Image

ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു; ഇനി നിര്‍ണ്ണായകം സിപിഎം നിലപാട്

ജോബിന്‍സ് തോമസ് Published on 21 July, 2021
ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടു; ഇനി നിര്‍ണ്ണായകം സിപിഎം നിലപാട്
പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടെന്ന വിഷയത്തില്‍ ആരോപണവിധേയനായ മന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ഇരുവരും തമ്മില്‍ ഏദേശം 15 മിനിറ്റോളം സംസാരിച്ചു. 

വിവാദത്തില്‍ തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും സഭാ സമ്മേളനത്തിന് മുമ്പ് വനംവകുപ്പുമായും കുട്ടനാട് പാക്കേജുമായും ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാനുണ്ടായിരുന്നുവെന്നും കൂടിക്കാഴചയ്ക്ക് ശേഷം എ.കെ. ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എന്നാല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടോ എന്ന ചോദ്യത്തിന് അത് മുഖ്യമന്ത്രിയാണ് പറയേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ വിഷയത്തില്‍ സിപിഎം തീരുമാനം ഇതുവരെ വന്നിട്ടില്ല എന്നതു തന്നെയാണ് തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി കേട്ടെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാക്കുന്നത്. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് പ്രതികരിക്കാമെന്നാണ് ഇന്നലെ പ്രതികരിച്ചിരുന്നത്. മന്ത്രിസഭയുടെ ആദ്യഘട്ടത്തില്‍ തന്നെ ഇത്ര വലിയ വിവാദമുണ്ടായതില്‍ സിപിഎം കേന്ദ്രങ്ങളില്‍ കടുത്ത അതൃപ്തിയാണുള്ളത്. 

എന്‍സിപി, മന്ത്രിയെ എത്ര ശക്തമായി സംരക്ഷിച്ച് നിര്‍ത്തിയാലും മന്ത്രിയുടെ മേല്‍ സിപിഎമ്മിന് അതൃപ്തിയുണ്ടായാല്‍ പിന്നീട് രാജിയല്ലാതെ മറ്റൊരു പോംവഴി എ.കെ. ശശീന്ദ്രനെ സംബന്ദിച്ചടത്തോളം കാണില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക