Image

മരംമുറി ; മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍

ജോബിന്‍സ് തോമസ് Published on 24 June, 2021
മരംമുറി ; മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍
വിവാദ മരംമുറിക്കേസില്‍ മുന്‍ വനംമന്ത്രിയുടെ ഓഫീസിലുള്ളവര്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്ത്. താന്‍ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെ വിളിച്ചതായി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി.ശ്രീകുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. മന്ത്രി ഓഫീസിലെ ഉന്നതര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്ന വാര്‍ത്ത നേരത്തെ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. 

മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുകയായിരുന്നുവെന്നും ഒരു തവണ ഓഫീസിലെത്തി സന്ദര്‍ശിച്ചതായും ശ്രീകുമാര്‍ പറഞ്ഞു. മരംമുറി ഉത്തരവ് റദ്ദാക്കിയത് ഫെബ്രുവരി രണ്ടിനായിരുന്നു. ഇതിന്റെ പിറ്റേന്നായിരുന്നു ശ്രീകുമാറും റോജിയും തമ്മില്‍ ഫോണില്‍ വിളിച്ചത്. 

അന്നേ ദിവസം ഉച്ചയോടെ മുട്ടിലില്‍ മുറിച്ചിട്ട ഈട്ടിത്തടി ലക്കിടി ചെക്ക് പോസ്റ്റിലൂടെ പരിശോധനയില്ലാതെ കടത്തി വിട്ടെന്നും ഫോണ്‍വിളികളുമായി ഇതിന് ബന്ധമുണ്ടെന്നുമാണ് ആരോപണമുയരുന്നത്. ഈ സംഭവത്തിനു ശേഷവും റോജി ആഗസ്റ്റിന്‍ ഇതേ പേഴ്‌സണല്‍ സ്റ്റാഫംഗത്തെ വിളിച്ചതായാണ് വിവരങ്ങള്‍. 

ഇതോടെ ഈ വിഷയത്തില്‍ സിപിഐ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. ഇടതുപക്ഷവും മന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായ ഇടപെടലുകള്‍ക്ക് മറുപടി പറയേണ്ടിവരും. ഇതോ തുടര്‍ന്ന് പ്രതിപക്ഷം വിഷയത്തില്‍ വീണ്ടും ശക്തമായി രംഗത്തു വന്നുകഴിഞ്ഞു. 

വനം മന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടല്‍ ഞെട്ടിക്കുന്നതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ വനംമാഫിയയ്ക്ക് അനുകൂലമായ ഉത്തരവിറക്കാനാവില്ലെന്നും മുന്‍ വനം റവന്യൂ മന്ത്രിമാരെ ചേര്‍ത്ത് അന്വേഷണം നടത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക