Image

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

Published on 22 June, 2021
തേനും ജ്ഞാനിയും  (തൊടുപുഴ കെ ശങ്കര്‍ മുംബൈ)
ഒരു തുള്ളി തേന്‍ താഴെ വീണാലതിന്‍ ചുറ്റും
ഒരു നൂറുറുമ്പോടി യെത്തുംപോലെ,
ഏതെങ്കിലുമൊരു ജ്ഞാനിയെക്കാണുകില്‍
ഏറെ മുമുക്ഷുക്കളോടിയെത്തും!

ഭക്തിയും ജ്ഞാനവും ചൊല്ലിക്കൊടുക്കുവാന്‍
ഭക്തരെ നേര്‍ വഴിയ്ക്കാനായിപ്പാന്‍,
സന്നദ്ധരായേതു നേരവും നില്‍പ്പോര്‍  താന്‍
സാധുക്കളെന്നു നാം ചൊല്ലുന്നവര്‍!

സാധുക്കളാണവര്‍ സാധകരണവര്‍
സാധകം ചെയ്യുന്നു ദൈനം ദിനം!
സാധനം നേടുകയെന്നതു താന്‍  ലക്ഷ്യം
സാധിച്ചിടും വരെ സാധന താന്‍!

കാമ കാമ്യരായി ജീവിപ്പതു തെല്ലും
കാമ്യമല്ലെന്നറിയുന്നോരവര്‍!
ആത്മനെന്താണെന്ന  താദ്യമറിയുകില്‍
ബ്രഹ്മ മെന്തെന്ന റിവാനെളുപ്പം!

കാലങ്ങളായുള്ളി  ലൂറിക്കിടക്കുമാ
മാലിന്യം പോകുവാന്‍ സദ് ചിന്ത തന്‍
ശുദ്ധ  ജലം വേണം തേടാനൊരുങ്ങാതെ
ബദ്ധ പ്പെടുന്നു വേറെന്തിനോ  നാം!

ചിത്തത്തില്‍ നിന്നാ മലം പോകുകില്‍ ചിത്തം
ചിത്തിരാ പൗര്‍ണ്ണമി പോല്‍ ജ്വലിയ്ക്കും!
അമൃത കുംഭം കയ്യിലുണ്ടെന്നറിയാതെ
ആമോദം തേടുന്നു ഹാലാഹലം!

സമ്പത്തു താനതു കൈവിട്ടെന്നാല്‍  പെരും
ആപത്തു താനതു നല്‍കും ഫലം!
തെല്ലും വിവേചന മില്ലാത്തൊരീച്ചയ്ക്കു
തുല്യമല്ലോ നന്മ തിന്മ രണ്ടും!

ദേഹത്തെ ഗാഢമായ് കാമിയ്ക്കും മാനവാ
ദേഹിയെ കാമിപ്പതെന്നു താന്‍  നീ?
ദേഹം ക്ഷരം എന്നാല്‍ ദേഹി അനശ്വരം
ദേഹി താന്‍ ബ്രഹ്മത്തിന്‍ മൂലരൂപം!

ഭക്തിയും ജ്ഞാനവും വൈരാഗ്യവുമല്ലോ
ഭംഗം വരാത്തതാം ദിവ്വ്യൗഷധം!
ശ്രദ്ധയോടെന്നും നാം പോഷിപ്പിച്ചീടുകില്‍
ശുദ്ധമാം സ്വര്‍ല്ലോകം സാദ്ധ്യമാകും!

 തേടുകയല്ലോ മുമുക്ഷുക്കള്‍ രാപകല്‍
തേന്‍ തുള്ളികള്‍ ചിന്തും സദ്‌സംഗങ്ങള്‍!
ജ്ഞാനത്തിന്‍ തുള്ളികള്‍ ശേഖരിയ്ക്കാമതിന്‍
ആനന്ദം വാചാമ ഗോചരം താന്‍!

Join WhatsApp News
K. Rajan 2021-06-25 06:20:13
കാലങ്ങളായുള്ളിലൂറിക്കിടക്കുമാ മാലിന്യം പോകുവാന്‍ സദ് ചിന്ത തന്‍ ശുദ്ധ ജലം വേണം തേടാനൊരുങ്ങാതെ ബദ്ധപ്പെടുന്നു വേറെന്തിനോ നാം! A practical tip. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക