് ഗോപി പറഞ്ഞു. പോലീസ് മൊഴിയെടുത്തെങ്കിലും പിണറായി സ്വാധീനം ചെലുത്തി കേസ് ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയോട് തനിക്ക് യാതൊരു വ്യക്തിവിരോധവും ഇല്ലെന്നും അദ്ദേഹത്തിന്റെ
രാഷ്ട്രീയത്തെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പറഞ്ഞായിരുന്നു സുധാകരന്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക