America

ചേറ് (നമിത സേതു കുമാർ, കഥാമത്സരം -147)

Published

on

തണുത്ത ചേറിൽ  കാല് പൂഴ്ത്തി കുഞ്ഞോയി കണ്ടത്തിന് നടുവിലേക്കങ്ങിറങ്ങും. വക്കുകളിലെ മാളത്തിൽ  സൊറ പറഞ്ഞിരിക്കണ പാമ്പിൻ കുട്ട്യോള് കുഞ്ഞോയി തന്നല്ലേ പോണതെന്ന് ഉറപ്പിക്കാൻ മാളത്തിനുള്ളീന്ന് തല നീട്ടും. കുഞ്ഞോയീടെ വീടിൻ്റെ പിന്നാമ്പുറത്തെ കണ്ടത്തില് വർഷത്തിൻ്റെ പാതി വരെ ചേറ് നിറഞ്ഞ് അങ്ങനെ കെടക്കും. ചേറില് ചെലപ്പള് കൃഷിയിറക്കും .അടുത്ത പാതിയിൽ  അവിടം വെള്ളം വന്നു നിറയും. ഒപ്പം മീനുകളും.! നിലാവെളിച്ചത്തിന് താഴെ, മേല് ചേറ് പുരളുമ്പോൾ കുഞ്ഞോയി  മണ്ണിനടിയിൽ  വേരു പടർത്തിയുറങ്ങണ അപ്പനെയും അമ്മച്ചിയെയും ഓർക്കും. ചേറിൽ  മുട്ടുകുത്തിയിരുന്ന് കൊറെ കരയും. കൊറെ ചിരിക്കും. പള്ളിപ്പറമ്പിലെ മണ്ണടികൾ കടന്ന് അപ്പൻ്റെ കരുതൽ കരങ്ങൾ നീണ്ടു നീണ്ടു വന്ന് ചേറിനടിയിലൂടെ കുഞ്ഞോയിയുടെ കാലുകളെ തൊടും.

" അപ്പാ..............." 
 എന്നലറിക്കൊണ്ട് അവൻ പൊട്ടിപ്പൊട്ടിച്ചിരിക്കും. 
പണ്ട്.....പണ്ട്....
എന്നാൽ അത്ര പണ്ടല്ലാത്തൊരു കാലത്ത്, നാല് പെങ്ങളുട്ട്യോള്ടെ നടൂല് പെറന്നോനാണ് കുഞ്ഞോയി. പെറ്റ് വീണപ്പോഴേ അരിമ്പാറ പോലൊരു മാംസക്കഷ്ണം കുഞ്ഞോയിയുടെ കൺപോളയുടെ തൊലിപ്പുറത്തായി കണ്ണുമൂടിയ അവസ്ഥയിൽ തൂങ്ങിക്കിടന്നിരുന്നു. 

ചുറ്റൂള്ളോര്ടെ കാഴ്ചകളില് അത്ര ഭാരമില്ലാതിരുന്ന ആ മാംസക്കഷ്ണം, പിന്നീട് അവർക്ക്  ഭാരമായി മാറുകയും കുഞ്ഞോയിയ്ക്കും അപ്പനും അമ്മച്ചിയ്ക്കും അതൊരു ഭാരമില്ലാ വസ്തുവായി നിലകൊള്ളുകയും ചെയ്തു.

 പ്രായമങ്ങനെ മോളിലേയ്ക്ക് വലിഞ്ഞ് കയറുന്തോറും കുഞ്ഞോയിയുടെ മുഖത്തും കഴുത്തിലുമായി വല്ല്യ ഉരുണ്ട അരിമ്പാറക്കൂട്ടങ്ങൾ, മീശ രോമങ്ങൾക്കു കിളിർക്കാൻ മാത്രം ഇത്തിരി ഇടം വിട്ട് മുള പൊട്ടിക്കൊണ്ടിരുന്നു. മനസ്സിൽ നന്മയുള്ള , ചന്തമില്ലാത്ത ആണൊരുത്തൻ !!

ഒപ്പം പഠിക്കണ കുട്ട്യോളും പെങ്ങളൂട്ട്യോള്ടെ കൂട്ടാരും കൂക്കി വിളിക്കണ കേട്ട് ഒലിച്ചിറങ്ങാൻ   എടുല്ല്യാതെ കുഞ്ഞോയീടെ കണ്ണുകളില് തന്നെ കണ്ണീർതുള്ളികള് തെക്കുo വടക്കും ഉരുണ്ടു. എട്ടാം തരത്തില് വെച്ച് , അമ്മച്ചി കുട്ടിക്കൂറെടെ ടിന്നില് കൂട്ടി വെച്ച കാശോണ്ട് മേടിച്ചു കൊടുത്ത ഹീറോ പേന കൂടെ പഠിക്കണ ആ പാവാടക്കാരിയുടെ കയ്യിലേല്പ്പിച്ച്  "നാളെ മൊതല് .. ഞാൻ വര്ല്യ.. " 
എന്നു മാത്രം പറഞ്ഞ് കുഞ്ഞോയി പള്ളിക്കൂടം വിട്ടു.

ആ പള്ളിക്കൂടത്തില് കുഞ്ഞോയിയെ കുഞ്ഞോയിയായി കണ്ടത് അവള് മാത്രമായിരുന്നു.' മേരി !' കുഞ്ഞോയിയുടെ വീടെത്തുന്നതിന് മുമ്പ് ഉള്ള പൊട്ടക്കിണറിൻ്റെ പിന്നിലായിരുന്നു മേരിയുടെ വീട് .
                             
പഴകിച്ചെളുങ്ങിയ അലൂമിനിയക്കലവും കൊണ്ട് അപ്പനൊപ്പം കണ്ടത്തിന്  നടൂല്  മീനുമായി മുങ്ങിപ്പൊങ്ങിയ ഒരു സായാഹ്നത്തിലാണ് കുഞ്ഞോയി അതു കണ്ടത്. വീടിന് പുറകിലെ തെങ്ങിൻച്ചോട്ടിൽ ഒളിഞ്ഞും മറഞ്ഞും മേരി ആരെയോ നോക്കുകയാണ്. ആ പന്തികേട് പിടിച്ച നോട്ടം തന്നിലേയ്ക്കു തന്നെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കുഞ്ഞോയിയ്ക്ക് കലശലായ നാണം വന്നു. ഓരോ മുങ്ങിനിവരലുകളിലും താനൊരു ആണാണെന്നും മേരിയൊരു പെണ്ണാണെന്നും തങ്ങൾക്കു ഇടയിൽ ചേറിന് മുകളിലൂടെ ഓളം തല്ലിക്കൊണ്ടിരിക്കണത് പ്രേമം പോലൊരു വികാരമാണെന്നും ഇരുവരും തിരിച്ചറിഞ്ഞു.
                          
പഠിത്തം നിർത്തി കുറച്ച് കഴിഞ്ഞപ്പോൾ, ബീഡിയും മുറുക്കാനും ഭരണി മിഠായികളും വിൽക്കുന്ന ഒരു ചെറിയ പീടിക അപ്പൻ കവലയിൽ കുഞ്ഞോയിയ്ക്കായി ഏർപ്പാടാക്കി. മനുഷ്യത്വം ഉള്ളവരാണ് കൂടുതലായും കടയിൽ കയറാറ്. മറ്റുചിലർ കടയിൽ കയറി തിരിച്ചിറങ്ങുമ്പോൾ കുഞ്ഞോയിയുടെ കയ്യിൽ നിന്നു വാങ്ങിയ മുറുക്കാൻ വായിലിട്ട് കുഞ്ഞോയിയെ തന്നെ തിരിഞ്ഞു നോക്കി കാർക്കിക്കും.   

കാലത്തിൻ്റെ ഓരോ ഉരുളിച്ചകളിലും പെൺമക്കളുടെ ഓരോരുത്തരുടേം വിവാഹം അപ്പൻ നടത്തി. കുഞ്ഞോയീടെ വിരൂപതയിൽ അപകർഷത പൂണ്ട കൂടപ്പിറപ്പുകള് പിന്നീട് ആ വഴിക്ക് അധികമങ്ങനെ വന്നിട്ടില്ല. അപ്പനും അമ്മച്ചിയും അതിൽ ഖേദിച്ചില്ല .പരാതി ഏതും പറഞ്ഞതുമില്ല.

ഒരിക്കൽ ഒരു കാരണോം ഇല്ലാതെ കണ്ടത്തിലേക്കിറങ്ങി പോയ അപ്പൻ മുങ്ങിപ്പോണത്, വീടിൻ്റെ പിന്നാമ്പുറത്ത് തുണി തിരുമ്മാൻ വന്ന അമ്മച്ചിയാണ് ആദ്യം കണ്ടത്. "കുഞ്ഞോയിയേ.. അപ്പനെ പിടിക്കടാ..'' എന്നും പറഞ്ഞ് അമ്മച്ചി നെഞ്ചത്തടിച്ച് ഒറ്റ വീഴ്ചയായിരുന്നു. അപ്പൻ്റേം അമ്മച്ചീൻ്റേം അനക്കം അങ്ങനെ മുന്നും പിന്നുമായി നിലച്ചു. അമ്മച്ചിയുടെ കൈകൾ താളം പിടിച്ചിരുന്ന അടുക്കളയില്, തനിച്ചിരുന്ന്  ഓർമ്മകളുണ്ടവൻ വിശപ്പടക്കി. അന്തിയാകുമ്പോൾ അപ്പൻ്റെ  കയറ്റുകട്ടിലിൽ മുഖമമർത്തിക്കിടന്ന് താൻ ഒറ്റയ്ക്കായിപ്പോയിട്ടില്ലെന്ന് സ്വയം ആശ്വസിച്ചു.

തനിച്ചാക്കപ്പെട്ട ദിവസങ്ങളിലൊന്നിൽ, കാലത്ത് കടയിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് മുറ്റത്ത് ആരുടെയോ കാല്പെരുമാറ്റം കുഞ്ഞോയി ശ്രദ്ധിച്ചത്..വേഗത്തിൽ ഉമ്മറത്തേക്കെത്തിയപ്പോൾ, ഒരു തുണി സഞ്ചിയും തൂക്കി നിൽക്കുന്ന മേരിയെയാണ് കണ്ടത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും പരസ്പരം സംസാരിച്ചിട്ടില്ല.. സ്നേഹം പറഞ്ഞിട്ടില്ല. കണ്ടത്തിലോ കരയിലോ വെച്ച് കാണുമ്പോ ഒന്നു നോക്കും. പിന്നേം നോക്കും. ചിരിക്കും. അത്രമാത്രം !                 

കുഞ്ഞോയി ഉമ്മറവാതിലിന് മുന്നിൽ നിന്ന് മാറി നിന്നു. മേരി ചുമരില് തൂക്കിയ കുഞ്ഞോയീടെ അപ്പൻ്റേം അമ്മച്ചീടേം ഫോട്ടോ നോക്കി കുരിശ് വരച്ച് അകത്തേയ്ക്ക് കയറി. ഇരുവർക്കും പരസ്പരം എല്ലാം പിടികിട്ടിയ പോലെ..!

മേരി കുഞ്ഞോയീടെ കൂടെ പോയ വിവരം, പോക്കരുടെ മീൻവണ്ടീടെ നാറ്റം കാറ്റിൽ പരക്കും പോലെ നാട്ടിലാകെ ഒഴുകിപ്പരന്നു. കുടിയനായ മേരീടെ  അപ്പൻ കുടിച്ചതിൻ്റെ മേലെ പിന്നേം കുടിച്ച് കുഞ്ഞോയീടെ കടയുടെ മുന്നിലും വീടിനു മുന്നിലും വന്ന് പലതും പുലമ്പിയും, കാർക്കിച്ചും തിരിച്ചു പോയി. രണ്ടു മാസങ്ങൾക്കപ്പുറം മേരീടെ അപ്പനും അമ്മച്ചീം ഉള്ളതെല്ലാം വിറ്റു പെറക്കി  വേറോടത്തേക്ക് മാറിപ്പോയെന്നു കേട്ടപ്പോൾ മേരിയ്ക്ക് സങ്കടം തോന്നിയില്ല.
 "നെനക്കീ പ്രേതത്തിനെ മാത്രേ കിട്ടിയൊള്ളോ ?" 

എന്ന അമ്മച്ചീടെ ചോദ്യം കേട്ടോണ്ട് വീട് വിട്ടിറങ്ങിയ ദിവസം മനസ്സില് തെളിഞ്ഞു വന്നു . തെറ്റിൻ്റെ നീരിറങ്ങാത്ത തൻ്റെ ശരികളിൽ , കുഞ്ഞോയി തനിക്ക് നല്ലവനായ തുണയാണ് എന്ന് ഓർത്ത് അവൾ  ആശ്വസിച്ചു.

നിലാവ് പൂത്തു നിക്കണ ചില രാത്രികളില് കുഞ്ഞോയിയും മേരിയും അടുക്കളവാതില് തുറന്നങ്ങ് നടക്കും. കണ്ടത്തിലേയ്ക്കിറങ്ങും.

"ചെല ദിവസങ്ങളില് ചേറിനിടയിലൂടെ വന്ന് അപ്പനെന്നെ തൊടാറിണ്ട് " എന്ന് കുഞ്ഞോയി മേരിയോട് സന്തോഷം പറയും. മേരി പുഞ്ചിരിക്കും. മണ്ണിൻ്റെ തണുപ്പില് അവരങ്ങനെ സ്നേഹിക്കും. വർഷങ്ങളങ്ങനെ ഒഴുകി നീങ്ങി. പിറന്നു വീണ കുഞ്ഞുങ്ങളുടെ വളർച്ചയിൽ കഞ്ഞോയിയും മേരിയും ആനന്ദിച്ചു. അപ്പൻ്റെയും അമ്മയുടെയും സ്നേഹവാത്സല്യങ്ങളിൽ അവർ തിരിച്ചും !  കുഞ്ഞോയീടെ മുഖം കണ്ട്, അവർ പേടിച്ചില്ല. വാ കീറി കരഞ്ഞില്ല. കുഞ്ഞോയി നല്ല അപ്പനായി നില കൊണ്ടു.

പോകപ്പോകെ  കുഞ്ഞോയീടെ മുഖത്തിൻ്റെ അഭംഗിയിൽ മനം തികട്ടിത്തുടങ്ങിയ നാട്ടുകാർ ആരും കടയിലങ്ങനെ കയറാതെയായി. ജീവിതം പൊറുതിമുട്ടോന്ന് ആയപ്പോൾ കുഞ്ഞോയി പരാതിയേതുമില്ലാതെ വീട്ടിലിരിക്കാൻ തുടങ്ങി. മേരി കട നടത്താനും.
"സുഖം തന്നല്ലേ മേരിയേ ..?"

സാധനം വാങ്ങാൻ വരണ ചിലരുടെ മുന വെച്ച ചോദ്യങ്ങളിൽ അവൾ വാടിക്കൊഴിഞ്ഞില്ല. മടിക്കുത്തില് തിരുകിയ കൊച്ചുപിച്ചാത്തി അവൾക്ക് എന്തെന്നില്ലാത്ത ധൈര്യം കൊടുത്തു.

വലുതാകുന്തോറും അപ്പൻ്റെ ചേലില്ലായ്മയിൽ  പിള്ളാര് വ്യാകുലരായി.അപ്പൻ്റൊപ്പം പുറത്ത് പോകാൻ നേരം നെറ്റി ചുളിച്ചു തുടങ്ങി. കൂട്ടാർടെ കൂടെയുള്ള വർത്തമാനങ്ങളിൽ അപ്പനെക്കുറിച്ചുള്ള സംസാരങ്ങൾ എണ്ണപ്പെട്ടു. ഒരിക്കല് സ്കൂളീന്ന് വരണ വഴി "പ്രേതക്കുഞ്ഞോയീടെ മക്കളേ.. " എന്നാരോ കളിയാക്കീന്നും പറഞ്ഞ് ആറില് പഠിക്കണ മോളിയും എട്ടില് പഠിക്കണ മാത്തനും അന്ന് രാത്രി അത്താഴം കഴിച്ചില്ല. ഉള്ളില് തട്ടിയ നാണക്കേടോണ്ട് കരഞ്ഞു തളർന്ന പിള്ളാരെ , നോക്കിയും തലോടിയും മേരിയും കുഞ്ഞോയീം നേരം വെളുപ്പിച്ചു.
"കളിയാക്കേം കൂക്കി വിളിക്കേം ചെയ്യണോര് ഇത് വല്ലോം അറിയണ് ണ്ടോ ?!" 

എന്നു സ്വയം ചോദിച്ച് മേരി അടുക്കളയിലേക്ക് പോയി. അഴയില് കിടന്ന രണ്ട് മുണ്ടും ഒരു ഷർട്ടും മടക്കിയെടുത്ത് കുഞ്ഞോയി മെല്ലെ വീടിന് പുറത്തേയ്ക്കിറങ്ങി. വെറക് പെരേടെ അടുത്ത് കിടന്നിരുന്ന അപ്പൻ്റെ കയറ്റു കട്ടിലിൻ്റെ മേലെയായി മുണ്ടും ഷർട്ടും അടുക്കി വെച്ച് കുഞ്ഞോയി അതില് കിടന്നു, പരിഭവങ്ങളില്ലാത്തവനായി!!

പിന്നീടങ്ങോട്ട് കുഞ്ഞോയി വീട്ടിലങ്ങനെ കയറാതെയായി. മക്കൾ അപ്പനെ അന്വേഷിക്കാതെയായി. വെറക് പെരേടെ  മറപിടിച്ച് അപ്പൻ്റെ കട്ടിലേൽ കുഞ്ഞോയി കെടക്കും. ഇരിക്കും. അടുക്കള കോണിലേക്ക് നോക്കും. മേരിയും കുഞ്ഞോയിയും അതിൽ ഖേദിച്ചില്ല. പരാതിയേതും പറഞ്ഞതുമില്ല.

കുഞ്ഞോയീടെ മുഖം വല്ലാതെ വ്യസനിച്ചിരിക്കണ രാത്രികളില് പിള്ളാര്  ഉറങ്ങിയ ശേഷം അടുക്കള വാതില് തുറന്ന് മേരി കുഞ്ഞോയീടെ അടുത്ത് ചെല്ലും. അവര് പരസ്പരം കെട്ടിപ്പിടിക്കും .പൊട്ടിക്കരയും. അരികില് വെച്ച കരിമ്പടം ഇരുവരേയും മൂടും. കുഞ്ഞോയി അപകർഷതയില്ലാത്ത ആണൊരുത്തനാകും. മേരി അരുമയായ ഭാര്യയും..! നര കീറിത്തുടങ്ങിയപ്പഴും സ്നേഹത്തിൻ്റെ മാന്ത്രികതയ്ക്ക് മങ്ങലേറ്റില്ല! പരസ്പരം താങ്ങും തണലുമായി അവരങ്ങനെ സ്നേഹിച്ചു കൊണ്ടേയിരുന്നു.

ചെല ദിവസങ്ങളില് രാത്രി പള്ളിപ്പറമ്പും കവലയും കടന്ന് അപ്പനും അമ്മച്ചിയും കൈ കോർത്തു പിടിച്ച് നടന്നു വരും. വെറക് പെരേടെ മറവില് നിന്ന് കുഞ്ഞോയി ഒറങ്ങ്യോ എന്ന് ഏന്തി നോക്കും. കുഞ്ഞോയീൻ്റെ അരികിലെത്തും. കുഞ്ഞോയി കരഞ്ഞല്ല ഉറങ്ങ്യേതെന്ന് ഉറപ്പിക്കാൻ അപ്പൻ കുഞ്ഞോയീടെ കൺകോണുകൾ തൊട്ടു നോക്കും . അമ്മച്ചി കുഞ്ഞോയീടെ മുടിയിലും മുഖത്തും തലോടും. തിരികെ പോരാൻ നേരത്ത് തുറന്ന് കെടക്കണ ഏതേലും ജനലക്കല് വന്ന് മേരിയേയും പേരമക്കളെയും കാണാൻ തല നീട്ടും.
"മേരിയേ... ഞങ്ങടെ കുഞ്ഞോയീനെ നോക്ക്യേക്കണേ.." എന്ന് പറഞ്ഞ് രണ്ടു പേരും പള്ളിപ്പറമ്പിലേയ്ക്ക് മടങ്ങും.

അങ്ങനെ ഒരു ദെവസം രാത്രി അപ്പച്ചനും അമ്മച്ചിയും വന്ന് " വാടാ... കുഞ്ഞോയിയേ ... " എന്ന് വിളിച്ചതും കുഞ്ഞോയി ചാടിയെഴുന്നേറ്റു. മേരീടേം പിള്ളാർടേം അടുത്ത് ചെന്ന് കൊറെ കരഞ്ഞു. "പോവാണ്.. " എന്ന് യാത്ര പറഞ്ഞ് അപ്പൻ്റേം അമ്മച്ചീടേം ഒപ്പം ഇരുട്ടിലേയ്ക്ക് നടന്നു.
                                
വെള്ളക്കീറിത്തുടങ്ങുന്നേയുള്ളൂ. കട്ടൻ തറയില് വെച്ച് കൊക്കി തുടങ്ങിയ കോഴികളെ അവള് കൂട് തുറന്ന് വിട്ടിട്ട് കുഞ്ഞോയീടെ അടുത്ത് ചെന്നു. പതിവ് പോലെ തട്ടി വിളിച്ചു.കുഞ്ഞോയി അനങ്ങിയില്ല. മേരി തൊട്ടത് അവൻ അറിഞ്ഞതുമില്ല. മേരി എന്തോ മനസ്സിലായ പോലെ തറയില് മുട്ടു കുത്തി കട്ടിലില്....കുഞ്ഞോയിയ്ക്കരികില്... തല ചായ്ച്ചു. കണ്ണുകള് കലങ്ങി മറിഞ്ഞു. ആരേലും വരണിണ്ടോന്ന് നോക്കി അവൾ കുഞ്ഞോയിയെ വട്ടം കെട്ടിപ്പിടിച്ചു.

കണ്ണുകള് തുടച്ച് എഴുന്നേറ്റ് വീടിനുള്ളിലേയ്ക്ക് കയറി മക്കളെ ഉണർത്തി മേരി, കുഞ്ഞോയി മരിച്ച വിവരം പറഞ്ഞു. വിവരം അറിഞ്ഞ് കുറച്ചു പേരൊക്കെ വന്നു. വന്നവർ കുഞ്ഞോയിയുടെ മുഖത്ത് നോക്കാതെ ഇറങ്ങിപ്പോയി. ചിലർ നോക്കി നിന്നു പ്രാർത്ഥിച്ചു.അങ്ങിങ്ങായി പറന്നു വന്ന ഈച്ചകൾ മാത്രം കുഞ്ഞോയിയെ അറപ്പില്ലാതെ മുഖത്തും  ഉടലിലും ഉമ്മ വെച്ചു വട്ടമിട്ടു. കുഞ്ഞോയീടെ മുഖം കാണാൻ മടിയുള്ളോരിൽ ചിലർ വേലിപ്പത്തലിൻ്റെ അപ്പറം നിന്നു മാത്രം ദുഃഖത്തിൽ പങ്കു ചേർന്നു.
പള്ളിപ്പറമ്പില് ചെന്നപ്പള്,
 " അപ്പാ.. " 
എന്നു വിളിച്ച് പിള്ളാര് പൊട്ടിക്കരഞ്ഞു. മേരിയെ കെട്ടിപ്പിടിച്ചു. അങ്ങനെ കുഞ്ഞോയിയും മണ്ണില് വേരിറക്കി.

കുഞ്ഞോയി മരിച്ചതിൻ്റെ അന്ന് രാത്രി ഏറെ പോയപ്പോൾ മേരി മെല്ലെ എഴുന്നേറ്റു. അരികിലുറങ്ങണ പിള്ളാരെ നോക്കി നിശ്ചലയായി നിന്നു. മുന്നോട്ട് നടന്ന് അടുക്കള വാതില് തുറന്ന് കണ്ടത്തിലേക്ക് ഇറങ്ങി നടന്നു. കണ്ടത്തിൻ്റെ നടൂല് എത്തി അവൾ നിന്നു. കൈകൾ കൊണ്ട് മുഖം പൊത്തി ഏങ്ങിക്കരഞ്ഞു. പൊടുന്നനെ ചേറിൻ്റുള്ളീന്ന് കുഞ്ഞോയീടെ കൈകൾ ഉയർന്ന് വന്നു. അവൾ മുട്ടു കുത്തിയിരുന്ന് അവയെ ചേർത്ത് പിടിച്ച് മുത്തം കൊടുത്തു. പെട്ടെന്ന് കുഞ്ഞോയീടെ കൈകൾ ചേറിലേക്ക് ഉൾവലിഞ്ഞു. മേരി അലറിക്കരഞ്ഞു. തണലേകിയ ആ കൈകളെ പരതിക്കൊണ്ട് വേച്ച് വേച്ച്... വിറ കൊണ്ട്... അവൾ ആ ചേറിലൂടെ നടന്നു !!
--------------------------------

 നമിത സേതു കുമാർ. സ്വദേശം എറണാകുളം. അമ്മ- വിംസി. അച്ഛൻ - സേതുകുമാർ. മലയാള സാഹിത്യത്തിൽ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും എറണാകുളം സെൻ്റ് ജോസഫ് ബി.എഡ് കോളേജിൽ നിന്ന് ബി.എഡും നേടി. കൊച്ചി അമൃത വിദ്യാലയത്തിൽ അധ്യാപികയായിരുന്നു. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

View More