ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

Published on 21 June, 2021
 ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍


ദുബായ് : യുഎഇയിലേക്ക് വരുന്നതിനു ദുബായ് കവാടങ്ങള്‍ തുറന്നെങ്കിലും യാത്രകള്‍ക്ക് മുന്‍പ് സംശയങ്ങളുടെ കെട്ടഴിക്കുകയാണ് നാട്ടില്‍ നിന്നുള്ള പ്രവാസികള്‍. വിമാനകന്പനികള്‍ ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടും റാപിഡ് ടെസ്റ്റ് അടക്കമുള്ള യാത്ര നിബന്ധനകള്‍ എങ്ങനെ പാലിക്കും എന്നതുള്‍പ്പെടെ നിരവധി ആശങ്കകളാണ് യാത്രക്കാര്‍ ഉയര്‍ത്തുന്നത്.

യാത്ര നിരോധനത്തെ തുടര്‍ന്ന് നാട്ടില്‍ അകപ്പെട്ടുപോയ യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനമാണ് ഇന്നലെ ദുബായ് ദുരന്ത നിവാരണ സമിതിയുടെ ഭാഗത്തു നിന്നുണ്ടായതെങ്കിലും യാത്ര നിബന്ധനകളില്‍ പലതും എങ്ങനെ പാലിക്കും എന്നതില്‍ യാത്രക്കാര്‍ ആശങ്ക ഉയര്‍ത്തുകയാണ്.

യാത്രക്ക് നാലു മണിക്കൂര്‍ മുന്‍പ് എടുത്ത റാപിഡ് ടെസ്റ്റിന്റെ ഫലവും യാത്രക്ക് വേണമെന്നത് എങ്ങനെ പ്രവര്‍ത്തികമാക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. നാട്ടിലെ വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകേണ്ടിയിരിക്കുന്നു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും എടുത്തവര്‍ക്കു മാത്രം യാത്ര അനുവദിക്കുന്‌പോള്‍ കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിയിട്ടുണ്ടോ എന്നാണ് മിക്ക മാതാപിതാക്കളും ഉന്നയിക്കുന്ന ചോദ്യം.

യാത്ര നിയന്ത്രണം മൂലം കഴിഞ്ഞ ആറു മാസത്തിലേറെയായി ഇന്ത്യയില്‍ തങ്ങുന്നവരുടെ വിസ കാലാവധി അവസാനിച്ചതിനാല്‍ അവര്‍ക്ക് യാത്ര നടത്തുന്നതിന് സാധ്യതയുണ്ടോ, അബുദാബി റെസിഡന്റ്‌സ് വിസക്കാര്‍ക്കു ദുബായിലെത്താന്‍ കഴിയുമോ, ഐസിഎ , ജിഡിആര്‍എഫ്എ അനുമതി ആവശ്യമോ എന്ന ചോദ്യങ്ങള്‍ക്കും തല്‍ക്കാലം കൃത്യമായ ഉത്തരങ്ങള്‍ നല്‍കാനായിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു.

യുഎഇയില്‍ നിന്നും ഒരു ഡോസ് വാക്‌സിന്‍ എടുത്തശേഷം നാട്ടിലേക്കു പോയവരും, നാട്ടില്‍ നിന്നപ്പോള്‍ കോവാക്‌സിന്‍ എടുത്തവരും തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലാണ്. യാത്രക്കാരുടെ വന്‍ ഡിമാന്‍ഡ് മുന്‍പില്‍ കണ്ടു വണ്‍വേ ടിക്കറ്റിനു തന്നെ കുറഞ്ഞ നിരക്ക് 1300 ദിര്‍ഹമായാണ് വിമാനകന്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അധികൃതരില്‍ നിന്ന് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും ട്രാവല്‍ ഏജന്‍സി പ്രതിനിധികളും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക