Image

മക്കള്‍ക്കു ഭീഷണിയുണ്ടെന്നു അറിഞ്ഞാല്‍ പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്; ഭാര്യയെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്; കെ സുധാകരന്‍

Published on 19 June, 2021
മക്കള്‍ക്കു ഭീഷണിയുണ്ടെന്നു അറിഞ്ഞാല്‍ പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്; ഭാര്യയെ അറിയിക്കാതിരുന്നത് എന്തുകൊണ്ട്; കെ സുധാകരന്‍
കൊച്ചി: പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ . 
മക്കളെ തട്ടിക്കൊണ്ടു പോകാന്‍ താന്‍ പദ്ധയിട്ടെന്ന സ്വന്തം ജീവന്‍ തുടിക്കുന്ന അനുഭവം എഴുതി വായിക്കുന്നത് എന്തിനാണെന്നു ചോദിച്ച സുധാകരന്‍ മുഖ്യമന്ത്രിക്കാണ് കള്ളക്കടത്ത്, ഇടപാടു സംഘങ്ങളുമായി ബന്ധമെന്നും പറഞ്ഞു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, പി ടി തോമസ് എംഎല്‍എ തുടങ്ങിയവര്‍ക്കൊപ്പം ജില്ലാ കോണ്‍ഗ്രസ് ഓഫിസിലാണ് സുധാകരന്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്.

 കേരളത്തിന്റെ മുഖ്യമന്ത്രി ആഞ്ഞടിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരുപാട് ആരോപണങ്ങള്‍ക്കെല്ലാം അതുപോലെ മറുപടി പറയാന്‍ തനിക്കു സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് തുടക്കം. ''പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തു വന്ന പിണറായി വിജയനെയാണ് കഴിഞ്ഞദിവസം കണ്ടത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയും ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് അതുപോലെ മറപടി പറയാനാവില്ല.

വ്യക്തിപരമായും താനിരിക്കുന്ന കസേരയുടെ മഹത്വവും വച്ച്‌ പിണറായിയുടെ നിലവാരത്തിലേയ്ക്കു താഴാന്‍ സാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്കു മാന്യമായി മാത്രം പ്രതികരിക്കുകയാണ്. ബ്രണ്ണന്‍ കോളജില്‍ പിണറായിയുമായുള്ള സംഭവങ്ങള്‍ 1967ലേത്. പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ല.''

മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്ന ആരോപണത്തില്‍ ജീവന്‍ തുടിക്കുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ മുഖ്യമന്ത്രിക്ക് എഴുതി വായിക്കണോ? ഞാന്‍ അനുഭവം പറയുന്നത് എഴുതിയിട്ടല്ല. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നു. പേപ്പര്‍ നോക്കി രാമായണം വായിക്കുന്നതു പോലെ അദ്ദേഹം വായിക്കുന്നു. ഈ സംഭവം ആരോടും പറഞ്ഞു എന്നു പറഞ്ഞില്ല.

പകരം മരിച്ചു പോയ തന്റെ സുഹൃത്തും ഫിനാന്‍ഷ്യറും പറഞ്ഞു എന്നാണ് പറയുന്നത്. എനിക്ക് ഫിനാന്‍ഷ്യര്‍ ഉണ്ടായിട്ടില്ല. മരിച്ച ആള്‍ക്കു പേരില്ലേ.. സ്ഥലമില്ലേ? മുഖ്യമന്ത്രി എന്തുകൊണ്ട് പറയുന്നില്ലെന്നു പറയണം. എന്തുകൊണ്ട് പൊലീസില്‍ പരാതി കൊടുത്തില്ല. സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടു എന്നറിഞ്ഞാല്‍ ആദ്യം പൊലീസില്‍ പറയില്ലേ. എന്തുകൊണ്ടു കൊടുത്തില്ല? ഭാര്യയോടു പോലും പറഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാവുന്നതാണോ?

മക്കള്‍ക്കു ഭീഷണിയുണ്ടെന്നു പറഞ്ഞാല്‍ ആദ്യം പങ്കുവയ്ക്കുന്നതു ഭാര്യയോടാണ്. പകരം മനസില്‍ വച്ചിട്ട് കുറെ കഴിഞ്ഞ് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുക, പേരു പറയാതിരിക്കുക. ഇത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ലെന്നും സുധാകരന്‍ പറഞ്ഞു.

തനിക്കു വിദേശ കറന്‍സി ഇടപാടുണ്ടെന്നു പറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഭരണത്തിന്റെ സര്‍വ സന്നാഹങ്ങളുടെയും പിന്‍ബലത്തില്‍ കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. വലംകൈ ആയി നടന്ന സ്വപ്ന സുരേഷാണ്. പത്താം ക്ലാസ് പാസാകാത്ത ഒരു യുവതിയെ കൂടെ കൊണ്ടു നടന്നിട്ട് മാധ്യമങ്ങള്‍ ആരാണെന്നു ചോദിച്ചപ്പോള്‍ അറിയില്ലെന്നു പറഞ്ഞു. 

നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസ്സല്ല, തുറന്ന മനസ്സാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. പിണറായി വെടിയുണ്ട കൊണ്ടു നടന്നത് പുഴുങ്ങിത്തിന്നാന്‍ ആണോ?. കള്ളവാര്‍ത്ത പ്രചരിപ്പിക്കാന്‍ അപാര തൊലിക്കട്ടിവേണം. തോക്കുള്ള പിണറായിയാണോ മാഫിയ, തോക്കില്ലാത്ത താനാണോ മാഫിയയെന്നും സുധാകരന്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക