നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 19 June, 2021
നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)
2. സൗഹൃദ കുടുംബാന്തരീക്ഷം.
സൗഹൃദ കുടുംബാന്തരീക്ഷം കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്ക് വളരെ ആവശ്യമാണ്. വൈകുന്നേരം ഊണിനു മുമ്പ് ഒരു കുടുംബവേദി കൂടുന്നതു നല്ലതാണ്. എല്ലാ കുടുംബാംഗങ്ങളും അരമണിക്കൂറെങ്കിലും ഒത്തുചേര്‍ന്ന് അന്നത്തെ പ്രധാനകാര്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത പരിഹാരം കണ്ടെത്തണം. സ്‌ക്കൂളിലോ, കോളേജിലോ, ജോലി സ്ഥലത്തോ നടന്ന സംഭവങ്ങളും പ്രധാന കാര്യങ്ങളും വിവരിക്കാം. അടുത്ത ദിവസം സമരമോ മറ്റോ ഉണ്ടെങ്കില്‍ സ്‌ക്കൂളിലോ, ജോലി സ്ഥലത്തേക്കോ പോകണോ, പോകണ്ടെ എന്ന കാര്യം തീരുമാനിക്കാം. ഇത്തരം കുടുംബസഭ, സന്തോഷവും പരസ്പരസ്‌നേഹവും നിറഞ്ഞ ആത്മീയ കുടുംബാന്തരീക്ഷമായിരിക്കണം. കുട്ടികള്‍ അച്ഛനമ്മമാരില്‍ നിന്നെന്തു പ്രതീക്ഷിക്കുന്നു? അച്ഛനമ്മമാര്‍ കുട്ടികളില്‍ നിന്നെന്തു പ്രതീക്ഷിക്കുന്നു തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉള്ളു തുറന്നു ഭയരഹിതമായി സംസാരിക്കാന്‍ അവസരമൊരുക്കണം. കുടുംബവേദി അവസാനിക്കുന്നതിനു മുമ്പു കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് മനസ്സിന് ശാന്തിയും സമാധാനവും നല്‍കും. ഒന്നിച്ചിരുന്ന് രാത്രി ഭക്ഷണവും സാധിക്കുമെങ്കില്‍ പ്രഭാതഭക്ഷണവും കഴിക്കാന്‍ ശ്രമിക്കണം. ഭക്ഷണം നന്നായാല്‍ പാകം ചെയ്തവരെ അഭിനന്ദിക്കാന്‍ മറക്കരുത്.

3. കുട്ടികളും വിനോദങ്ങളും.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് കളികളും വിനോദങ്ങളും അനിവാര്യമാണ്. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബോള്‍, ബാസ്‌ക്കറ്റ് ബാള്‍, ഹോക്കി, കബടി(ചടുഗുഡു), ബാഡ്മിന്റന്‍, ടെന്നീസ്, ഹാന്‍ഡ്ബാള്‍, സ്വിമ്മിംഗ്(നീന്തല്‍) തുടങ്ങിയ എല്ലാ കളികളും കുട്ടികള്‍ കളിക്കണം. അതില്‍ ഏറ്റവും അഭിരുചി തോന്നുന്ന കളികള്‍ പഠിക്കാന്‍ കോച്ചിന്റെ (പരിശീലകന്‍) സഹായം തേടുന്നതും നല്ലതാണ്. ചിലപ്പോള്‍ ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള കളിക്കാരാവാന്‍ കഴിഞ്ഞെന്നു വരാം. പഠിക്കുന്ന കുട്ടികള്‍ ഒരു നിശ്ചിത സമയം മാത്രമേ കളികളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ.
ചിലപ്പോള്‍, ചെസ്സ്, കാരം ബോര്‍ഡ് തുടങ്ങി കളികളും വീഡിയോ ഗെയിസും കളിക്കുന്നതു നല്ലതാണ്. അച്ഛനമ്മമാരും മറ്റു കുടുംബാംഗങ്ങളും കുട്ടികളുടെ കൂടെ ബാഡ്മിന്റണ്‍ പോലുള്ള കളികളില്‍ പങ്കെടുക്കണം. ചിലപ്പോള്‍ കുട്ടികളുടെ  മുന്നില്‍ തോറ്റുകൊടുക്കുന്നതും നല്ലതാണ്. അവര്‍ ജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ മറക്കരുത്.
വല്ലപ്പോഴും കുട്ടികളെയും കൂട്ടി വിനോദയാത്രയ്ക്കും സിനിമയ്ക്കും മറ്റും പോകുന്നതു നല്ലതാണ്. ഇത്തരം കളികളില്‍ നിന്ന് പരസ്പര സഹകരണം, മത്സരബുദ്ധി, അച്ചടക്കം, സന്തോഷം തുടങ്ങിയ പല ഗുണങ്ങളും നേടി എടുക്കാന്‍ സാധിക്കും.

4. ബുദ്ധിവികാസം
ബുദ്ധിവികാസത്തിനു വേണ്ടി താഴെ പറയുന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കണം:
ഗണിതശാസ്ത്ര നിപുണത
-ഭാഷാ ശാസ്ത്രപരമായ കഴിവ്
-ശാരീരികവും ചലനപരവുമായ കഴിവ്
-സംഗീതാഭിരുചി
-പ്രതലാപബോധം
-വുക്താന്തര ധാരണ
-ആന്തരികവ്യക്തിത്വധാരണ.
താഴെ പറയുന്ന കാര്യങ്ങള്‍ ബുദ്ധിവികാസത്തിനു സഹായിക്കുന്ന കാര്യങ്ങളാണ്.
-വീഡിയോ ഗെയിംസ് കളിക്കുക
-ബ്രെയിന്‍ ഗെയിംസ് കളിക്കുക.
-യോഗ, ധ്യാനം, വ്യായാമങ്ങള്‍, കളികള്‍ എന്നിവ
-പോഷകാംശം നിറഞ്ഞ സമീകൃതാഹാരങ്ങള്‍
-പഞ്ചേന്ദ്രിയങ്ങള്‍(കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശനം) വഴി ലഭിക്കുന്ന അറിവുകള്‍ ഫലപ്രദമായി ഉപയോഗിക്കുക.
-കുറെ വാക്കുകള്‍ വായിച്ചശേഷം അതു നോക്കാതെ ക്രമമായി ആവര്‍ത്തിക്കാന്‍ ശ്രമിക്കുക.
ബുദ്ധിശക്തി തെളിയിക്കുന്ന(Verbal and Non Verbal Intelligence Tests) പരീക്ഷകള്‍ എഴുതുക.

5. മികച്ച വിദ്യാഭ്യാസം.
നിങ്ങളുടെ  കുട്ടികള്‍ വലിയവരായിത്തീരണമെങ്കില്‍ മികച്ച വിദ്യാഭ്യാസം വളരെ പ്രധാനമാണ്. മികച്ച വിദ്യാഭ്യാസത്തിന് നല്ല വിദ്യാഭ്യാസ സ്ഥാപനം, അറിവുള്ള അദ്ധ്യാപകര്‍, ഉത്തമഗ്രന്ഥങ്ങള്‍, മൂല്യമേറിയ പാഠപുസ്തകങ്ങള്‍, വിദ്യാഭ്യാസസിഡികള്‍(ഇഉ) എന്നിവ ആവശ്യമാണ്. നല്ല വായനശാല, പഠനവിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ടെലിവിഷനില്‍ വരുന്ന നല്ല വിദ്യാഭ്യാസ പരിപാടികള്‍, ഇന്റര്‍നെറ്റിലൂടെ പഠനവിഷയങ്ങളെപ്പറ്റി ലഭിക്കാവുന്ന ലേഖനങ്ങള്‍ എന്നിവ സമയാനുസൃതം ഉപകാരപ്പെടുത്തണം.
വിജ്ഞാനത്തിനുപുറമെ വിവേകവും നല്ല സ്വഭാവങ്ങളും വളര്‍ത്തിയെടുക്കാന്‍ നല്ല വിദ്യാലയത്തിലെ അനുഭവസിദ്ധരായ അദ്ധ്യാപകര്‍ക്കു സാധിക്കും. ചിന്താശക്തി വളര്‍ത്തുവാനും, ആത്മവിശ്വാസമുണ്ടാക്കുവാനും അച്ചടക്ക ബോധമുണ്ടാക്കുവാനും ശുചീകരണ ബോധമുണ്ടാക്കുവാനും ബുദ്ധിപരമായി ചിന്തിക്കുവാനും പഠനവിഷയങ്ങളില്‍ നിപുണത നേടുവാനും മികച്ച വിദ്യാഭ്യാസം വഴി സാധിക്കണം. നല്ല പെരുമാറ്റ രീതിയും നേതൃത്വഗുണങ്ങളും പ്രായോഗിക വിജ്ഞാനവും വിദ്യാഭ്യാസം വഴി നേടാന്‍ സാധിക്കണം.

6.ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും.
എല്ലാ മതത്തിലെയും നല്ല ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. ഓണം, വിഷു, ദീപാബലി, ക്രിസ്തുമസ്, നവരാത്രി, ഈദ് തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കണം. നാട്ടിലെ ആരാധനാലയങ്ങളിലും മറ്റും ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ കുടുംബസമേതം പങ്കെടുക്കണം. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പിറന്നാള്‍, വിവാഹദിനം എന്നിവ ആഘോഷിക്കുമ്പോള്‍ സന്തോഷപൂര്‍വ്വം പങ്കെടുക്കണം. അമ്പലങ്ങളില്‍ പോകുന്നതും പ്രാര്‍ത്ഥനകള്‍ നടത്തുന്നതും മനസ്സിനു ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. ഈശ്വരപ്രാര്‍ത്ഥനകൊണ്ട് ധൈര്യവും ആത്മസംതൃപ്തിയും സന്തോഷവും ലഭിക്കും. ദുഷ്പ്രവൃത്തികളില്‍ നിന്ന്  അകന്നുനില്‍ക്കാന്‍ ഇതു പ്രയോജനം ചെയ്യും.

7.സാമൂഹ്യമാധ്യമങ്ങള്‍(Social Media)
ഇക്കാലത്ത് കുട്ടികളെ ഏറ്റവുമധികം സ്വാധീനിച്ചവയാണ് സാമൂഹ്യമാധ്യമങ്ങള്‍. ഫെയിസ്ബുക്ക്(മുഖപുസ്തകം), വാട്ട്‌സ്അപ്, മെസെന്‍ജര്‍, യൂട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ സൈബര്‍ കാഫയില്‍ പോകാതെ, സ്വന്തം സ്മാര്‍ട്ട്‌ഫോണിലൂടെ ഉപയോഗിക്കുന്നവരാണ് ഒരു വലിയ വിഭാഗം കുട്ടികള്‍. സാമൂഹ്യമാധ്യമങ്ങളുടെ അമിതമായ ഉപയോഗം, അവയില്‍ ആസക്തരായവര്‍(Addict) ധാരാളമാണ്. സൈബര്‍ ക്രൈമില്‍ കുടുങ്ങി ജീവിതം നശിച്ച എത്രയോ കുട്ടുകളുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗത്തില്‍ നിന്നും സൈബര്‍ കുറ്റങ്ങളില്‍ നിന്നും രക്ഷനേടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
-മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.
-കമ്പ്യൂട്ടറും ടെലിവിഷനും തുറന്ന സ്ഥാനത്തു വെച്ചുപയോഗിക്കുക.
-മികച്ച ഓണ്‍ലൈന്‍ അച്ചടവക്കവും നിലവാരവും പുലര്‍ത്തുക.
-കുട്ടികള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍, സാമൂഹ്യമാധ്യമങ്ങളുടെ അക്കൗണ്ടുകള്‍, ഓണ്‍ലൈനിലെ സുഹൃത്തുക്കള്‍, എസ്.എം.എസ്. പാക്കേജ്, ഇന്റര്‍നെറ്റ് പാക്കേജ്, ഫോണിലെ വിവിധ സോഫ്റ്റ് വെയറുകള്‍, ഫോണ്‍ബില്ല് തുടങ്ങിയവയെപ്പറ്റി മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം.
-അനാവശ്യമായ ഫെയിസ്ബുക്ക്, വാട്ട്‌സ് അപ് ഉപയോഗവും കമന്റുകളും നിരുത്സാഹപ്പെടുത്തണം. ജോലിക്കപേക്ഷിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയാ കമന്റുകളും മറ്റും സ്ഥാപനങ്ങള്‍ പരിശോധിക്കാറുണ്ട്.
-ടെലിവിഷനില്‍ വരുന്ന നല്ല പരിപാടികള്‍ കാണുക.
-ഇന്റര്‍നെററില്‍ സ്വകാര്യത സംരക്ഷിക്കാനാവശ്യമായ ഫില്‍ട്ടറിംഗ് സോഫ്റ്റ് വേയര്‍(ഉദാ: Net Nanny, Pure Sight PC)ഉപയോഗിക്കണം. മൊബൈല്‍ ഫോണുകളെ നിരീക്ഷിക്കാവുന്ന മൈ മൊബൈല്‍ വാച്ച് ഡോഗ് പോലുള്ള സോഫ്റ്റ് വേറും ഇപ്പോള്‍ ലഭ്യമാണ്. 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഫെയിസ്ബുക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന കാര്യം പലര്‍ക്കുമറിയില്ല.

8. സ്വതന്ത്രരാവാന്‍ അനുവദിക്കുക
കുട്ടികള്‍ക്ക് പഠിക്കുന്നതിനും കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനും, സിനിമയ്ക്കു പോകുന്നതിനും ഇന്റര്‍നെറ്റുപയോഗിക്കുന്നതിനും ഒറ്റയ്ക്കു വേറൊരു സ്ഥലത്തേക്കു പോകുന്നതിനും സ്വാതന്ത്ര്യം നല്‍കണം. പുറലോകത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവും ആത്മവിശ്വാസവും ഇതുകൊണ്ട് ലഭിക്കും. പക്ഷേ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ കുടുംബസദസ്സില്‍ വെച്ചു പറഞ്ഞു മനസ്സിലാക്കണം. ഇന്റര്‍നെറ്റിലുള്ള ലൈംഗീകപരമായ ചിത്രങ്ങളും വീഡിയോകളും(Bluefilms) കാണരുതെന്നും മൊബൈല്‍ അത്യാവശ്യകാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണമെന്നും പഠനപരമായ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കണമെന്നും പറഞ്ഞു മനസ്സിലാക്കണം. ഏതുസമയത്തും എന്തും സ്വതന്ത്രമായി പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. സൈബര്‍ സുരക്ഷയുടെയും മറ്റു സുരക്ഷകളുടെയും കാര്യങ്ങളും വഞ്ചനകളുടെ കഥകളും പറഞ്ഞു മനസ്സിലാക്കണം. പീഡനത്തിനുള്ള ശ്രമങ്ങളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കണം. മകനും മകള്‍ക്കും തുല്യസ്ഥാനം നല്‍കണം. രാത്രിയിലോ മറ്റോ സഞ്ചരിക്കേണ്ടിവരുമ്പോളും ഉബെര്‍, ഓല തുടങ്ങിയ ടാക്‌സികളില്‍ സഞ്ചരിക്കേണ്ടിവരുമ്പോഴും എന്തു സുരക്ഷാനടപടികള്‍ എടുക്കണമെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം. വല്ലപ്പോഴും കുട്ടികളുടെ ബാഗ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിക്കുന്നതു നല്ലതാണ്.
(തുടരും...)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക