Image

സഭാസമ്മേളനം തുടങ്ങി ; ആദ്യ പോര് ശശീന്ദ്രനെ ചൊല്ലി

ജോബിന്‍സ് തോമസ് Published on 22 July, 2021
സഭാസമ്മേളനം തുടങ്ങി ; ആദ്യ പോര് ശശീന്ദ്രനെ ചൊല്ലി
ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനത്തിന് തുടക്കമായി . ആദ്യ ദിവസം തന്നെ സഭയെ കലുഷിതമാക്കുന്നത് മന്ത്രി ശശീന്ദ്രനെതിരായ ആരോപണങ്ങളാണ്. യുവതിയെ അപമാനിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചെന്ന വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. ശശീന്ദ്രനില്‍ നിന്നും രാജി എഴുതി വാങ്ങണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

എന്നാല്‍ ശശീന്ദ്രനെ അനുകൂലിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് മന്ത്രിഇടപെട്ടതെന്നും യുവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ വൈകിയോ എന്ന കാര്യം ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുന്നത് ശരിയല്ലെന്നും . ഇക്കാര്യത്തെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക