Image

ബഹിരാകാശ വിനോദ യാത്ര:ചരിത്രമെഴുതി ജെഫ് ബെസോസും സംഘവും സുരക്ഷിതമായി തിരിച്ചെത്തി

Published on 20 July, 2021
ബഹിരാകാശ വിനോദ യാത്ര:ചരിത്രമെഴുതി ജെഫ് ബെസോസും സംഘവും സുരക്ഷിതമായി തിരിച്ചെത്തി
ബ്രാന്‍സണ് പിന്നാലെ ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ബഹിരാകാശ വിനോദ യാത്രയ്ക്കൊടുവില്‍ സുരക്ഷിതമായി തിരിച്ചെത്തി. ജെഫ് ബെസോസിന്റെ സ്പേസ് കമ്ബനിയായ ബ്ലൂ ഒറിജിന്റെ 'ന്യൂ ഷെപ്പേര്‍ഡ്' പേടകത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6.30നു യാത്ര തിരിച്ച സംഘം 11 മിനിട്ട് യാത്രയ്ക്കൊടുവിലാണ് തിരിച്ചെത്തിയത്.




ലോക ചരിത്രത്തിലെ രണ്ടാമത്തെ ബഹിരാകാശ വിനോദ യാത്രയാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തില്‍ നടന്നത്. വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടത്തിയതായിരുന്നു ആദ്യ യാത്ര.

അന്‍പത്തിയേഴുകാരനായ ജെഫ് ബെസോസിന് പുറമെ, അന്‍പത്തി മൂന്നുകാരനായ സഹോദരന്‍ മാര്‍ക്ക് ബെസോസ്, നെതര്‍ലണ്ടില്‍ നിന്നുള്ള പതിനെട്ടുകാരനായ വിദ്യാര്‍ത്ഥി ഒലിവര്‍ ഡീമന്‍, പൈലറ്റായ എണ്‍പത്തി രണ്ടുകാരി മേരി വാലൈസ് ഫങ്ക് എന്നിവരാണ് ന്യൂ ഷെപ്പേര്‍ഡില്‍ യാത്ര തിരിച്ചത്.

പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്നും കുതിച്ചുയര്‍ന്ന റോക്കറ്റ് 62 മൈല്‍ ദൂരം സഞ്ചരിച്ചാണ് തിരിച്ചെത്തിയത്. വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും 50 മൈല്‍ ദൂരമാണ് സഞ്ചരിച്ചത്.ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് വിക്ഷേപം ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചു മുതല്‍ കമ്ബനിയുടെ ബ്ലൂ ഒറിജിന്റെ യൂട്യൂബ് ചാനലില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. അപ്പോളോ 11 ചന്ദ്രനില്‍ ഇറങ്ങിയതിന്റെ 52-മത് വാര്‍ഷിക ദിനത്തിലാണ് ജെഫ് ബോസോസും സംഘവും ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്.

വിര്‍ജിന്‍ ഗാലക്‌റ്റിക്ക് സംഘം യാത്ര ചെയ്തത് ബഹിരാകാശ വിമാനത്തില്‍ ആണെങ്കില്‍ ജെഫ് ബോസോസും സംഘവും പേടകത്തിലാണ് യാത്ര ചെയ്തത്. അമേരിക്കയില്‍നിന്ന് ആദ്യം ബഹിരാകാശത്ത് എത്തിയ അലന്‍ ഷെപ്പേര്‍ഡിന്റെ പേരില്‍ നിന്നുമാണ് ബ്ലൂ ഒറിജിന്‍ റോക്കറ്റിന് ന്യൂ ഷെപ്പേര്‍ഡ് എന്ന പേര് നല്‍കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക