America

മൂന്നാം ലോകം (നൗഫൽ എം.എ, കഥാമത്സരം -148)

Published

on

'ഭൂമിയിൽ വീണ്ടും മനുഷ്യ സാന്നിധ്യം കണ്ടെത്തി'

മാർസ് വിഷൻ ചാനലിൽ  ഈ വാർത്ത വന്നു തുടങ്ങിയതും ഏലിയൻ സ്ക്വയറിലെ ബാമർ തെരുവിൽ സൊറ പറഞ്ഞിരുന്നവരെല്ലാം ആകെ  പരിഭ്രാന്തരായി.

'ചാവും മുമ്പ് ഞാൻ ഇനിയെന്തൊക്കെ കാണണം, ഞാൻ ഇനിയെന്തൊക്കെ അനുഭവിക്കണം' കൂട്ടത്തിലെ പടുകിളവനും സർവോപരി ക്ഷിപ്രകോപിയുമായ യാമുർ ആശാൻ ഉടനെ നെഞ്ചത്തടിച്ചു ഇങ്ങനെ അലമുറയിട്ടു.

ഇത് കേട്ട ആശാന്റെ മരുമകൾ ജിലോണി തന്റെ ചീന ചട്ടി കമിഴ്ത്തി വച്ചപോലെ എണ്ണ കറുപ്പാൽ സമൃദ്ധമായ മൊട്ട തല തലോടി കൊണ്ട് ആശാനോടായി പറഞ്ഞു 'ഓഹ് ഈ കിളവന്റെ ഒരു കാര്യം, ഒരു വാർത്ത കേട്ടെന്നും വച്ച് അതെല്ലാം സത്യമാകണമെന്നുണ്ടോ..? ആ വൈറസ് ഭൂമിയിൽ വന്നിട്ട് ഇപ്പോൾ നൂറു കൊല്ലത്തിലേറെയായി, മാത്രമല്ല  അവസാനത്തെ മനുഷ്യൻ ഒടുങ്ങിയിട്ടു പത്തു കൊല്ലവും. നിങ്ങൾക്ക് ഓർമ്മയില്ലേ ആ സന്തോഷം നമ്മൾ ഇവിടെ ആഘോഷിച്ചത്. അതിന് ശേഷം ഇത് പോലെ മനുഷ്യനെ  അവിടെ കണ്ടു.. ഇവിടെ കണ്ടു എന്നെല്ലാം പറഞ്ഞു എത്രയെത്ര വാർത്ത വന്നു. എന്നിട്ടെന്തായി ? ഡിഗണ..ഡിഗണ..അത്ര തന്നെ.

'എടീ ജിലോണി, ആഹ് ഇത്തവണ എന്നത്തേയും പോലെ ആയിരിക്കില്ല  അവരുടെ രണ്ടാളുടേം മുഖം ശരിക്കും നമ്മുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.' തന്റെ നൊണ്ടി കാലുമായി എവിടെ നിന്നോ ഓടി കിതച്ചെത്തി വളരെ ആധികാരികമായി തന്നെ കിനാത്ത തട്ടി വിട്ടു.

കിനാത്ത ആളു മുടന്തനാണെങ്കിലും ഏലിയൻ സ്ക്വയറിൽ നിന്നും പുറം ലോകത്തേക്ക് പോയി പല ഗ്രഹങ്ങളിലേക്കും യാത്ര നടത്തിയ ചുരുക്കം ചില ഏലിയനുകളിൽ ഒരാളാണ്. അതിനാൽ തന്നെ മൂപ്പര് പറഞ്ഞാൽ പിന്നെ അത് കള്ളമാവാൻ വഴിയില്ല. അപ്പോൾ ജിലോണിയുടെ മുഖത്തും ചെറുതായി ഭയം നിഴലിക്കുവാൻ  തുടങ്ങി. 

എങ്കിലും തന്റെ ആശങ്ക പുറത്തു കാണിക്കാതെ അവൾ കിനാത്തയോട് ചോദിച്ചു, 'രണ്ടാളുണ്ടോ ? എങ്ങനുണ്ട് അവരെ കാണാൻ ? വയസ്സായവരാ ?

'ഏയ് അവര് ചെറുപ്പക്കാരാ..രണ്ടാളല്ല ശരിക്കും മൂന്നാളുണ്ട്' കിനാത്ത മറുപടിയേകി.

എടാ..നീയല്ലേടാ നേരത്തെ രണ്ടാളെന്നു പറഞ്ഞെ..ഇപ്പോൾ അത് മൂന്നാളായോ..നിനക്ക് ശരിക്കും പിരാന്താണെടാ യാമുർ ആശാൻ കോപം കൊണ്ട് ജ്വലിച്ചു.
അതല്ല ആശാനേ...ആ ചെറുക്കന്റെയൊപ്പം ഉള്ള പെണ്ണ് പൂർണ്ണ ഗർഭിണിയാ..അപ്പോൾ മൂന്നാളായില്ലേ ഏത് ! കിനാത്ത അട്ടഹസിച്ചു  കൊണ്ട് പറഞ്ഞു.
കിനാത്തയുടെ ആ ചിരിയുടെ മുഴക്കം ഏലിയൻ സ്‌ക്വയറും അത് സ്ഥിതി ചെയ്യുന്ന ചൊവ്വാ ഗ്രഹവും മറി കടന്നു ചന്ദ്രനിൽ വരെ അലയടിച്ചു .

മസൂക്ക, ബനയാർ, തിഹോയി ഏലിയൻ സ്ക്വയറിലേ താമസക്കാർ ഇങ്ങനെ  മൂന്നു വിഭാഗങ്ങൾ ആയാണ് കഴിഞ്ഞിരുന്നത്. മലയാളം ഭാഷയോട് പൂർണ്ണമായും സാമ്യമുള്ള 'ഏലിയാളം' ആയിരുന്നു അവരുടെ സംസാരഭാഷ. എഴുത്തിനും വായനക്കും ഉപയോഗിച്ചിരുന്ന ലിപിയും ഏലിയാളം തന്നെ. എന്നാൽ ആചാരങ്ങൾ, ശരീരഘടന എന്നിവയെല്ലാം മൂന്നു വിഭാഗങ്ങൾക്കും വ്യത്യസ്തമായിരുന്നു.

പക്ഷെ ഇവരെല്ലാം ഒരു കാര്യത്തിൽ മാത്രം എന്നും ഒത്തൊരുമിച്ചായിരുന്നു, മനുഷ്യരോടുള്ള ഭയം പ്രകടിപ്പിക്കുന്ന കാര്യത്തിൽ.

ഭൂമിയിൽ നിന്നും മനുഷ്യൻ ചൊവ്വയിലേക്ക് വിക്ഷേപിച്ച പല ഉപഗ്രഹങ്ങളയും അവർ പിശാചിന്റെ സന്തതികളായാണ് കണ്ടിരുന്നത്.

അതിനാൽ തന്നെ മനുഷ്യരുടെ കണ്ണിൽ പെടാതിരിക്കാൻ ഒരു കാലത്തു ചൊവ്വാ ഗ്രഹത്തിൽ മുക്കിലും മൂലയിലും നെഞ്ചും വിരിച്ചു നടന്നിരുന്ന അവർ പെട്ടെന്നാരുടേയും ചാര കണ്ണുകളിൽ പെടാത്ത  ഇടുങ്ങിയ പാറക്കെട്ടുകളാലും ജലാശയങ്ങളാലും സമ്പന്നമായ മധുഹി ദ്വീപിന്റെ  താഴ്വാരങ്ങളിലേക്കു മാത്രമായി ഒതുങ്ങിക്കൂടി. ആ ഇടം പതിയെ ഏലിയൻ സ്‌ക്വയർ എന്നറിയപ്പെട്ടു.

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയെന്നു കേട്ടപ്പോഴേ തങ്ങളുടെ വാസ സഥലത്തേക്കും ഏതു നിമിഷവും മനുഷ്യരുടെ  ഒരു കടന്നു കയറ്റം അവർ പ്രതീക്ഷിച്ചു. അത് തടയാൻ പല മുന്നൊരുക്കങ്ങളും അവർ നടത്തിയിരുന്നു. വർഷം രണ്ടായിരത്തി ഒരുന്നൂറ്റി പത്തോട്  കൂടി വൈറസിൽ നിന്നും രക്ഷ നേടാൻ  ഭൂമിയിൽ അവശേഷിച്ച മനുഷ്യർ ചൊവ്വാ ഗ്രഹത്തിൽ ഒരു കോളനി സ്ഥാപിച്ചു അതിലേക്കു പലായനം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടേക്കു പുറപ്പെട്ട സംഘത്തിന്റെ അതി ജീവനം ചൊവ്വാ ഗ്രഹത്തിൽ ഏലിയൻസ്സ്ഥാപിച്ച കെണികളിൽ  തട്ടി തകർന്നു .ജീവന്റെ തുടിപ്പ് കുറച്ചെങ്കിലും ബാക്കിയുള്ള മനുഷ്യരെ അവിടെ വച്ച്തന്നെ യാതൊരു ദയയും ഇല്ലാതെ ഏലിയൻസ് വധിച്ചു.

ആ സംഭവം നടന്നിട്ടു കൃത്യം പത്തു വർഷം കഴിഞ്ഞാണ് വീണ്ടും ഭൂമിയിൽ മനുഷ്യ സാന്നിധ്യം ഏലിയൻസ് കണ്ടെത്തുന്നത് . അതേ സമയം ഗിനാഹു തടാകക്കരയിലായി ഏലിയൻ സഭ ഒത്തു കൂടി ഭാവി കാര്യങ്ങൾ ചർച്ചക്കിട്ടു. മൂന്നു വിഭാഗങ്ങളുടെയും നേതാക്കന്മാരായ തുറാമ കബാൻ, ബുറോച്ചു ഗിസ്സ, ദന്തർ ഹത്ത എന്നിവർ ക്യാമറ കണ്ണിൽ പതിഞ്ഞ മനുഷ്യർ ഇന്നല്ലെങ്കിൽ നാളെ തങ്ങൾക്കൊരു ഭീഷണിയാകും എന്ന നിഗമനത്തിൽ എത്തി
.
അതിനാൽ തന്നെ അവർ ചൊവ്വയിലേക്ക് പലായനം ചെയ്യും മുമ്പ് തന്നെ അവരെ ഭൂമിയിലിട്ടു വധിക്കണം എന്ന തീരുമാനത്തിലെത്തി.

അവർ ഏലിയൻ സ്ക്വയറിൽ പ്രവേശിച്ചാൽ തങ്ങളുടെ ജീവിതം അപകടത്തിൽ ആവുമെന്ന വിലയിരുത്തലിൽ സഭയിലുള്ള മറ്റുള്ളവരും  ആ തീരുമാനത്തെ അനുകൂലിച്ചു. പക്ഷെ അപ്പോഴും അവരെയെല്ലാം അലട്ടിയ ഒരു പ്രധാന പ്രശ്നം 'ഡിഗോൾ' ഇന്ധനത്തിന്റെ ധൗർലഭ്യമായിരുന്നു. ധുഹി ദ്വീപിലെ 'ബറായ, മല നിരകളിൽ മാത്രം കാണപ്പെടുന്ന മന്ദർ വൃക്ഷത്തിന്റെ പഴങ്ങളിൽ നിന്നും ലഭിക്കുന്ന പഴച്ചാർ സംസ്കരിച്ചാണ് 'ഡിഗോൾ' എന്ന ഇന്ധനമായി മാറ്റിയിരുന്നത്. ഈ 'ഡിഗോൾ' ഇന്ധനം ഉപയോഗിച്ചാണ് അവർ തങ്ങളുടെ പേടകത്തിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ അതെ വൃക്ഷത്തിന്റെ വേരുകളിൽ  നിന്നും തന്നെ ലഭിക്കുന്ന 'സാപ്പാർ' എന്ന ലഹരി പാനീയത്തിനായുള്ള അമിതമായ വിഭവ  ചൂഷണത്താൽ ഇനിയവിടെ ആകെ ഒരേയൊരു മന്ദർ വൃക്ഷമേ ശേഷിക്കുന്നുള്ളു. അതിൽ നിന്നും ലഭിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഇനി ഒരൊറ്റ തവണ മാത്രമേ ഭൂമിയിലേക്കും അവിടെ നിന്നും ചൊവ്വയിലേക്കും അവർക്കു യാത്ര ചെയ്യാനാവൂ.

അതിനാൽ തന്നെ ആ ദൗത്യത്തിനു സഭയിൽ ഉണ്ടായിരുന്ന ആരും തന്നെ മുന്നോട്ടു വന്നില്ല. പെട്ടെന്നായിരുന്നു കൗശലക്കാരനായ കിനാത്തയുടെ അവിടേക്കുള്ള കടന്നു വരവ്.

കിനാത്ത സ്വതസിദ്ധമായ തന്റെ ശൈലിയിൽ ഒരു ചെറു പുഞ്ചിരിയോടെ ദൗത്യത്തിനു എയ്നയുടെ പേര്മുന്നോട്ടു വച്ചു. എയ്ന അവൾ കാരിരുമ്പിന്റെ കരുത്തുള്ള വിരൂപയായ ഒരു പോരാളിയായിരുന്നു. ഏലിയൻസ് തമ്മിലുള്ള   ഒരു ഉൾപ്പോരിൽ അവൾക്കു തന്റെ കുടുംബത്തെ നഷ്ടപ്പെട്ടിരുന്നു. ആത്മാഭിമാനമുള്ള  ധീരമായ  നിലപാടുകളുള്ള ഒറ്റയാൻ കണക്കെ നടന്നിരുന്ന അവൾ എന്നും അവിടെയുള്ളവർക്ക് ഒരു അധികപറ്റായിരുന്നു. ഏതു വിഭാഗത്തിനൊപ്പവും നിൽക്കാത്ത എയ്നയെ എന്നെന്നേക്കുമായി ഈ ദൗത്യത്തിലൂടെ ഒഴിവാക്കുക എന്ന ഗൂഢ തന്ത്രവും കിനാത്തയുടെ ആ ചിന്തയിലുണ്ടെന്ന അറിവ് സഭയിലുള്ള ഏവരെയും ആനന്ദിപ്പിച്ചു.
അതിനാൽ തന്നെ അവരെല്ലാം ഏകപക്ഷീയമായി ആ തിരഞ്ഞെടുപ്പിനെ അനുകൂലിച്ചു.

അവരോടെല്ലാം പല വിയോജിപ്പുകളുണ്ടെങ്കിലും എന്തിനേക്കാളും തന്റെ സമൂഹത്തിന്റെ നില നിൽപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവൾ തനിക്കു നേരെയുള്ള ഗൂഡാലോചന തിരിച്ചറിയാതെ ഭൂമിയിലേക്കുള്ള യാത്രക്ക് തയ്യാറെടുത്തു.

അവളോടൊപ്പം യോദ്ധാക്കളായ ഹംബറിനെയും ബിലാസിനേയും കിനാത്ത പറഞ്ഞയച്ചു. ഭൂമിയിൽ അവശേഷിക്കുന്ന മനുഷ്യരെ തീർത്തതും അവളെയും ഭൂമിയിലിട്ടു തന്നെ വധിക്കണംഎന്നും കിനാത്ത അവരോടു ചട്ടം കെട്ടി.

തൊട്ടടുത്ത ദിനം തന്നെ ഭൂമിയെ ലക്ഷ്യമാക്കി അവർ തങ്ങളുടെ പേടകത്തിൽ യാത്ര ആരംഭിച്ചു. വെട്ടി തിളങ്ങുന്ന നക്ഷത്ര കൂട്ടങ്ങൾക്കിടയിലൂടെ ഒരു ചാട്ടുളി പോലെയവർ പാഞ്ഞു.
തടാകങ്ങളും പാറക്കെട്ടുകളും അംബരചുംബികളായ ഉൽക്കാ ശിലകളെയും പിന്നിട്ടു കൊണ്ട് ദിന രാത്രങ്ങളേറെ നീണ്ടു നിന്ന യാത്രക്കൊടുവിൽ മനുഷ്യരെ കണ്ടതായി പറയപ്പെട്ട ഭൂമിയിലെ മാമ്പറ കുന്നുകളിൽ  അവർ തങ്ങളുടെ യാത്ര അവസാനിപ്പിച്ചു.

കരിഞ്ഞുണങ്ങിയ  ആ പുൽമേടുകളിലൂടെയുള്ള ഏറെ നേരത്തെ അലച്ചിലിനു ശേഷം അങ്ങകലെ ഒരുമരച്ചുവട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ അവർ കേട്ടു.

അവർ അങ്ങോട്ടേക്ക് അടുക്കുന്തോറും ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരുടെ മൃതശരീരവും അതിനരികിലായി കൈ കാലിട്ടടിക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെയും ദൃശ്യവും അവരുടെ കണ്ണിൽ തെളിഞ്ഞു വന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ഐനയുടെ മാതൃ സ്നേഹം ഉണർന്നു.

അവൾ ആ ആൺ കുഞ്ഞിനെ തന്റെ കൈകളാൽ കോരിയെടുത്തു  മാറോടണപ്പിച്ചു.കുഞ്ഞ് അതോടെ കരച്ചിൽ നിർത്തി വൈകാതെ പതിയെ മയക്കത്തിലായി. അവരെ വധിക്കാൻ വന്ന ഹമ്പറും ബിലാസും ഇത് കണ്ടു അന്താളിച്ചു.

ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ ഒരു നരുന്ത് പയ്യൻ മാത്രമല്ലേ ബാക്കിയുള്ളൂ...പിന്നെ കിനാത്തയുടെ കല്പന പോലെ നിന്നെയും ഞങ്ങൾ തീർക്കും ഹംബെർ ഇത് പറഞ്ഞു കൊണ്ട് അട്ടഹസിച്ചതും ബിലാസ് എയ്നക്കുനേരെ വാൾ ചുഴറ്റിയതും ഒരുമിച്ചായിരുന്നു..എന്നാൽ ഈയൊരു നീക്കം  മുൻകൂട്ടി മനസ്സിലാക്കിയെന്നോണംഎയ്ന തന്റെ കൈവശമുണ്ടായിരുന്ന വാളിനാൽ അതിനെ പ്രതിരോധിച്ചു. മാത്രമല്ല തൊട്ടടുത്ത നിമിഷത്തിലുള്ള അവളുടെ മറു ചുവടിൽ ഹംബെറിന്റെയും ബിലാസിന്റെയും തലകൾ അവൾ കൊയ്തു. 

ശേഷം കുഞ്ഞിനെ സുരക്ഷിതമായി അവിടെ മരച്ചുവട്ടിൽ കിടത്തിയ ശേഷം അവിടമാകെ അവൾ തിരച്ചിൽ തുടങ്ങി. വെറുമൊരു വൈറസിനാൽ ഇത്രമാത്രം മനുഷ്യരും ജീവ ജാലങ്ങളും എങ്ങിനെ ഭൂമുഖത്തു നിന്നും ഇല്ലാതായി എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അവളുടെ ലക്‌ഷ്യം. വൈകാതെ തന്നെ അതിനുള്ള മറുപടിയും അവൾക്കു ലഭിച്ചു ഒരു തുകൽ പുസ്തകത്തിന്റെ രൂപത്തിൽ.

അവൾ പതിയെ ഓരോ ഏടുകളായി മറിച്ചു നോക്കി. മങ്ങി തുടങ്ങിയിരുന്ന ഒരു  മുഖ ചിത്രമായിരിന്നിട്ടു കൂടി അത്എഴുതിയത് തന്റെ കൂടെയുള്ള കുഞ്ഞിന്റെ മാതാവ് ആണെന്ന് അവൾ മനസ്സിലാക്കി. അതിലെ ഓരോ ഏടും അവരുടെ ജീവിതത്തിലെ പോയ കാലം എയ്നക്കു മുമ്പിൽ വരച്ചു കാട്ടി.
ഒടുവിൽ എയ്ന വൈറസിന്റെ വരവിനെ സൂചിപ്പിക്കുന്ന 'ഉല്പത്തി' എന്ന  തലക്കെട്ടിലുള്ള അവസാനത്തെ താൾ  വായിച്ചു തുടങ്ങി.

'ആ വൈറസിന്റെ ഉല്പത്തി അപ്രതീക്ഷിതമായിരുന്നു. പെട്ടെന്നുള്ള ആ വരവിൽ മനുഷ്യ സമൂഹമാകെ പകച്ചു.
എത്രയോ ജീവിതങ്ങൾ അനുദിനം പൊലിഞ്ഞു പോയി. ധനികനെന്നോ പാവപെട്ടവനെന്നോ.. കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ മരണം പലരെയും മാടിവിളിച്ചു. ഇങ്ങനെയൊക്കെ വൈറസ് ഒരു വശത്തു സംഹാര താണ്ഡവമാടുമ്പോഴും വൈറസിനു ഇല്ലാത്ത വിത്യാസം അപ്പോഴും മനുഷ്യന്റെ ഉള്ളിൽ നില നിന്നിരുന്നു  കടുത്ത വംശീയതയും, വർഗീയതയും..അത് മനുഷ്യസമൂഹത്തെ പല അടരുകളായി ഭിന്നിപ്പിച്ചു. കടന്നു പോയ വർഷങ്ങളെല്ലാം യുദ്ധങ്ങളുടേതായിരുന്നു. കടുത്ത യുദ്ധത്തിനൊടുവിൽ ഭൂമിയിൽ അവശേഷിച്ചവർ ഞങ്ങൾ കുറച്ചു പേർ മാത്രമായി. അപകടകാരികളായ യഥാർത്ഥ വൈറസുകൾ മജ്ജയും മാംസവും ഉള്ള യുദ്ധ കൊതിയന്മാരായ ചില മനുഷ്യരാണെന്നു തിരിച്ചറിഞ്ഞ നിമിഷം  ഞങ്ങൾ കുറച്ചു പേർ ഭൂമിയിൽ പുതിയൊരു ലോകം  സൃഷ്ടിച്ചു. അതിർത്തികളില്ലാത്ത ഒരിടം.. അടരുകളില്ലാത്ത ഒരിടം..അനേക നാളത്തെ യുദ്ധ വെറികൾക്കിരയായി പ്രകൃതിയാകെ മലിനമായി. ജീവ ജാലങ്ങൾ ഏറെ ചത്തടിഞ്ഞു...ഞങ്ങൾ ഇനി വിരലിൽ എണ്ണാൻ കഴിയുന്നവരെ ഇവിടെ അവശേഷിക്കുന്നുള്ളൂ...എന്റെ മുൻ തലമുറ പറഞ്ഞിരുന്നു മനുഷ്യർ ഉള്ളിടത്തോളം കാലം ഈ ഭൂമി നില നിൽക്കും എന്ന്...ഞാൻ ആഗ്രഹിക്കുന്നു  ഭൂമിയുള്ളിടത്തോളം കാലം മനുഷ്യ കുലം ഇവിടെ നില നിൽക്കണമെന്ന്..എന്റെ ദിനവും ഒരിക്കൽ അടുത്തുവരും..പക്ഷെ എന്റെ മരണത്തിനു മുമ്പ് ഞാൻ ഒരു കുട്ടിക്ക് ജന്മം നൽകും വരും ദിനങ്ങളിലെ മനുഷ്യ കുലത്തിന്റെ  നില നില്പിനായുള്ള  എന്റെ  പ്രതീക്ഷ ആ കുഞ്ഞിലായിരിക്കും'

ഏറെ ദുഃഖത്തോടെ എയ്ന തന്റെ വായന അവസാനിപ്പിച്ചു. കുറച്ചു നേരത്തെ ചിന്തകൾക്കൊടുവിൽ അവൾ ഒരു സത്യം മനസ്സിലാക്കി. താൻ ഏറെ ഇഷ്ടപെടുന്ന ഏലിയൻ സമൂഹം തന്റെ മരണം മാത്രം ആഗ്രഹിക്കുന്നവരാണെന്നും, ജാതിയും മതവും നോക്കി ഏവരോടും വിവേചനവും വിഭാഗീയതയും മാത്രം  വച്ച്പുലർത്തുന്ന അവരും ആ മാതാവ് സൂചിപ്പിച്ച മനുഷ്യരും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്നും. ആ ഒരു  തിരിച്ചറിവിൽ ഇനി ഏലിയൻസിന്റെ അടുത്തേക്ക് തനിക്കൊരു മടക്കം ഉണ്ടാവില്ല എന്നും തന്നെയോ മനുഷ്യനേയോ അന്വേഷിച്ചു ഇനിയൊരു ഏലിയൻസും  ഭൂമിയിലേക്ക് വരാൻ ഇട വരുത്തരുത് എന്നുമുള്ള തീരുമാനത്തിൽ അവൾ എത്തി.തന്റെ പേടകത്തെ തൊട്ടടുത്ത നിമിഷം എയ്ന അഗ്നിക്കിരയാക്കി. ആ ഉഗ്രസ്ഫോടനത്തിന്റെ ശബ്ദത്താൽ കുഞ് ഉണർന്നു കരയാൻ തുടങ്ങി.എയ്ന പതിയെ ചെന്ന് അവനെ തന്റെ മടിയിലേക്കെടുത്തു കിടത്തി,ശേഷം അവൾ തന്റെ മുല പാൽ അവനു നൽകി. അതോടെ ആ പൈതൽ കരച്ചിൽ നിർത്തി. അവന്റെ കണ്ണുകൾ പ്രകാശ പൂരിതമായി.അവൾ അത് കണ്ടു പുഞ്ചരി തൂകി. അവിടെയപ്പോൾ പുതിയൊരു പുലരിയുടെ തുടക്കമെന്നോണം സൂര്യൻ ഉദിച്ചുയർന്നു.!
-------------------------------------

നൗഫൽ-എം.എ 

പാലക്കാട് ജില്ലയിലെ അഞ്ചാം മൈൽ സ്വദേശികളായ അബ്ദുൽ റഹിമാൻ നിലാവറുന്നീസ ദമ്പതികളുടെ രപുത്രൻ. .പാലക്കാട് എടത്തറയിൽ സ്ഥിതി ചെയ്യുന്ന എടത്തറ ഗവൺമെന്റ് യു.പി. സ്കൂൾ, പാലക്കാട് അത്താലൂരിൽ സ്ഥിതി ചെയ്യുന്ന പുളിയപറംബ് എച്.എസ്.സ്. എന്നിവടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ശേഷം കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ഡിഗ്രി  , കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും  ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ഡിഗ്രി (എം.ബി.എ), അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഫോറിൻ ട്രേഡിൽ മാസ്റ്റർ ഡിപ്ലോമ ( പി .ജി.ഡി.എഫ്.ട്ടി ) എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നേടി.

പഠന ശേഷം ഒരു ലോജിസ്റ്റിക് കമ്പനിയിലെ കോയമ്പത്തൂർ റീജിയണൽ ഓഫീസിൽ കുറച്ചു കാലം ജോലിനോക്കി.ശേഷം പ്രവാസത്തിലേക്ക് കടന്നു.

ഇപ്പോൾ രണ്ടു വർഷത്തോളമായി  ബഹ്‌റൈനിൽ റീട്ടെയിൽ മേഖലയിൽ ജോലി ചെയ്യുന്നു ...

കുട്ടിക്കാലം മുതലേ എഴുത്തിനോടും വായനയോടും അതീവ തല്പരനായിരുന്ന ഞാൻ സ്കൂൾ കോളേജ് തലത്തിൽ തന്നെ വിവിധ സാഹിത്യമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാര്ഹനായിട്ടുണ്ട്.

ചെറുകഥയെഴുത്ത്, കവിതാ രചന, ഉപന്യാസം എന്നിവയായിരുന്നു അന്നെന്റെ ഇഷ്ട മേഖല.

മനോരമ ഓൺ ലൈൻ, മലയാള മനോരമ ദിനപത്രം, ഗൾഫ് മാധ്യമം എന്നിവയിലെല്ലാം  വിവിധ രചനകൾ പ്രസിദ്ധീകരിച്ചു. 
സ്കൂൾ കോളേജ് കാലത്തെ മത്സരങ്ങളിലെ  സമ്മാനങ്ങൾ കൂടാതെ മിർ റിയൽറ്റെർസ് ഗ്രൂപ്പിന്റെ "വ്റൈറ്റ് എലെറ്റർ കോണ്ടെസ്റ് " ,മലയാള മനോരമ ട്രാവലോഗ് മത്സരം,ഗൾഫ് മാധ്യമം ട്രാവലോഗ് മത്സരം എന്നിവയിൽ  ജേതാവായിട്ടുണ്ട്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ  രചനകൾ വിവിധ ആന്തോളജികളിൽ ഭാഗമായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി ലഭിച്ച അംഗീകാരം 'ലോക കേരള സഭ 2020' നോടനുബന്ധിച്ചു കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ പ്രവാസികൾക്കായി ആഗോള തലത്തിൽനടത്തിയ സാഹിത്യ മത്സരത്തിൽ സീനിയർ വിഭാഗം കവിതാ രചനയിൽ രണ്ടാം സ്ഥാനം നേടാനായതാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

മീശക്കാരി  (ഹൈറ സുൽത്താൻ, കഥാമത്സരം -150)

ആഭയുടെ അടയാളങ്ങൾ (ദിവ്യ മേനോൻ, കഥാമത്സരം -149)

View More