Image

ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

Published on 22 June, 2021
ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം


തിരുവന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി. പരമാവധി 15 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതി. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് അടുത്ത ഒരാഴ്ചകൂടി സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തില്‍ ഉള്‍പ്പെടും. ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തില്‍ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയില്‍ ടിപിആറുള്ള 171 പ്രദേശങ്ങള്‍ സി വിഭാഗത്തിലും ഉള്‍പ്പെടും. 11 ഇടത്ത് ടിപിആര്‍ 24 ശതമാനത്തിന് മുകളിലാണ്. ഇവ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന നിബന്ധനയോടെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. കാറ്റഗി എയിലും ബിയിലും ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കാറ്റഗറി സിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തനം അനുവദിക്കും. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. 

ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിനും അനുമതിയുണ്ട്. മാനദണ്ഡം പാലിച്ച് ഇന്‍ഡോര്‍ ചിത്രീകരണം അനുവദിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. വാക്സിന്‍ രണ്ടും ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക