വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

Published on 19 June, 2021
 വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കുവൈറ്റ് സിറ്റി: മാസങ്ങളുടെ ഇടവേളക്ക് ശേഷം വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ അനുമതി. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് അംഗീകൃത വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനാനുമതി നല്‍കുവാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് വിദേശികള്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയില്‍ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. നേരത്തെ കൊറോണ എമജന്‍സി കമ്മിറ്റിയും വിദേശികളുടെ യാത്ര നിരോധനം പിന്‍വലിക്കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു.

രാജ്യത്തെ മാളുകളും വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാത്രി എട്ട് വരെ തന്നെ തുടരും. അതിനിടെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ മാളുകളിലും സലൂണിലും ഹെല്‍ത്ത് ക്ലബിലും റെസ്റ്റോറന്റുകളിലും പ്രവേശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ വകഭേദം രാജ്യത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരെ മാളുകളില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക