Image

ഗുണ്ടായിസം പറയാനോ കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)

Published on 19 June, 2021
ഗുണ്ടായിസം പറയാനോ  കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)
കെ. സുധാകരന്‍ കേരള മുഖ്യമന്ത്രിക്കെതിരെയും പത്രപ്രതിനിധികള്‍ക്കെതിരെയും വെല്ലുവിളി നടത്തുമ്പോള്‍ വേദിക്കു പിന്നിലെ ഫോട്ടോയിലിരുന്ന് സോണിയ ഗാന്ധി ഇങ്ങനെ ചോദിക്കുന്നതായിട്ടാണ് തോന്നിയത്. ഒരു ഗുണ്ടയാണെന്ന്, അല്ലെങ്കില്‍ ആയിരുന്നെന്ന്, അറിഞ്ഞു കൊണ്ടു തന്നെയാണ്   ആ സ്ഥാനത്തിരുത്തിയത്. പക്ഷേ, സ്ഥാനത്തിന്റെ മഹിമ മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് വിചാരിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. എത്രയോ ഭേദമായിരുന്നു മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടക്കൊക്കെ ചില വിവരക്കേടുകള്‍ പറയുമായിരുന്നെങ്കിലും അദ്ദേഹം മാന്യനായിരുന്നു. ഇപ്പോള്‍ തിന്നാനും വയ്യ ഇറക്കാനുംവയ്യ എന്ന അവസ്തയായല്ലോ, ദൈവമെ.

കേരളമെന്ന വിവാദ സംസ്ഥാനത്തിലെ അടുത്ത വാണത്തിന് തീ കൊളുത്തിയിരിക്കയാണ് കെ.സുധാകരന്‍. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തപ്പോള്‍ പാര്‍ട്ടിയെ പുനര്‍ജ്ജീവിപ്പിക്കാന്‍ എന്തെങ്കിലും മൃതസജ്ഞീവനി ആയിക്കൊള്ളട്ടെയെന്ന് വിചാരിച്ചാണ് പിണറായി വിജയനെ തൊഴിച്ച കാര്യം പറഞ്ഞത്. ഇപ്പോളല്ല, പണ്ട് ബ്രണ്ണന്‍ കോളജില്‍ പഠിച്ചിരുന്നപോള്‍. ഒറ്റത്തൊഴിക്ക് വിജയനെ നലംപതിപ്പിച്ചെന്നാണ് മനോരമയുടെ പ്രതിനിധിയോട് രഹസ്യമായി പറഞ്ഞത്. ഇത് പ്രസിദ്ധീകരിക്കരുതെന്ന് അയാളോട് പ്രത്യേകം പറഞ്ഞിരുന്നത്രെ. പക്ഷേ, നികൃഷ്ടജീവിയായ ആ പ്രതിനിധി അത് പ്രസിദ്ധീകരിച്ചു. താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം പത്രക്കാരന്റെ മേല്‍ ആരോപിക്കയായിരുന്നു. സ്വകാര്യ സംഭാഷണത്തില്‍ ഒരു പൊങ്ങച്ചത്തിനു വേണ്ടി (പിണറായിയുടെ ഭാഷ) പത്രപ്രതിനിധിയോട് പറഞ്ഞത് അയാളത് ഗമക്കുവേണ്ടി അച്ചടിക്കാന്‍ കൊടുക്കുകയായിരുന്നു.

തൊഴിച്ചാല്‍ ആരാണ് പ്രതികരിക്കാതിരിക്കുക. മുഖ്യമന്ത്രിയും പ്രതികരിച്ചു. ഒരപപക്ഷേ, സുധാകരന്‍ സ്വപ്നത്തില്‍ തൊഴിച്ചതായിരിക്കാമെന്നാണ് പിണറായി പറയുന്നത്. എന്തായാലും തൊഴിയിപ്പോള്‍ രണ്ടുപേരും തമ്മിലുള്ള വാദപ്രതിവാദത്തില്‍ എത്തി നില്‍ക്കയാണ്. സ്വപ്നത്തിലായാലും തൊഴിച്ചവനെ വെറുതെ വിടാന്‍ പറ്റുമോ. അതുകൊണ്ട് സുധാകരനെതിരെ ആരോപണങ്ങളുടെ ഒരു ശരഘോഷംതന്നെ അദ്ദേഹം നടത്തി. അതില്‍ പ്രധാനമായിട്ടുള്ളതെല്ലാം ബ്രണ്ണന്‍ കോളജില്‍ പഠിച്ചിരുന്ന കാലഘട്ടത്തിലേതാണ്. 

അന്ന് സുധാകരനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അര്‍ദ്ധനഗഗ്നനാക്കി കോളജുപരിസരത്തുകൂടി നടത്തിയത്രെ. സുധാകരന്‍ പത്രസമ്മേളനത്തില്‍ അത് പാടേനിഷേധിച്ചു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്ക് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നെന്നും ശക്തിയുക്തം വാദിച്ചു. കോളജില്‍ നടന്ന കാര്യങ്ങളെന്തിനാ രണ്ടുപേരും പറയുന്നതെന്ന് വിവരമുള്ളവര്‍ക്ക് സംശയിച്ചേക്കാം. സ്‌കൂളിലും കോളജിലുമൊക്കെ പഠിച്ചിരുന്നപ്പോള്‍ നമ്മളൊക്കെ എന്തെല്ലാം വേലത്തരങ്ങള്‍ കാണിച്ചിരിക്കുന്നു. അതൊക്കെ ഇപ്പോഴും ഓര്‍ത്തിരിക്കയാണോ, ഉന്നത സ്ഥാനത്തെത്തുമ്പോള്‍ പ്രത്യേകിച്ചും.

പിന്നീട് പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലത്തെ ചെയ്തികളാണ് രണ്ടുപേരും പബ്‌ളിക്കായിട്ട് വിലിച്ചിട്ട് അലക്കുന്നത്. അതില്‍ പിണറായി അലക്കുന്നത് അധികം മുഷിയാത്ത വസ്ത്രങ്ങളും സുധാകരന്റേത് നാറുന്നവയുമാണ്. തന്റെ മക്കളെ, അവര്‍ കുട്ടികളായിരുന്നപ്പോള്‍, സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ പരിപാടിയിടുന്നെന്ന് ഒരു കോണ്‍ഗ്രസ്സുകാരന്‍ തന്നെ പിണറായിയോട് പറഞ്ഞെന്നാണ് ഒരു ആരോപണം. രണ്ടു കുട്ടികളെയും റോഡേ നടത്തിക്കൊണ്ട് സ്‌കൂളിലേക്കു പോകുന്ന ഭാര്യയോടു  പോലും അദ്ദേഹം ഇക്കാര്യം പറഞ്ഞില്ല. അത് എന്തുകൊണ്ട് പറഞ്ഞില്ല എന്നാണ് സുധാകരന്റെ ചോദ്യം. ഇവിടെ കുട്ടികളുടെ പിതൃത്വത്തെയാണ് സുധാകരന്‍ ചോദ്യം ചെയ്യുന്നത്. വിഴുപ്പലക്കല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ സുധാകരന്‍ എത്തിച്ചത് ഇവിടെയാണ്.

ഡി സി സിപ്രസിഡണ്ടായിരുന്നപ്പോള്‍ പാര്‍ട്ടിയാഫീസ് പണിയാന്‍ പണംപിരിച്ചത് എവിടെപ്പോയെന്ന് പിണറായി ചോദിച്ചതിന് പകരം മരംമുറിക്കേസാണ് എടുത്തിട്ടത്. കൂടാതെ സ്വപ്ന സുരേഷിനെയും  കൊണ്ട് മുഖ്യമന്ത്രി ലോകം ചുറ്റി സഞ്ചരിച്ചതും ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ചതും സുധാകരന്‍ അറിഞ്ഞിട്ടുണ്ട്. സരസന് എല്ലാം അറിയാമത്രെ.

ഉപസംഹാരം.

പത്രക്കാര്‍ക്കും വയറുനിറയെ കൊടുത്തിട്ടാണ് സുധാകരന്‍ പത്രസമ്മേളനം അവസാനിപ്പിച്ചത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ പൊതുജനമെന്ന കഴുത ഒരു നിഗമനത്തില്‍ എത്തേണ്ടെ? സുധാകരന്‍ ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന് യോഗ്യനല്ല. അദ്ദേഹം കണ്ണൂരിലെ ഒരു ഗുണ്ടയായിത്തന്നെ തുടരുകയാണ് പാര്‍ട്ടിക്കും അദ്ദേഹത്തിനും നല്ലത്.. മുഖ്യമന്ത്രി ഇങ്ങനെയുള്ള ഗുണ്ടകളുടെ ജല്‍പനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കയാണ് വേണ്ടത്. പാര്‍ട്ടിയിലെ അനുയായികളെക്കൊണ്ട് മറുപടി പറയിക്കാം, അതല്ലേ നല്ലത്?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക