പാവക്കൂത്തമ്മാവന്‍ (മിന്നാമിന്നികള്‍ 7: അംബിക മേനോന്‍)

Published on 19 July, 2021
പാവക്കൂത്തമ്മാവന്‍ (മിന്നാമിന്നികള്‍ 7: അംബിക മേനോന്‍)
"ഏട്‌ത്യേ.., ന്റെ കുട്ടിക്ക് പനി കുറയണില്യല്ലോ..! അന്തപ്പന്‍ വൈദ്യരുടെകഷായോം ഗുളികേം ഒന്നും ഫലിക്കുന്നില്ലല്ലോ..! പനി കൂടുമ്പോള്‍ പേട്യാ,അവള്‍ക്ക് ദണ്ഡളെക്കം വരോന്ന്.""നീ വിഷമിക്കാതിരിക്ക്, ഞാനാ പാട്ടി യോട് ഒന്ന് വരാന്‍ പറയാം, ആ പാട്ടിവന്ന് ഒന്ന് "ഊതി" യാല്‍ മോള്‍ടെ എല്ലാ പനീം ഓടിപ്പോകും., നമ്മടെ കുട്ടിഉഷാറായിട്ട് ഓടി നടക്കും."

പനിപിടിച്ച് മൂടിപ്പുതച്ച് കിടക്കുന്ന ദേവൂട്ടിയെ എടുത്ത് തോളിലിട്ടുകൊണ്ട് അമ്മ ഉമ്മറത്ത് വന്നിരുന്നു. ഇടക്കിടക്ക് തുണി നനച്ച് നെറ്റിയില്‍ഇട്ടു കൊടുത്തു. ദേൂവൂട്ടീടെ ഏട്ടന്‍ പോയി പാട്ടിയെ വിളിച്ചു കൊണ്ടുവന്നു.അവര്‍ വളപ്പില്‍ പോയി കുറച്ച് പാണലിന്റെ ഇല പറിച്ചു കൊണ്ടുവന്നു.

"തമ്പ്രാട്ടി..,മോളേം എടുത്ത് ഇവിടെ വന്നിരിക്കു", പാട്ടി പറഞ്ഞു.എന്നിട്ട് വലതുകയ്യില്‍ പാണലിന്റെ ഇലകള്‍ കൂട്ടിപ്പിടിച്ച് ദേവൂട്ടിയുടെനെറുകയില്‍ കയ്യ് വെച്ച് കണ്ണുമടച്ച് മന്ത്രം ഉരുവിട്ടു,"മണ്ണും ചൊല്ലി,വിണ്ണും ചൊല്ലി, കണ്ണും ചൊല്ലി, സ്വാഹ",തലതൊട്ട് കാല് വരെഉഴിഞ്ഞിറക്കി.മന്ത്രങ്ങള്‍ മാറി മാറി ചൊല്ലി പലവട്ടം അതുപോലെത്തന്നെചെയ്തു. എന്നിട്ട് ദേവൂട്ടിയുടെ മുഖത്തേക്ക് മൂന്നു പ്രാവശ്യംഊതി.പാണലിന്റെ ഇല രണ്ടു കൈകൊണ്ടും കൂടി മുറിച്ച് രണ്ടു ഭാഗമാക്കിദേവൂട്ടിയോട് പറഞ്ഞു,

"കൊച്ചമ്പ്രാട്ടി ഈ ഇലകള്‍ ഒന്നു വാസനിച്ചാട്ടെ.""വല്യമ്പ്രാട്ടി, ഇത്തിരി കടുകും മുളകും കൊണ്ടു തരൂ."ചേച്ചമ്മ അടുക്കളയില്‍ പോയി കടുകും മുളകും എടുത്തു കൊണ്ട് വന്ന് പാട്ടിക്ക്‌കൊടുത്തു. അത് കയ്യില്‍ വെച്ചുകൊണ്ട് കണ്ണുമടച്ച് വീണ്ടും ഏതൊ മന്ത്രങ്ങള്‍ഉരുവിട്ടശേഷം ദേവൂട്ടിയുടെ തലക്ക് ചുറ്റും മൂന്നു തവണ ഉഴിഞ്ഞു, എന്നിട്ട്അതുകൊണ്ടുപോയി അടുപ്പിലിടാന്‍ പറഞ്ഞു. എന്നിട്ട് അമ്മയോടായി പറഞ്ഞു, "ഇനിനോക്കിക്കോളോ, ഈ തമ്പ്രാട്ടിക്കുട്ടീടെ പനിയെല്ലാം പമ്പ കടക്കും.കുട്ടിഉഷാറായി വേഗം എണ്ണീറ്റ് നടക്കും.മോള് അമ്മേടെ മടീന്ന് എണീറ്റ് കയ്യുംകാലുമെല്ലാം ഒന്നു കുടയൂ, എന്നിട്ട് ഒന്ന് തുള്ളിച്ചാടൂ, ആ പനിയെല്ലാംഇതോടെ അപ്രത്യക്ഷാകും".

അന്ന് വൈകുന്നേരമായപ്പോഴേക്കും ദേവൂട്ടീടെ പനി കുറഞ്ഞു. എണീറ്റിരുന്ന് അല്പം കഞ്ഞി കുടിച്ചു.
പലര്‍ക്കും പലതരം വിശ്വാസങ്ങള്‍. മറ്റുള്ളവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും,ദേവൂട്ടിയുടെ അമ്മക്കും ചേച്ചമ്മക്കും അതൊരു വിശ്വാസമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോഴെക്കും ദേവൂട്ടീ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു.എഴുന്നേറ്റ് നടക്കാനൊക്കെ തുടങ്ങി. വീട്ടില്‍ എല്ലാവര്‍ക്കും സമാധാനമായി.ദേവൂട്ടിക്ക് പനി വന്നാല്‍ എല്ലാവര്‍ക്കും പേടിയാ.ഫിറ്റ്‌സ് വരും, കയ്യുംകാലും വിറക്കാന്‍ തുടങ്ങുീ, തളര്‍ന്ന് വീഴും. പിന്നെ കണ്ണുമടച്ച് കിടപ്പുതന്നെ. പനി മാറുന്നവരേക്കും ചേച്ചമ്മ ദേവൂട്ടിടെ അടുത്തിരുന്ന് നാമംജപിച്ചു കൊണ്ടിരിക്കും.

പനിമാറിയെങ്കിലും ദേവൂട്ടിക്ക് നല്ല ക്ഷീണമുണ്ട്.അടുത്ത വീട്ടിലെ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നതും നോക്കി ദേവൂട്ടി ഉമ്മറത്തെ തിണ്ണയില്‍തൂണും ചാരി ഇരുന്നു.


ഇടക്ക് കുട്ടികളെല്ലാം പടിക്കലേക്ക് നോക്കി ഓളിയിട്ടു പറയുന്നതു കേട്ടു," ദേ.., പാവയമ്മാമന്‍ വര്‌ണേ.., എല്ലാരും വരിന്‍..''
കുട്ടികളെല്ലാം കൂടി പടിക്കലേക്കോടി.

രണ്ടു തോളിലും ഭാണ്ഡ സഞ്ചികള്‍ തൂക്കിയിട്ട്, ഒരു വടിയുീ കുത്തിപ്പിടിച്ച്, നെറ്റിയില്‍ നിറയെ ചന്ദനവുീ ഭസ്മക്കുറിയും തൊട്ട് ചിരിച്ച മുഖവുമായി പാവയമ്മാവന്‍ പടികടന്നു വന്നു. പാവയമ്മാവന്റെ രണ്ടു സഞ്ചികളിലും നിറയെ പാവകളാണ്. പാവക്കൂത്തിനുള്ളവ.എല്ലാ പാവകള്‍ക്കും കഥകളിരൂപമാണ് .അതില്‍
കഥകളിയിലെ കൃഷ്ണനും, അര്‍ജ്ജുനനും ദുര്യോധനനും, പിന്നെ പല സ്ത്രീവേഷങ്ങളും ഉണ്ടായിരിക്കും. കഥകളി രൂപങ്ങളുടെ തലഭാഗവും കയ്യുകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. വേഷഭൂഷാധികളെല്ലാം കഥകളിയുടേതുതന്നെ. കുട്ടികള്‍ ചുറ്റും കൂടി പറയാന്‍ തുടങ്ങി,

"പാവയമ്മാമാ.. ഞങ്ങള്‍ക്ക് പാവക്കൂത്ത് കാണണം, കൃഷ്ണന്റെ പാട്ട് കേള്‍ക്കണം, വേഗം പാവകളെ എടുക്കൂ അമ്മാമാ."

അപ്പോഴേക്കും അമ്മയുീ ചേച്ചമ്മയും ഉമ്മറത്തേക്ക് വന്നു.
"നമസ്ക്കാരം വല്യമ്മേ".
" കുറേ നാളായി കാണാറില്ലല്ലോ", ചേച്ചമ്മ ചോദിച്ചു.
"വയസ്സായില്ലേ വല്യമ്മേ.. അധികം യാത്രയൊന്നും ചെയ്യാന്‍ വയ്യാതായി.
എങ്കിലും സ്തിരം പോകാറുള്ള വീടുകളില്‍ എപ്പോഴെങ്കിലുമൊക്കെ എത്തിയില്ലെങ്കില്‍ ഒരു വിഷമാ. ഇവിടെ വന്നാല്‍ നിങ്ങളെയൊക്കെ ഒന്നു കാണാലോ." കുട്ടികള്‍ ധൃതി കൂട്ടിയപ്പോള്‍ അദ്ദേഹം പാവകളെ ഒന്നൊന്നായ് പുറത്തെടുത്തു. പാവക്ക് ചുറ്റിക്കൊടുത്തിരിക്കുന്ന വേഷഭൂഷാധികളുടെ ഉള്ളിലൂടെ കയ്യിട്ട്
അദ്ദേഹം പാവയെ കയ്യില്‍ പിടിച്ചു. എന്നിട്ട് വലത്തുകൈ കൊണ്ട് ചേങ്ങല കൊട്ടി
കഥകളിപ്പദങ്ങള്‍ ആലപിക്കാന്‍ തുടങ്ങി, "അജിതാ ഹരേ... മാധവാ....കൃഷ്ണാ'.

പാട്ടിന്റെ, താളത്തിനൊത്ത് പാവകള്‍ കൈകളും തലയും അനക്കും. കണ്ടിരിക്കുന്നവര്‍ക്ക് തോന്നും ശരിക്കും ആ പാവകള്‍ പാട്ടിനൊത്ത് ചുവടു വെക്കുകയാണെന്ന്.ദേവൂട്ടിയും കൂട്ടുകാരും ഇത് നോക്കി കൈകൊട്ടി രസിക്കും. ഒരെണ്ണം കഴിഞ്ഞപ്പോള്‍ അടുത്ത പാവയെ എടുക്കാന്‍ പറഞ്ഞ് കുട്ടികള്‍
തിരക്കുകൂട്ടി. സഞ്ചിയില്‍ നിന്നും ഒരു സ്ത്രീവേഷം പുറത്തെടുത്ത് പാടാന്‍ തുടങ്ങി, "അളിവേണീ..എന്തു ചെയ്‌വൂ..ഹന്ത ഞാന്‍ മാനിനിമാരേ...'' കുട്ടികള്‍ക്ക് സന്തോഷമായി.

പാവയമ്മാവന്‍ അങ്ങു ദൂരേയുള്ള ഏതോ ഒരു ഗ്രാമത്തില്‍ നിന്നുമാണ് വരുന്നത്.രണ്ടു മൂന്നു മാസം കൂടുമ്പോള്‍ ഇതുപോലെ വരും. പാവക്കൂത്തും കഴിഞ്ഞ്അന്നത്തെ ഉച്ചഭക്ഷണവും കഴിഞ്ഞേ അദ്ദേഹം ദേവൂട്ടിയുടെ വീട്ടില്‍ നിന്ന്‌പോകൂ.പോകാന്‍ നേരത്ത് ചേച്ചമ്മ അദ്ദേഹത്തിന്റെ കയ്യില്‍ കുറച്ച് പൈസെകൊടുക്കും. നന്ദിയോടെ, സന്തോഷത്തോടെ, കൈകൂപ്പി യാത്ര പറയും, " വരട്ടെവല്യമ്മേ.. വരട്ടെ മക്കളെ.., ഇനി ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും കാണാം".ദേവൂട്ടി പനിപിടിച്ച് ഉഷാറില്ലാതെ ഇരിക്കുന്നതു
കണ്ടപ്പോള്‍ അദ്ദേഹംദേവൂട്ടിയോട് ചോദിച്ചു, "എന്തുപറ്റിമോള്‍ക്ക്, വീണ്ടും പനി വന്നോ?കഴിഞ്ഞപ്രാവശ്യം വന്നപ്പോഴും പനിയായിരുന്നല്ലോ! സാരമില്ല, ഒക്കെ ഭേദമാകും. മോള്‍ഈ ഉണ്ണിക്കണ്ണന്റെ പ്രതിമ എപ്പോഴും കയ്യില്‍ വെച്ചോളൂ. ഈ കണ്ണന്‍ മോളെകാത്തുകൊള്ളും", എന്ന് പറഞ്ഞ് ഭാണ്ഡത്തില്‍ നിന്നും ഒരു കൊച്ചു പ്രതിമഎടുത്ത് ദേവൂട്ടിക്ക് കൊടുത്തു. "എന്നാല്‍ പോയി വരട്ടെ വല്ല്യമ്മേ."ഭാണ്ഡവുമെടുത്ത് കൂനിക്കൂനി നടന്നു പോകുന്ന അമ്മാമനെ നോക്കി ദേവൂട്ടിപറഞ്ഞു," പാവല്ലേ.. എത്ര ദൂരത്തുന്ന വരുന്നേ!"." ദേവൂട്ടി.., ഞങ്ങടെ കൂടെ കളിക്കാന്‍ വാ", കൂട്ടുകാര്‍ ദേവൂട്ടിയുടെകൈപിടിച്ച് വലിച്ചു.

"ക്ക് കളിക്കാനൊന്നും വയ്യ.. കൂട്ടുകാരേ, നാളെ വരാം". തളര്‍ന്ന്, ഉമ്മറത്തെ തൂണും ചാരി, ആ കൃഷ്ണവിഗ്രഹത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്ന ദേവൂട്ടിയുടെ  മനസ്സില്‍ അപ്പോള്‍ പാവയമ്മാവന്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.

കുറച്ചു നാള്‍ക്കു ശേഷം അയല്‍പ്പക്കത്തെ മാലത്യേച്ചി വീട്ടില്‍ വന്നപ്പോള്‍ ചേച്ചമ്മയോട് പറയുന്നതു കേട്ടു, "അമ്മുവേച്ചിയേ.., ഇവിടെ ഇടക്കെല്ലാം വരുന്ന  ആ പാവക്കൂത്തുകാരനില്ലെ,  ബസ്സിടിച്ച് മരിച്ചൂത്രേ!"
"ദൈവമേ.. '',ചേച്ചമ്മയുീ അമ്മയുീ ഒരുമിച്ച് പറഞ്ഞു.

"പാവം, എത്ര നല്ല മനുഷ്യനായിരുന്നു, കഷ്ടായിപ്പോയി ." ദേവൂട്ടിക്ക് അത് കേട്ടപ്പോള്‍ സഹിക്കാനായില്ല. അവള്‍ക്ക് കൊടുത്ത കൃഷ്ണന്റെ പ്രതിമയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. എത്ര ശ്രമിച്ചിട്ടും
ദേവൂട്ടിക്ക് അദ്ദേഹത്തെ മറക്കാനായില്ല. പാവയമ്മാവനെ ഓര്‍ത്തോര്‍ത്ത് സങ്കടമാകുമ്പോള്‍ ആ കൃഷ്ണവിഗ്രഹമെടുത്ത് കെട്ടിപ്പിടിച്ച് കരയുമായിരുന്നു. അങ്ങനെ ദേവൂട്ടി ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍ കൂടി ദേവൂട്ടിയുടെ ജീവിതത്തില്‍ നിന്നും യാത്രയായി.

സ്വീകരണമുറിയിലെ ഷോകേസില്‍ വെച്ചിട്ടുള്ള നിറം മങ്ങിത്തുടങ്ങിയ ഒരു പഴയ കൃഷ്ണപ്രതിമയെ എടുത്ത്, അതിന്റെ മേനിയില്‍ തലോടിക്കൊണ്ടിരുന്ന ഞാന്‍ ആ കള്ളക്കൃഷ്ണനോട് എന്നത്തെയുംപോലെ വീണ്ടും ചോദിച്ചു, "ഇനിയുമെന്നെ പരീക്ഷിച്ചത് മതിയായില്ലേ കൃഷ്ണാ?? ഞാന്‍ സ്‌നേഹിക്കുന്നവരെയെല്ലാം എന്തിനാ നീ എന്നില്‍ നിന്നുമകറ്റുന്നത് കൃഷ്ണാ??"

ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍! വര്‍ഷങ്ങളായി തന്റെ ഉണ്ണിക്കണ്ണനോട് ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ ! തന്റെ ഉണ്ണിക്കണ്ണനെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് അതിന്റെ നിറുകയില്‍ മെല്ലെ തലോടിക്കൊണ്ടിരുന്നപ്പോള്‍ താനറിയാതെത്തന്നെ രണ്ടിറ്റു കണ്ണുനീര്‍ത്തു ള്ളികള്‍ ആ വിഗ്രഹത്തിലേക്ക് ഇറ്റിറ്റു വീണു.പാവക്കൂത്തമ്മാവന്‍ (മിന്നാമിന്നികള്‍ 7: അംബിക മേനോന്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക