ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍

Published on 21 June, 2021
 ഡെല്‍റ്റ വകഭേദം 80 രാജ്യങ്ങളില്‍


ജനീവ: കൊറോണവൈറസിന്റെ ഡെല്‍റ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത് എണ്‍പത് രാജ്യങ്ങളിലെന്ന് ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറില്‍ ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി തിരിച്ചറിയപ്പെടുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് പടരാനുള്ള സാധ്യതയെന്നാണ് കണ്ടെത്തല്‍.

ആല്‍ഫ വകഭേദത്തിന് ഒന്നിലധികം ജനിതക മാറ്റങ്ങള്‍ വന്ന് രൂപംകൊണ്ട വകഭേദമാണ് ഡെല്‍റ്റ. ഇതു ബാധിക്കുന്നവര്‍ക്കിടയില്‍ ആശുപത്രിവാസത്തിനും മരണത്തിനുമുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സകല റെക്കോഡുകളും മറികടന്ന് ഇന്ത്യയില്‍ വ്യാപിച്ച രണ്ടാം തരംഗം ഇപ്പോള്‍ അടങ്ങി തുടങ്ങി. എന്നാല്‍, ഡെല്‍റ്റ വകഭേദം കാരണമുള്ള രോഗവ്യാപനം യുകെയിലും ജര്‍മനിയിലും മറ്റും ആരംഭിച്ചിട്ടേയുള്ളൂ. യുകെയില്‍ 45 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച ശേഷവും രോഗവ്യാപനം മൂന്നാം തരംഗത്തിലേക്കു കടക്കുന്നതായാണ് ആശങ്ക.


ജര്‍മനിയിലെ ഇന്ത്യന്‍ കൊറോണ വകഭേദം ഡെല്‍റ്റ വേരിയന്റിന്റെ വിഹിതം 6.2 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വേരിയന്റ് ഡെല്‍റ്റ ഒരാഴ്ചയ്ക്കുള്ളില്‍ ജര്‍മനിയില്‍ പുതിയ സാര്‍സ്‌കോവി 2 അണുബാധയുടെ പങ്ക് ഗണ്യമായി വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളിലായി 3.7 ശതമാനമായിരുന്നത് ഇപ്പോള്‍ 6.2 ശതമാനമായി വര്‍ധിച്ചു.

ജര്‍മനിയിലെ ആരോഗ്യ അധികൃത ഏജന്‍സിയായ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 842 പുതിയ കൊറോണ അണുബാധകള്‍ കണ്ടെത്തി. അതേസമയം 99 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഴ് ദിവസത്തെ സംഭവങ്ങള്‍ രാജ്യവ്യാപകമായി നോക്കുന്‌പോള്‍ 8,8 ആയി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക