Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 4 )

Published on 09 July, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 4 )
പ്രാതലിനു ശേഷം  വീടുകൾ കാണാൻ പുറപ്പെട്ടു . വീഡിയോ കാൾ വഴി കണ്ടിഷ്ടപ്പെട്ടവ മാത്രം നോക്കിയാൽ മതി. നാലെണ്ണം ഷോർട് ലിസ്റ്റ്  ചെയ്തതിൽ അഡയാറിൽ അപർണയുടെ വീടിന്റെ അടുത്തുള്ള രണ്ടു വീടുകൾ . അതിൽ ഒരെണ്ണം ഇഷ്ടമായി . പക്ഷെ മൗസുമിക്ക്  മറ്റുള്ള വീടുകൾ കൂടെ കണ്ടിട്ട്മതി എന്നായി. അഡയാർ  അടുത്താണ് ബസന്ത് നഗർ ബീച്ച് .
അവിടെ കുറെ നല്ല സ്കൂളുകളും ഉണ്ട് . തന്റെ ഓഫീസിലേക്ക് എട്ടു കിലോമീറ്റർ ദൂരമേ ഉള്ളു . എന്നാലും അവളുടെ നിർബന്ധത്തിനു വഴങ്ങി മറ്റു വീടുകളും കണ്ടു . ഒടുവിൽ ആദ്യം ഇഷ്ടപ്പെട്ട വീട്മതി എന്ന് തീരുമാനിച്ചു . അഞ്ചു വീടുകൾ ഉള്ള ഒരു ചെറിയ ഗെയിറ്റഡ് കമ്മ്യൂണിറ്റി . ഒതുങ്ങിയ ഇടം. മൂന്ന് കിടപ്പുമുറിയും ബാൽകണിയും പിന്നെ പൂന്തോട്ടവും ഉള്ള മനസ്സിന് പിടിച്ച പാർപ്പിടം . 
വീട്ടു സാധനങ്ങൾ മൂന്ന് ദിവസത്തിനകം എത്തും .
തിങ്കളാഴ്ച വീടിന്റെ താക്കോൽ തരാം എന്ന് വീട്ടുടമസ്ഥൻ പറഞ്ഞു . 
അങ്ങനെയാണെങ്കിൽ വ്യാഴാഴ്ച താമസം തുടങ്ങാം .
ഹോട്ടലിലേക്ക് മടങ്ങാം എന്ന് പറഞ്ഞെങ്കിലും മൗസുവിന് ആ ഹോട്ടലിലെ ഉച്ചമെനു ഇഷ്ടമായില്ലപോലും .
ബർഗർ കഴിക്കാൻ തോന്നുന്നു എന്ന് . അവളുടെ ഇഷ്ടപ്രകാരം ബർഗറും മിൽക്ക് ഷേക്കും ഓർഡർ കൊടുത്തു . അപ്പോഴേക്കും മാധവ് വിളിച്ചു . മൗസുമി , താമസിക്കാൻ പോകുന്ന വീടിനെപ്പറ്റി വിശദീകരിക്കുന്നത് കൗതുകത്തോടെ കേട്ടിരുന്നു. മനസ്സിൽ അപ്പോൾ ഒരു പൂമഴ പെയ്തു ...
അവൾക്ക് ചെന്നൈ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇന്നലത്തെ കരച്ചിലും വിളിയും ഒക്കെ മാറ്റിവെച്ചു . ഉള്ളിൽ ദൈവത്തിനു നന്ദി പറഞ്ഞു. 
ഇവൾ വിഷമിച്ചാൽ ഇവിടുത്തെ താമസം  സന്തോഷംതരില്ല . 
അപർണയുടെ വീടിന്റെ അടുത്തുതന്നെയാണ് ഈ വീടും .
അതും അവൾക്ക് ഇഷ്ടമായി. 
ചെറിയ വയസ്സുമുതൽ അപർണയെ അവൾ മേമ എന്നാണ് വിളിക്കാറ് .
അതെ അച്ഛാ , മേമയുടെ വീടിന്റെ അവിടെ നിന്നും ഒരു അഞ്ചു മിനിറ്റ് നടക്കണം അത്രയേ ഉള്ളു , 
അച്ഛാ ഞാൻ പാട്ടു പഠിക്കട്ടെ?
മാധവ് എന്താണ് മറുപടി പറഞ്ഞത് എന്നറിയില്ല .
ഫോൺ വെച്ചിട്ട് അവൾ 
അച്ഛൻ അമ്മയ്ക്ക് റിഗാർഡ്സ് പറയാൻ പറഞ്ഞു. പാട്ടു പഠിക്കുന്ന തൊക്കെ കൊള്ളാം  , പഠിപ്പു ഉഴപ്പല്ലേന്ന് അച്ഛൻ എന്നെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു , I am capable of multitasking ..
ആ കൊഞ്ചൽ കേട്ടപ്പോൾ ഒന്ന് കെട്ടിപ്പിടിച്ചു കവിളിൽ മുത്തം കൊടുക്കാൻ തോന്നി .
ഇത് പബ്ലിക് പ്ലേസ് ആയിപ്പോയി അല്ലെങ്കിൽ അമ്മ ഇപ്പോഴൊരുമ്മ തന്നേനെ എന്റെ ചക്കരയ്ക്ക് ..
മുറിയിൽ പോയിട്ട് മതി .
പിന്നെ , ഇപ്പോൾ എടുക്കുന്ന വീട്ടിലെ മുകളിലത്തെ മുറി എനിക്ക് വേണം കേട്ടോ ..
തനിയെ ഒരു മുറിയോ?
അമ്മ വലിയ കുട്ടിയായില്ലേ , ഇനി തനിച്ചു കിടന്നാൽ മതി.
ആമോദിനിക്ക് വലിയ ഒരു ഭാരം ഇറക്കി വെച്ച പ്രതീതി.
ഇനി , ഈ പട്ടണത്തിൽ പതുക്കെ തന്റെയും മകളുടെയും ജീവിതം കരുപ്പിടിപ്പിക്കണം .

റൂമിലേക്ക് പോകുന്ന വഴി മൗസുമി  എന്തൊക്കെയോ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു .
ആശ്വാസത്തിൻ്റയും നിശ്വാസത്തിന്റെയും പ്രതിവചനങ്ങൾക്കിടയിലൂടെ തന്റെ  മകളെ നോക്കിക്കാണുകയായിരുന്നു ആമോദിനി. സമാനതകളില്ലാത്ത കരുതലിന്റെ കവചം ഇത്രയും നാൾ അവൾക്കുചുറ്റും തീർത്തു. ഇനി അത് കൂടുതൽ ആവശ്യമാണ്.
കുട്ടി വലുതാകുകയാണ് . ഇരുളും വെളിച്ചവും തിരിച്ചറിയാൻ ബദ്ധപ്പെടുന്ന പ്രായം . ഇടക്കെപ്പോഴോ തന്നിലുണരുന്ന ജല്പനങ്ങൾ അവളെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു .
സത്യം.
അതിനെ വേറെ വഴിയിൽ നയിക്കണം . 
സഹനത്തിന്റെ ഹിമകണങ്ങളാൽ അവളെ ചേർത്തുപിടിക്കണം  .
തന്റെ  സ്പന്ദനങ്ങൾ.. അവളിൽ കേൾക്കാം.
മുറിയിൽ എത്തിയതും അവൾ വീടിന്റെ വീഡിയോ അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു . കുട്ടികളുടെ കൗതുകങ്ങൾ എത്ര പെട്ടെന്നാണ് മാറുന്നത് . 
ഇന്നലെ കണ്ട മൗസുമിയല്ല  ഇന്നവൾ.
വളരട്ടെ  കൗതുകക്കണ്ണുകളാൽ ലോകം കണ്ട്.

ഇന്നേക്ക് പോകാൻ മാറ്റിവെച്ച  പോണ്ടിച്ചേരി യാത്രക്ക് തയാറായി കാബ്  ബുക്ക് ചെയ്തു .
ഉറങ്ങാൻ കിടക്കുമ്പോൾ ആമോദിനി മകളെ കെട്ടിപ്പിടിച്ചിട്ടു ചെവിയിൽ പറഞ്ഞു .
രാവിലെ കുറച്ചു വേഗം എഴുന്നേൽക്കണം , നമ്മൾ രണ്ടു ദിവസത്തേക്ക് പോണ്ടിച്ചേരി പോകുന്നു.
കിടന്നുറങ്ങിയ ആൾ പെട്ടെന്ന് എഴുന്നേറ്റ്, അവൾക്കു പ്രിയപ്പെട്ട വസ്ത്രങ്ങൾ എടുത്തു വെക്കാൻ തുടങ്ങി .
തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമാണ് മൗസുമി . സാധാരണ  പെൺകുട്ടികളെപ്പോലെ ആഭരണവും , ഫാഷൻ മാറുന്നതനുസരിച്ചുള്ള വസ്ത്രങ്ങളും  എല്ലാത്തിലും കമ്പമുണ്ട് . കൗമാരം കുട്ടികൾക്കും മാതാപിതാക്കൾക്കും  വെല്ലുവിളികളുടെ കാലമാണ്. പുതുമകൾ നിറഞ്ഞ  വർണങ്ങളുടെ ലോകം .
ശാരീരിക , മാനസിക  സാമൂഹിക ഇടപെടലുകൾ.. അത് താൻ ഇനിയും പഠിക്കണം.
തന്റെ കാലം അല്ല ഇത് .കൗമാരം വന്നതും പോയതും താൻ അറിഞ്ഞതേയില്ല .
അങ്ങനെ എന്തൊക്കെയോ ഓർത്തുകിടന്ന് ആ മോദിനി ഉറങ്ങിപ്പോയി . രാവിലെ അലാറം അടിച്ചപ്പോഴാണ് എഴുന്നേറ്റത് . വളരെ നാളുകൾക്കു ശേഷം നന്നായി ഉറങ്ങി . അടിമത്വത്തിൽ നിന്നും വിടുതൽ കിട്ടിയ പോലെ . മുംബൈ തന്നെ ശ്വാസം മുട്ടിച്ചിരുന്നു . വിവാഹ മോചനത്തിന് ശേഷവും മാധവിന്റെ കണ്ണുകൾ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നിയിരുന്നു പലപ്പോഴും . ഇഷ്ടപ്പെടാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു 
ജീവിക്കേണ്ടിവരുന്നതും അടിമത്വം തന്നെയല്ലേ ?
പോണ്ടിച്ചേരിക്കുള്ള വഴി നല്ല ഭംഗിയാണ് .
ഈസ്റ്റ് കോസ്റ്റ് റോഡ് . 
ഇടതു വശത്തെ കടലിന്റെ മിന്നിത്തിളങ്ങുന്ന മുഖം മൗസു കൗതുകത്തോടെ നോക്കിക്കണ്ടു . ഇടയ്ക്കു കാറിൽനിന്നും ഇറങ്ങി ഫോട്ടോ എടുക്കുന്നു .
അമ്മയും വരൂ , നമുക്ക് സെൽഫി എടുക്കാം .
വളരെ നാളുകൾക്കു ശേഷം ആമോദിനി ആസ്വദിക്കുകയായിരുന്നു ആ യാത്ര . മാനസിക പിരിമുറുക്കങ്ങളില്ലാത്ത സാന്ദ്ര നിമിഷങ്ങൾ . 
വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും പോണ്ടിച്ചേരിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല . ഇന്ത്യയിലെ മനോഹരമായ ബീച്ചുകളിൽ രണ്ടെണ്ണം പോണ്ടിച്ചേരിയിലാണ്. പാരഡൈസ് ബീച്ചും റോക്ക് ബീച്ചും. പാരഡൈസ് ബീച്ചിൽ കടലിൽ നീന്താൻ ഇഷ്ടമുള്ളവർക്ക് ചെയ്ഞ്ചിങ് റൂമും ഷവർ റൂമും ഉണ്ട്. പിന്നെ ഫ്രഞ്ച് ഭരണത്തിന്റെ ശൈലി.
റോഡിൽ എങ്ങും സൈക്കിളിൽ സഞ്ചരിക്കുന്നവർ. മുറിയിൽ നിന്നും കടൽ കാണുന്ന ഹോട്ടൽ ആണ് താമസത്തിനു തിരഞ്ഞെടുത്തത് . മദിച്ചു തുള്ളിവരുന്ന തിരകളെ നോക്കി അങ്ങനെനിന്നു . കടൽ എത്ര കണ്ടാലും മതിവരില്ല.
ഓരോ ദിവസവും ഓരോ ഭാവമാണ് .
കരയിൽ കയറ്റിവെച്ച പലനിറത്തിലുള്ള ബോട്ടുകൾ .
ഈ പൊരിവെയിലത്തും ചേർന്നിരുന്നു കിന്നാരംപറയുന്ന ആണുങ്ങളും പെണ്ണുങ്ങളും .  
നല്ല വെയിൽ.. അതുകൊണ്ടു വൈകുന്നേരം പുറത്തുപോകാം എന്ന് കരുതി .
ധാരാളം ക്ഷേത്രങ്ങളുണ്ട്. വിനായക ക്ഷേത്രവും വേദപുരീശ്വര ക്ഷേത്രവും വരദരാജപെരുമാൾ ക്ഷേത്രവും . ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ വൈകുന്നേരം പോകണം .  
മഞ്ഞ നിറമാണ് പോണ്ടിച്ചേരിക്ക് എന്ന് തോന്നി  ചാരവും മഞ്ഞയും നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങൾ  . 
രണ്ടു ദിവസം പോയത് അറിഞ്ഞില്ല . വീടിന്റെ താക്കോൽ അപർണ പോയി വാങ്ങിയിരിക്കുന്നു . വീട്ടുസാധനങ്ങൾ  നാളെ എത്തും . ഇനി കുറച്ചു ദിവസത്തേക്ക് നല്ല പണിയാണ് . തനിക്കു സഹായത്തിന്  അൻപുവല്ലിയെയും അപർണ ഏർപ്പാടാക്കി.
അൻപുവല്ലി എന്ന പേര് ഇഷ്ടമായി. അവളെയും . 
മുപ്പതു വയസ്സ് കാണും ,  അമിത മദ്യപാനിയായിരുന്നു ഭർത്താവ് .
ഒരു നാൾ സ്വയം മണ്ണെണ്ണ ഒഴിച്ച് തീപടർന്ന് അവളെയും രണ്ടു കുഞ്ഞുങ്ങളെയും വിട്ടിട്ടു പോയി. 
വളരെ അടുത്താണ് അവൾ താമസിക്കുന്നത് . അതും ഒരാശ്വാസമായി . 
സ്ത്രീകൾ എത്രയോ തരം വെല്ലുവിളികളാണ് ദിനവും അതിജീവിക്കേണ്ടത് ?
പുറത്തു പറയാനാവാത്ത എന്തെന്തു ദുരനുഭവങ്ങളാണവർക്ക് ..!
പഠിച്ചവരും നാഗരികരും ഉദ്യോഗമുള്ളവരുമാണെങ്കിൽകൂടി ഉള്ളിലെ ഇരുണ്ട മുൾക്കാടുകളിൽ തപ്പിത്തടഞ്ഞ് രക്തം പൊടിയാത്തതായി ആരെങ്കിലും ഉണ്ടാവുമോ..?
              തുടരും ...
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 4 )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക