Image

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

Published on 22 June, 2021
 കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

തിരുവല്ല: ചങ്ങനാശേരിയില്‍ കോവിഡ് ബാധിതന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍. മൃതദേഹവുമായി ആംബലന്‍സ് എത്തിയപ്പോള്‍ വീട്ടിലേക്കുള്ള വഴി നാട്ടുകാര്‍ അടച്ചുകെട്ടി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലാണ് സംഭവം.

പ്രമേഹ രോഗിയായ കൊച്ചുകുട്ടന്‍  (76)എന്നയാളാണ് മരിച്ചത്. പ്രമേഹം മൂര്‍ച്ഛിച്ച് ഒരു കാല്‍ മുറിച്ചുമാറ്റിയ ആളാണ് കൊച്ചുകുട്ടന്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന കൊച്ചുകുട്ടന്‍ കഴിഞ്ഞ തവണ ഡയാലിസിസിന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്കിടെ ഇന്നലെ മരണമടഞ്ഞു. ഇന്ന് രാവിലെ മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോഴാണ് അയല്‍ക്കാര്‍ തടഞ്ഞത്. 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി മേഖലയാണിവിടം. കൊച്ചുകുട്ടനും മകനുമായി 9 സെന്റ് സ്ഥലമുണ്ട്. ഇവിടെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. തര്‍ക്കമായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പോലീസും സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്. മൃതദേഹം പുറത്തെടുക്കാതെ ആംബുലന്‍സില്‍ തന്നെ വച്ചിരിക്കുകയാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അധികൃതരുടെ നിര്‍ദേശപ്രകാരം സംസ്‌കാരം നടത്തുന്നതില്‍ പ്രശ്നമില്ലെന്നു പഞ്ചായത്തംഗം ജോര്‍ജ്കുട്ടി പറഞ്ഞു. 25 ഓളം കുടുംബങ്ങള്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സംസ്‌കാരം നടത്തുന്നതില്‍ തടസ്സമില്ലെന്ന് ജോര്‍ജ്കുട്ടി പറയുന്നു. വഴി അടച്ചിട്ടില്ലെന്നും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സംസ്‌കരിക്കാന്‍ പാടില്ലെന്നും പൊതുശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യമെന്നും ജോര്‍ജ്കുട്ടി വ്യക്തമാക്കി.

പോലീസിനെയും ആരോഗ്യ വകുപ്പിനേയും അറിയിച്ച് ഡി.എം.ഒയുടെ അനുമതിയോടെയാണ് മൃതദേഹം കൊണ്ടുവന്നതെന്ന് മകന്‍ സുനില്‍കുമാര്‍ പറയുന്നു. എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് മൃതദേഹം കൊണ്ടുവന്നത്. ആരോഗ്യവകുപ്പ് ജീവനക്കാര്‍ അയല്‍ക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടോ മൂന്നോ വീട്ടുകാര്‍ക്ക് മാത്രമാണ് എതിര്‍പ്പ്. മൃതദേഹം ദഹിപ്പിക്കാന്‍ ഗ്യാസ് സംവിധാനങ്ങള്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ക്കാര്‍ സഹകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും. പഞ്ചായത്തംഗം ഒരു സഹായവും നല്‍കിയില്ലെന്നും സുനില്‍കുമാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക