Image

രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ വിക്കറ്റ് ഉടന് വീഴുമോ

ജോബിന്‍സ് തോമസ് Published on 21 July, 2021
രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ വിക്കറ്റ് ഉടന് വീഴുമോ
മുന്‍ തൃത്താല എംഎല്‍എയായിരുന്നു വിടി ബല്‍റാമാണ് മന്ത്രിമാരുടെ രാജിക്ക് വിക്കറ്റ് വീഴുക എന്ന വിശേഷണം നല്‍കിയത്. ആദ്യ പിണറായി സര്‍ക്കാരില്‍ ബന്ധുനിയമനങ്ങളുടെ പേരില്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ രാജിവച്ചപ്പോളായിരുന്നു ബല്‍റാമിന്റെ വിക്കറ്റ് പരാമര്‍ശമുള്ള പോസ്റ്റ്. 

കാര്യമായ തട്ടുകേടുകളില്ലാതെ രണ്ടാം പിണറായി സര്‍ക്കാര്‍ നേരെ വന്ന പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മൂന്നോട്ട് നീങ്ങുമ്പോഴാണ് എന്‍സിപിയുടെ മന്ത്രി ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച സര്‍ക്കാരിന് തലവേദനയാകുന്നത്. വെറുമൊരു വീഴ്ചയല്ല പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കേസ് ഒത്തു തീര്‍പ്പാക്കണം എന്നൊരു മന്ത്രി പറയുക എന്നാല്‍ ഗുരുതരമായ വീഴ്ച തന്നെയാണ്. 

സ്ത്രീപീഡനങ്ങളും ഗാര്‍ഹിത പീഡനങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുവരികയും ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ തന്നെ പുതിയ സംവിധാനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് മന്ത്രിക്കെതിരെയുള്ള പരാതിയെന്നതാണ് പ്രസക്തം. 

പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നിന്നാലോ പോലീസില്‍ കൊടുത്തിരിക്കുന്ന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടി വന്നാലോ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു പോംവഴിയും സര്‍ക്കാരിനു മുമ്പിലുണ്ടാവില്ല. പ്രതിപക്ഷവും ബിജെപിയും അതിശക്തമായി മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. 

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ശശീന്ദ്രന്റെ വിക്കറ്റ് വീണിരുന്നു. ഒരു മലയാളം ചാനലിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഒരുക്കിയ ഫോണ്‍ കെണിയില്‍ മന്ത്രി വീഴുകയായിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്റെ  അന്വേഷണത്തില്‍ കുറ്റവിമുക്തനായതിനാല്‍ മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. 

കഴിഞ്ഞ സര്‍ക്കാരില്‍ എന്‍സിപിയുടെ രണ്ട് മന്ത്രിമാരായിരുന്നു രാജി വച്ചത് അനധികൃത കൈയ്യറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിയും രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഇത്തവണയും കൂടി ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടിവന്നാല്‍ എന്‍സിപിയ്ക്ക് ഇത് ഇരട്ടി നാണക്കേടാവും. എന്‍സിപിയിലും മന്ത്രി സ്ഥാന മോഹികള്‍ ഉണ്ടെന്നത് പാര്‍ട്ടിയില്‍ നിന്നു തന്നെ മന്ത്രിയുടെ രാജിയാവശ്യം ഉയരാന്‍ ഇടവരുത്തും. 

എന്തായാലും മന്ത്രിക്കും സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും വരുന്ന മണിക്കൂറുകള്‍ ഏറെ നിര്‍ണ്ണായകമാണെന്ന് വ്യക്തം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക