ആരും നിസ്സാരരല്ല (ജോബി ബേബി, കുവൈറ്റ്, രാമായണ ചിന്തകൾ -3)

Published on 19 July, 2021
ആരും നിസ്സാരരല്ല (ജോബി ബേബി, കുവൈറ്റ്, രാമായണ ചിന്തകൾ -3)

കഷ്ടകാണ്ഡത്തിന്റെ കർക്കടക സന്ധ്യകൾക്ക് വെളിച്ചമേകി രാമായണ മാസം. മഹാമാരിയുടെ കാലത്ത്‌ ആധിയും വ്യാധിയും അകറ്റാനുള്ള രാമായണ പാരായണത്താൽ ഓരോ സന്ധ്യകളും അനുഗ്രഹീതമാകും. കോവിഡ് കാലമായതിനാൽ ക്ഷേത്രങ്ങളിൽ  കൂടിച്ചേരലുകൾ പാടില്ല. അതിനാൽ, വീടുകളിൽ പ്രായമായവർ ഇളംതലമുറക്ക്‌ രാമകഥ ചൊല്ലിക്കേൾപ്പിക്കുന്ന കാഴ്ചയാണ് ഈ കാലങ്ങളിൽ കാണാൻ സാധിക്കുന്നത്.

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ഭാരതത്തിന്റെ  പുരാണങ്ങളിൽ ഒന്നായ രാമായണത്തെപ്പറ്റി നല്ല ഓർമ്മകളാണ് ഉള്ളത്. വളരെ കുട്ടിയായിരിക്കുമ്പോൾ എന്റെ പിതാവിന്റെ സഹോദരിയിൽ (ഞങ്ങളുടെ  അമ്മച്ചിയിൽ) നിന്നും കേട്ട ചില രാമായണ കഥകൾ ഇന്നും മറക്കാതെ ഓർമ്മയിൽ നിൽക്കുന്നു. ആ സമയത്തൊക്കെ വെറും കഥകളായി കേട്ടിരുന്ന അവയ്ക്ക് പിൽക്കാലത്തു അഗാധമായ അർഥങ്ങൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അവയിൽ ഇന്നും ഓർമ്മയിൽ മായാതെ നിൽക്കുന്ന ഗുണപാഠപരമായ ഒരു കഥ ഈ അവസരത്തിൽ ഓർക്കുന്നു.

എന്റെ പിതാവിന്റെ സഹോദരിയെ വിവാഹം ചൈയ്തയച്ചത് ഞങ്ങളുടെ  വീടിന്റെ കുറച്ചകലെയാണ്. എന്നാലും ഞങ്ങളുടെ വീട് കുടംബമായതിനാൽ അമ്മച്ചി ഇടക്ക് ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. അമ്മച്ചിക്ക് ഇപ്പോൾ ഏകദേശം 75വയസ്സിൽ മുകളിൽ പ്രായം കാണും. അമ്മച്ചി വന്നാൽ ഒന്ന് രണ്ട് ദിവസം കഴിഞ്ഞേ മടങ്ങാറുള്ളു. അമ്മച്ചി വരുന്ന ദിവസം ഞങ്ങൾക്ക് വളരെ സന്തോഷമാണ്. കാരണം വൈകുന്നേരങ്ങളിൽ ഞാൻ അമ്മച്ചിയുടെ അടുത്തുനിന്നും ധാരാളം കഥകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്നു. അമ്മച്ചിക്ക് ധാരാളം രാമായണ കഥകളും പുരാണ കഥകളും അറിവുണ്ടായിരുന്നു. പല തവണ കേട്ടതാണെങ്കിലും അത്‌ വീണ്ടും കേൾക്കാൻ ഞാൻ ഇഷ്ട്ടപെട്ടിരുന്നു. അന്ന് അമ്മച്ചിപറഞ്ഞതും ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നതും എല്ലാ രാമായണ മാസത്തിലും ഞാൻ ഓർക്കുന്ന ശ്രീരാമാനുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.

“സീതാദേവിയെ രാവണൻ ലങ്കയിലേക്ക് കട്ടോണ്ട് പോയ സമയം, വാനരൻമാരും, ശ്രീരാമനുമൊക്കെ കൂടി സമുദ്രത്തിന് കുറുകെ ചിറ കെട്ടി ലങ്കയിലേക്ക് പോയി സീതയെ രക്ഷിച്ചുകൊണ്ട് വരാം എന്ന് തീരുമാനിച്ചു. അങ്ങനെ അവർ ചിറകെട്ടാൻ തീരുമാനിച്ചു. ഓരോരുത്തരും വലിയ വലിയ കല്ലുകൾ കൊണ്ടുവന്ന് സമുദ്രത്തിൽ നിക്ഷേപിക്കുകയാണ്. ആ സമയം ചെറിയ ഒരു ജീവി ”അണ്ണാൻ” സമുദ്രത്തിൽ ഒരു തവണ മുങ്ങുകയും, പിന്നീട് പൂഴിയിൽ കിടന്ന് ഉരുളും. തന്റെ ദേഹത്തു പറ്റിയിരിക്കുന്ന പൂഴി ആ ചിറകെട്ടുന്ന സ്ഥലത്തു കൊണ്ട് ചെന്ന് കുടയും. അങ്ങനെ നിരവധി തവണ ചെയ്‌തു കൊണ്ടിരുന്നു. ഇത് ഒരു പാട് തവണ ചെയ്യുന്നത് ശ്രീരാമൻ കണ്ടു. 

ശ്രീരാമൻ ഈ ജീവിയെ അടുത്തു വിളിച്ചു എന്നിട്ട് ചോദിച്ചു,നീ എന്താണ് ചെയ്യുന്നത്? പ്രഭോ അടിയൻ ശ്രീരാമ ചന്ദ്ര പ്രഭുവിനുള്ള ചിറകെട്ടുകയാണ് എന്ന് മറുപടിയും പറഞ്ഞു.ശ്രീരാമന് വലിയ സന്തോഷമായി. ഉടനെ ആ അണ്ണാനെ കൈയിൽ എടുത്ത് പുറത്തു തലോടി. ആ തലോടുന്ന സമയത്തു ശ്രീരാമന്റെ മൂന്ന് വിരലുകൾ അണ്ണാന്റെ പുറത്തു പതിയുകയും ചെയ്‌തു. ആ സമയത്താണ് അണ്ണാന്റെ പുറത്തു മൂന്ന് വെളുത്ത വരകൾ ഉണ്ടായത്. അതിന് മുൻപ് അണ്ണാന്റെ പുറത്തു അത്തരത്തിലുള്ള വരകൾ ഉണ്ടായിരുന്നില്യാത്രേ. 

അതു പോലെ “അണ്ണാറക്കണ്ണനും തന്നാലായത്”എന്ന ചൊല്ലുണ്ടായതും അതിന് ശേഷമാണ്. അതായത് അണ്ണാനാൽ ആകുന്നത് അണ്ണാൻ ചെയ്യ്തു. അപ്പോൾ നാം വിചാരിക്കും എത്ര ചെറിയ കാര്യമാണ് ഇത് . ആ ചെറിയ ജീവി കൊണ്ടുവന്ന മണ്ണ് വച്ച് ചിറ കെട്ടാൻ സാധിക്കുമോ? ഒരു തരി ആയാൽ ഒരു തരി. അങ്ങനെ കുറേ തരികൾ ചേരുമ്പോൾ ഒരു വലിയ കൂമ്പാരമാകില്ലേ. അതാണ് അണ്ണാൻ വിചാരിച്ചത്. അങ്ങനെ അണ്ണാനും തന്നാലാവും വിധം ചിറകെട്ടാൻ സഹായിച്ചു”.

ഏതു പ്രവർത്തി ചെയ്യുമ്പോഴും മനസ്സിനെ ഈശ്വരനിൽ നിർത്തണം. അങ്ങനെ കർമ്മം ചെയ്യുന്നവനാണ് കർമ്മയോഗി. യഥാർത്ഥ കർമ്മയോഗി യഥാർത്ഥ ഭക്തനാണ്. നേരെ തിരിച്ചും. മനസ്സ്‌ ഈശ്വരനിലായിരിക്കണം. രാമായണം ചിരസ്ഥായിയാണ്. ധർമത്തെയും അധർമത്തെയും കുറിച്ചുള്ള വ്യഥകൾ നീളുവോളം, മാനവരുടെ മനസ്സുകളിൽ രാമകൃതിയുണ്ട്. ആദികാവ്യം മാത്രമല്ല, അനശ്വര കാവ്യം കൂടിയാണ് രാമായണം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).
ആരും നിസ്സാരരല്ല (ജോബി ബേബി, കുവൈറ്റ്, രാമായണ ചിന്തകൾ -3)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക