കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

Published on 20 July, 2021
കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളിൽ ശ്രീരാമന്റെ മാതാവെങ്കിലും അവഗണനയനുഭവിച്ച   കഥാപാത്രമാണ് കൗസല്യ. കോസല രാജാവായിരുന്ന സുകൗശലിന്റെയും ഋഷിപ്രഭയുടെയും പുത്രിയായ  കൗസല്യ    ദശരഥന്റെ പ്രഥമ പത്നിയാണ്.കൗസല്യയിൽ  അദ്ദേഹത്തിന് ശാന്ത എന്ന മകൾ ജനിച്ചതായും ആ  മകളെ ലോമപാദ രാജാവിന് ദത്ത് നൽകിയതായും പറയപ്പെടുന്നുണ്ട്. 

ശാന്ത  ഋശ്യശൃംഗന്റെ  പത്നിയായി.  കൗസല്യയിൽ  പുത്രന്മാർ ഉണ്ടാകാത്തതിനാൽ  ദശരഥൻ കൈകേയിയെയും പിന്നീട് സുമിത്രയെയും  പാണിഗ്രഹണം ചെയ്തു.  പുത്ര കാമേഷ്ടി യാഗം മൂലം പുത്രലബ്ധിയുണ്ടായി. പത്നിമാരിൽ സൗന്ദര്യത്തിലും കാമകുശലതയിലും മുന്നിൽ നിന്ന കൈകേയിയോടായിരുന്നു ദശരഥന് ഇഷ്ടം കൂടുതൽ. താൻ പ്രഥമ പത്നിയായിട്ടും  രാജാവ്  കൈകേയിയോട് ഇഷ്ടക്കൂടുതൽ കാണിക്കുന്നതിന്  കൗസല്യ മൂകസാക്ഷിയായി.  അവഗണന നിശബ്ദമായി സഹിച്ചു.  രാമനെ കാട്ടിലേക്കയക്കാൻ  കൈകേയി ആവശ്യപ്പെടുമ്പോൾ ദശരഥൻ   വിലപി ക്കുന്നുണ്ട്.

 "കൗസല്യ  സന്ദർഭോചിതമായി പെരുമാറുന്നു. പ്രിയപുത്രന്റെ  മാതാവായ  അവളെ ഞാൻ വേണ്ടവിധം മാനിച്ചില്ല."എന്ന് പറയുന്നുണ്ട്.കൈകേയിയുടെ ആഗ്രഹപ്രകാരം ശ്രീരാമൻ കാട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ കൗസല്യ  തേങ്ങി കരഞ്ഞു കൊണ്ട് അത് ശരിവെക്കുന്നുണ്ട്. "പതി പൗരുഷത്തിൽ നിന്ന് ഉണ്ടാകുന്ന സൗഭാഗ്യങ്ങളൊന്നും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. പുത്രനെ കൊണ്ട് കിട്ടുന്ന സൗഭാഗ്യ സുഖങ്ങൾ ഉണ്ടാകും എന്ന് താൻ ആശിച്ചിരുന്നുവെന്ന് പറയുന്നുണ്ട്."

 ഹൃദയഭേദകമായ കുത്തുവാക്കുകൾ തുടർ കാലങ്ങളിൽ  സപത്നിയിൽ നിന്ന് കേട്ട് കഴിയേണ്ടി വരുമോ യെന്ന ഭീതിയും  പങ്കുവെക്കുന്നുണ്ട്.  നിസ്സഹായയായി വിലപിച്ചു കൊണ്ട് തനിക്കൊപ്പം പോരാൻ തുടങ്ങുന്ന അമ്മയെ രാമൻ നിരുത്സാഹപ്പെടുത്തുന്നു.   സത്യവ്രതനായ പിതാവ് കൈകേയി മൂലം ദുഃഖിതനായിരിക്കുന്നു.താൻ കാട്ടിൽ പോകുന്നത് അദ്ദേഹത്തിന് സഹിക്കാനാവില്ല. അമ്മ കൂടി  ഉപേക്ഷിച്ചാൽ പിതാവ് ജീവിച്ചിരിക്കില്ലയെന്ന് രാമൻ ഭയപ്പെട്ടു . അദ്ദേഹത്തെ ശുശ്രൂഷിക്കണമെന്ന്  അമ്മയോട് പറഞ്ഞിട്ട് ശ്രീരാമൻ സീതാ  ലക്ഷ്മണൻമാർക്കൊപ്പം  കാട്ടിലേക്ക് പുറപ്പെടുകയാണ്.ശ്രീരാമൻ കാട്ടിലേക്ക് പോയതിനുശേഷം    മകനെ കാട്ടിലയച്ചതിലുള്ള   അസഹ്യ  ദുഃഖത്തിൽ കോപാകുലയായി  സംസാരിക്കുന്ന കൗസല്യയോട്  ദശരഥൻ മാപ്പിരക്കുന്നു.

 "ഗുണദോഷങ്ങൾ വേർതിരിച്ചു കാണുന്ന ലോകജ്ഞയായ നീ   ദുഃഖിതനായ എന്നോട് ദുഃഖിതയെങ്കിലും പരുഷം  പറയരുതെന്ന് അദ്ദേഹം അപേക്ഷിക്കുന്നു. "ഭർത്താവ് തന്നോട് യാചിക്കുന്ന അവസ്ഥ ഉണ്ടാക്കിയതിൽ സ്വയം കുറ്റപ്പെടുത്തുന്ന  കൗസല്യയപ്പോൾ  ദശരഥന്റെ  പ്രവർത്തികളെ മനസ്സിൽ  ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹത്തെ പരിചരിക്കുന്നു.  സാന്ത്വന വചസ്സുകൾ പറഞ്ഞു ആശ്വസിപ്പിക്കുന്നു. എന്നിട്ടും പുത്ര ശോകം സഹിക്കാൻ വയ്യാതെ ദശരഥമഹാരാജാവ് ആറാം ദിവസം ദിവസം ഇഹലോകവാസം വെടിയുന്നു.  കേകയ  രാജ്യത്തുനിന്ന് തിരിച്ചെത്തിയ ഭരതൻ തന്റെ അമ്മയുടെ പ്രവർത്തിയിൽ കൗസല്യയോട്  മാപ്പിരക്കുകയാണ്.പിന്നീട് രാമനെ കൂട്ടിക്കൊണ്ടു വരാൻ വേണ്ടി ഭരതൻ കാട്ടിലേക്ക് പോകുമ്പോൾ കൗസല്യയും പോകുന്നു.ശ്രീരാമന്റെയും  സീതയുടെയും  വനവാസ ജീവിതം  കൗസല്യയെ വീണ്ടും ദുഃഖിപ്പിക്കുന്നു.  

സത്യവ്രതൻ ആയ ശ്രീരാമൻ പക്ഷേ തിരിച്ചുവരാൻ തയ്യാറാകുന്നില്ല. രാജ്യഭാരം ഏറ്റെടുത്തു മാതാപിതാക്കളെ മാതാക്കളെ സംരക്ഷിച്ചു ഭരതൻ 14 വർഷം രാജ്യം ഭരിച്ചു കഴിയുമ്പോൾ താൻ തിരികെയെത്തുമെന്നദ്ദേഹം വാക്കു കൊടുക്കുന്നു. പിന്നീട് കൗസല്യ ഭരതന്റെ  സംരക്ഷണയിൽ കഴിയുന്നു .  പട്ടാഭിഷേക ത്തിന് ശേഷം രാമൻ സീതയെ പരിത്യജിക്കുമ്പോൾ കൗസല്യ ഏറെ ദുഃഖിതയാണ്. സീതയുടെ ഭൂമിയിലേക്കുള്ള തിരോധാനത്തിനു ശേഷം താമസിയാതെ കൗസല്യ ഇഹലോകവാസം വെടിയുന്നു. 

 സപത്നിമാരെത്തിയ ശേഷം ഭർത്താവിന്റെ അവഗണന  മനസ്സിലാക്കിയിട്ടും  കൗസല്യ ക്ഷമയോടെ സന്ദർഭോചിതമായി പെരുമാറുന്നു..തനിക്ക് കിട്ടുന്നതിൽ മാത്രം തൃപ്തിപ്പെട്ട് ജീവിക്കുന്ന കൗസല്യ സ്ത്രീയുടെ സഹനമാണ്.. മകനെ കാട്ടിലേക്ക് അയച്ചതിന്  ഭർത്താവിനോട് പരുഷ വാക്ക് പറഞ്ഞെങ്കിലും അദ്ദേഹത്തെ പരിചരിക്കുന്നത് സ്വധർമ്മമായവർ കരുതി .അദ്ദേഹത്തിന്റെ അവസാന സമയങ്ങളിൽ സാന്ത്വനിപ്പിക്കുന്നു . ജീവിതാവസാനം ദശരഥനത് തിരിച്ചറിയുന്നു. ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകമാണ് കൗസല്യ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക