Image

നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)

Published on 20 July, 2021
നഗരത്തിൽ വീടുള്ളവർ (കഥ: രമണി അമ്മാൾ)
വീട്ടിൽ അതിഥികളൊഴിഞ്ഞ നേരമുണ്ടാവാറില്ല..
തിരുവനന്തപുരം നഗരത്തിലെ താമസം കൊണ്ടുള്ള അസൗകര്യം എന്നു വേണമെങ്കിൽ പറയാം.
പട്ടണത്തിൽ ഓരോരോ ആവശ്യങ്ങൾക്കായി
വരുന്നവർ.. നാട്ടുകാരായിരുന്നാലും വീട്ടുകാരായിരുന്നാലും ..
ചിലരുടെ വരവ് കുടുംബ സമേതമായിരിക്കും..  രണ്ടുദിവസംകൂടി തങ്ങി,
പട്ടണക്കാഴ്ചകൾ
കണ്ടും കേട്ടും മടങ്ങാൻ കരുതിവരുന്നവർ..
ഒരു വീടിന്റെ മുകൾനിലയിലെ
ഒറ്റമുറിയും അടുക്കളയും
സിറ്റൗട്ടും മാത്രമടങ്ങുന്ന പരിമിത സൗകര്യം രണ്ടുപേർക്കു തന്നെ കഴിഞ്ഞുകൂടാൻ കഷ്ടിയാണെന്നോർക്കണം.  അതിനിടയിലാണ് എന്നുംകുന്നുമുളള വിരുന്നുകാർ..
തിരക്കുളള പട്ടണനടുവിൽ 
കൊക്കിലൊതുങ്ങുന്ന
വാടകവീട് കിട്ടാൻ വലിയ പാടാണ്.
നാട്ടിൽനിന്നും പട്ടണത്തിലേക്ക്
പി.എസ്.സി. പരീക്ഷയെഴുതാൻ വരുന്നവർ,
മെഡിക്കൽകോളേജിൽ ചികിൽസയ്ക്കും പിന്നെ
രോഗീ സന്ദർശനങ്ങൾക്കും വരുന്നവർ . ഹോസ്റ്റലിൽനിന്നു പഠിക്കുന്ന മക്കളെ കാണാൻ വരുന്നവർ..
അവരു രണ്ടുപേരും തനിച്ചല്ലേ താമസം.
അവിടെപ്പോയി
രണ്ടു ദിവസം നിന്നേച്ചുപോരാമെന്ന്
വെറുതേ വിചാരിക്കുന്ന അടുത്ത ബന്ധുക്കളും
ഹ്രസ്വസന്ദർശനക്കാരും വേറെ ..
ഇവരേക്കൊണ്ടൊക്കെ പൊറുതിമുട്ടുന്ന ദിവസങ്ങൾ..!
സ്വീകരണം
മോശമായിരുന്നെന്നു നാട്ടിൽച്ചെന്നു പറഞ്ഞാലുളള നാണക്കേടോർത്ത്
താല്പര്യത്തോടെ സന്തോഷത്തോടെ സൽക്കരിക്കാൻ  ശ്രമിക്കും..
രണ്ടോമൂന്നോപേർക്കുമാത്രം ഭക്ഷണമുണ്ടാക്കാനുളള പാത്രങ്ങളേയുളളൂ ... അതൊക്കെ ആരോടു പറയാൻ..!
പ്രഷർകുക്കറിൽ മൂന്നുവട്ടമൊക്കെ 
ചോറുണ്ടാക്കേണ്ടി വരുമ്പോൾ 
ഞാൻ ദയനീയമായി ശങ്കറിനെ നോക്കും..
"എന്തുചെയ്യാനാ എന്ന നിസ്സഹായതയോടെ ശങ്കർ
എന്നേയും..
ഒരു കൂട്ടരു വന്നു തിരിച്ചു പോയാൽ 
അടുത്തൊരുകൂട്ടർ എത്തിയില്ലെങ്കിൽ അത്ഭുതമായിരിക്കും..
വീട്ടിൽ നിറയെ ആൾക്കാരുളളപ്പോൾ
ഞാനും ശങ്കറും തമ്മിൽ സ്വസ്ഥമായൊന്നു സംസാരിക്കുന്നതുപോലും 
ഓഫീസിൽ ചെന്നിട്ടു ഫോണിലൂടെയാവും..
ചില വൈകുന്നേരങ്ങളിൽ
ഹൗസ് ഓണറുടെ സിറ്റൗട്ടിൽ
ഞങ്ങളെത്തുന്നതും നോക്കി കാത്തിരിക്കുന്നവരുണ്ടാവും.ഉളളിൽതോന്നുന്ന മടുപ്പ് പുറത്തുകാണിക്കാതെ
ഹാർദ്ദമായ സ്വീകരണം..
ഭരണസിരാകേന്ദ്രത്തിനുതാഴെയായതു
കൊണ്ടുതന്നെയാണ് ഇത്രയും ആളൊഴുക്ക്.  ബസ്സിറങ്ങി നേരെയിങ്ങു നടന്നാൽ മതിയല്ലോ.
ആറ്റുനോറ്റുണ്ടായ കുഞ്ഞാണു വയറ്റിൽ..
പ്രസവദിവസം അടുത്തു വരുന്നതുകൊണ്ട് നാട്ടിൽ നിന്ന് അമ്മ എത്തിയിട്ടുണ്ട്....
പ്രസവം കഴിഞ്ഞ് അമ്മയോടൊപ്പം നാട്ടിലേക്കു പോകണമെന്നു വിചാരിക്കുന്നു..
അസ്വസ്ഥതകളങ്ങനെ
പറയാൻവേണ്ടിയൊ
ന്നുമില്ല, 
പോകാൻ പറ്റുന്നത്രയും ദിവസങ്ങൾ
ഓഫീസിൽ പോകണം..
ഒത്താൽ ഡോക്ടറു പറഞ്ഞ ഡേറ്റിനു തലേന്നുവരെ..
ലീവ് വേക്കൻസിയിൽ വേറൊരാളെ 
പോസ്റ്റുചെയ്യലുണ്ടാവില്ല. 
സെക്ഷനിലെതന്നെ ആരെങ്കിലും അധികഭാരം ഏറ്റെടുക്കലേയുണ്ടാവൂ. 
അല്ലെങ്കിലും ലോൺ സെക്ഷനിലെ വർക്ക് സീസണലാണ്.
അതാതു വർഷത്തെ
ഫണ്ടു വന്നുകഴിഞ്ഞാൽ ആപ്ളിക്കേഷന്റെ പ്രയോറിറ്റിയനുസരിച്ച് ലോൺ ശ്ശടേന്നു കൊടുത്തു തീർക്കും. ഓണത്തിനു മുൻപേ ഫണ്ടു
കാലിയാക്കും..
പിന്നെ,  വല്ലപ്പോഴും വരുന്ന ബോണ്ട്  റിലീസു മാത്രമായിരിക്കും സെക്ഷനിലെ ജോലി. 
വായനയുടെ സുവർണ്ണകാലം തുടങ്ങുകയായി..
പബ്ളിക്ക് ലൈബ്രറിയിൽനിന്നെടുത്തുകൊണ്ടു
വരുന്ന പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകലില്ല.
മേശയ്ക്കുളളിൽവച്ച്
പുറത്തുനിന്നു
കയറിവരുന്നവർ
കാണാതെ, അതീവശ്രദ്ധയോടെ
ഓരോന്നോരോന്നായി വായിച്ചു തീർക്കലാണു പിന്നത്തെ ജോലി.
അമ്മ, ടിവി കണ്ടും കിടന്നുറങ്ങിയും  എന്തെങ്കിലും വായിച്ചുമൊക്കെ സമയം പോക്കുന്നുണ്ടാവും. ആശുപത്രിയിൽ
കൊണ്ടുപോകാനുളള സാധനങ്ങളൊക്കെ ഇതിനകം
എടുത്തുവച്ചുകഴിഞ്ഞു.
ഓഫീസിൽനിന്നു നേരത്തെയിറങ്ങി..
കാല്പാദത്തിൽ അല്പം നീർക്കോളുണ്ട്.. കാലുകൾക്ക് ഭാരം തോന്നിക്കുന്നു..
സ്ഥിരമായിട്ടു കയറുന്ന ഓട്ടോയിൽ ഡ്രൈവർ വളരെ സൂക്ഷിച്ചോടിച്ചു വീടെത്തിച്ചു.
അമ്മ ജനാലയ്ക്കൽ നില്പുണ്ട്..
എ.ജിയുടെ ആഡിറ്റായതുകൊണ്ട് ശങ്കർ വരാൻ വൈകും..
അമ്മയിട്ടുവെച്ച ചായയുമെടുത്ത് സിറ്റൗട്ടിൽ പോയിരുന്നു..
ടെറസ്സിലെ ചെടികൾ നനച്ചുകൊണ്ടിരിക്കുന്ന
ഫ്രൊഫസറുടെ കുശലം..
"ലീവെടുക്കാറായില്ലേ.. " 
"ആയിവരുന്നു. അമ്മ വന്നിട്ടുണ്ട്..."
ഹൗസ് ഓണർ ഗേറ്റുതുറന്ന് പുറത്തേക്കിറങ്ങുന്നു..
എൽ.ഐസിയിൽ ജോലിയുളള മകൻ പോയിക്കഴിഞ്ഞാൽ  ആയമ്മ സാധാരണ പുറത്തിറങ്ങാറില്ല..
വാതിലുമാത്രമല്ല, ജനാലകളും അടച്ചു കുറ്റിയിടും..
അവരുടെ നോട്ടം  മുകളിലേക്കെത്തിയതു യാദൃച്ഛികം.
ഒന്നു ചിരിച്ചു...
ശങ്കറിന്റെ ബൈക്കിന്റെ ശബ്ദം അടുത്തുവരുന്നുണ്ട്...മാർക്കറ്റിൽ കയറിയിട്ടാണല്ലോ വരവ്..
ഇന്നിനി പുറത്തേയ്ക്കിറങ്ങാനുളള പ്ളാനില്ലെന്നു തോന്നുന്നു. ഗ്രില്ലു വലിച്ചടുപ്പിച്ചിട്ടാണു സ്റ്റെപ്പുകൾ കയറുന്നത്..
"അമ്മയ്ക്കു ഒറ്റയ്ക്കിവിടിരുന്നു ബോറഡിക്കുന്നുണ്ടാവും..നിനക്കങ്ങു ലീവെടുത്തൂടേ..?
"അവളു പറ്റുന്നത്രയും ഓഫീസിൽ പൊക്കോട്ടെ മോനെ.."
"രാവിലെയുണ്ടാക്കിയതിന്റെയൊക്കെ  ബാക്കിയിരിപ്പുണ്ട്..
രാത്രിയിൽ അതുകൊണ്ട് ഒപ്പിച്ചൂടേ മോളേ..."
അമ്മ നിലവിളക്കു കത്തിച്ചു പ്രാർത്ഥിക്കാനിരുന്നു..
ദേഹം കഴുകിയിറങ്ങുമ്പോൾ ആരോ ഗ്രില്ലു വലിച്ചു തുറക്കുന്ന ശബ്ദം..
ദൈവമേ..ആരാണാവോ ഇന്നിനി..!
രണ്ടു ദിവസമായി ഒരു സമാധാനമുണ്ടായിരുന്നു..അന്തിമയക്കത്തിൽ വരുന്ന അതിഥികൾ രാപ്പാർക്കാൻ വേണ്ടിത്തന്നെയാണ്..
ഒരച്ഛനും മകളും..
"നാളെയൊരു പി .എസ് .സി.ടെസ്റ്റുണ്ട്.. "
നാട്ടിലെ അയൽപക്കം..
അവർക്കുവേണ്ടി ചായയിടാൻ അടുക്കളയിലേക്കു പ്രാഞ്ചി നടന്നപ്പോഴറിയുന്നു വയറ്റിലൊരു ചെറിയ വേദന..ഇളകിയാട്ടം..
ഇടവിട്ടുളള വേദന അസഹ്യതയിലേക്ക് നീങ്ങാൻ പോകുകയാണോ..
" മോനേ അവൾക്ക് വയ്യായ്ക തുടങ്ങിയെന്നു തോന്നുന്നു..
പെട്ടെന്നുചെന്നു വണ്ടി വിളിക്ക്.. "
നടന്നു മുകളിലേക്കു കയറാനുളള ദൂരമേയുളളു ഹോസ്പ്പിറ്റലിലേക്ക്.
പ്രൊഫസറുടെ കാറെടുത്തുകൊണ്ട് ശങ്കർ വന്നു. 
അതിഥികളെ വീടേല്പിച്ച് സ്റ്റെപ്പുകൾ സാവധാനമിറങ്ങുമ്പോൾ
പ്രസവവേദനയ്ക്കിടയിലും മനസ്സിലുറപ്പിച്ചു,
ടൗണീന്നു കുറേ മാറി  എത്രയും വേഗമൊരു വാടകവീട് സംഘടിപ്പിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക