Image

പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു

പി. ടി. പൗലോസ് Published on 24 June, 2021
പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു
കോവിഡ് 19 മഹാമാരിമൂലം ഒരു വര്‍ഷത്തിലേറെയായി നിറുത്തി വയ്ക്കേണ്ടിവന്ന ന്യുയോര്‍ക്ക് സര്‍ഗ്ഗവേദി പുനരാരംഭിച്ചു. 2021 ജൂണ്‍  20 ഞായര്‍ വൈകുന്നേരം 6 30 ന്  ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെ പ്രധാന ഹാളില്‍ പി. ടി. പൗലോസിന്റെ സ്വാഗത പ്രസംഗത്തോടെ സര്‍ഗ്ഗവേദിയുടെ മറ്റൊരു അദ്ധ്യായത്തിന് തുടക്കമിട്ടു.
 
 
സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവും അമേരിക്കന്‍ മലയാളി സമൂഹത്തിലെ സാംസ്‌കാരിക വിമര്‍ശകനുമായിരുന്ന പ്രൊഫസര്‍ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകള്‍' എന്ന ലേഖന - കഥ - കവിത സമാഹാരത്തിന്റെയും അമേരിക്കന്‍ മലയാളികളുടെ പ്രിയ കവയിത്രിയായ എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ 'കാവ്യദളങ്ങള്‍' എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശന ചടങ്ങുകള്‍ ആയിരുന്നു യോഗത്തിന്റെ പ്രധാന കാര്യപരിപാടികള്‍.
 
 
നെറികേടിനെ നെഞ്ചിലേറ്റുന്ന സാംസ്‌കാരികവിരുദ്ധരോട് ഡസ്‌ക്കിലടിച്ചലറിവിളിച്ച് പ്രതീകാത്മകമായി പ്രതികരിക്കുന്ന ആന്റണിച്ചേട്ടന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍, സര്‍ഗ്ഗവേദിയെ ദീര്‍ഘകാലം നയിച്ച എഴുത്തുകാരനായ മനോഹര്‍ തോമസ് 'തെരെഞ്ഞെടുത്ത രചനകള്‍' ആന്റണിച്ചേട്ടന്റെ പ്രിയപത്‌നി ഡോഃ തെരേസ ആന്റണിയുടെ സാന്നിദ്ധ്യത്തില്‍ കവിയും സര്‍ഗ്ഗവേദിയിലെ സജീവസാന്നിദ്ധ്യവുമായ സന്തോഷ് പാലക്ക് നല്‍കി പ്രകാശനം ചെയ്തു. നല്ലതിന്റെ നന്മകളെ വാനോളം വാഴ്ത്തുകയും അരുതായ്മകളോട് ഭയമില്ലാതെ കലഹിക്കുകയും ചെയ്യുന്ന ആന്റണിച്ചേട്ടന്റെ സവിശേഷ വ്യക്തിത്വത്തെ മനോഹര്‍ തോമസ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഡോഃ തെരേസ ആന്റണി തന്റെ പ്രിയതമന്റെ ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ സദസ്സ് ശോകമൂകമായി.
 
 
സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് അലംകൃതമായ ഒരു ജീവിതം കെട്ടിപ്പൊക്കുവാന്‍ അമേരിക്കന്‍  മണ്ണിലേക്ക് കുടിയേറിയവരാണ് നമ്മള്‍ മലയാളികള്‍. നാമിവിടെ സ്വപ്നങ്ങള്‍ വിതക്കുന്നു. ചിലര്‍ നൂറു മേനിയായി കൊയ്‌തെടുക്കുന്നു. മറ്റുചിലര്‍ക്ക് വിതച്ച സ്വപ്നങ്ങളുടെ ഉടഞ്ഞ ചില്ലുകള്‍ പെറുക്കാനാണ് യോഗം. തികച്ചും സങ്കീര്‍ണ്ണമായ ഈ ഭൂമികയില്‍ മലയാളികളുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ദുരിതങ്ങളിലും ചേര്‍ന്നുനിന്ന് അഞ്ചു പതിറ്റാണ്ടുകളായി കവിതകളെഴുതുന്ന എഴുത്തുകാരിയാണ് എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍.
 
 
സഹോദരനും കവിയും സര്‍ഗ്ഗവേദിയിലെ നിറസാന്നിദ്ധ്യവുമായ രാജു തോമസ് 'കാവ്യദളങ്ങള്‍' എന്ന പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. രക്തബന്ധത്തിനപ്പുറം കവിത്വം തുളുമ്പുന്ന സ്‌നേഹസാന്ദ്രമായ മനസ്സിന്റെ ഉടമയാണ് എല്‍സി യോഹന്നാന്‍ എന്ന് രാജു പറഞ്ഞു. 'കാവ്യദളങ്ങള്‍' എന്ന കവിതാ സമാഹാരം ഫിലിം മേക്കറും കവിയും ആയ ജയന്‍ കെ. സി. കേരളാ സെന്റര്‍ ഫൗണ്ടര്‍ പ്രസിഡന്റ്  ഇ. എം. സ്റ്റീഫന് നല്‍കി പ്രകാശനം ചെയ്തു. എല്‍സി യോഹന്നാന്‍ തന്റെ മറുപടിപ്രസംഗത്തില്‍ തന്നെ  അറിയപ്പെടുന്ന ഒരെഴുത്തുകാരിയാക്കിയതില്‍ ഈയിടെ വിട്ടുപിരിഞ്ഞ തന്റെ പ്രിയതമന്‍ ബഹു. യോഹന്നാന്‍ ശങ്കരത്തില്‍ കോറെസ്പിസ്‌കോപപയുടെ പ്രചോദനവും ഏറെ ഉണ്ടായിരുന്നു എന്ന്  ദുഃഖത്തോടെ പറഞ്ഞുനിറുത്തി.
 
 
ജയന്‍ കെ.സി., ഇ.എം. സ്റ്റീഫന്‍, സന്തോഷ് പാലാ, അലക്‌സ് എസ്തപ്പാന്‍, ജോണ്‍ മുള്ളിന്‍, ശാന്താ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ അതിഥിയായെത്തിയ ഉമ്മന്‍ പി. എബ്രാഹാം തന്റെ പിതാവ് ലെഫ്റ്റനന്റ് കെ.സി. എബ്രാഹം ഐ.എന്‍.എ യുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചെഴുതിയ 'ധീരദേശാഭിമാനി' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നോടെ ഒരു സര്‍ഗ്ഗസായാഹ്നത്തിന് തിരശീല വീണു.
 
 
പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു പ്രൊഫ എം. ടി. ആന്റണിയുടെ 'തെരെഞ്ഞെടുത്ത രചനകൾ' സർഗ്ഗവേദിയിൽ പ്രകാശനം ചെയ്തു
Join WhatsApp News
A Well Wisher, NY 2021-06-24 17:35:54
Best Wishes to all the great efforts in honouring Antony chettan and Mrs.Elsy Yohanan. See also the great review written by Sri.Sudhir P. Thanks to PT Paulose, Raju Thomas & Manohar for the great service to the community.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക