പരസ്പര ബഹുമാനം (എഴുതാപ്പുറങ്ങള്‍-87: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 17 July, 2021
പരസ്പര ബഹുമാനം (എഴുതാപ്പുറങ്ങള്‍-87:  ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
''മാതാപിതാ ഗുരു ദൈവം'',  'മാതൃദേവോ ഭവ: പിതൃദേവോ ഭവ: ആചാര്യദേവോ ഭവ: അതിഥി ദേവോ ഭവ: എന്നിങ്ങനെ വിവിധ രീതിയിലുള്ള   ചിന്തകള്‍   പണ്ടുകാലം മുതലേ നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.  അച്ഛനെയും അമ്മയെയും ഗുരുവിനെയും പെട്ടെന്ന് വീട്ടില്‍ കയറിവരുന്നവരെയും ഈശ്വരനു തുല്യമായി കാണണം ബഹുമാനിക്കണം എന്നത് ഭാരതീയ സംസ്‌കാരത്തില്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത് ഹിന്ദുവിലും, ക്രിസ്ത്യാനിയിലും, മുസ്ലീമിലും ഉള്ള നിയമമാണ്.  മനുഷ്യനെ നന്മയിലേക്ക് മാത്രം നയിക്കുന്ന ആര്ഷഭാരതസംസ്‌കാരത്തിന് ജാതിവ്യവസ്ഥയുടെ ഉത്ഭവത്താല്‍ ഒരു കാലത്ത് കുറച്ച് നിറം മങ്ങിപോയിട്ടുടെങ്കിലും  വേദങ്ങളിലും, പുരാണങ്ങളിലും ജാതി വ്യത്യാസം കൂടാതെ മനുഷ്യര്‍ മനുഷ്യരെ ബഹുമാനിച്ചതായി പറയുന്നുണ്ട്.

അദര്‍വ്വവേദത്തില്‍ നിങ്ങള്‍ 'ജ്യായന്വന്ത' ആകണം എന്ന് പറയുന്നുണ്ട് അതായത് നിങ്ങള്‍ മുതിര്‍ന്നവരെ ബഹുമാനിക്കണം എന്ന് വിശദീകരിക്കുന്നുണ്ട്. നമ്മുടെ മുന്നിലുള്ള വ്യക്തി ഒരുപക്ഷെ പദവികൊണ്ടോ, വിദ്യാഭ്യാസംകൊണ്ടോ, പണംകൊണ്ടോ നമ്മെക്കാള്‍ താഴ്ന്നനിലവാരത്തിലായിരിക്കാം എങ്കിലും പ്രായം അവര്‍ക്ക് നല്‍കിയിട്ടുള്ള പരിചയസമ്പത്തിനെ മറ്റു മാനദണ്ഡങ്ങള്‍കൊണ്ട് താരതമ്യം ചെയ്യാന്‍ കഴിയുകയില്ല എന്നതുകൊണ്ടാണ് പ്രായമുള്ളവരെ നമ്മള്‍ ബഹുമാനിക്കണം എന്ന് നമ്മെ പഠിപ്പിക്കുന്നത്.

വലിയവരോട് ബഹുമാനവും, ചെറിയവരോട് കാരുണ്യവും, പ്രകടിപ്പിക്കാത്തവരും പണ്ഡിതരോടുള്ള ബാധ്യത മനസ്സിലാക്കാത്തവരും എന്റെ സമുദായത്തില്‍ ഉള്‍പ്പെടില്ല എന്ന നബിതിരുമേനി പറഞ്ഞതായി പറയപ്പെടുന്നു. സ്ത്രീകളെ ബഹുമാനിക്കാനും ഇസ്ലാം സംസ്‌കാരം പറയുന്നു. മാതാവിന്റെ സംതൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി എന്നും ഇസ്ലാം വിശ്വസിക്കുന്നു.

പരസ്പര ബഹുമാനം വ്യക്തിത്വ വികസനത്തിനും, സാംസ്‌കാരിക ഉന്നമനത്തിനും അനിവാര്യമാണ്.   മറ്റ് ആളുകളുമായുള്ള സഹവര്‍ത്തിത്വത്തിന് ഇത് വളരെ പ്രധാനമാണ്.  സമൂഹജീവിയായ മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ പരസ്പര ബഹുമാനത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്. കുടുംബബന്ധങ്ങള്‍ക്ക് ശക്തമായ അടിത്തറ നിലനിര്‍ത്തുന്നതിനും അംഗങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനം കൂടിയേതീരൂ.  മറ്റൊരാളെ മനസിലാക്കുകയും, വിലമതിക്കുകയും ചെയ്യുക,  കാര്യങ്ങളോടുള്ള അവരുടെ മനോഭാവം, താല്‍പ്പര്യങ്ങള്‍, ആവശ്യങ്ങള്‍, ആശങ്കകള്‍ എന്നിവ   മനസ്സിലാക്കുന്നതാണ് പരസ്പര ബഹുമാനം.  മറ്റൊരാളെ മനസിലാക്കാനും അതേ രീതിയില്‍ അയാള്‍ക്ക് നിങ്ങളെ വിലമതിക്കാനും കഴിയുമെങ്കില്‍ മാത്രമേ അത് സാധ്യമാകൂ.

മൂത്തവരുടെ പാദങ്ങളില്‍ തൊട്ടു നമസ്‌കരിക്കുന്നതും, സാഷ്ടാഗം പ്രണാമം ചെയ്യുന്നതും ഭാരതീയര്‍ ശീലിച്ചുപോരുന്ന ബഹുമാന രീതിയാണ്. ഇതിലൂടെ ഞാന്‍ എന്ന അഹങ്കാരം നശിപ്പിക്കാന്‍ കഴിയുന്നു. എളിമയെ ആദരവിനെയാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക.  മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിലൂടെ നാം നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ ശീലിക്കുന്നു. ജീവിതസാഹചര്യങ്ങളില്‍ മനസ്സിന് സംയമനം പാലിച്ച്  എടുത്തുചാട്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നു.

നമ്മെക്കാള്‍ വയസ്സിനുമുതിര്‍ന്നവര്‍ വരുമ്പോള്‍ ഇരുന്നിടത്തുനിന്നും എഴുനേറ്റു നില്‍ക്കണം എന്ന് അച്ഛനമ്മമാര്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്. ഇതും അവരുടെ ജീവിതാനുഭവങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഒരു ബഹുമാനാര്‍ത്ഥമാണ്.

എന്നാല്‍ ഇന്നത്തെ തലമുറ മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നവരാണ്. അവര്‍  ഇത്തരം ബഹുമാനത്തിലോ, ആദരവിലോ ഒന്നും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മതിയായ വിശദീകരണങ്ങള്‍ എല്ലാ ആചാരമര്യാദകള്‍ക്കും അവര്‍ തേടുന്നു. പാറിനടക്കുന്ന പക്ഷികളും, പൂമ്പാറ്റകളും ജീവിതത്തില്‍ ആചാരങ്ങളും വിശ്വാസങ്ങളും വച്ചുപുലര്‍ത്തിയിട്ടാണോ  ഉല്ലസിക്കുന്നത്? ജീവിതത്തില്‍ എല്ലാം സ്വയം നേടിയെടുത്ത  ഞാന്‍ എന്തിന് മറ്റുള്ളവരെ ബഹുമാനിക്കണം? മറ്റൊരാള്‍ക്കുമുന്നില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് തോല്‍വിയല്ലേ? എന്നിങ്ങനെ പല ന്യായീകരണങ്ങളും പുതുതലമുറക്ക് നിരത്താനുണ്ടാകാം.

മാറ്റങ്ങള്‍ കാലാനുസൃതമായി അനിവാര്യമാണ്. എന്നിരുന്നാലും പണ്ടുകാലംമുതല്‍ ശീലിച്ചുപോരുന്ന സംസ്‌കാരം നമ്മെ പഠിപ്പിച്ചത് മുഴുവന്‍ തെറ്റാണ് എന്ന് പുതുതലമുറകള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഒരുപക്ഷെ ഇന്ന് നമുക്ക് ചുറ്റിലും കാണുന്ന അനിശ്ചിത സംഭവങ്ങള്‍ക്ക്   നിധാനം നമ്മള്‍ കൈവിട്ടുപോകുന്ന നമ്മുടെ സംസ്‌കാരം തന്നെയാകാം. വിശ്വാസങ്ങളില്‍ ഊട്ടിഉറപ്പിച്ച ബന്ധങ്ങള്‍ വിശ്വാസങ്ങള്‍ വഴിമാറുമ്പോള്‍ ശിഥിലമാകുന്നു. അതിനാല്‍ അമ്മയ്ക്കും, അച്ഛനും, കൂടപ്പിറപ്പുകള്‍ക്കും, ജീവിതപങ്കാളിയ്ക്കും, കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും  ജീവിതത്തില്‍ നല്‍കേണ്ടതായ സ്ഥാനം പലരും വേര്‍തിരിച്ചറിയാതെപ്പോകുന്നു.   അതിന്റെ അനന്തരഫലമായി മനുഷ്യര്‍ മൃഗീയമായി പെരുമാറുന്നു. അവര്‍ താല്‍ക്കാലിക ലൗകികസുഖങ്ങള്‍ക്ക് അടിമപ്പെടുന്നു.

നമ്മുടെ സംസ്‌കാരത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന മൂല്യച്ച്യുതി വിദേശരാജ്യങ്ങളുടെ സംസ്‌കാരത്തെ യുവാക്കള്‍ ദത്തെടുക്കുന്നതുകൊണ്ടാണെന്ന സംശയം പലപ്പോഴും ഉന്നയിക്കാറുണ്ട്. എന്നാല്‍ ഇത് ശരിയാണെന്നുപറയാന്‍ കഴിയില്ല. ഒരു രാജ്യത്തിന്റെ സംസ്‌കാരവും മോശമല്ല. അതിനെ ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളെയാണ് വിലയിരുത്തേണ്ടത്. നമ്മുടെ സംസ്‌കാരത്തിന് മൂല്യച്ച്യുതി സംഭവിച്ചുണ്ട് എങ്കില്‍ നമ്മള്‍ നമ്മുടെ സംസ്‌കാരത്തെയും ആചാരനിഷ്ഠാനങ്ങളെയും കുറിച്ച് ഗഹനമായി അറിഞ്ഞിട്ടില്ല എന്നതുകൊണ്ടുതന്നെയാകാം.

പരസ്പരം ബഹുമാനിക്കാനും, സ്വയം ബഹുമാനിക്കാനും കഴിയുമെങ്കില്‍ നമുക്കും, ചുറ്റുമുള്ളവര്‍ക്കും നന്മമാത്രമേ സംഭവിക്കുകയുള്ളൂ. ഇത് സമൂഹത്തിന്റെ മാത്രം ആവശ്യമല്ല. വ്യക്തിപരമായ ആവശ്യംകൂടിയാണ്. ഈ സ്വഭാവത്തിന്റെ മാഹാത്മ്യം നമ്മള്‍ വരുംതലമുറക്ക് നമ്മിലൂടെ കാണിച്ചുകൊടുക്കുകയും, മനസ്സിലാക്കികൊടുക്കുകയും ചെയ്യേണ്ടതാണ്.  വീട്ടില്‍നിന്നും, വിദ്യാഭ്യാസ കാലഘട്ടത്തിലുടനീളവും നമ്മുടെ തനതായ സംസ്‌കാരത്തെയും അതിന്റെ മാഹാത്മ്യത്തെയുംകുറിച്ചുള്ള  അറിവ് ഓരോ പൗരനിലും ഊട്ടിയുറപ്പിക്കണം. എന്നിരുന്നാല്‍ അവ ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കാന്‍ ഒരു പൗരന് കഴിയൂ. പരിഗണന, അഭിനന്ദനം, അംഗീകാരം, സത്യസന്ധത, മറ്റൊരാളോടുള്ള മര്യാദ എന്നിവയാണ് ബഹുമാനത്തിന്റെ സവിശേഷതകള്‍
 
പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഓര്‍ക്കാന്‍ ഇടനല്‍കിയത് ഈയ്യിടെയായി വായിക്കാന്‍ ഇടയായ ചില പത്രവാര്‍ത്തകള്‍ തന്നെയാണ്.  പോലീസുകാരന്‍ മേയറെ കണ്ടപ്പോള്‍ സലൂട്ട് ചെയ്തില്ല, പുതുതായി ജോലിക്ക് ചേര്‍ന്ന ഒരു  ഇന്‍സ്‌പെക്റ്റര്‍ തദ്ദേശത്തെ എം എല്‍ എ യെ കണ്ടിട്ട് ഗൗനിച്ചില്ല, ഒരു പതിനാറുകാരന്‍ ഒരു എം എല്‍ എ യെ വിളിച്ചപ്പോള്‍ എം എല്‍ എ ക്ഷുഭിതനായി  പയ്യനെ ചീത്ത വിളിച്ചു,   എന്നീ വാര്‍ത്തകള്‍  കേള്‍ക്കുമ്പോള്‍  Much Ado About Nothing എന്ന ഷേക്‌സ്പിയറിന്റെ  ഡ്രാമയെക്കുറിച്ച് വായിച്ചത് ഓര്‍മ്മ വരുന്നു. ഒന്നുമല്ലാത്തതിനെക്കുറിച്ച് വളരെയധികം കോലാഹലമുണ്ടാക്കുക.  ഇന്നത്തെ ജനത പരസ്പര ബഹുമാനത്തെ ഗൗരവമായി കാണുന്നില്ല എന്നുള്ളത് പരമാര്‍ത്ഥമാണ്. എന്നിരുന്നാലും  സമൂഹത്തില്‍ സംഭവിക്കുന്ന നല്ലകാര്യങ്ങള്‍ക്കിടയിലെ ഒരു ചീത്തകാര്യം വളരെ അതിശയോക്തിയോടെ   മാധ്യമങ്ങള്‍  ജനങ്ങള്‍ക്കിടയില്‍ കൊണ്ടുവരുന്ന പ്രവണത നിലനിന്നുപോരുന്നു. പരസ്പര ബഹുമാനവും, സ്വയം ആദരവും, ചെയ്യുന്ന തൊഴിലിനോടുള്ള മമതയും, സമൂഹത്തോടുള്ള കടപ്പാടും ഓരോ പൗരനിലും അന്തര്‍ലീനമായ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഓരോ വ്യക്തികളിലായും ഇത്തരത്തിലുള്ള പോരായ്മകള്‍ നികത്താന്‍ മാധ്യമങ്ങള്‍ക്ക് സമയംകണ്ടെത്താനാകില്ല . ഇത്തരം നിസ്സാരമായ കാര്യങ്ങളിലേക്ക് മാധ്യമങ്ങളും,  ജനതയും, ഭരണകൂടവും ഉറ്റുനോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ടതായ പല കാര്യങ്ങളും   വിസ്മരിക്കപ്പെടുന്നു.

Das 2021-07-18 17:07:56
Your best efforts to uphold traditional values through this column is indeed praiseworthy . . .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക