Image

ശശീന്ദ്രന്‍ വിഷയത്തില്‍ സഭയില്‍ ദുര്‍ബലരായി പ്രതിപക്ഷം

ജോബിന്‍സ് തോമസ് Published on 23 July, 2021
ശശീന്ദ്രന്‍ വിഷയത്തില്‍ സഭയില്‍ ദുര്‍ബലരായി  പ്രതിപക്ഷം
നിയമസഭാ സമ്മേളനത്തിന് തൊട്ടുമുമ്പ് സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ കിട്ടിയ വടിയായിരുന്നു മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍. പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി നിയമസഭയില്‍ ഉണ്ടാവാന്‍ പാടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. ഇതോടെ സഭയില്‍ പ്രതിപക്ഷം ഈ വിഷയത്തില്‍ കടുത്ത നിലപാടിലേയ്ക്ക് നീങ്ങുകയാണെന്നും സഭ പ്രക്ഷുബ്ദമാകുമെന്നും രാഷ്ട്രീയകേരളം വിലയിരുത്തി. എന്നാല്‍ ഒന്നുമുണ്ടായില്ല. ഒരു സാധാരണ വിഷയത്തിലേതെന്നപോലെ ഒരു അടിയന്തിര പ്രമേയാനുമതിയിലും ഇറങ്ങിപ്പോക്കിലും അവസാനിച്ചു കാര്യങ്ങള്‍. 

സര്‍ക്കാര്‍ സ്ത്രീസുരക്ഷയ്ക്ക് ഏറെ പ്രചാരണം കൊടുക്കുന്ന ഈ സമയത്ത് ഒരു മന്ത്രി ഇത്തരം വിഷയത്തില്‍ ഇടപെട്ട് വിവാദത്തിലകപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ പ്രതിപക്ഷം ദുര്‍ബലമായത് ആദ്യ നാളുകളിലെ പ്രതിപക്ഷ നേതാവിന്റെ പരാജയം കൂടിയായിരുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ലീഗിന് കീഴടങ്ങിയ പ്രതിപക്ഷ നേതാവിന്റെ പെര്‍ഫോമന്‍സ് ഗ്രാഫ് ഈ വിഷയത്തോടെ വീണ്ടും താഴ്ന്നു. ഇറങ്ങിപ്പോക്കിനുശേഷം തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഈ വിഷയം എടുത്തിടാനുള്ള താത്പര്യം പോലും പ്രതിപക്ഷം കാണിച്ചില്ല. 

ഈ വിഷയത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ഉന്നയിച്ചതിലും കൂടുതല്‍ ആരോപണങ്ങളും ആക്രമണങ്ങളും വ്യക്തിപരമായി പോലും പ്രതിപക്ഷ നിരയ്ക്ക് നേരെയാണ് ഉയര്‍ന്നു വന്നതും. ദേശീയതലത്തില്‍ എന്‍സിപി നേതൃത്വത്തിന്റെ ഇടപെടല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഈ വിഷയത്തില്‍ ഉണ്ടായോ എന്നു പോലും ചില രാഷ്ട്രീയ നിരീക്ഷര്‍ ഇതിനകം സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതല്ല വിഷയമെന്തായാലും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെ കൂടുതല്‍ ബഹളങ്ങളിലേയ്ക്ക് പോകാന്‍ പ്രതിപക്ഷത്തിന് താത്പര്യമുള്ളോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക