കഴിഞ്ഞ ദിവസമാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ബിവറേജസ് ഔട്ട്ലെറ്റുകള് തുറന്നത്. റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ആദ്യ ദിവസം തന്നെ നടന്നത്. ഇപ്പോള്‍ മദ്യശാലകളിലെ തിരക്കുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി പങ്കുവെതച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്.
മഴയായാലും വെയിലായാലും കോവിഡായാലും പണി വരുന്നത് കുടിയന്മാര്ക്ക് തന്നെയാണ്. മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സ്വര്‍ണ്ണം മുതല്‍ പച്ചമീന്‍ വരെ വാങ്ങുന്നതിന് എയര്‍ കണ്ടീഷന്‍ ചെയ്ത നല്ല കടകളില്‍ അവസരം ഉള്ളപ്പോള്‍ മദ്യം വാങ്ങുന്നതിന് മാത്രം മഴയോ വെയിലോ കോവിഡോ നോക്കാതെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ്. ഇതെന്താണ് ഇങ്ങനെ? -മുരളി തുമ്മാരുകുടി കുറിച്ചു
മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം;
മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ? പെരുന്പാവൂരിലെ ബിവറേജസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു. നൂറു കണക്കിനാളുകള്‍ ബിവറേജ് തുറക്കാന്‍ മതിലിന് പുറത്ത് തിരക്ക് കൂട്ടുന്നു. കുറേ പേര് മതില് ചാടി വരുന്നു. അവസാനം അനവധി ആളുകള്‍ കൂട്ടമായി ഗേറ്റ് തുറന്ന് (മതില് പൊളിച്ച് എന്നാണ് ചിലര്‍ പറഞ്ഞത്) ഓടിവന്ന് അടുത്തടുത്ത് ക്യൂ നില്ക്കുന്നു. ലോക്ക് ഡൌണ്‍ കഴിഞ്ഞതിന് ശേഷമുള്ള വീഡിയോ ആണെന്നാണ് പറഞ്ഞത്. സത്യമാണോ എന്നറിയില്ല, സത്യമാകാന്‍ എല്ലാ സാധ്യതകളുമുണ്ട്.
മഴയായാലും വെയിലായാലും കോവിഡായാലും പണി വരുന്നത് കുടിയന്മാര്ക്ക് തന്നെയാണ്. മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സ്വര്‍ണ്ണം മുതല്‍ പച്ചമീന്‍ വരെ വാങ്ങുന്നതിന് എയര്‍ കണ്ടീഷന്‍ ചെയ്ത നല്ല കടകളില്‍ അവസരം ഉള്ളപ്പോള്‍ മദ്യം വാങ്ങുന്നതിന് മാത്രം മഴയോ വെയിലോ കോവിഡോ നോക്കാതെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ്. ഇതെന്താണ് ഇങ്ങനെ? മദ്യപാന ശീലം കുറച്ചുകൊണ്ടുവരിക എന്നതാണോ സര്‍ക്കാരിന്റെ നയം?
അതാണ് നയമെങ്കില്‍ മദ്യം വാങ്ങുന്നത് മനുഷ്യന് ബുദ്ധിമുട്ടുള്ള രീതിയില്‍ ആക്കിയാല്‍ മദ്യപാനം കുറഞ്ഞു വരുമോ? മദ്യപാനം കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും നല്ല രീതി ആളുകളെ മഴയത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതാണോ? എന്തുകൊണ്ടാണ് ലോകത്തെ മറ്റ് അനവധി ഇടങ്ങളിലെ പോലെ നമുക്ക് ഇഷ്ടമുള്ള മദ്യം മാന്യമായ രീതിയില്‍ വാങ്ങാനുള്ള അവസരമുണ്ടാക്കാന്‍ നമുക്കിനിയും സാധിക്കാത്തത്? എന്തുകൊണ്ടാണ് മദ്യം വാങ്ങാന്‍ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും? സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ? അങ്ങനെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് തോന്നുമോ?
എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളില്‍ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്? എന്നാണ് മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന് നമ്മള് മനസ്സിലാക്കുന്നത്?