ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി (കുര്യൻ പാമ്പാടി)

Published on 18 July, 2021
ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)
ഇടുക്കിയിൽ ഷൂട്ട് ചെയ്ത ജനപ്രിയ ചിത്രം  'മഹേഷിന്റെ പ്രതികാര'ത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജുലാൽ ഈണം നൽകി പാടിയ ഒരു ഗാനമുണ്ട്: "മലമേലെ തിരിവച്ചു, പെരിയാറിൻ തളയിട്ടു   ചിരി തൂകും പെണ്ണല്ലേ ഇടുക്കി"--അഞ്ചാം തവണയും ഇടുക്കിയിൽ നിന്ന് നിയമസഭയിലെത്തി ജലവിഭവമന്ത്രിയായ റോഷി അഗസ്റ്റിൻ എല്ലാ അർത്ഥത്തിലും ഇടുക്കിയിലെ കൃഷിക്കാരുടെ സ്നേഹഭാജനമാണ്.  

റബറിന്റെ കോട്ടയായ പാലായിൽ ചക്കാംപുഴ ചെറിയിടത്ത്ചാലിൽ അഗസ്റ്റിൻ-ലീലാമ്മ ദമ്പതിമാരുടെ മകനായി  ജനിച്ചെങ്കിലും ഇരുപതു വർഷമായി ഹൈറേഞ്ചിലെ കുടിയേറ്റ മേഖലയിലാണ്. വാഴത്തോപ്പിൽ വീടുണ്ട്‌. ഇടുക്കിയുടെ കാറ്റേറ്റ് ജീവിക്കുന്ന റോഷി അവിടത്തെ മണ്ണിന്റെയും മനുഷ്യരുടെയും  ചൂടറിഞ്ഞ ആളാണ്. "ഇവിടത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞു, കതിർ കനവേകും മണ്ണാണ് മണ്ണ്" എന്ന് അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു.

സുഗന്ധ  വിളകളുടെ നാടായ തന്റെ നിയോജകമണ്ഡലത്തിലെ നാല്പതിനായിരം ഏലകൃഷിക്കാരെ രക്ഷിക്കാൻ ഇടപെട്ടതാണ് റോഷിയുടെ ഒടുവിലത്തെ നേട്ടം. രണ്ടു വർഷം മുമ്പ് കിലോക്ക് ആറായിരം രൂപ വരെ ഉയർന്ന വില ആയിരം ആയി കുറഞ്ഞു നട്ടം  തിരിയുകയാണ് ഇടുക്കിയിലെ  ഏലം കൃഷിക്കാർ.

ഒടുവിൽ സർക്കാർ 20 കോടി രൂപ  മുടക്കി രണ്ടുലക്ഷം കിലോ ഏലം വിലക്ക് വാങ്ങാൻ തീരുമാനിച്ചു. ആ നിമിഷം വില  കിലോക്ക് നൂറുരൂപ കൂടി. ഇങ്ങനെ സംഭരിക്കുന്ന ഏലം സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകാർക്കും നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റിൽ ഉൾപ്പെടുത്തി വിതരണം  ചെയ്യാനാണ് തീരുമാനം.

റോഷി എങ്ങിനെ മന്ത്രിയായി? ഇടത്തോട്ടു ചാഞ്ഞ പാർട്ടിയുടെ പരമോന്നത ലീഡർ പാലായിൽ തോറ്റതു കൊണ്ടാണ്  ഏക മന്ത്രി സ്ഥാനം റോഷിക്കു കിട്ടിയതെന്ന് വ്യഖ്യാനമുണ്ട്. പക്ഷെ രണ്ടു പതിറ്റാണ്ടു കാലത്തെ വിശ്വസ്തതക്കും കൂറിനും അർഹിക്കുന്ന സ്ഥാനം കിട്ടി എന്നേ അതിനർത്ഥമുള്ളൂ എന്ന് വാദിക്കുന്നവരും ഉണ്ട്. ഒപ്പം, എന്തിനും  തയാർ എന്ന രണ്ടാമൻ ജയരാജിന്റെ നിലപാടും നിർണായകമായി. ഇതെല്ലാം ഒരു കാവ്യ നീതി എന്ന് കരുതുന്നവരും ധാരാളം.

കുടിയേറ്റ മേഖലയാണെങ്കിലും ഇടതുകോട്ടയായ  കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മത്സരിച്ച് നേരിയ വ്യത്യാസത്തിന് പരാജയം വാങ്ങിയാണ് റോഷി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ   പയറ്റി തുടങ്ങിയത്. അതുകൊണ്ടു ഭഗ്നാശനാകാതെ കാൽ നൂറ്റാണ്ടു മുമ്പ് ഇടുക്കിയിലേക്കു കാൽ മാറ്റി ചവുട്ടിയ റോഷിക്കു പ്രതീക്ഷക്കപ്പുറത്തുള്ള ജനപിന്തുണയാണ് കിട്ടിയത്. പിനീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

"എനിക്ക് ഏഴു വയസ് ഉള്ളപ്പോഴാണ് മാണി സാറിനെ  ഞാൻ ആദ്യമായി കാണുന്നത്," റോഷി  ഒരു അഭിമുഖത്തിൽ പറഞ്ഞു. ചക്കാംപുഴയിലെ വീടിനു സമീപത്തുകൂടി തുറന്ന ജീപ്പിൽ ആഭ്യന്തര മന്ത്രിയായ മാണി സാർ കടന്നു പോകുകയായിരുന്നു.  

"പാർട്ടിയുടെ അന്നത്തെ  വാർഡ് പ്രസിഡണ്ട് മത്തച്ചൻ ചേട്ടൻ എന്നെ കയ്യിലെടുത്തുയർത്തി മാണി സാറിനു മാലയിടീച്ചു,  അന്ന് മനസ്സിൽ കുടിയേറിയതാണ് മാണി സാറിന്റെ രൂപം. അദ്ദേഹത്തിന്റെ  മൃതദേഹം കത്തീഡ്രൽ പള്ളിയിലേക്കു ചുമന്നു കൊണ്ടുപോകും വരെ ആ ബന്ധം തുടർന്നു."

"യൂത്ത് ഫ്രണ്ട് രാമപുരം മണ്ഡലം കമ്മിറ്റി സെക്രട്ടറി ആയിരുന്ന കാലത്ത് മാണി സാറിനെ സ്വാഗതം ചെയ്തു കൊണ്ടു ഞാൻ പ്രസംഗിച്ചു. പിറ്റെന്നു വീട്ടിൽ റബർവെട്ടാൻ അപ്പച്ചനെ സഹായിച്ചുകൊണ്ടു നിന്ന എന്നെ രാമ പുരത്തെ പുതിയിടത്ത് ചാലിൽ അപ്പച്ചൻ എന്ന പി ജെ ജോൺ,  മാണി സാർ വിളിക്കുന്നു എന്ന് പറഞ്ഞു കൂട്ടികൊണ്ടു പോയി. വലിയ ബന്ധത്തിന്റെ തുടക്കം അങ്ങിനെ ആയിരുന്നു.

"ഗവർമെന്റ് സ്‌കൂളിലായിരുന്നു പഠനം. സ്‌കൂൾ ലീഡർ ആയി. പാലാ  സെന്റ് തോമസ് കോളേജിൽ പ്രീക്കും ഫിസിക്സ് ബിഎസിക്കും പഠിക്കുമ്പോഴും രാഷ്റ്റ്രീയം തുടർന്നു. വോളിബോൾ കളിച്ചു. രാത്രി ജെകെഎംഎസ് ബസിൽ കോട്ടയത്ത് പോയി പ്രതിഭ കോളജിൽ പ്രാക്ടിക്കൽ പഠിച്ചു.. രാത്രി തിരികെ മുത്തോലിയിലെ വാടക മുറിയിലേക്ക്. രാവിലെ കുളിച്ച് വീണ്ടും വോളിബോൾ കോർട്ടിലേക്ക് ..എന്നിട്ടും ഫസ്റ്റ് ക്ലാസ്സിൽ ബിരുദം നേടി.

"പഠനകാലത്ത് ഗാന്ധിനഗറിൽ താമസിക്കുന്നകാലത്ത്  ആംബുലൻസ് സൈറൺ കേൾക്കുബോഴെല്ലാം ആശുപതിയിലേക്ക് പാഞ്ഞു അശരണർക്കു കൂട്ടിരിക്കുക പതിവായിരുന്നു. വലിയ ദൈവ വിശ്വാസിയാണ്. ജപമാല ധരിക്കുന്നു. എന്നും ജപമാല ചൊല്ലുന്നു. 35 വർഷം തുടർച്ചയായി മലയാറ്റൂർ മല  കയറുന്നു."    

ഏതു മുന്നണിയിൽ നിന്നാലും റോഷിക്കു ഇടുക്കിയിൽ സ്വന്തമായി 10--15,000 വോട്ടു സ്വന്തമായുണ്ട്. ഒരു പാട് സ്ത്രീജനങ്ങൾ റോഷി എവിടെ നിന്നാലും വോട്ടു ചെയ്യും,"--റോഷിയുടെ രാഷ്ട്രീയ  ഗ്രാഫ് നന്നായി പഠിച്ചി ട്ടുള്ള ചെറുതോണിയിലെ അഡ്വ. വിനോദ്‌കുമാർ എന്നോട് പറഞ്ഞു. ആദ്യം മത്സരിച്ച കാലത്ത് ചെറുതോണി ടൗണിൽ ഒട്ടിച്ച ഒരു പോസ്റർ കണ്ടു മമ്മൂട്ടി ഇവിടെ മത്സരിക്കുന്നുണ്ടോ എന്ന് ചിലർ ചോദിച്ചത്രേ.  

അതല്ല, പ്രളയമായാലും കാർഷികോത്പന്നങ്ങളുടെ വിലയിടിവായാലും വഴിയായാലും പാലം ആയാലും ഇടുക്കിക്കാരുടെ എല്ലാ പ്രശനങ്ങളും പരിഹരിക്കാൻ റോഷി മുന്നിൽ ഉണ്ടാവും. 2018 ലെ വെള്ളപ്പൊക്കം തകർത്ത റോഡുകളും പാലങ്ങളും പണിയാൻ മുന്നിൽ നിന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ മാണി  സാറിന്റെ പിന്തുണയും കരുത്തേകി.

അദ്ദ്യം മത്സരിച്ച 2001 ഐഎഎസിൽ നിന്ന് വിരമിച്ച സ്വതന്ത്രൻ എംഎസ്  ജോസഫ് ആയിരുന്നു എതിരാളി.  അന്ന്  13,719 ഭൂരിപക്ഷം നേടി ജയിച്ചു. 2006, 2011 വർഷങ്ങളിൽ സിപിഎം സ്ഥാനാർഥി സിവി വർഗീസിനെ തോൽപ്പിച്ചു. ഭൂരിപക്ഷം 16,340, 15,806.  2016ൽ ജനാധിപത്യ കേരള കോൺഗ്രസിലെ കെ ഫ്രാൻസിസ്‌ജോർ ജിനെ 9798 വോട്ടിനു തോൽപ്പിച്ചു. ഇത്തവണ വലത്ത് നിന്ന് ഇടതുപാളയത്തിൽ എത്തിയപ്പോഴും ഫ്രാൻസിസ്‌ ജോർജ് തന്നെ എതിരാളി. ഭൂരിപക്ഷം 5573  

"രണ്ടുതവണ എതിർത്തുവെങ്കിലും ഞാൻ റോഷിയുടെ അടുത്ത സുഹൃത് ആണ്," സിവി വർഗീസ് (60)  എ ന്നോട് പറഞ്ഞു.  ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്നു കട്ടപ്പനയിലേക്കു കുടിയേറിയ കുടുംബത്തിൽ  ജനിച്ച ആളാണ്. ഭാര്യ ജിജിയുമൊത്ത് തങ്കമണി ടൗണിൽ താമസം. ഇത്തവണ റോഷിക്കുവേണ്ടി പ്രചാരണത്തിൽ സജീവം ആയിരുന്നു.

ഇടുക്കി കത്തോലിക്കാ രൂപതാ കത്തീഡ്രലിനു സമീപം   ഒരു വീട് സ്വന്തമാക്കിക്കൊണ്ടായിരുന്നു  തുടക്കം.  ഭാര്യ റാണിക്ക് തിരുവന്തപുരം ആർ സിസിയിൽ ജോലി ഉള്ളതുകൊണ്ടുകൊണ്ട് അവിടെയും താമസിക്കണ്ടി വന്നു. കുട്ടികളെ രണ്ടായി പകുത്തു. മൂത്തവൾ ആൻ മരിയയെ  വാഴത്തോപ്പ്  സെന്റ് ജോർജ് ഹയർ സെക്കൻഡറിയിൽ ചേർത്തു. ഇപ്പോൾ  പതിനൊന്നിലാണ്.   ഏയ്ഞ്ചൽ മരിയയെയും  അഗസ്റ്റിനെയും  തിരുവന്തപുരത്തു ചേർത്തു.

കട്ടപ്പന മുനിസിപ്പാലിറ്റിയും  കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, അറക്കുളം. കുടയത്തൂർ പഞ്ചായത്തുകളും ചേർന്നതാണ് ഇടുക്കി നിയോജക മണ്ഡലം. മലകളും താഴ് വിവരങ്ങളും ഏലവും കുരുമുളകും വളരുന്ന നാട്.  ഇടുക്കി പദ്ധതിയുടെ നാട്.

ഇടുക്കിയുടെ മുഖഭാവം മാറ്റിയെടുക്കുന്നതിൽ റോഷിയുടെ രണ്ടുപതിറ്റാണ്ടുകാലത്തെ അദ്ധ്വാനത്തിനു പങ്കുണ്ട്. ഇടുക്കി ജലാശയം കഴിഞ്ഞാൽ പൈനാവിലെ ഗവ. മെഡിക്കൽ കോളേജ് ആണ്  ഇടുക്കിയുടെ ഏറ്റവും പുതിയ  മുഖമുദ്ര. അതിന്റെ ആകാശ ദൃശ്യം കണ്ടാൽ ആരും അമ്പരന്നു പോകും. കാടിനു  നടുവിൽ ഒരു ഇന്ദ്രപുരി.

കുടിയേറ്റക്കാരുടെ വക്താവ് എന്ന നിലയിൽ അവരുടെ എല്ലാആവശ്യങ്ങൾക്കും  മുന്നിൽ നിന്നു. അമ്മ വീട്ടുകാർ ഒന്നടങ്കം മലബാറിലേക്ക് കുടിയേറിയവരാണ്. മലപ്പുറം ജില്ലയിൽ തമിഴ്‌നാടിനോട് ചേർന്ന വഴിക്കടവിനു സമീപം പോത്തുകൽ പഞ്ചായത്തിലാണ്  റോഷിയുടെ   അമ്മാവന്മാർ രാജു, ടോമി, ജോയി എന്നിവരും അവരുടെ സഹോദരി മേരിയും. അവരുടെ 'അമ്മ പൊൻകുന്നം തമ്പലക്കാട്ടു വടശേരിൽ മറിയാമ്മ (97)  2017ൽ അന്തരിച്ചു.  

മലബാറിലെ അമ്മാവന്മാരുടെ  കുടുംബങ്ങളിലെ എല്ലാ ചടങ്ങുകൾക്കും റോഷി സകുടുംബം എത്താറുണ്ട്. ജോയിയുടെ മകൻ അനൂപും അതുല്യയും തമ്മിലുള്ള  വിവാഹത്തിനും എത്തിയിരുന്നു.

അമ്മാവൻമാരുടെ അമ്മാവൻ ജെയിംസ് വടശേരിയും തൊട്ടടുത്തു മണിമൂളിയിൽ ഉണ്ട്.  കുവൈറ്റിൽ ചാർട്ടേർഡ് അകൗണ്ടൻറ് ആയിരുന്നു. അവിടത്തെ മലയാളി കാത്തലിക് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആയി സേവനം ചെയ്തു. രണ്ടു പതിറ്റാണ്ടു മുമ്പ് നാട്ടിലേക്ക് മടങ്ങി സ്ഥലം വാങ്ങി വീട് വച്ചു കാർഷിക വൃത്തി തുടങ്ങി.   ഒരു റിവേഴ്‌സ് മൈഗ്രെഷൻ. 
ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി  (കുര്യൻ പാമ്പാടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക