Image

ജീവിത ഘടികാരം (കഥ- )

Published on 19 July, 2021
ജീവിത ഘടികാരം (കഥ- )

പ്രീഡിഗ്രി തോറ്റ് തൊഴിലില്ലാത്ത തുല്യ ദുഃഖിതരുടെ താവളമായ വായനശാലയുടെ തിണ്ണ നിരങ്ങുന്ന കാലം. കാൽക്കാശ് കയ്യിലില്ലാത്തവൻ നേരിടുന്ന പരിഹാസത്തിനും പുച്ഛത്തിനും അവഹേളനത്തിനും കാല ദേശ ഭേദമില്ല. റിസ്റ്റ് വാച്ചുള്ളവനേയും പാന്റിട്ടവനേയുമൊക്കെ ആദരവോടെ കാണുന്ന കാലമാണ്.

അച്ഛന് ഒരു വാച്ചുണ്ട്. പ്രായാധിക്യം കൊണ്ട്ഇടക്കിടക്ക് തളർന്നിരുന്നു പോകുന്ന, വാച്ച് ഡോക്ടർ ജോണിച്ചേട്ടൻ വരെ കണ്ടാലുടൻ വെറ്റിലടക്കവച്ച് നമസ്കരിക്കുന്ന വാച്ച്.

എറണാകുളത്ത് വാച്ചിന്റെ ഏത് മാറാരോഗവും ചികിത്സിച്ചു മാറ്റുന്ന സൂപ്പർ സ്പെഷലിസ്റ്റ് ഷേണായിക്ക് ജോണിച്ചേട്ടൻ ഈ കേസ് റഫർ ചെയ്തു. ജോണിച്ചേട്ടൻ സുല്ലിട്ട വാച്ച് ഷോണായി സവിധത്തിലെത്തിച്ചതാണ് ഞാൻ. വാച്ച് കയ്യിലെടുത്ത് തിരിച്ചും മറിച്ചും കുലുക്കിയും നോക്കി ഷേണായി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇതിവിടെയല്ല. ഈ വരിയിൽ തന്നെ 6 കടക്കപ്പുറം ഒരു ഷേണായുടെ കടയുണ്ട്. അവിടെയാവും ഭേദം. "
മുന്നോട്ട് നടന്ന് കട കണ്ടു. . അതും ഷേണായി തന്നെ. പക്ഷെ ഇരുമ്പ് കടയാണ് !!!
ആദ്യം ഇരച്ചു കയറിയത് ദേഷ്യമാണെങ്കിലും പഹയൻ ഷേണായിയുടെ നർമ്മ ബോധമോർത്തപ്പോ അതൊരു പുഞ്ചിരിയായി മാറി.

സ്വന്തമായൊരു വാച്ച് പുലർകാലത്ത് കണ്ടൊരു സ്വപ്നം മാത്രമായി മാറി. "ന്റെ കുട്ടിക്കൊരു വാച്ച് വാങ്ങി കൊടുത്തൂടെ? അച്ഛൻ കേൾക്കെ അമ്മയുടെ ഇടക്കിടെയുള്ള പരിദേവനത്തിനും ഫലമില്ലാതായി.

" വാച്ചും കളസവും പത്രാസുമൊക്കെ പണിയെടുത്തുണ്ടാക്കിയാൽ മതി. ആഹാരത്തിന് മുട്ടൊന്നുമില്ലല്ലോ? ഇതായിരുന്നു അച്ഛന്റെമറുപടി. കണ്ണിച്ചോരയില്ലാത്തതെന്ന് അന്ന് തോന്നിയ ആ മറുപടി ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ശരിയെന്ന് കാലം എന്നെ പഠിപ്പിച്ചു.

അമ്മയുടെ " ന്റെ കുട്ടിക്ക് ഒരു വഴിയാക്കിക്കൊടക്കണേ ഈശരാ " എന്ന സ്ഥിരം പല്ലവി കേട്ട് സാക്ഷാൽ നീലകണ്ഠനും മടുത്തു തുടങ്ങിയിരിക്കണം. കൽക്കത്തയിൽ ബിർളയോട് പുലബന്ധമുള്ള ഒരു കമ്പനിയുടമയുടെ സെക്രട്ടറിയായിരുന്ന അമ്മാമനാണ് ആ നിർദ്ദേശം വച്ചത്.

"ഇവനെന്റെ കൂടെ കൽക്കത്തക്ക് വരട്ടെ "

സേട്ടിന്റെ സെക്രട്ടറിയായിരുന്ന അമ്മാമന്റെ തണലിൽ നല്ലൊരു കമ്പനിയിൽ പാന്റും ഷർട്ടുമിട്ട് ജോലി ചെയ്യുന്ന ചെറുപ്പക്കാരന്റെ ചിത്രം മനോമുകുരത്തിൽ തെളിഞ്ഞപ്പോൾ എനിക്കുമുത്സാഹമായി. മദ്രാസ് മെയിലിൽ മദ്രാസിലിങ്ങി ഹൗറാ മെയിലിൽ മാറിക്കയറി ഹൗറയിലെത്തി മനുഷ്യൻ വലിക്കുന്ന റിക്ഷയിൽ വീടെത്തി.

ഒന്നുറങ്ങി ക്ഷീണം തീർത്തപ്പോൾ അമ്മാവന്റെ കൽപ്പന വന്നു.

" നാളെ മുതൽ രാവിലെയിറങ്ങിക്കോളണം. ആപ്പീസുകളിൽ കയറി ജോലിയന്വേഷിക്കണം "

മൂന്ന് നേരം മാമുണ്ട് അച്ഛന്റെ തണലിൽ, അമ്മയുടെ മടിയിൽ കിടന്ന് സുഖം പിടിച്ച മരുമകനെ കടുത്ത ജീവിത യാഥാർത്ഥ്യങ്ങളുടെ പൊരിവെയിലറിയിച്ച ആദ്യപാഠം. ആദ്യം നിരാശ, പിന്നെ സങ്കടം , പിന്നെ വാശിയായി മാറിയ ദേഷ്യം.

പിറ്റേന്ന് മുതൽ ജോലിയന്വേഷണം. ഗണേഷ് ചന്ദ്ര അവന്യുവിലെ 10 നിലയുള്ള കൂറ്റൻ കെട്ടിടത്തിന് മുന്നിൽ കൊണ്ടുപോയി നിർത്തി അമ്മാവൻ പറഞ്ഞു.
"ഇത് കൊമേഴ്സ് ഹൗസ്. പത്തു നിലയിലും കൂടി നൂറ് നൂറ്റമ്പത് ഓഫീസുകൾ കാണും. ഒന്നാം നിലയിൽ നിന്ന് തുടങ്ങിക്കോ" തിരിച്ചു വീട്ടിലേക്കു വരാൻ ബസ് നം. 47. "

ഇത്രയും പറഞ്ഞ് മറുപടി കേൾക്കാൻ നിൽക്കാതെ അമ്മാമൻ തിരക്കിൽ മറഞ്ഞു. മലയാളവും മുറി ഇംഗ്ളീഷും മാത്രമറിയാവുന്ന 19 കാരൻ ഒന്നു പകച്ചു.

പ്രത്യേകിച്ചൊരു പ്ളാനുമില്ലാതെ ചെറു ജനസ്ഥലികൾ ചേർന്ന് വളർന്ന് മഹാനഗരമായ കൽക്കത്ത. വിവേകാനന്ദനും ടാഗോറും സുഭാഷ് ചന്ദ്രബോസും മദർ തെരേസയും സത്യജിത് റേയും ബങ്കിം ചന്ദ്ര ചാറ്റർജിയും ജ്യോതി ബസുവും ജീവിച്ച പുണ്യ ഭൂമി. സാഹിത്യപരമായും രാഷ്ട്രീയമായും കേരളത്തിനോട് ചേർത്തു വയ്ക്കാവുന്ന നാട്. മനുഷ്യൻ വലിക്കുന്ന റിക്ഷകളും വൃത്തിഹീനമായ ഇടുങ്ങിയ ഗലികളും നിറഞ്ഞ , ഫുട്ബോളും ഭക്തിയും രാഷ്ട്രീയവും ലഹരിയാക്കിയ തദ്ദേശീയരും യുപിയിലേയും ബീഹാറിലേയും പഞ്ചാബിലേയും ഒരീസ്സയിലേയും കൂടിയേറ്റ ജനതയും ഒഴുകിയെത്തി ഉപജീവനം തേടുന്ന മഹാനഗരം.

ഈ മഹാനഗരത്തിലെ മണ്ണിൽ കാലുറപ്പിച്ചാണ് നിൽക്കുന്നതെന്നോർത്തപ്പോൾ തോന്നിയ ധൈര്യം കൈമുതലാക്കി ഞാനാ കെട്ടിടത്തിലേക്ക് നടന്നു കയറി. അനന്തരം അനുസ്യൂതമായ ജോലി തെണ്ടൽ. അതങ്ങനെ കൊമേഴ്സ് ഹൗസ് വിട്ട് , എസ്പ്ളനേഡും ഡൽഹൗസി സ്ക്വയറും പിന്നിട്ട് ബ്രാബോൺ റോഡിലെ ഉപതെരുവായ കാനിംഗ് സ്ട്രീറ്റിലെത്തി.

37 കാനിംഗ് സ്ട്രീറ്റിലെ ഇരുളടഞ്ഞ പഴയ കെട്ടിടത്തിലെ മര ഗോവണി കയറി ഒരു കുഞ്ഞൻ ആപ്പീസിൽ ടൈപ്പിസ്റ്റായി ജോലിക്ക് കയറിയത് 1978 ഒക്ടോബർ 12 നായിരുന്നു. അശ്വിൻ വ്രജലാൽ ഷാ എന്ന ഗുജറാത്തി മദ്ധ്യവയസ്ക്കന്റെ , പാക്കിംഗ്‌ മെറ്റീരിയൽസ് നിർമ്മിച്ച് സപ്ളൈ ചെയ്യുന്ന ഒരു കുഞ്ഞൻ യൂണിറ്റിന്റെ ഓഫീസ്. പ്രധാന കസ്റ്റമർ ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനി. ഇൻറർവ്യൂവിനായി ചെന്ന മീശ മുളക്കാത്ത 19 കാരനോട് മെയ്ലാളി ചോദിച്ചു.

" പഠായി പൂരാ നഹി കിയാ. നൗക്കരി കേലിയേ ആയേ ഹോ. ക്യാ ഹുവാ?
ഭാഷ മുഴുവൻ മനസ്സിലായില്ലെങ്കിലും കാര്യം പിടികിട്ടിയ ചെരുപ്പക്കാരന്റെ മുറി ഹിന്ദിയിലെ മറുപടി.

"മുഛേ വാച്ച് നഹി. ഖാനാ നഹി "

അന്നമല്ല വാച്ചാണ് മുന്ന വിചാരം എന്നു തോന്നിയിട്ടാവും ഉറക്കെച്ചിരിച്ച് മൊയ്ലാളി പറഞ്ഞു.

"ഠിക്കേ, ആജ് സേ കാം പർ ലഗോ. തുമാരാ പകാർ ഹോഗി ദോ സൗ പച്ചത്തർ. സുബേ നൗ സേ ശാം സാത് ബജേ തക് ബൈഠ്നാ ഹോഗാ "
ജാംബവാന്റെ ആഫീസിൽ നിന്നു കടം കൊണ്ട ഹാൽഡാ ടൈപ് റൈറ്ററിൽ തൊട്ട് തൊഴുത് ആദ്യത്തെ കടലാസ് പിരിച്ച് കയറ്റുമ്പോൾ ഞാൻ കണക്കുകൂട്ടി. നൂറ്റമ്പത് രൂപ ഗരിയാ ഹട്ടിലെ താമസിക്കുന്ന വീട്ടിൽ കൊടുക്കണം. അമ്പതു രൂപ വീട്ടിലയക്കണം. ട്രാം/ ബസ്കൂലി, ഉച്ചഭക്ഷണം എന്നിവക്ക് അറുപത് രൂപ വേണ്ടി വരും. ബാക്കി 15 രൂപ! വാച്ച് വാങ്ങിയതു തന്നെ.

മൊയ്ലാളിക്ക് അനാഗതശ്മശ്രുവായ ആ യുവാവിനെ ഏറെയിഷ്ടമായി. ടൈപ്പിസ്റ്റായി നിയമിതനായവൻ പതിയെ പേമെന്റ്സ് ട്രാക്ക് ചെയ്യാനും ബാങ്കിടപാടുകൾ നോക്കാനും അക്കൗണ്ട്സ് എഴുതാനും തുടങ്ങിയതും ആ മതിപ്പ് കൂട്ടിയിട്ടുണ്ടാകണം. ഗുജറാത്തി മോഡൽ ഉച്ചഭക്ഷണത്തിന്റെ ഒരു ഡബ്ബ കൂടി മേശപ്പുറത്തെത്തി തുടങ്ങാൻ കാരണമതു തന്നെ.

അക്കൊല്ലം ദീപാവലിക്ക് മൊയ്ലാളി ഒരു മാസത്തെ ശമ്പളം ബോണസ് തന്നു. ഈ കാശ് കൊണ്ട് നാട്ടിൽ പോകണോ വാച്ച് വാങ്ങണോ എന്ന ധർമ്മസങ്കടത്തിലായി ഞാൻ. അങ്ങകലെ ഒരു പൂമുഖത്തെ തുറന്നിട്ട വാതിൽ ചാരിയിരുന്ന് വെട്ട വഴിയിലേക്ക് പായുന്ന രണ്ടു നനവൂറിയ മിഴിമുനകൾ മനസ്സിലോടിയെത്തിയപ്പോൾ ഞാൻ ഹൗറാ തീവണ്ടിയാപ്പീസിലേക്ക് നടന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ!!
ലീവനുവദിക്കപ്പെട്ടു. പോരുന്നതിന് തലേ ദിവസം യാത്ര പറഞ്ഞപ്പോൾ മുതലാളി ചെറുചിരിയോടെ ഭംഗിയുള്ള ഒരു ചെറിയ പെട്ടി എന്റെ നേരെ നീട്ടി.

ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും അത് തുറന്നു നോക്കിയപ്പോൾ അതാ ഒരു പുതിയ HMT വാച്ച് !!

അത്ഭുതാദരങ്ങളാൽ മിഴിച്ചു നിന്ന എന്റെ ചുമലിലൊന്ന് തട്ടി മൊയ്ലാളി പറഞ്ഞ വാക്കുകൾ ഏറെ ദൂരെ നിന്നെന്നോണം കാതുകളിൽ തേൻ മഴയായെത്തി.

"തും നേ ബോലാ ഥാ ന തേരെ പാസ് വാച്ച് നഹി? ഇസ്ലിയേ. ഖുശ് ഹോഗയാ ന? ജാവോ."

ഒരു മാസത്തെ ശമ്പളം കൂടി അഡ്വാൻസായി വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ എന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു.
വീട്ടിലെത്തി അമ്മയുടെ സന്തോഷാശ്രുക്കളും സ്നേഹനനവാർന്ന പയ്യാരം പറച്ചിലും ഏറ്റുവാങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യവും എന്നെത്തേടിയെത്തിയത്. ചിലവിനായി അമ്മാമനെ മാസാമാസം ഏൽപ്പിച്ചിരുന്ന തുകയപ്പാടെ അച്ഛന് മണിയോർഡറായെത്തിയിരുന്നു !!! തിരിച്ചറിയാൻ വൈകിയ ആ സ്നേഹ നിർമ്മിതമായ മഹാമേരുവിനു മുന്നിൽ ഞാനൊരു നിമിഷം തലകുനിച്ച് നിന്നു.

മകനെത്തിയെന്നറിഞ്ഞ് ധൃതിയോടെ എന്നാൽ അത് തീരെ ഭാവിക്കാതെ തെല്ല് നേരത്തെയെത്തിയ അച്ഛനെന്നെ കണ്ടു.

"നീയെപ്പൊ വന്നു?
" പത്തു മണിക്ക് "
" ഉം "

സ്നേഹാന്വേഷണങ്ങൾ കഴിഞ്ഞു! അന്ന് രാവിലെ ടൗണിലോ മറ്റോ പോയി വന്നതാണെന്ന് തോന്നും ചോദ്യം കേട്ടാൽ !!
അക്കാലങ്ങളിൽ സ്നേഹത്തിരകളെ ആഴങ്ങളിൽ അണകെട്ടി ബന്ധിച്ച് ഗൗരവത്തിന്റെ മുഖം മൂടിയണിയുന്ന കാരണവന്മാരാണധികവും. ഏറെക്കാലം കൂടി കാണുന്നത് സ്വന്തം മകനെയായാൽ പോലും വന്നെത്തിയെന്നറിഞ്ഞാൽ കാണാനോടിയെത്തി അവർ സ്വയം വാരിയണിഞ്ഞ മനോബലത്തിന്റേയും ഗൗരവത്തിന്റേയും മുഖംമൂടിയഴിച്ചു കളയാൻ അവർ തയ്യാറാവില്ല.

അച്ഛൻ പതിവ് പോലെ തന്റെ വാച്ചഴിച്ച് മേശപ്പുറത്ത് വയ്ക്കുമ്പോൾ മറ്റൊരു വാച്ചവിടെയിരിക്കുന്നു !! അത് കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വച്ചു. പുറംതിരിഞ്ഞാണ് അച്ഛൻ നിന്നിരുന്നതെങ്കിലും ആ മുഖഭാവം എന്താവുമെന്നെനിക്കുറപ്പായിരുന്നു.

അണകെട്ടിയിട്ടും കവിഞ്ഞു തൂവുന്ന അളവറ്റ സന്തോഷവും അഭിമാനവും തന്നെ. ഷേണായി ഇരുമ്പ് കടയിൽ കൊടുത്ത് പരീക്ഷിക്കാൻ പറഞ്ഞ പഴയ വാച്ചിന് പകരം HMT യുടെ പുതിയ വാച്ച്, മറന്നത് പോലെ മേശപ്പുറത്ത് വച്ചിട്ടാണ് ഞാൻ തിരികെ ഹൗറാ കംപാർട്ട്മെന്റിലേക്ക് കയറിയത്.
[ഇത് കഥയല്ല, ജീവിതത്തിന്റെ ഒരേടാണ്]

Join WhatsApp News
Ninan Mathulla 2021-07-20 00:24:37
Very good life experience narration! I see good potential and possibilities. Please continue to write.
Boby Varghese 2021-07-20 16:38:47
Thank you. Very beautiful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക