മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

Published on 21 July, 2021
 മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍


കുവൈറ്റ്: മലങ്കരസഭയുടെ പരമാധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു.

മലങ്കരയുടെ നിഷ്‌കളങ്ക തേജസായിരുന്ന പരിശുദ്ധ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ട് തിങ്കളാഴ്ച്ച വൈകിട്ട് 6.30ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടത്തിയ സമ്മേളനത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരിയും അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പഴയപള്ളിയുടെ അഡ്മിനിസ്‌ട്രേറ്റിവ് വികാരിയുമായ ഫാ. ജിജു ജോര്‍ജ് അധ്യക്ഷത വഹിച്ചു.

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്, വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ മാര്‍ട്ടിന്‍ ന്യുജന്റ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത് അനുശോചന സന്ദേശം നല്‍കി.

കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തിലൂടെ മലങ്കര സഭയ്ക്ക് ഒരു പരിശുദ്ധനെ മാത്രമല്ല ഭാരതത്തെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീഷണമുള്ള ഒരു നേതാവിനെ കൂടിയാണ് നഷ്ടമായിരിക്കുന്നതെന്നും, മാനവികതയ്ക്കും മനുഷ്യത്വത്തിനും വലിയ മൂല്യം കല്‍പ്പിച്ചിരുന്ന പരിശുദ്ധ പിതാവിന്റെ വേര്‍പാട് മനുഷ്യസമൂഹത്തിനാകമാനം നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അദ്ദേഹം ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാര്‍ത്തോമാ ശ്ലീഹായുടെ പാരന്പര്യവും അര്‍പ്പണബോധവുമുള്ള പിന്‍ഗാമിയായിരുന്നുവെന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റിന്േറയും പ്രധാനമന്ത്രിയുടേയും അനുശോചന സന്ദേശങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു.

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ് സ്വാഗതവും സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ നന്ദിയും രേഖപ്പെടുത്തിയ സമ്മേളനത്തില്‍ കുവൈറ്റ് ഇടവകകളുടെ ചുമതല വഹിക്കുന്ന കൊല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ, കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പാട്രിയാര്‍ക്കല്‍ വികാരി റവ. ബെദ്രോസ് മാന്യുലിയന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ വികാരി അബോ ബെര്‍ണബാസ്, ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ചാപ്ലിന്‍ റവ. മൈക്കിള്‍ മെബോണ, എന്‍.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാന്‍, മാര്‍ത്തോമാ ഇടവകകളെ പ്രതിനിധീകരിച്ച് റവ. ജിജി മാത്യൂ, സിഎസ്‌ഐ. ഇടവകകളെ പ്രതിനിധീകരിച്ച് റവ. തോമസ് പ്രസാദ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം മാത്യൂ കെ. ഇലഞ്ഞിക്കല്‍, ഓര്‍ത്തഡോക്‌സ് ഇടവകകളെ പ്രതിനിധീകരിച്ച് ട്രസ്റ്റിമാരായ ജോണ്‍ പി. ജോസഫ്, വിനോദ് ഇ. വര്‍ഗീസ്, അലക്‌സ് മാത്യൂ, ബിനു തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.


സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബാബു വര്‍ഗ്ഗീസ്, ഭദ്രാസന കൗണ്‍സിലംഗം എബ്രഹാം സി. അലക്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു. മഹാ ഇടവക സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിബു പി. അലക്‌സ് മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയിരുന്നു

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, അഹമ്മദി സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്രമീകരിച്ച സമ്മേളനത്തില്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെയും, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്ചര്‍ച്ചിന്റെയുംപ്രതിനിധികളുള്‍പ്പെടെ സാമൂഹ്യ, സാമുദായിക, സാംസ്‌ക്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക