Image

കോവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

Published on 22 June, 2021
കോവിഡ് ഭീതി ഒഴിഞ്ഞ് ഇറ്റലി; രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു
റോം: കോവിഡ് ഭീതിയൊഴിയുന്ന ഇറ്റലിയില്‍ ഒരെണ്ണമൊഴികെ എല്ലാ റീജിയനുകളും വൈറ്റ് സോണിലായി. സാഹചര്യങ്ങള്‍ അനുകൂലമായതോടെ തിങ്കള്‍ മുതല്‍ രാത്രികാല കോവിഡ് കര്‍ഫ്യൂ പുര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

രാജ്യത്തിന്റെ വടക്കേ അറ്റത്ത് ഫ്രാന്‍സുമായും സ്വിറ്റ്‌സര്‍ലന്‍ഡുമായും അതിര്‍ത്തി പങ്കിടുന്ന വാലെ ദി അയോസ്റ്റ മാത്രമാണ് മിതമായ അപകട സാധ്യതയുള്ള യെല്ലോ സോണില്‍ തുടരുന്നത്. 28 ന് ഈ പ്രദേശം കൂടി വൈറ്റ്‌സോണിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു റീജിയനിലെ ഒരുലക്ഷം പ്രദേശവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായ മൂന്ന് ആഴ്ചകളില്‍ അമ്പതില്‍താഴെ പുതിയ കോവിഡ് 19 കേസുകള്‍ റജിസ്റ്റര്‍ ചെയ്താലാണ് ഒരു റീജിയന്‍, ഒട്ടും അപകടസാധ്യതയില്ലാത്ത വൈറ്റ്‌സോണിലേയ്ക്ക് മാറുക. സാമൂഹിക അകലവും മാസ്ക് ധരിക്കലും വൈറ്റ്‌സോണ്‍ റീജിയനുകളിലും കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്.

ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകളനുസരിച്ച് ഞായറാഴ്ച 17 മരണങ്ങള്‍ മാത്രമാണ് റിപ്പോള്‍ട്ടു ചെയ്തത്. ഇറ്റലിയില്‍ 2020 ഒക്ടോബര്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.

രാജ്യത്തെ കോവിഡ് വ്യാപനനിരക്ക് കുറയുന്ന സാഹചര്യത്തില്‍, ഏറ്റവും അപകട സാധ്യതയുള്ള റെഡ് സോണിലും ഇടത്തരം അപകട സാധ്യതയുള്ള ഓറഞ്ച് സോണിലും ഇറ്റലിയിലെ ഒരു റീജിയനും ഉള്‍പ്പെടുന്നില്ല എന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക