പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

Published on 19 June, 2021
 പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം


കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡന്‍സി അഫയേഴ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് താത്കാലികമായി തൊഴില്‍ വീസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് .

ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വീസ നല്‍കല്‍ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈറ്റില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയത് വിദേശികള്‍ക്ക് ആശ്വാസമായി.

നിലവില്‍ രാജ്യത്ത് വിവിധ മേഖലകളില്‍ തൊഴിലാളികളുടെ വന്‍ ക്ഷാമമാണുള്ളത്. നിര്‍മാണ മേഖലയിലടക്കം തൊഴിലാളികളുടെ ആവശ്യമുണ്ട്. കോവിഡിനുശേഷം കഫ്റ്റീരിയ അടക്കമുള്ള കടകള്‍, വിവിധ സ്ഥാപനങ്ങളില്‍ ഡ്രൈവര്‍മാര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ വന്‍ ആവശ്യമുണ്ട്. എന്‍ജിനീയറിംഗ് അടക്കമുള്ള പ്രഫഷനല്‍ മേഖലയിലും ജോലിക്കാരെ ആവശ്യമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ളവരാണ് നാട്ടിലേക്ക് തിരിച്ചുപോയതും നിരവധി കമ്പിനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക