എന്റെ കലഹങ്ങള്‍ (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 19 July, 2021
 എന്റെ കലഹങ്ങള്‍ (കവിത: രാജന്‍  കിണറ്റിങ്കര)
ഞാനൊരു 
കലഹക്കാരനാണ്

നനച്ചുവളര്‍ത്തിയിട്ടും 
തിരിച്ചു നല്‍കാത്ത
ബാല്യത്തിന്റെ 
നഷ്ടവസന്തങ്ങളോട്
നിരന്തരം
കലഹിച്ചിട്ടുണ്ട്

മറക്കാന്‍ ശ്രമിച്ചിട്ടും
ഓര്‍മ്മകളില്‍
അധിനിവേശം 
നടത്തിയ
ഇന്നലെകളോട്
കലഹിച്ചിട്ടുണ്ട്

സ്‌നേഹിക്കുന്നവരുടെ
വിജയത്തിനായി
തോല്‍വികള്‍
ഏറ്റുവാങ്ങിയ
മനസ്സിന്റെ 
ചാപല്യത്തോട്
കലഹിച്ച്  നിന്നിട്ടുണ്ട്

പ്രണയത്തിന്റെ
വഴിവരമ്പുകളില്‍
ഒറ്റപ്പെട്ടുപോയ
കൗമാരത്തിന്റെ 
നിസ്സഹായതയോട്
കലഹിച്ച് പിരിഞ്ഞിട്ടുണ്ട്

നഗരയാത്രയുടെ
വിളറിയ സന്ധ്യയില്‍
വഴിയോരങ്ങളില്‍
വീണുടഞ്ഞ 
ചേതനയറ്റ സ്വപ്നങ്ങളോട്
കലഹിച്ച് കലഹിച്ച്
പരാജയപ്പെട്ടിട്ടുണ്ട്

അതെ
ഞാന്‍ കലഹിച്ച്
കൊണ്ടിരിക്കുകയാണ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക