Image

സ്വര്‍ണ്ണക്കടത്ത് : കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ഏജന്റുമാര്‍

ജോബിന്‍സ് തോമസ് Published on 24 June, 2021
സ്വര്‍ണ്ണക്കടത്ത് : കാരിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ഏജന്റുമാര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രധാനപങ്ക് വഹിക്കുന്നവരാണ് കാരിയര്‍മാര്‍. ഇവര്‍ വഴിയാണ് സ്വര്‍ണ്ണം പിടിയിലാകാതെ ഇന്ത്യയിലെത്തിക്കുന്നതും തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് കൈമാറുന്നതും. 

ഏറ്റവും റിസ്‌കുള്ള പണികൂടിയാണിത്. പിടിക്കപ്പെട്ടാല്‍ രാജ്യദ്രോഹമാണ് കുറ്റം. ആദ്യം പിടിയിലാകുന്നതും ചോദ്യം ചെയ്യലിനുവിധേയമാകുന്നതും ജാമ്യമില്ലാതെ അകത്തുപോകുന്നവരും ഇവരാണ്. ഇതിനകം തന്നെ  അന്വേഷണം തങ്ങളിലേയ്‌ക്കെത്താതെ വമ്പന്‍ സ്രാവുകള്‍ രക്ഷപെടുകയും ചെയ്യും. 

കഴിഞ്ഞ ദിവസം രാമനാട്ടുകരയില്‍ ഉണ്ടായ അപകടത്തിനു കാരണംതന്നെ സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. എന്നാല്‍ ഈ സംഘം തേടിവന്ന സ്വര്‍ണം എയര്‍പോര്‍ട്ടില്‍ വച്ചു പിടിക്കപ്പെട്ടിരുന്നു. മുഹമ്മദ് ഷഫീക് എന്ന കാരിയറായിരുന്നു ഈ സ്വര്‍ണ്ണവുമായി വന്ന് പിടിക്കപ്പെട്ടത്. 

കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ മുഹമ്മദ് ഷെഫീഖ് നടത്തിയ വെളിപ്പെടുത്തലുകളാണ് ഗള്‍ഫ് മേഖലയില്‍ കാരിയര്‍മാരുടെ ഡിമാന്‍ഡ് പുറത്തുകൊണ്ടുവന്നത്. സ്വര്‍ണ്ണകള്ളക്കടത്ത്കാര്‍ ഗള്‍ഫില്‍ റിക്രൂട്ടിംഗ് ഏജന്റ്മാരെ നിയമിച്ചിട്ടുണ്ട്. ഇവരാണ് പലവിധത്തിലുള്ള ഓഫറുകള്‍ നല്‍കി കാരിയര്‍മാരെ ആകര്‍ഷിക്കുന്നത്. 

താത്പര്യം പ്രകടിപ്പിക്കുന്നവരെ ഇവര്‍ നേരിട്ടുകണ്ട് പ്രതിഫലവും മറ്റും പറഞ്ഞുറപ്പിക്കുന്നു.മുഹമ്മദ് ഷെഫീഖ്. ഏഴ്മാസമായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ആളാണ്  ആദ്യം ഷെഫീഖിനെ ബന്ധപ്പെട്ട റിക്രൂട്ടിംഗ് ഏജന്റ് ശരീരത്തില്‍ വച്ച് സ്വര്‍ണ്ണം കടത്തണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് പറഞ്ഞ് ഷെഫീഖ് പിന്‍മാറി. 

ഉടന്‍ തന്നെ അടുത്ത ഏജന്റിന്റെ വിളിയെത്തി എന്തെങ്കിലും ഉപകരണങ്ങളില്‍ വെച്ച് സ്വര്‍ണ്ണം കടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇതിന് സമ്മതിക്കുകയും ദുബായിലെത്തുകയുമായിരുന്നു. ഇവിടെവച്ചാണ് സ്വര്‍ണം ഒളിപ്പിച്ച കോഫീമേക്കറും പ്രതിഫലത്തുകയും ഷെഫീഖിന് കൈമാറിയത്. ഇതിനു ശേഷവും വേറെ ഏജന്റുമാര്‍ ബന്ധപ്പെട്ടതായും ഷെഫീഖ് പറഞ്ഞു. 

ഏജന്റുമാരുടെ വന്‍ പ്രതിഫല ഓഫറുകളിലാണ് പലപ്പോഴും പലരും കാരിയര്‍മാരാകാന്‍ തയ്യാറാകുന്നത്. തുടര്‍ന്ന് നാട്ടില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കാരിയര്‍മാരുടെ ഫോട്ടോ നല്‍കും ഇങ്ങനെയാണ് കാരിയറെ മനസ്സിലാക്കി സ്വര്‍ണ്ണം കൈമാറുന്നത്. ആദ്യ തവണ പിടിക്കപ്പെട്ടില്ലെങ്കില്‍ പിന്നീട് ആത്മവിശ്വാസമാകും. എക്‌സ്പീരിയന്‍സ് ഉള്ള കാരിയര്‍മാര്‍ ചിലപ്പോള്‍ സ്വന്തം ചിലവില്‍ ആളെ ഏര്‍പ്പാടാക്കി ഈ സ്വര്‍ണ്ണം തട്ടിയെടുക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക