Image

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

Published on 23 June, 2021
ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി. കെ, കഥാമത്സരം -109)

അന്ന്‌  ജോലി കഴിഞ്ഞ്‌ വൈകീട്ട്‌ വീട്ടിലേക്കുള്ള യാത്രയിൽ പൊടുന്നനെയാണ്‌ ദിശയൊന്ന്‌  മാറ്റിപ്പിടിക്കാൻ അവന്‌ തോന്നിയത്‌. ജീവിതത്തിൽ അത്തരം ദിശമാറ്റങ്ങൾ പലപ്പോഴും സംഭവിക്കാറുളളത്‌ കൊണ്ട്‌ ‌അതിലവന്‌ അസ്വാഭാവികതയൊന്നും  തോന്നിയതുമില്ല. പലപ്പോഴും അത്തരം ചാഞ്ചാട്ടങ്ങൾക്ക്‌ ചില കാരണങ്ങളും ഉണ്ടാവാറുണ്ട്‌. ജങ്‌ഷനിൽ നിന്നും  അവന്‌  പോവേണ്ടത്‌  ഇടത്തോട്ടായിരുന്നെങ്കിലും  സിഗ്നലിന്‌ കാത്തു നിൽക്കാതെ അവന്റെ  കാറ്‌  ‌ചോരക്കണ്ണുകൾ തുറന്ന്‌ വലതു ഭാഗത്തേയ്‌ക്ക്‌ പാഞ്ഞു. 
 
അവളെ ഒന്ന്‌ വിളിച്ചിട്ട്‌ പോകാമെന്ന്‌  വിചാരിച്ചെങ്കിലും അവനത്‌ ചെയ്‌തില്ല.  ഇത്തരം ഘട്ടങ്ങളിൽ പതിവ്‌ ചെയ്യാറുള്ളത്‌ പോലെ ഗിയർ ബോക്സിൽ നിന്നും   ഒരു രൂപയുടെ കൊയിൻ എടുത്ത്‌  അവൻ  ടോസ്സിട്ടു.  കൈ തുറന്നപ്പോൾ മനസിൽ വചാരിച്ച രൂപം തന്നെ കണ്ടപ്പോൾ ഗിയർ ടോപ്പിലേക്ക്‌ മാറ്റി അവൻ യാത്രയ്‌ക്ക്‌ വേഗം കൂട്ടി. കാരണം ഇത്രയും കാലം ആ  ഒരു രൂപാ കോയിൻ അവനെ ചതിച്ചിട്ടില്ല.

കാട്ടുപാതയുൾപ്പടെ ഒന്നൊന്നര മണിക്കൂർ യാത്രയുണ്ട്‌ അവളുടെ വീട്ടിലേക്ക്‌. ഏകദേശം പാതി പിന്നിട്ടപ്പോഴാണ്‌   ഒരു കട കണ്ടെത്തിയത്‌. അവിടെ നിർത്തി ഒരു കുപ്പിവെള്ളവും ബിസ്‌ക്കറ്റും വാങ്ങി. പിന്നെ കടക്കാരനോട്‌  ‌ശബ്ദം കുറച്ച്‌ എന്തോ പറഞ്ഞപ്പോൾ ‌ അയാൾ താഴത്തെ കബോർഡിൽ നിന്നും ഒരു സാധനമെടുത്ത്‌ ചെറിയ പാക്കിലാക്കി ‌ അയാളുടെ കയ്യിൽ കൊടുത്തു‌.  

വീണ്ടും യാത്ര തുടർന്നു.   മനസിൽ ചില പ്ലാനിങ്‌  നടത്തുന്നതിനിടയിലാണ്‌  അവന്‌  വൈഫിന്റെ ഫോൺ വന്നത്‌. അതിലവന്‌ അൽപ്പം അസ്വസ്‌ഥതയുണ്ടായെങ്കിലും  അത്‌ പുറത്ത്‌ കാണിച്ചില്ല.
ചെറിയൊരു ഫങ്‌ഷനുണ്ട്‌. ലേറ്റാകും ചിലപ്പോൾ നാളയെ വരൂ. അവൻ എപ്പോഴും അങ്ങനെയാണ്‌ വരില്ല എന്നൊരിക്കലും പറയില്ല. കൂടുതലൊന്നും അവളും  ചോദിക്കില്ല

മുറ്റത്തെ‌ മഞ്ഞ മുളങ്കാടുകൾക്കിടയിൽ മരത്തിലും ഇഷ്ടികയിലും തീർത്ത  ഓടിട്ട ചെറിയ വീട്‌ തെളിഞ്ഞു. നിലാ വെളിച്ചം പുതച്ചുറങ്ങുകയായിരുന്ന  വീടിനെ മാനനഭംഗപ്പെടുത്തി കാറിന്റെ ലൈറ്റുകൾ കടന്നുവന്നപ്പോൾ   അപ്രതീക്ഷിതമായെത്തിയ അതിഥിയാരെന്നറിയാൻ അവളും  വാതിൽ തുറന്നു.

എടാ ആര്യപുത്രാ...നീയോ. അവനെ   അവൾ അങ്ങിനെയായിരുന്നു  വിളിച്ചിരുന്നത്‌. അവൾ അവനെ കൈപിടിച്ച്‌ അകത്തേയ്‌ക്ക്‌ കുട്ടി.

നിനക്കൊരു സർപ്രൈസ്‌  തരാന്ന്‌ കരുതി. അവൻ അവളെ നെഞ്ചൊട്‌  ചേർത്തു.‌  നീ തടിച്ച്‌ വീർത്തല്ലോ അവൾ അവന്റെ വയറ്റിൽ ചെറുതായൊന്ന്‌ ഇടിച്ചു. ഒരു ബൂർഷ്വയുടെ എല്ലാ ലക്ഷണങ്ങളും നിന്റെ ശരീരത്തിലുണ്ടല്ലടാ.  ഇപ്പം കളിയൊന്നുമില്ലേ.
കൊളസ്‌ട്രോൾ കുറയ്‌ക്കാൻ വല്ലപ്പോഴും കളിക്കും.  

അവൾ മുളങ്കസേരയിൽ ഇരുന്നപ്പോൾ അവനും ഇരുന്നു. കുറച്ച്‌ നേരം അവരുടെ ഓർമകൾ  നഗരത്തിലെ  സർക്കാർ  കോളജിന്റെ വാതിലുകൾ തുറന്ന്‌ ബിഎസ്‌സി കെമിസ്‌ട്രി ക്ലാസിലെ ബെഞ്ചിലിരുന്നു.  വല്ലപ്പോഴും  ക്ലാസിൽ കയറുന്നതിനാൽ  വാൽനക്ഷത്രമെന്നായിരുന്നു ക്യാമ്പസിൽ അവന്റെ വിളിപ്പേര്‌.   കോളജിൽ   ശിവകാമിയുടെ കാൽപ്പാടുകൾക്ക്‌ എതിർ ദിശയിലായിരുന്നു അവന്റെ സഞ്ചാരപഥങ്ങൾ. വിപ്ലവ  വഴിയിൽ അവൾ വിതറിയ വിത്തുകൾ മുളയ്‌ക്കാൻ പാകപെട്ട മണ്ണായിരുന്നില്ല അവന്റേത്‌ എന്നറിയാമായിരുന്നെങ്കിലും അവൾ അവനെ കൈവിട്ടിരുന്നില്ല. .കെമിസ്‌ട്രി ലാബിൽ നിന്നും പലപ്പോഴും മുങ്ങുന്നവൻ  പൊങ്ങുക ക്രിക്കറ്റ്‌   ‌ഗ്രൗണ്ടിലായിരുന്നു.    

കോഴ്‌സ്‌ കഴിഞ്ഞതോടെ പലരും പല വഴിയ്‌ക്ക്‌ ‌യാത്രയായി. ഫെയ്‌സ്‌ബുക്കിൽ അടുത്തിടെയാണ്‌ ശിവകാമിയെ ആര്യൻ കണ്ടെത്തിയത്‌. അയോധ്യ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച്‌ അവനും സുഹൃത്തുക്കളും  ലഡു വിതരണം ചെയ്യുന്ന ഫോട്ടോ അവൻ എഫ്‌ബിയിൽ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. അതിനവൾ എൻ എസ്‌  മാധവന്റെ തിരുത്ത്‌ എന്ന കഥയുടെ കവർ ഫോട്ടോ കമന്റയി പോസ്റ്റ്‌   ചെയ്‌തിരുന്നു. പിന്നെ അതിനെ ചൊല്ലിയായിരുന്നു മറ്റ്‌ കമന്റുകൾ.  

വാൽ നക്ഷത്രമെ നീ ഇപ്പം എന്റെ  ആകാശത്ത്‌ പ്രത്യക്ഷപ്പെടാനെന്താണ്‌ കാരണം.
ഒന്നൂല്ലടോ ഒന്ന്‌ കാണണമെന്ന്‌   തോന്നി. വർഷങ്ങളായില്ലേ  കണ്ടിട്ട്‌.  എങ്ങിനെ പോകുന്നു നിന്റെ ബിസിനസൊക്കെ.
തരക്കേടില്ല.  
ഞാൻ കുടിക്കാനെന്തങ്കിലും എടുക്കാം.  
അതൊക്കെ പിന്നെ. നീ ഇരിക്ക്‌. അവൻ വിലക്കി.
നീ ഒന്ന്‌ കണ്ണടച്ചേ

ഇനിയും സർപ്രൈസ്‌  ഉണ്ടോ.  അവൾ കണ്ണടച്ചു. ബിസ്‌ക്കറ്റിന്റെ മണമുള്ള അവന്റെ  ശ്വാസം മുഖത്തടിച്ചപ്പോൾ അവളൊന്ന്‌  കുതറി. ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങിയ ആ ചുംബനം സ്ഥാനം തെറ്റി അവളുടെ കവിളിൽ പതിഞ്ഞു.  
എന്ത്‌ പണിയാടോ താൻ  കാണിച്ചത്‌. അവൾ മുഖം തുടച്ചു.  
 ഞാനെന്റെ ഇഷ്ടം കാണിച്ചതല്ലേ.
വേണ്ട. വിശദീകരിച്ച്‌ കുളമാക്കണ്ട.‌ അവനുള്ള മറുപടിയെന്നൊണം അവൾ വാഷ്‌ബേസിനടുത്തേയ്‌ക്ക്‌ ‌ പോയി മുഖം നന്നായി കഴുകി.‌എന്നാൽ അവന്റെ മുഖം കുനിഞ്ഞിരുന്നില്ല.  
നീ ഇരിക്ക്‌.  ഞാനിപ്പം വരാം . അതിഥിയോട്‌ അനിഷ്‌ടമൊന്നും കാണിക്കാതെ അവൾ അടുക്കളയിലേക്ക്‌ പോയി.  ആ സമയത്ത്‌ തന്നെയാണ്‌ അവന്‌ സുഹൃത്തിന്റെ ഫോൺ വന്നതും അവൻ സ്‌ക്രീനിൽ പച്ച ബട്ടണമർത്തി പുറത്തേയ്‌ക്കിറങ്ങി.
എടാ ഞാൻ കുറച്ച്‌ ദൂരെയാ.
എന്താ മോനെ ഒരു  വേട്ടക്കിറങ്ങിയ ലക്ഷണമുണ്ടല്ലോ
ആ അങ്ങിനെയും പറയാം. പക്ഷേ ‘പ്ലാൻ എ’ വർക്കൗട്ടായില്ല. അടുത്തതിൽ ശരിയാകും.
പിന്നീടുള്ള  അവന്റെ വാക്കുകൾക്ക്‌ ‌ശബ്ദം കുറവായിരുന്നു.

പഴയ ഒരു കോളജ്‌ മേറ്റാ. പാലക്കാടൻ അഗ്രഹാരത്തിലെ ഒരു നമ്പൂതിരിക്കുട്ടി. എന്നാൽ പഠിക്കുന്ന കാലത്ത്‌ ‌തീപ്പൊരിയായിരുന്നു. ബീഫ്‌ രാഷ്‌ട്രീയം തിളച്ച്‌ മറിയുന്ന കാലത്ത്‌ അഗ്രഹാരത്തിൽ ബീഫ് ‌ഫെസ്‌റ്റിവെൽ നടത്തി സമുദായത്തിൽ നിന്നും പുറത്തായി. പിന്നെ കേട്ടത്‌ ഒരു താണ ജാതിക്കാരനെ കല്ല്യാണം കഴിച്ചെന്നാണ്‌. അതിന്റെ പേരിലും പ്രശ്‌നമായപ്പോൾ   നാട്‌ വിട്ട്‌  ഈ മലമൂട്ടിലേക്ക്‌ വന്നു. ചെക്കൻ ഗൾഫിലേക്കും വിട്ടു.  ഇവളിവിടെ സർക്കാരാശുപത്രിയിൽ നെഴ്‌‌സാണ്‌.  

ഒകെ . കാര്യങ്ങളൊക്കെ വെടിപ്പായി നടക്കട്ടെ. ഞാൻ  നാളത്തെ കാര്യം ഓർമപ്പിക്കാൻ വിളിച്ചതാ.
അതൊക്കെ‌ നമുക്ക്‌ ശരിയാക്കാം.
നീ ഒരു കാര്യം ചെയ്യണം. കൃത്യം അര മണിക്കൂർ കഴിഞ്ഞാൽ എന്നെയൊന്ന്‌ വിളിക്കണം. ബട്ട്‌ ഞാൻ അറ്റന്റ്‌ ചെയ്യില്ല.  സുഹൃത്തിന്‌ കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും അവൻ ഒകെ പറഞ്ഞു.
അവൻ അകത്തേയ്‌ക്ക്‌ കയറിയപ്പോൾ മേശയിൽ ഓറഞ്ച്‌ ജ്യൂസുണ്ടായിരുന്നു.  അവൻ ജ്യൂസ്‌ ഗ്ലാസുമായി പുറത്തേക്കിറങ്ങി.

അൽപ്പം കഴിഞ്ഞ്‌ അവളും കുളിച്ച്‌ വസ്‌ത്രം മാറി  മുറ്റത്തെ മുളങ്കൂട്ടത്തിനരികലെത്തി. ഈതെന്താ കുളിച്ചിട്ട്‌ മുഷിഞ്ഞ്‌ ചുളിഞ്ഞതു പോലെ ടീഷർട്ടിരിക്കുന്നത്‌. ഓ..രാത്രിയല്ലേ .ഇതൊക്കെ ധാരാളം. ചില മുൻ വിധികളാണ്‌ നിന്നെക്കൊണ്ട്‌ ഇതൊക്കെ ചെയ്യിച്ചതെന്ന്‌ എനിക്കറിയാം. എല്ലാവരെയും ഒരേ കണ്ണുകൊണ്ട്‌ കാണരുത്‌.  ഇതിന്‌ ഞാൻ നിനക്കൊരു ശിക്ഷ തരുന്നുണ്ട്‌. അവൾ വീണ്ടും ചെറുതായി അവന്റെ വയറ്റിലിടിച്ചു.  
എന്താണാവോ ശിക്ഷ.
വൈഫിന്റെ പിരീഡ്‌സ്‌ ഡെയ്‌റ്റ്‌ അറിയാമോ.

തികച്ചും അപ്രതീഷിതമായൊരു ചോദ്യമായിരുന്നെങ്കിലും അവൻ കുറച്ച്‌ നേരം ആലോചിച്ച പറഞ്ഞു.
ഇന്ന്‌ ഡെയ്‌റ്റ് മാർച്ച്‌ ‌ 17 അല്ലേ. അവൾ തലയാട്ടി.
എന്നാൽ 12 നായിരുന്നു.  
 ഗുഡ്‌.ഇത്ര കത്യമായി ഓർത്തല്ലോ.
കഴിഞ്ഞ അഞ്ച്‌ ദിവസം ഞാൻ  മറ്റൊരു റൂമിലായിരുന്നു കിടന്നത്‌. അതുകൊണ്ട്‌ നല്ല ഓർമ്മയുണ്ട്‌.
മാറിക്കിടക്കാനോ. അവൾക്കത്‌ വിശ്വസിക്കായില്ല.

എനിക്ക്‌ ആ സമയത്തെ   അവളുടെ മണമൊന്നും പിടിക്കില്ല. അതുകൊണ്ട്‌ ആ ദിവസങ്ങളിൽ ഞാൻ ചിലപ്പോൾ ഓവർ ഡ്യൂട്ടിയെടുത്ത് ‌ഓഫീസിൽ തന്നെ കിടക്കും.  അല്ലെങ്കിൽ വീട്ടിൽ വേറെ മുറിയിലേക്ക്‌   മാറും. പിന്നെ ആ സമയത്ത്‌ അവൾക്ക്‌ തൊട്ടതിനും പിടിച്ചതിനുമൊക്കെ  ഒടുക്കത്തെ ദേഷ്യവുമായിരിക്കും.

എടോ ഏതൊരു സ്‌ത്രീയും  സ്നേഹവും  ചേർത്തുപിടിക്കലുമെല്ലാം  ആഗ്രഹിക്കുന്ന സമയമാണത്‌.  
ശിവാ...അതൊക്കെ പ്രസംഗിക്കാൻ പറ്റും. നമ്മുടെ  ഭാരതീയ സംസ്‌കാരമനുസരിച്ച്‌  ആ ദിവസങ്ങളിൽ അവൾ അശുദ്ധ തന്നെയാണ്‌.

അവൾക്ക്‌ അവനോട്‌ ‌ കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും അത്‌ കേട്ടതോടെ അവൾക്ക്‌ സഹിക്കാനായില്ല.  ഞാൻ നിനക്കൊരു കഥ പറഞ്ഞുതാരം. കഥയല്ല യാഥാർഥ്യം തന്നെയാണ്‌.
എനിക്കൊരു ഫ്രൻഡ്‌‌ ഉണ്ട്.‌ പേര്‌ മെർലിൻ. ബംഗളൂരുവിലെ ഒരു പ്രൈവറ്റ്‌ ആശുപത്രിയിലെ നെഴ്‌സാണ്‌. അവൾക്കൊരു ‌ ഒരു  ലവറുണ്ട്‌. അവൾക്ക്‌  മെൻസസ് ആവുമ്പോൾ അവൻ നാട്ടിൽ നിന്നും ബംഗളൂരുവിലേക്ക്‌ വണ്ടി കയറും. പിന്നെ   അവൻ അവിടെയായിരിക്കും. അഞ്ചോ ആറോ‌ ദിവസം കഴിഞ്ഞാണ്‌ തിരികെ വരിക. ആ സമയത്ത്‌ അവൾക്ക്‌ ചെമ്പകപ്പുവിന്റെ മണമെന്നാണ്‌ അവൻ പറയുക. ആ ദിവസങ്ങളില്ലാതെ അവർ കാണുന്നത്‌ പതിവില്ല.

ആർത്തവ രക്തത്തെ   ഗ്ലോറിഫൈ ചെയ്യുകയും അത്‌ സാമൂഹമാധ്യമങ്ങളിലുടെ അവതരിപ്പിക്കുകയും ചെയ്യുകയെന്നത് പലർക്കും   ഇന്നൊരു  ഫാഷനാണ്‌.  ഇവരൊക്കെ വീട്ടിലിങ്ങനെയാണോ. നീ അത്‌ മനസിലാക്കണം.  
അല്ലാത്തവരും ഉണ്ട്‌. നീ  എന്തിനെയും ജനറലൈസ്‌ ചെയ്യരുത്‌. ഞാൻ പറഞ്ഞ മെർലിന്റെ ചെക്കൻ  ഒരു സാധാരണ പയ്യനാണ്.‌   ഒരു മൊബൈൽ ഷോപ്പിലാണ്‌ ‌അവന്‌ പണി.  ‌സമൂഹമാധ്യമങ്ങളിൽ വലിയ താരവുമല്ല.

ആര്യൻ അടുത്ത തവണ  മാറിക്കിടക്കരുത്. അതാണ്‌ നിനക്കുള്ള എന്റെ ഏറ്റവും ചെറിയ ശിക്ഷ. നീ കൂടെയുണ്ടെന്ന്‌   ‌അവൾക്ക്‌  ‌തോന്നണം.  . സമ്മതമല്ലെങ്കിൽ ഞാനിപ്പം അവളെ വിളിക്കും. എന്തായാലും നീ ഇങ്ങോട്ടാണ്‌ വന്നതെന്ന്‌ അവൾക്കറിയില്ലാന്ന്‌ എനിക്ക്‌ ‌ഉറപ്പുണ്ട്‌.
സമ്മതമെന്ന അർഥത്തിൽ അവൻ കൈകൂപ്പി.
ഗുഡ്‌ബോയ്‌
 നീ കുളിക്കുന്നില്ലേ.
മാറിയുടുക്കാൻ എന്താണ്‌ വേണ്ടത്‌
ഒന്നും വേണ്ട. എല്ലാം കാറിലുണ്ട്‌.
നീ ഒരുങ്ങിത്തന്നെ വന്നതാണല്ലേ. അവൾ ചിരിച്ചു.

അല്ല. അത്യവശ്യം സാധനങ്ങൾ എന്നും കാറിൽ സുക്ഷിക്കും. എപ്പോഴും വീട്ടിൽ പോവാൻ പറ്റില്ലല്ലോ. അതിനവൾ അർഥം വെച്ചൊന്നു മൂളി. ഇവിടെ കഴിക്കാൻ സ്‌പെഷ്യലൊന്നുമില്ലട്ടോ.  ഞാൻ നട്ടുവളർത്തിയ തക്കാളി കറിവെച്ചതും ചോറുമുണ്ട്‌. ചപ്പാത്തി വേണേൽ ഉണ്ടാക്കാം.
എനിക്കായി ഒന്നും ഉണ്ടാക്കേണ്ട‌.
അവൾ അടുക്കളയിലേക്ക്‌ പോയി.

പിന്നീടവൻ ചിന്തിച്ചത്‌ പ്ലാൻ ബി നടപ്പാക്കുന്നതിനെ  കുറിച്ചായിരുന്നു. ഇപ്പോൾ കണ്ടതെല്ലാം അവളുടെ ജാടയാണെന്നും അടത്ത ഘട്ടത്തിൽ അവൾ ഉറപ്പായും   വീഴുമെന്നും അവന്‌ വിശ്വാസമുണ്ടായിരുന്നു.  മുമ്പും പല ഘട്ടങ്ങളിലും പ്ലാൻ എ പരാജയപ്പെട്ടപ്പോഴും  പിന്നീട്‌ ജയിച്ചു കയറിയതോർത്തപ്പോൾ ‌  ‌അവന്റെ ആത്മിശ്വാസം ഇരട്ടിച്ചു.  

അപ്പോഴാണ്‌ അവൻ   ആ വിട്‌ ശരിക്കും നോക്കിയത്‌. റൂമിനൊന്നും വാതിലുകളുണ്ടായിരുന്നില്ല. ‌ ലായിലും അടുക്കളയിലും മാത്രമാണ്‌ വാതിലുകൾ.  
എല്ലാം അവന്റെ പ്ലാനിങ്‌ ആണ്.
തക്കാളിയരിഞ്ഞ കത്തിയുമായിട്ടായിരുന്നു അവൾ വന്നത്‌. ‌
ഒരു ബുക്ക്‌ ഷെൽഫ്‌ ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതു കണ്ടില്ല.നീ കോളജ്‌ ലൈബ്രററിയിലെ പുഴുവായിരുന്നല്ലോ.
കുറവാണെങ്കിലും വായന കൈവിട്ടിട്ടില്ല. പിന്നെ വായിച്ചു കഴിഞ്ഞാൽ പുസ്‌തകം മറ്റുള്ളവർക്കോ ലൈബ്രറിക്കോ നൽകും.   ഷെൽഫിൽ നിരത്തിയ പുസ്‌തകങ്ങൾ  മൊർച്ചറിയിൽ സൂക്ഷിക്കുന്ന  അജ്ഞാത മൃതദേഹം പോലെയാ എനിക്ക്‌ ‌തോന്നാറുള്ളത്‌.  ഇത് എന്റെ മാത്രം തോന്നലാട്ടോ. പുസ്‌തകം സൂക്ഷിക്കുന്നവരോട്‌ എനിക്ക്‌ എതിർപ്പാണൊന്നും വിചാരിക്കണ്ട.

ശരി. ഞാനൊന്ന്‌ കുളിക്കട്ടെ. അവൻ റൂമിലേക്ക്‌ നടന്നു.  ബാത്ത്‌ റൂമിൽ വാതിലുണ്ടാവുമല്ലേ.   ആ തമാശ അവൾ ആസ്വദിച്ചു.
അവൻ ഐ ഫോൺ കിടക്കയിൽ വെച്ചു. അവൾ കാണുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷം  പാന്റ്‌സിന്റെ പൊക്കറ്റിൽ നിന്നും  കോണ്ടത്തിന്റെ   പാക്കറ്റ്‌ എടുത്ത്‌ ഫോണിന്റെ മുകളിലായി  വെച്ചു.  അൽപ്പം കഴിയുമ്പോൾ സുഹൃത്ത്‌ വിളിക്കും സ്വാഭാവികമായും അവൾ വന്ന്‌ നോക്കുമ്പോൾ അത്‌‌ കാണും.  അതായിരുന്നു അവൻ നടപ്പാക്കാൻ പോകുന്ന പ്ലാൻ ബി . അവൾ ഇത്രയും കാലം അടിച്ചമർത്തിയ   മൃദുല വികാരം  ഉണരാൻ അത്‌ ധാരാളാണെന്ന്‌ അവൻ ഉറപ്പിച്ചു. മൊബൈലിന്റെ ശബ്ദം മാക്‌സിമം കൂട്ടിവെച്ച്‌ അവൻ ബാത്ത്‌റൂമിലേക്ക്‌ കയറി.

രണ്ട്‌  ‌മനുട്ടിനുള്ളിൽ തന്നെ ഫോൺ റിങ്‌ ചെയ്യാൻ തുടങ്ങി. അതിനൊപ്പം തന്നെ അവളുടെ കാൽക്കൊലുസുകൾ റൂമിലേക്ക്‌ വരുന്നതും അവനറിഞ്ഞു.  സ്വയം വിജയചിഹ്നം കാണിച്ച്‌ അവൻ കുളി ഒന്നുകൂടി ഉഷാറാക്കി. 

ത്രീ ഫോർത്തും ടീഷർട്ടുമിട്ട്‌  പുതിയ പെർഫ്യൂമിന്റെ ഗന്ധവുമായി അവൻ ഭക്ഷണമുറിയിലേക്ക്‌ കയറി വന്നു. അവൾ ടേബിളിൽ  ചപ്പാത്തിയും തക്കാളിക്കറിയും ഒരുക്കുകയായിരുന്നു. മറ്റൊരു പ്ലേറ്റിൽ കക്കിരിക്കയും മുറിച്ച്‌ വെച്ചു. ഞാൻ ചോറ്‌  കഴിച്ചോളാം അല്ലെങ്കിൽ അത്‌ വെയ്‌സ്‌റ്റാകും.  അവൾ ചോറിൽ കൈകുത്തി.  
വൈഫിന്‌ തനിച്ച്‌ കിടക്കാൻ പേടിയുണ്ടോ.
ഇല്ല. അവൾക്കതൊക്കെ ശീലായി.
പിന്നെ ഇതു പോലെയല്ല. എല്ലാ റൂമിലും നല്ല ഉരുക്കു വാതിലുകളാണ്.‌ ഒരു തവണ താക്കോൽ തിരിച്ചാൽ വാതിലിന്റെ ചുറ്റിലും   ലോക്കാകുന്ന ഹൈടെക്ക്‌  ‌വാതിലുകളുണ്ട്‌.  പുറത്ത്‌ ഏത്‌ അജ്ഞാത സാന്നിധ്യവും പിടിച്ചെടുക്കാൻ കഴിവുള്ള ഡോബർമാനും. ഇതു പോരെ അവളുടെയും മകളുടെയും സുരക്ഷയ്‌ക്ക്‌.

ധാരാളം. ആ മറുപടിയിലെ പരിഹാസം അവൻ തിരിച്ചറിഞ്ഞില്ല.  ഒരു ഡ്യൂപ്ലിക്കേറ്റ്‌ താക്കോലിട്ടാൽ എല്ലാ ലോക്കും ഒരുമിച്ച്‌ തുറക്കില്ലേ എന്നവൾക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സുരക്ഷയെ കുറിച്ചുള്ള അവന്റെ ചില സങ്കൽപ്പത്തെ മുറിവേൽപ്പിക്കേണ്ടെന്ന്‌ കരുതി  ആ ചോദ്യത്തെ പിറക്കാനനുവദിക്കാതെ അവൾ  സ്വയം ഗർഭഛിദ്രം ചെയ്‌തു.  

ഞാൻ പറയാൻ മറന്നു. നീ കുളിക്കാൻ കയറിയപ്പോൾ നിന്നെ ഒരു  ബെന്നി വിളിച്ചിരുന്നു.
അവനെന്റെ കൂടെ ജൊലി ചെയ്യുന്ന ചങ്കാണ്‌.
അവൾ മറ്റെന്തെങ്കിലും പറയുമെന്ന്‌ അവൻ കരുതിയെങ്കിലും അവൾ ടേബിളിലെ ചോറ്‌ മണികൾ പെറുക്കി പ്ലേറ്റിലിട്ട്‌ അടക്കളയിലേക്ക്‌ പോയി.  
ഭക്ഷണത്തിന്‌ ശേഷം അവർ കിടപ്പു മുറിയിലേക്ക്‌ കടന്നു.    ചുമരിൽ അവരുടെ ഫോട്ടോ ഉണ്ടായിരുന്നു. വസ്‌ത്രങ്ങൾ നിങ്ങളുടെ സൗന്ദര്യം മറയ്‌ക്കുന്നു എന്ന ഖലീൽ ജിബ്രാന്റെ  വരികൾ അർധനഗ്നരായ അവരുടെ ചിത്രത്തിന്‌ താഴെയായി കാണാമായിരുന്നു.  
അവൻ  ഗൾഫിലേക്ക്‌ പറന്നിട്ട്‌ ‌ കുറേയായോ.
ഒരു വർഷം.
 അടുത്ത മാർച്ചിൽ വരാനാണ്‌ പദ്ധതി.  

ഓ  ഇനിയും ഒരു വർഷം. അതുവരെ ഈ കിടക്ക മറ്റൊരു മരുഭൂമി പോലെ ഇങ്ങനെ.... അർഥം വെച്ചുള്ള  വാക്കുകളിൽ അവനൊളിപ്പിച്ച  കെണിയിൽ വീഴാതെ അവൾ  പുറത്തേക്ക്‌‌ ‌ നടന്നു.
ഇനി അര മണിക്കൂർ എന്നെ കിട്ടില്ലാട്ടോ. വൈശാഖ്‌ ‌ വീഡിയോ കോളിൽ വരാനായി. അവസാന അഞ്ച്‌ മിനുട്ട്‌ നിന്നെ കാണിക്കാം.
ഞാൻ ഇവിടെയുള്ളത്‌   നീ അവനോട്‌ പറയുമോ
അതിനെന്താ... ഇവിടെ വീടിന്‌ മാത്രമല്ല ആര്യപുത്രാ ഞങ്ങളുടെ മനസിലും  വാതിലുകളില്ല.  
അവൾ ഫോണുമായി അകത്തേയ്‌ക്ക്‌ പോയി.‌  അവൻ മുറ്റത്തെ മുളങ്കൂട്ടത്തിന്‌ താഴെയിരുന്നു വീട്ടിലേക്ക്‌ ‌വിളിച്ചു. എടീ ഞാനിന്ന്‌ വരില്ല. ഫങ്ഷൻ കഴിയാൻ ലേറ്റായി. പിന്നെ കുറച്ച്‌ മദ്യപിച്ചതിനാൽ ‌ വാഹനമോടിക്കാൻ ഇവർ സമ്മതിക്കുന്നില്ല. ‌.  മോൾക്ക്‌ മരുന്ന്‌ കൊടുക്കാൻ മറക്കണ്ട. നീ കിടന്നോളു. ‌   അവൾ ‌എന്തെങ്കിലും പറയുന്നതിന മുമ്പേ പതിവ്‌ പോലെ  അവൻ ഫോൺ കട്ട്‌  ‌ചെയ്‌തു.

അപ്പോഴേക്കും  ശിവകാമി ആര്യന്‌ സമീപം എത്തി   ഫോണിലെ സ്‌ക്രീനിൽ  ശെവശാഖ്‌ ‌ അവനോട്‌‌ ‌ ഹായ്‌ പറഞ്ഞു.  
പറയാതെ വന്നതുകൊണ്ട്‌ ഫുഡ്‌ ഒന്നു ശരിയായിട്ടില്ലെന്നറിയാം. അവൾക്ക്‌  ‌ഓഫുള്ള ഒരു ദിവസം വന്നാൽ പോരായിരുന്നോ.  
ഇനിയൊരിക്കലാകാം
ഗൾഫിൽ ജോലിയൊക്കെ എങ്ങിനെ.
നമുക്കൊന്നും പറ്റിയ സ്ഥലമല്ലടോ..പിന്നെ കുറച്ച്‌ കാലം മാറി നിൽക്കേണ്ട അവസ്ഥയായിരുന്നു. ഗതികേട് ‌കൊണ്ട്‌ വന്നതാ...

ഒകെ. നിങ്ങൾ പഴയ കോളജ്‌ കഥകളൊക്കെ  പറഞ്ഞിരിക്ക്‌   പിന്നെ കാണാം. ആര്യൻ  ഫോൺ ശിവകാമിക്ക്‌ ‌ നൽകി. അവൾ വീടിനകത്തേയ്‌ക്ക്‌ കയറി .
അടുത്ത രംഗം പ്ലാൻ ചെയ്‌ത്‌ ആര്യൻ കുറച്ച്‌ നേരം കൂടി പുറത്തിരുന്നു. ഇതിനിടയിൽ വീണ്ടും അവന്‌ ബെന്നിയുടെ ഫോൺ വന്നു.
എന്തായി.
കുറേ നേരമായി അവൾ ജാട കളിക്കുന്നു. ‌ഞാനെന്തായാലും ശുഭപ്രതീക്ഷയിലാണ്. വെളിച്ചമെല്ലാം അണയാനായി കാത്തിരിക്കുന്നു.  ചില വികാരങ്ങൾക്ക്‌ ‌ കടന്നുവരാൻ ഇരുട്ടിന്റെ വഴി തന്നെ വേണം.  നമുക്ക്‌  നാളെ കാണാം.  
 റുമിൽ പുതിയ വിരിയും പുതപ്പുമെല്ലാം അവനായി   ഒരുക്കിയിരുന്നു.  

നീ കിടക്ക്‌. ഞാനിപ്പം വരാം. അവൾ ബെഡ്‌റൂമിലേക്ക്‌ കയറി.  അപ്പോഴാണ്‌ പുറത്തൊരു കാൽപ്പൈരുമാറ്റം കേട്ടത്‌. അവൾ വാതിൽ തുറക്കാൻ നോക്കിയപ്പോൾ   ഞാൻ മാറി നിൽക്കണമോ എന്നവൻ‌ ശബ്ദം താഴ്‌ത്തി ചോദിച്ചു.
എന്തിന്.‌ അത്‌ നഞ്ചനായിരിക്കും.

വാതിൽ തുറന്നപ്പോൾ അവൾക്ക്‌ തെറ്റിയിട്ടില്ല.  പുറത്ത്‌ നഞ്ചനുണ്ട്‌. രാത്രിയിലും അവന്റെ വായിൽ വെറ്റില മുറുക്കിന്റെ ചുവപ്പ്‌ മാഞ്ഞിട്ടില്ല.  പതിവ്‌വേഷം തന്നെയാണ്.‌ എളിയിൽ ഒരു കത്തിയുമുണ്ട്‌. അവൻ പുറത്തെ കാറും  അപരിചിതനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
നഞ്ചാ ഇത്‌ നമ്മുടെയാളാ. നഞ്ചൻ ആര്യനെ നോക്കി ചിരിച്ചു.
ഭക്ഷണം കഴിച്ചോയെന്നവൾ ചോദിച്ചപ്പോൾ തലയാട്ടി. എന്നാൽ പോയ്‌ക്കോളൂ. നാളെ വാ..
നഞ്ചൻ ഇരുട്ടിലേക്ക്‌  മറഞ്ഞു.

ഇവിടത്തെ ആദിവാസി മൂപ്പന്റെ മകനാണ്‌.  ഞങ്ങളുടെ കഥയെല്ലാം ഇവർക്കറിയാം. രക്തബന്ധമില്ലെങ്കിലും ഈ കാടിന്റെ മക്കളാണ്‌ ഇപ്പം എന്റെ രക്ഷ.  
വല്ല മാവേയിസ്‌റ്റോ മറ്റോ   ആയിരിക്കും.  നീ സൂക്ഷിച്ചോ. ഒടുവിൽ നീയും കുടുങ്ങും.  ആര്യന്റെയുള്ളിൽ ‌  നഞ്ചൻ ദഹിക്കാതെ കിടക്കുകയാണെന്ന്‌ അവൾക്ക്‌ ‌മനസിലായി.
ഇപ്പോഴും നിങ്ങൾക്ക്‌  ഭീഷണിയുണ്ടോ.
എന്റെ സമൂദായവും ചില നേതാക്കളും ഇപ്പോഴും അവനെ കിട്ടിയാൽ കൊല്ലുമെന്ന്‌  ‌പറഞ്ഞു നടക്കുകയാണ്‌.    അതൊക്കെ കുറേ പറയാനുണ്ട്‌. പിന്നീടാവാം. നീ കിടന്നോളൂ.  
അവനും കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ബാത്ത്‌റൂമിൽ പോയി തിരിച്ച്‌ വരുമ്പോൾ ശിവകാമി റൂമിലുണ്ടായിരുന്നു.  
നീയൊന്നു കണ്ണടച്ചേ. അവളത്‌ പറഞ്ഞപ്പോൾ.അവന്റെയുള്ളൊന്ന്‌ കുളിർത്തു.  
ആര്യൻ   കണ്ണടച്ചപ്പോൾ അവളൊരു സിഡി അവന്റെ കയ്യിൽ വെച്ചു. ഇനി കണ്ണുതുറന്നേളൂ.
എന്തായിത്‌.
അഥവാ രാത്രിയിൽ ‌ എന്റെ മുറിയലേക്ക്‌ കടന്നുവരണമെന്ന്‌ നിനക്ക് തോന്നുകയാണെങ്കിൽ   ഈ സിഡി കാണണം. ലാപ്പ്‌ നിന്റടുത്തുണ്ടല്ലോ..

ഗുഡ്‌നൈറ്റ്.  ‌നല്ല കുട്ടിയായി ഉറങ്ങ്‌.  
അവൾ പോയപ്പോൾ അവനും ലൈറ്റണച്ചു. അവളുടെ ബെഡ്‌ റൂമിലും ലൈറ്റണഞ്ഞപ്പോൾ വീട്‌ നിലാവെളിച്ചത്തിലലിഞ്ഞു.
രാത്രയിലെപ്പൊഴോ അവളുടെ പാദസരങ്ങളുടെ മണിക്കിലുക്കം ആ റൂമിലേക്ക്‌ കടന്നു വന്നപ്പോൾ ഉറങ്ങിയില്ലെന്ന്‌ ബോധ്യപ്പെടുത്താൻ അവൻ വെറുതെയൊന്ന്‌ തിരിഞ്ഞു കിടന്നു. അവൾ ഒരു കുജയിൽ വെള്ളം മേശപ്പറത്ത്‌ വെച്ചു. സോറി. മറന്നുപോയതാ.
നീ ഉറങ്ങിയില്ലേ.
ഇത്ര നേരത്തെ  ‌ ഉറക്കം പതിവില്ല.
ശരി. എനിക്ക്‌ നാളെ ഡ്യൂട്ടിയുള്ളതാ...
ഇനി ഗുഡ്‌നൈറ്റ്‌ പറയുന്നില്ല.
രാവിലെ അവളെക്കാൾ നേരത്തെയെണീറ്റത്‌ അവനായിരുന്നു. കാറിന്മേൽ വീണ മുളയിലകൾ മാറ്റുമ്പോഴായിരുന്നു  ശിവകാമി അടുത്തേയ്‌ക്ക്‌ വന്നത്‌. മാറിക്കിടക്കുന്നത്‌ ശീലമായതിനാൽ ഉറക്കം പ്രശ്‌നമായിട്ടില്ലല്ലോ.
ഇല്ല. നന്നായി ഉറങ്ങി.  നിന്റെ നഞ്ചൻ ഇന്നലെ പൊയില്ലല്ലേ...വാതിൽ തുറന്നപ്പോൾ അവൻ കോലായിൽ കിടന്നുറങ്ങുന്നു.
ആണോ. അവൻ ഇറങ്ങിപ്പോവുന്നത്‌ നമ്മൾ കണ്ടതല്ലേ.

അവൻ ചിലപ്പോഴങ്ങിനെയാണ്‌. പിന്നെ അവന്‌ നിന്റെ കാര്യത്തിലെന്തൊ   സംശയം തോന്നിക്കാണും അതുകൊണ്ടായിരിക്കും പാവം തിരിച്ചുവന്ന്‌  ‌ ഇവിടെ തന്നെ കിടന്നത്‌.  
ഞാൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണുണർന്നത്‌. എന്നെ നോക്കിയൊന്നു ചിരിച്ച്‌ പുറത്തേക്കിറങ്ങിപ്പോയി. എനിക്ക്‌  ‌അവനെയാണ്‌ സംശയം. അവൻ മാവോയിസ്‌റ്റ തന്നെയാ.
പോടാ. അവരൊക്കെയാണ്‌ എന്റെ ആത്മധൈര്യം. നീ ഇന്നലെ പറഞ്ഞതുപോലെ  നിന്റെ ഇങ്ങൊട്ടുള്ള വരവ്‌ എനിക്ക്‌ സസ്‌പെൻസായിരുന്നില്ല. ‌ നീ ഈ വീട്ടിലേക്ക്‌ എത്തുന്നതിന്റെ അരമണിക്കൂർ മുമ്പേ എനിക്ക്‌ കോൾ വന്നിരുന്നു.  കാറിന്റെ ബാക്ക്‌ഗ്ലാസിലുള്ള മൊബൈൽ നമ്പറും കിട്ടിയിരുന്നു.    ഈ റോഡിൽ അപരിചിതമായ വാഹനം വന്നാൽ ആരെങ്കിലും എന്നെ അറിയിക്കും.  ട്രൂ കോളറിൽ നമ്പർ ചെക്ക്‌ ചെയ്‌തപ്പോൾ നീയാണെന്നറിഞ്ഞപ്പോൾ എനിക്ക്‌ സമാധാനമായി.  

ഞാൻ വേഗം പോകും.   നീ ഉണരാൻ കാത്തുനിന്നതാണ്‌.
എനിക്കും എട്ടുമണിക്ക്‌ ‌ആശുപത്രിയിലെത്തണം. ഒരു ചായ കുടിച്ചിട്ട്‌ പോകാം.  
അവൻ‌ ഡ്രസും ലാപ്പുമെല്ലാം കാറിലേക്ക്‌ എടുത്തുവെച്ചു.  
അൽപ്പം കഴിഞ്ഞ്‌ അവൾ കട്ടൻ ചായയുമായി വന്നു.  

പോകുമ്പോൾ ഇതും എടുത്തോ. രാവിലെ നിന്റെ റൂമിൽ നിന്നും കിട്ടിയതാണ്‌. അവൾ  കോണ്ടം പാക്കറ്റ്‌ അവന്റെ കയ്യിൽ കൊടുത്തു. ഇത്‌ വഴിയിലെവിടെയെങ്കിലും കളഞ്ഞേക്ക്.‌ ഇതിൽ‌ യോനീഭാഗ്യമില്ലാത്ത ‌ ജന്മങ്ങളാണുള്ളത്‌‌. അവൾ ചിരിച്ചു.
ഭാഗ്യമില്ലാത്തത്‌ നിനക്കാണ്‌. അതു പറഞ്ഞവൻ ഡോർ തുറക്കാനൊരുങ്ങിയപ്പോൾ അവൾ വിലക്കി. ‌
ഇതും കൂടി കേട്ടിട്ട് പോ.

ഞങ്ങളുടെ പ്രണയം എന്റെ വീട്ടുകാർ അറിഞ്ഞതോടെ അത്‌ വീട്ടിൽ മാത്രമല്ല എന്റെ സമുദായത്തിലും വലിയ ഇഷ്യുയായി. അവന്റെ  വീട്ടുകാരെയും  ഭീഷണിപ്പെടുത്തി.  ഒരിക്കൽ അവൻ വർക്‌ഷോപ്പിലെ പണിയും കഴിഞ്ഞ്‌പോകുമ്പോൾ രണ്ട്‌ പേർ അവനെ പിന്തുടരുന്നുണ്ടായിരുന്നു. അപകടം മണത്ത അവൻ ഓടാൻ തുടങ്ങി. അവരുടെ ഉരിപ്പിടിച്ച വടിവാളിന്‌ കൊടുക്കാതെ   പ്രാണൻ മുറുകെ പിടിച്ച ‌അവനോടിയ ദൂരം നിനക്ക്‌ സങ്കൽപ്പിക്കാനാവില്ല.  ഒടുവിൽ ഒരു അറവുശാലയിൽ കയറി ഒളിച്ചിരുന്നാണ രക്ഷപ്പെട്ടത്‌. മരണപ്പാച്ചിലിൽ സ്ഥാനം തെറ്റിവന്ന ഒരു വെട്ട്‌ അവന്റെ തൊളിൽ പതിച്ചിരുന്നു എന്നാൽ അതത്ര ഗുരുതരമായിരുന്നില്ല.

എന്റെ വീട്ടുകാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമായിരുന്നു അത്‌.  ആ രാത്രിതന്നെ   എന്റെ ജാലകത്തിനരികെയെത്തിയ അവൻ നടന്നതെല്ലാം എന്നോട്‌ പറഞ്ഞു.‌ വിയർപ്പും ചോരയും ഒട്ടിപ്പിടിച്ച അവന്റെ കറുത്ത ടീഷർട്ട്‌  എനിക്ക്‌ ഊരിത്തന്ന്‌ അവൻ പറഞ്ഞത്‌ മരിക്കും മുമ്പേ എനിക്ക്  നിന്നെ കല്ല്യാണം കഴിക്കണമെന്നാണ്‌‌.  പിറ്റേന്ന്‌  ‌  ആരുമറിയാതെ ഞങ്ങൾ റജിസ്‌ട്രർ മാരേജ്‌ ചെയ്‌തു നാടുവിട്ടു.  മരുഭൂമിയായി മാറുന്ന ആ കിടക്കയെ കുറിച്ചും മുഷിഞ്ഞ ടീഷർട്ടിനെ കുറിച്ചും  ഇന്നലെ  എന്നോട്‌ ചോദിച്ചില്ലേ. അന്ന്‌ അവൻ എനിക്ക്‌ ഊരിത്തന്ന ടീഷർട്ട്‌  ‌ ഞാൻ അലക്കിയിട്ടില്ല. എന്നും രാത്രി അതിട്ടാണ്‌ ഞാൻ കിടക്കുന്നത്‌. അതിന്റെ മണം തന്നെയാണ്‌ ആര്യ എന്റെ രതിമൂർഛ.  

ഡ്രൈവർ സീറ്റിലിരുന്ന്‌  അവൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി
ആ സീഡി എന്തായിരുന്നു.
നീ കണ്ടില്ലല്ലോ.വാത്സ്യായനന്റെ കാമസൂ‌ത്രത്തിന്റെ എച്ച്‌ഡി പതിപ്പായിരുന്നു. ആ കോമഡിയും അവൻ ആസ്വദിച്ചു. അത്‌ ഫിലിപ്പീൻസിൽ നിന്നുള്ളൊരു  ഷോർട്ട്‌ ഫിലിം ആയിരുന്നു. കൂട്ട ബലാത്സംഗത്തിരയായ  പെൺകുട്ടി ഒരു ബ്യൂട്ടീഷ്യൻ കേന്ദ്രത്തിലെത്തി  ഒരു ദിവസത്തേയ്‌ക്ക്‌ ആ കേന്ദ്രം വാടകയ്‌ക്കെടുത്തു. ആരുമില്ലെന്ന്‌  ‌ഉറപ്പു വരുത്തിയ അവൾ  ശരീരം വൃത്തിയാക്കുന്ന മീനുകൾ നിറച്ച ബാത്ത്‌ടബ്ബിൽ‌  പൂർണ നഗ്നയായി കിടക്കുന്നു. അവളെ മീനുകൾ പൊതിയുന്നു.  മാലിന്യമെല്ലാം നീങ്ങിയപ്പോൾ അടുത്ത ദിവസം അവൾ എഴുന്നേൽക്കുന്നു. ഞാൻ വിശുദ്ധയാണെന്ന്‌  ലോകത്തോട്‌ വിളിച്ചുപറയുന്നു. കഥ കേട്ടപ്പോൾ   അവൻ തലയാട്ടി.

ഞാൻ നിനക്ക്‌ ലിങ്ക്‌ അയച്ചു തരാം. പിന്നെ നീ ഇനിയും വരണം. തനിച്ചായാലും സകുടുംബമായാലും എപ്പോഴും സ്വാഗതം. പിന്നെ  ‌ഇന്നലെ പറഞ്ഞ ശിക്ഷയുടെ കാര്യം മറക്കണ്ട.    അടുത്ത നിമിഷം മുളങ്കൂട്ടങ്ങളെ പിന്നിലാക്കി അവന്റെ  കാർ മുന്നോട്ടുപോയി.

അൽപ്പ നേരത്തെ യാത്രയ്‌ക്ക്‌ ശേഷം ഒരു വളവ്‌ തിരിഞ്ഞപ്പോൾ റോഡരികിലെ ഒരു കാട്ടരുവിയ്‌ക്ക്‌ സമീപം  അവൻ കാർ നിർത്തി. പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നും ആ പാക്കറ്റെടുത്ത്‌ ആ കാട്ടരുവിയിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ ഒരു രൂപാ കോയിനും കാട്ടരുവിയിൽ നിക്ഷേപിച്ച്‌  വീണ്ടും യാത്ര തുടർന്നു.

പിന്നീടുള്ള ദിവസങ്ങളിൽ   ആര്യനും ശിവകാമിക്കും ഇടയിൽ പ്രത്യേകിച്ചൊന്നും  സംഭവിച്ചില്ല. എന്നാൽ ഒരു ദിവസം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലെത്തിയ ശിവകാമി ഫോൺ ഓൺ ചെയ്‌ത്‌   എഫ്‌ബിയിൽ കയറിയപ്പോൾ ആര്യന്റെ ഒരു പോസ്‌‌റ്റു കണ്ടു.  വീട്ടു മുറ്റത്ത്‌ ‌ ഒരു ചെമ്പകത്തൈ നടുന്നതായിരുന്നു  ചിത്രം. ഇനിയുള്ള കുറച്ച്‌ ദിവസങ്ങൾ ചെമ്പകപ്പൂവിനൊപ്പം എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്‌. കലണ്ടറിലെ 12 എന്ന ഒരുചുവന്ന അക്കവും  ചേർത്തിരുന്നു.   

അപ്പോഴാണ്‌ അവൻ വന്ന്‌പോയിട്ട്‌ ഒരു മാസമായെന്ന്‌ അവൾ ഓർത്തത്‌. ശിവകാമിക്ക്‌ അല്ലാതെ മറ്റാർക്കും ആ പോസ്‌റ്റിന്റെ ഉള്ളടക്കം മനസ്സിലായിട്ടില്ലായിരുന്നു. മറ്റൊരു  ‌കാര്യവും അവളെ സന്തോഷിപ്പിച്ചു്‌ അന്ന്‌ ‌കണ്ടതു പോലെ അവന്റെ കൈത്തണ്ടയിൽ ഓറഞ്ച്‌ നിറമുള്ള  ചരടില്ലായിരുന്നു.  അവന്റെ വാട്‌സ്ആപ്പ്‌  സ്‌‌റ്റാറ്റസിലും ഒരു ചെമ്പകപ്പൂ സുഗന്ധം വീശി വിടർന്നു നിന്നു.
........................................................................................................................................സുധീർ കുമാർ വി കെ
പേരാമ്പ്ര, കോഴിക്കോട്‌ 
ദേശാഭിമാനി കോഴിക്കോട്‌  യുണിറ്റിൽ  സബ്‌ എഡിറ്ററായി ജോലി ചെയ്യുന്നു. ദേശാഭിമാനി, മലയാളം, ചന്ദ്രിക  വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചു. മികച്ച ചെറുകഥയ്‌ക്ക്‌ വൈക്കം മഹുമ്മദ്‌ ബഷീർ സ്‌മാരക അവാർഡും സി വി ശ്രീരാമൻ സ്‌മാരക പുരസ്‌കാരവും ലഭിച്ചു. ചില്ല മാസിക 25ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ചന്ദ്രിക വാരിക നടത്തിയ മത്സരത്തിലും സമ്മാനം നേടി. നാവ്‌ ചെറുകഥാ പുസ്‌കാരവും നേടി.
മലയാളം വാരിക നടത്തിയ എം പി നാരായണപിള്ള സ്‌മാരക ചെറുകഥ മത്സരത്തിൽ അവർ തിരഞ്ഞെടുത്ത മികച്ച പത്ത്‌ കഥകളിൽ എന്റെ ചെറുകഥയും ഉൾപ്പെട്ടിരുന്നു. ഈ പത്ത്‌ ചെറുകഥകൾ ഉൾപ്പെടുത്തി മാതൃഭൂമി ഫൈനൽ റൗണ്ഡ്‌ എന്ന പേരിൽ ബുക്ക്‌ പ്രസിദ്ധീകരിച്ചിരുന്നു.
മികച്ച സിനിമ ലേഖനത്തിന്‌ തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡും നേടി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക