Image

ഐടി നയം ; രാജ്യത്തിനകത്തും പ്രതിഷേധം

ജോബിന്‍സ് തോമസ് Published on 23 June, 2021
ഐടി നയം ;  രാജ്യത്തിനകത്തും പ്രതിഷേധം
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നയത്തിനെതിരെ രാജ്യത്തിനകത്തും പ്രതിഷേധം. ഇന്ത്യയിലെ അഞ്ച് പ്രമുഖവ്യവസായ സംഘടനകളാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നയത്തില്‍ ആശങ്കയറിയിക്കുന്ന കത്ത് ഇവര്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറി. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യ കമ്പനികളും ഐക്യരാഷട്രസഭയും നേരത്തെ ഐടി നയത്തില്‍ ആശങ്കയറിയിച്ചിരുന്നു. ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയും സ്വീകരിച്ചിരുന്നു.

ഇതിനിടെയാണ് രാജ്യത്തിനുള്ളില്‍ തന്നെയുള്ള വ്യവസായ സംഘടനകളുടെ നീക്കം. ഫിക്കി, കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, അസോച്ചം, യുഎസ് ഇന്ത്യ സ്റ്റാറ്റര്‍ജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം,യുഎസ് ഇന്ത്യ ബിസിനസ്സ് കൗണ്‍സില്‍ എന്നീ സംഘടനകളാണ് ആശങ്കയറിയിച്ച് കത്ത് നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് ഇടനിലക്കാരായ കമ്പനികളും ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന  വ്യവസ്ഥയിലാണ് വ്യവസായ സംഘടനകള്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.

ഈ വ്യവസ്ഥ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വ്യവസായ സംഘടനകളുടെ വിലയിരുത്തല്‍. ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണം, ചട്ടങ്ങള്‍ നടപ്പിലാക്കാനുള്ള സമയപരിധി ആറുമാസത്തേയ്ക്ക് നീട്ടണം , ചട്ടങ്ങള്‍ സംബന്ധിച്ച വിയോജിപ്പുകള്‍ ചര്‍ച്ചചെയ്യാന്‍ അവസരം നല്‍കണം എന്നിവയാണ് സംഘടനകള്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. നിയമമന്ത്രിക്കാണ് കത്തയച്ചിരിക്കുന്നത്. 

പുതിയ ഐടി നയത്തിലെ നിബന്ധനകള്‍ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നായിരുന്നു ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ചും വിവിധമേഖലയിലുള്ളവരുമായി വിശദമായി ചര്‍ച്ച ചെയ്തശേഷവുമാണ് ചട്ടങ്ങള്‍ രൂപീകരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക