അഗ്നിശുദ്ധി സീതായനത്തിലൂടെ (ഉമശ്രീ, രാമായണ ചിന്തകൾ -4)

Published on 19 July, 2021
 അഗ്നിശുദ്ധി സീതായനത്തിലൂടെ (ഉമശ്രീ, രാമായണ ചിന്തകൾ -4)
രാമായണത്തെ സീതായനം ആയിക്കൂടി വായിക്കുമ്പോഴാണ് കൂടുതല്‍ ഹൃദ്യമെന്ന് തോന്നിയിട്ടുണ്ട്.   ഇത്രയേറെ പരീക്ഷിക്കപ്പെട്ട്,  അതിനെയെല്ലാം തന്റെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച ഒരു സ്ത്രീ കഥാപാത്രം ഇതിഹാസങ്ങളില്‍ വേറെ ഉണ്ടോ എന്നത് സംശയമാണ്.

കര്‍ക്കടകത്തിലെ തോരാമഴയില്‍ രാമകഥ മനസ്സുകളെ പവിത്രമാക്കുമ്പോള്‍ സീതാകഥ പെണ്‍മനസ്സുകളെ  അഗ്‌നിശുദ്ധി ചെയ്ത് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ പാകത്തില്‍ തന്റേടികള്‍ ആക്കട്ടെ.
സീതയുടെ അയനം നമ്മെ പഠിപ്പിക്കുന്നത് ആ പ്രാപ്തിയാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തന്റെ ജീവിതയാത്രയിലെ ഓരോ തീരുമാനങ്ങളും ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങിയല്ലാതെ സ്വയം എടുക്കാനുള്ള ഒരു സ്ത്രീയുടെ കഴിവും കുടുംബത്തോടുള്ള ഉത്തരവാദിത്തബോധവും സമര്‍പ്പണവും ആണ് ഇന്നത്തെ തലമുറ സീതയിലൂടെ വായിച്ചെടുക്കേണ്ടത്.
ആരുടെ മുന്നിലും തല കുനിക്കാത്ത, തന്റെ ഇച്ഛകളെ ഹത്യ ചെയ്യാത്ത അഭിമാനിയായ സീതയെ നമ്മള്‍ പൈങ്കിളിപ്പെണ്ണിന്റെ ശീലുകളിലൂടെ കടന്നുപോകുമ്പോള്‍ കണ്‍തുറന്ന് കാണേണ്ടതുണ്ട്.

കല്ലും മുള്ളും നിറഞ്ഞ വഴികളിലാണെങ്കിലും ഭര്‍ത്താവിനൊപ്പം  ചരിക്കാനുള്ള തന്റെ അവകാശബോധത്തെ, തുല്യതയെ സീത രാമനോടൊന്നിച്ച് കാട്ടിലേക്കിറങ്ങുമ്പോള്‍ പ്രകടമാക്കുന്നു.  ഭര്‍ത്താവിനോടൊന്നിച്ചുള്ള ജീവിതം ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കൊട്ടാരത്തിലേതിന് തുല്യമാണ് എന്നവള്‍ കരുതുന്നു. ഈ തീരുമാനത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ടുന്ന സുരക്ഷിതത്വബോധവും സ്‌നേഹവും അതോടൊപ്പം  സ്വയം സമര്‍പ്പണവുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്നത് കാണാന്‍ കഴിയും.

ലക്ഷ്മണനോടുള്ള മാതൃസമാനമായ സ്‌നേഹത്തോടൊപ്പം തന്നെ ലക്ഷ്മണരേഖ മറികടക്കാന്‍ തുനിയുന്ന ആര്‍ജ്ജവവും കാണാം. പ്രതികരിക്കേണ്ടയിടത്ത് അങ്ങനെ ചെയ്യണമെന്നുള്ള സ്ത്രീയുടെ ആവശ്യകതയെ സീത വരച്ച് കാണിക്കുന്നു.

അജയ്യനായ രാവണന്‍ പോലും സീതയുടെ  വ്യക്തിപ്രഭാവത്തിനു മുന്‍പില്‍ തോറ്റു പോകുന്നത് അശോകവനിയില്‍ നമ്മള്‍ കാണുന്നു. എല്ലാം കീഴടക്കുന്ന രാവണന് സീതയെ കീഴടക്കാന്‍ കഴിയാതെ പോകുമ്പോഴാണ് ഒരു സ്ത്രീയുടെ മാനസികബലത്തിന്റെ തീവ്രത നമ്മള്‍ തിരിച്ചറിയേണ്ടത്.

അഗ്‌നിശുദ്ധി വരുത്താന്‍ രാമനും പൊതുജനങ്ങള്‍ക്കും മുന്‍പില്‍ നിറകണ്ണുകളോടെ സീത നില്‍ക്കുമ്പോള്‍ ബന്ധങ്ങളെ നഷ്ടപ്പെടാതിരിക്കാനായി ഒരു സ്ത്രീ ചെയ്യുന്ന ത്യാഗത്തെയും നമുക്ക് കാണാം. പക്ഷേ വീണ്ടും വീണ്ടും ശുദ്ധിക്കു വിധേയയാകുവാന്‍ സീത  തയ്യാറാകുന്നില്ല. തന്റേതല്ലാത്ത കാരണങ്ങളാല്‍ കൊടുംകാട്ടില്‍  ഉപേക്ഷിക്കപ്പെട്ട് പിന്നീടൊരു നാള്‍ തിരിച്ചു വിളിമ്പോള്‍ സ്ത്രീയുടെ അഭിമാനത്തെ വ്രണപ്പെടുത്താന്‍ ഒരുക്കമില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ് അവള്‍ ഭൂമിയില്‍ അന്തര്‍ധാനം ചെയ്യുന്നത്.

സീതായനം വായിച്ചെടുക്കുമ്പോള്‍  ആ ജനകപുത്രി അല്‍പമെങ്കിലും കീഴടങ്ങിയിട്ടുണ്ടെങ്കില്‍ അത് സ്‌നേഹത്തിനു മുന്‍പില്‍ മാത്രമാണ് എന്നും ആ കീഴടങ്ങലിന്റെ പരിധി ലംഘിക്കാന്‍  ഒരിക്കലും തയ്യാറായിട്ടില്ലെന്നും നമുക്ക് തിരിച്ചറിയാന്‍ പറ്റും.

ഓരോ സ്ത്രീയും തന്റെ ജീവിതായനത്തില്‍ സീതയെ കൂടെ ചേര്‍ത്ത് സമൂഹത്തെ ഒന്നടങ്കം അഗ്‌നിശുദ്ധി ചെയ്യാന്‍ ഇടവരുത്തട്ടെ
Sudhir Panikkaveetil 2021-07-21 01:07:29
"എല്ലാം കീഴടക്കുന്ന രാവണന് സീതയെ കീഴടക്കാന്‍ കഴിയാതെ പോകുമ്പോഴാണ് ഒരു സ്ത്രീയുടെ മാനസികബലത്തിന്റെ തീവ്രത നമ്മള്‍ തിരിച്ചറിയേണ്ടത്." ?????സമ്മതമില്ലാത്തെ സ്ത്രീയെ തൊട്ടാൽ തല തെറിക്കുമെന്ന ഒരു ശാപം രാവണന് കിട്ടിയതുകൊണ്ടല്ലേ സീതയെ കീഴടക്കാൻ ലങ്കേശന് കഴിയാതെ പോയത്. അതിൽ സീതക്ക് അഭിമാനിക്കാൻ എന്തുണ്ട്? അതോ അങ്ങനെ ഒന്ന് രാമായണത്തിൽ ഇല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക