Image

"ലോക്ക്ഡൗണ്‍ പ്രതിസന്ധി"; മലയാള സിനിമയ്‌ക്ക് നഷ്‌ടം 900 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

Published on 21 June, 2021
"ലോക്ക്ഡൗണ്‍ പ്രതിസന്ധി"; മലയാള സിനിമയ്‌ക്ക് നഷ്‌ടം 900 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍
ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായിട്ടില്ല. കൊറോണ മൂന്നാം തരംഗവും പ്രവചിക്കുന്നതിനാല്‍ തന്നെ ഉടനൊന്നും തിയറ്റര്‍ തുറക്കാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ തിയറ്റര്‍ ഉടമകള്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് . ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച്‌ വന്ന പൂട്ടിയിടലില്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ കഷ്ടത്തിലായിരിക്കുന്നത് . 

ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ അമ്ബത് ശതമാനം ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല ബാക്കി അമ്ബത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു.

വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ യാതൊരു ആനുകൂല്യവും നല്‍കിയിരുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പെനാല്‍റ്റിയോടെയാണ് പിന്നീട് നികുതിതുക തീയേറ്റര്‍ ഉടമകളില്‍ നിന്ന് വാങ്ങിയത്. ചലച്ചിത്ര അക്കാദമിക്കും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഒരു വര്‍ഷം നിശ്‌ചിതതുക തീയേറ്ററുകള്‍ അടയ്‌ക്കേണ്ടതുണ്ട്. ഇവയിലൊന്നും യാതൊരു ഇളവും നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.

ജനുവരി പകുതി മുതല്‍ ഏപ്രില്‍ പകുതി വരെയാണ് സംസ്ഥാനത്ത് തീയേറ്ററുകള്‍ പകുതി സീറ്റുകളോടെ തുറന്നുപ്രവര്‍ത്തിച്ചത്. അതില്‍ അവസാനത്തെ മൂന്നാഴ്‌ച മാത്രമായിരുന്നു ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന സെക്കന്‍ഡ് ഷോ ഉണ്ടായിരുന്നത്. സാധാരണ ലഭിക്കുന്നതില്‍ നിന്ന് മുപ്പത് ശതമാനത്തിനകത്ത് വരുമാനം മാത്രമാണ് ഈ സമയത്ത് തീയേറ്ററുകള്‍ക്ക് ലഭിച്ചിരുന്നത്.

വിജയ് ചിത്രവും പ്രീസ്റ്റും തരക്കേടില്ലാതെ ഓടിയത് ഒഴിച്ചാല്‍ മറ്റ് ചിത്രങ്ങള്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 45,000 രൂപ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ അറുപതിനായിരം രൂപയാണ് ഫി‌ക്‌സഡ് ചാര്‍ജ് ഈടാക്കുന്നതെന്ന് തീയേറ്റര്‍ ഉടമകള്‍ പറയുന്നു. ഷോ ഇല്ലെങ്കിലും തീയേറ്ററുകള്‍ ദിവസും തുറന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

17 മാസത്തിനിടെ 900 കോടിയുടെ നഷ്‌ടമാണ് മലയാളസിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്‌ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക